ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 10

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 10

ഒരിയ്ക്കലും സൃഷ്ടി  സ്വരൂപനായ ഇശ്വരനു അവതരിയ്ക്കേണ്ടി വരുന്നുണ്ടോ?.

സർവ്വ ശക്തനും, സർവ്വ വ്യാപിയും, സർവ്വേശരനുമായ ആ വിശ്വചൈതന്ന്യത്തിനു ആരെ സംരംക്ഷിയ്ക്കാനാണു, ആരെ നിഗ്രഹിയ്ക്കാനാണു അവതരിയ്ക്കുന്നത്.

ഒരു പുല്ക്കൊടിയുടെ ചലനത്തിൽ പോലും അദ്ദേഹം അനാവശ്യമായി ഇടപെടുന്നില്ല, കാരണം ആ ചലനം പോലും അദ്ദേഹമാണു.

ഈ വിശ്വപ്രപഞ്ചം സ്വഛന്ദം കാര്യകാരണ സിദ്ധാന്തത്തിലും, കർമ്മഫല സിദ്ധാന്തത്തിലും വർത്തിയ്ക്കുക മാത്രമാണു ചെയ്യുന്നത്.

എല്ലാവരും സ്വയം കർമ്മ, ഭക്തി, യോഗ, ജ്ഞാന മാർഗ്ഗത്തിലൂടെ ഈശ്വരത്ത്വത്തിലേയ്ക്ക് എത്തുകയാണു വേണ്ടതെന്നല്ലെ സനതനധർമ്മചിന്തകൾ ആവശ്യപ്പെടുന്നത്?

അതേ സമയം ആത്മ ഭാവങ്ങൾ പരിണാമ പുനർജന്മ്മ പ്രക്രിയയിലൂടെ ആത്മജ്ഞാനവും മുക്തിയും നേടി ഈശ്വരതുല്യരായി തീരാറുണ്ട്.

ഈ പുണ്യാത്മാക്കളെയല്ലെ പലപ്പോഴും അവതാരങ്ങളായും, പ്രവാചകന്മാരായും, ദൈവങ്ങളായും ഭക്തർ ആരാധിയ്ക്കുന്നത്.

ഈശ്വരനു എവിടെ നിന്നാണു കർമ്മഫലങ്ങൾ ഉണ്ടാകുന്നത്.

നമ്മൾ അവതാരങ്ങളായി ഗണിയ്ക്കുന്ന പല പുണ്യാത്മാക്കളും കർമ്മ ഫലങ്ങളാൽ അസ്വസ്ഥത അനുഭവിയ്ക്കുന്നതായി കാണുന്നു.

പലരും രോഗബാധിതരായാണു മരണമടഞ്ഞതെന്നു കാണുന്നു.  ഇത് അവരുടെ ആത്മീയതയ്ക്ക് ഒട്ടും മങ്ങലേല്പ്പിയ്ക്കുന്നില്ല.

അതേ സമയം കർമ്മഫലങ്ങൾ മുഴുവനായി ഭസ്മീകരിച്ച ഒരു മുക്താത്മാവിനു രോഗ പീഠകളാൽ ബുദ്ധിമുട്ടേണ്ടി വരികയുമില്ല.

ഇതിൽ നിന്നും ഓരോ പുണ്യ പുരുഷനും ആത്മ ജ്ഞാനത്തിന്റെ വിവിധ പടവുകളിലാണു എത്തിയിരുന്നതെന്നും, പലരും ആത്മീയമായി ഉയർന്നിരുന്നുവെങ്കിലും പരിപൂർണ്ണമായും മുക്തരായിരുന്നില്ല യെന്നുമാണു ആത്മീയ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കേണ്ടത്.

