അക്ഷയ ത്രിതീയ
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ ത്രിതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ത്രിതീയയാണ് അക്ഷയത്രിതീയയായി കണക്കാക്കുന്നത്.
ശുഭകാര്യങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഉത്തമമായ മാസമാണ് വൈശാഖം. വൈശാഖ മാസത്തിന്റെ മൂന്നാംനാളില്‍ വരുന്ന അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു. അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണത്തിനു പറ്റിയദിനമാണെന്നാണ് വിശ്വാസം.
പുരാണത്തില്‍ അക്ഷയ ത്രിതിയെപറ്റി നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമായും ഈദിനം കണക്കാക്കുന്നു. ഭഗീരഥന്‍ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കൊഴുക്കിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് സങ്കല്പം. വേദവ്യാസനും ഗണപതി ഭഗവാനും ചേര്‍ന്ന് മഹാഭാരതം എഴുതാന്‍ ആരംഭിച്ചതും ഈ ദിവസമാണന്നാണ് കരുതപ്പെടുന്നത്. ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു.
അക്ഷയതൃതീയ നാളില്‍ ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യണമെന്നുമാണ് പുരാണങ്ങളില്‍ പറയുന്നത്. സര്‍വപാപമോചനമാണു ഫലം. അന്നേദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും അക്ഷയതൃതീയയെപ്പറ്റി പരാമര്‍സമുണ്ട്. പരശുരാമന്‍ ജനിച്ചത് അക്ഷയതൃതീയയിലാകയാല്‍ ആ ദിവസം പരശുരാമരൂപമുണ്ടാക്കി പൂജിക്കുന്ന സമ്പ്രദായവും ഇന്ത്യയുടെ ചിലഭാഗങ്ങളിലുണ്ട്.
പണ്ട് കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ക്ഷേത്രത്തിലും ഈ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിലെ എല്ലാക്ഷേത്രങ്ങളിലുംതന്നെ അക്ഷയ ത്രിതീയ ദിവസം വിശേഷാല്‍ പൂജകള്‍ നടക്കാറുണ്ട്. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. ജൈന വിശ്വാസമനുസരിച്ച് 24 തീര്‍ത്ഥങ്കരന്‍മാരില്‍ ആദ്യത്തെ തീര്‍ത്ഥങ്കരനായിരുന്ന ഋഷഭദേവ 11 മാസത്തെയും 13 ദിവസത്തേയും ഉപവാസത്തിനുശേഷം ആദ്യത്തെ ആഹാരമായി ഒരു കൈക്കുമ്പിള്‍ കരിമ്പിന്‍ നീരു കുടിച്ചതും അക്ഷയ ത്രിതിയ നാളിലായിരുന്നു.
അക്ഷയ ത്രിതീയദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നാണ് കരുതുന്നത്.
അക്ഷയ ത്രിതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. [പുതിയ ആചാരം] മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്ക് ഭാരതത്തില്‍ ഈ ദിനം പ്രസിദ്ധമാണ്.
രാജ്യം മുഴുവന്‍ അക്ഷയത്രീയ ആഘോഷിക്കുമ്പോള്‍ കഴിഞ്ഞ 200 വര്‍ഷമായി ഈ ദിവസം സ്ത്രീകളെ ആദരിക്കാനായി മാത്രം വിനിയോഗിക്കുന്ന ഗ്രാമമുണ്ട് ഉത്തര്‍പ്രദേശില്‍. ഝാന്‍സിക്കും ലളിത്പൂരിനും ഇടയിലുള്ള ചെറിയ ഗ്രാമമായ താല്‍ബെഹത് ആണ് വ്യത്യസ്തമായ രീതിയില്‍ അക്ഷയത്രിതീയ ആഘോഷിക്കുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ കാല്‍തൊട്ട് വന്ദിച്ചാണ് അക്ഷയത്രിതീയ ആഘോഷിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന മോര്‍ പ്രഹ്ലാദിന്റെ കാലത്താണ് ഇത്തരമൊരു ആചാരം തുടങ്ങിയത്. പ്രഹ്ലാദിന്റെ ഭരണകാലത്ത് അക്ഷയത്രിതീയ ആഘോഷിക്കാന്‍ വിശേഷപ്പെട്ട ഇലകള്‍ പറിക്കാന്‍ വന്ന യുവതിയെ രാജഭടന്‍മാര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമായിരുന്നു അന്ന് ഉയര്‍ന്നത്. ആ സംഭവത്തിന് ശേഷമാണ് അക്ഷയ ത്രിതീയ ദിനത്തില്‍ സ്ത്രീകളെ ആദിരിക്കുന്ന ചടങ്ങ് നടത്തുന്നത്. രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ ആചാരം ഗ്രാമവാസികള്‍ ഉപേക്ഷിച്ചിട്ടില്ല.
No comments:
Post a Comment