എന്നാൽ തന്റെ ഗുരു, ഈശ്വരാവതാരമായിരുന്നുവെന്നും, മറ്റുള്ളവരെ ബോധവല്ക്കരിയ്ക്കുന്നതിനുവേണ്ടിയാണു ക്രൂരമായ മരണം അദ്ദേഹം വരിച്ചത്, രോഗിയായിരുന്നുവെങ്കിലും അദ്ദേഹത്തിനു ഒട്ടും വേദനയുണ്ടായിരുന്നില്ല എന്നിങ്ങനെ പല അനുയായികളും സ്വയം സമാധാനപ്പെടുകയും, ആശ്വസിയ്ക്കുകയും ചെയ്യുന്നതായി കാണാം.

ഈ മഹത് വ്യക്തികളൊക്കെ ജീവിച്ചിരുന്നപ്പോൾ രൂപ ഭാവങ്ങളില്ലാത്ത ഈശ്വരനെ ആരാധിച്ചിരുന്നതായികാണാം.

എന്നാൽ ആത്മ ജ്ഞാനത്താൽ തങ്ങൾ ഈശ്വരത്വത്തിലേയ്ക്ക് എത്തുകയാണെന്നും എല്ലാവരും ഇതുപോലെ എത്തേണ്ടതാണെന്നും അവർ കാണിച്ചു തരികയാണു ചെയ്തത്.

അതിനാവശ്യമായ സാധനകളും ജീവിത, ചിന്താരീതികളും അവർ കാണിച്ചുതന്നിരുന്നതായി കാണാം.

മഹാശിവൻ, ശ്രീരാമൻ, ശ്രീക്ര്യഷ്ണൻ, ശ്രീബുദ്ധൻ, ശ്രീനാരായണഗുരുദേവൻ എന്നിവരെപ്പോലെയുള്ള പല പുണ്യാത്മാക്കളും സാധാരണ മനുഷ്യരുടെ ഇടയിൽനിന്നും സ്വയം ശുദ്ധീകരണത്തിലൂടെ പുണ്യാത്മാക്കളായി ത്തന്നെ വരാണെന്നു പറയപ്പെടുന്നു

എന്നാൽ ഈ പുണ്യാത്മാക്കളുടെ ബോധ തലത്തിലേയ്ക്ക് ഉയർന്നിട്ടില്ലാത്ത ശിഷ്യ ഗണങ്ങളൊ,സംഘടിതമതമൊ,  പുരോഹിത വർഗ്ഗമോ ആണു അവരെ ദൈവാവതാരങ്ങളായി പ്രതിഷ്ടിച്ചത്.

എല്ലാവരും സ്വയം ശുദ്ധീകരണത്തിലൂടെ, നന്മയിലൂടെ ദൈവത്വത്തിലേയ്ക്ക് ഞങ്ങളെപ്പോലെ ഉയർന്നുവരികയെന്നു ആ പുണ്യാത്മാക്കൾ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നപ്പോൾ,

ആർക്കും ഇങ്ങനെയാകാം, എല്ലാവരും ഇങ്ങനെയാകണം എന്നു പറഞ്ഞപ്പോൾ അവരെ ദൈവാവതാരമാക്കി അവരുടെ സന്ദേശങ്ങൾക്ക് പ്രസക്തി കുറയ്ക്കുകയല്ലെ നാം ചെയ്തത്.

ഈ പുണ്യപുരുഷന്മാരൊക്കെ ഭക്തനും ദൈവത്തിനും ഇടയിലുള്ള പുരോഹിത വർഗ്ഗത്തെ എതിർത്തിരുന്നതായി കാണാം

എന്നാൽ ഈ പുരോഹിത വർഗ്ഗം അവരുടെ കാലശേഷം ദൈവത്തിന്റെ പ്രതി പുരുഷന്മാരായി മനുഷ്യനെ ദൈവത്വത്തിലേയ്ക്ക് പ്രവേശിയ്ക്കാതിരിയ്ക്കാനുള്ള സുപ്രധാന വിലങ്ങു തടിയായി മതത്തിന്റെ, ആത്മീയതയുടെ ഭാഗമായി കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതായി കാണാം.

പുണ്യത്മാക്കൾ അവതാരങ്ങളാകുന്നതോടെ ആർക്കും അങ്ങിനെ ആകാൻ കഴിയുകയില്ല, അത് ദൈവത്തിനു മാത്രം കഴിയുന്ന കാര്യമാണു, സാധാരണക്കാരായ നമ്മൾ പാപികളാണു, അദ്ദേഹം ചെയ്തതുപോലെ, പറഞ്ഞതു പോലെ നമുക്കു ചെയ്യാൻ കഴിയുകയില്ല, അദ്ദേഹത്തെ വിശ്വസിയ്ക്കുകയും ആരാധിയ്ക്കുകയും മാത്രമാണു നമ്മൾ ചെയ്യേണ്ടത്, അത് മാത്രം മതി, ഇതാണു യഥാർത്ഥത്തിലുള്ള ആത്മീയതയെന്നു നമ്മെ തെറ്റിദ്ധരി പ്പിച്ചിരിയ്ക്കുന്നു.

അന്ധമായി വിശ്വസിയ്ക്കുന്നതും, അന്ധമായി അവിശ്വസിയ്ക്കുന്നതും അന്ധവിശ്വാസമാണു.

ലോകരക്ഷകനായ സർവ്വേശ്വരൻ നേരീട്ടു മനുഷ്യനായി ഒരു പ്രത്യേക സ്ഥലത്ത്, കാലത്ത് അവതരിച്ച് ദുഷ്ടരാൽ, അവഹേളിയ്ക്കപ്പെടുക, പീഡിപ്പിയ്ക്കപ്പെടുക, വധിയ്ക്കപ്പെടുക, മരണപ്പെടുക, മറ്റുള്ളവരെ കൊലചെയ്യുക എന്നൊക്കെ ചിന്തിയ്ക്കുന്നത് സർവ്വേശരഭാവത്തിനു കളങ്കം ചാർത്തുന്നതല്ലെ?

നമ്മുടെ ഇടുങ്ങിയ മനുഷ്യമനസ്സിന്റെ പരിമിതി മാത്രമല്ലെയത്?

അതേ സമയം ആത്മ ഭാവങ്ങൾ പരിണാമ പുനർജന്മ്മപ്രക്രിയയിലൂടെ ആത്മജ്ഞാനവും മുക്തിയും നേടി ഈശ്വര തുല്യരായിത്തീരാറുണ്ട്. ഈ പുണ്യാത്മാക്കളെയല്ലെ പലപ്പോഴും അവതാരങ്ങളായും, പ്രവാചകന്മാരായും, ദൈവങ്ങളായും ഭക്തർ ആരാധിയ്ക്കുന്നത്.

ഒരു പ്രത്യേക കാര്യത്തിനു ഈശ്വരൻ അവതരിയ്ക്കുന്നുവെന്നു ധരിയ്ക്കുന്നതിനേക്കാൾ പരിണാമ പുനർജന്മ്മ പാതയിലൂടെ മുന്നോട്ടു ഗമിയ്ക്കുന്ന ഒരു ജീവാത്മാവിലൂടെ സർവ്വേശരൻ പ്രവർത്തിയ്ക്കുന്നുവെന്നു പറയുന്നതല്ലെ കൂടുതൽ യുക്തിഭദ്രവും, സ്വീകാര്യവും.

അപ്പോളതിനു വിശ്വത്തിന്റെ പ്രവർത്തനത്തിന് ആധാരമായ കാര്യകാരണ സിദ്ധാന്തതെയോ, കർമ്മ ഫലസിദ്ധാന്തത്തേയോ, നിരാകരിയ്ക്കെണ്ടിവരുന്നില്ലല്ലൊ..

ഇതോട് കൂടി ഈ പരമ്പര അവസാനിച്ചു

കടപ്പാട്

No comments:

Post a Comment