ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 July 2021

അഞ്ച് നിധികൾ....

അഞ്ച് നിധികൾ....

ഒരിക്കൽ വളരെ പാവപ്പെട്ട ഒരാൾ ശ്രീബുദ്ധന്റെ അടുത്തെത്തി........

വളരെ വിനയത്തോടും ഭവ്യതയോടും ഒരു ചോദ്യം ഉന്നയിച്ചു......,

എന്തുകൊണ്ട് ഞാൻ ഇത്ര ദരിദ്രനായി?

അയാൾ‌ ജനിച്ചതും വളർന്നതും ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു...

ബുദ്ധന്റെ മറുപടി അയാളെ ആശ്ചര്യപ്പെടുത്തുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു...

താങ്കൾ ദരിദ്രനായിത്തിർന്നത് ശരിയായ വിധം ഔദാര്യം പുലർത്താത്തതുകൊണ്ടും ദാനധർമം (Charity) ചെയ്യാത്തതു കൊണ്ടുമാണ്...,

ആ മനുഷ്യൻ വളരെ ആശ്ചര്യത്തോടെ ചോദിച്ചു: ‘‘ദരിദ്രവാസിയായ ഞാൻ എന്തു ദാനം ചെയ്യാനാണ്? എന്ത് ഔദാര്യമാണ് എനിക്ക് ചെയ്യാൻ കഴിയുക...?

ബുദ്ധൻ മറുപടി നൽകി: "മറ്റുള്ളവരുമായി പങ്കു വയ്ക്കത്തക്കവണ്ണം അഞ്ചു നിധികൾ നിങ്ങൾക്കുണ്ട്.... അതു നിങ്ങൾ തിരിച്ചറിയാത്തതാണ് നിങ്ങളുടെ പ്രശ്നം.’’

അയാൾക്ക് മനസ്സിലാകത്തക്കവിധം ബുദ്ധൻ അവ വിശദമാക്കാൻ തുടങ്ങി...

ഒന്നാമത് നിങ്ങൾക്ക് ഒരു മുഖമുണ്ട്. ആ മുഖത്ത് പുഞ്ചിരി വിടരുമ്പോൾ, അതു മറ്റുള്ളവർക്കു കൈമാറാം. അത് അവരിൽ നിശ്ചയമായും സന്തോഷത്തിന്റെ പ്രതികരണമുളവാക്കും. പുഞ്ചിരിയുടെ വശ്യത വാക്കുകൾക്കപ്പുറമാണ്.

ബുദ്ധൻ തുടർന്നു: രണ്ടാമത്, നിങ്ങൾക്കു രണ്ടു കണ്ണുകളുണ്ട്. അവ ദയാവായ്പ്പോടും സ്നേഹാർദ്രതയോടും മറ്റുള്ളവരെ കാണുവാൻ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ നോട്ടം മറ്റുള്ളവരിൽ സദ്‍വികാരം ഉണർത്തുവാൻ പര്യാപ്തമാകണം. കണ്ണിന്റെ ശക്തിയും സ്വാധീനവും നമുക്കെല്ലാം ബോധ്യമുള്ളതാണ്.

"മൂന്നാമത് നിങ്ങളുടെ വായും അധരങ്ങളുമാണ്. നിങ്ങളുടെ വായ കൊണ്ട് അന്യരോട്‌ ഹൃദ്യമായി സംസാരിക്കാൻ കഴിയും. നന്മ മാത്രം സംസാരിക്കുക. അന്യരെ വിലപ്പെട്ടവരായി അംഗീകരിച്ച് അവരോടു സംഭാഷണം നടത്തുക. നാവിന്റെ സാധ്യതകൾ എത്ര വലുതാണ് എന്ന് വെളിപ്പെടുത്തുകയായിരുന്നു ബുദ്ധൻ. പ്രോത്സാഹനത്തിന്റെയും, അഭിനന്ദനത്തിന്റെയും, പ്രചോദനത്തിന്റെയും വാക്കുകൾ ഉതിരുമ്പോൾ എത്ര അദ്ഭുതകരമായ പ്രതികരണങ്ങൾ ഉളവാക്കുന്നു. സന്തോഷം മറ്റുള്ളവർക്കു പകരാൻ നമ്മുടെ വാക്കുകൾക്കു കഴിയട്ടെ,. പക്ഷേ, പലരുടെ പ്രശ്നം അവരുടെ നാവാണ്.

നാലാമത്, നിങ്ങൾക്ക് ഒരു ഹൃദയമുണ്ട്. നിങ്ങളുടെ സ്നേഹനിർഭരമായ ഹൃദയം കൊണ്ട് മറ്റുള്ളവർക്ക് സന്തോഷം ആശംസിക്കാം. അവരുടെ സദ്‍വികാരങ്ങളെ ഉണർത്തുവാൻ കഴിയും. അതുവഴി അവരുടെ ജീവിതത്തെ മാറ്റാം.

അഞ്ചാമത്തെ നിധി നിങ്ങളുടെ ശരീരമാണ്. നിങ്ങളുടെ ശരീരം കൊണ്ട് അനേകം നന്മ മറ്റുള്ളവർക്ക് ചെയ്യുവാൻ കഴിയും. ആവശ്യത്തിലുള്ളവർക്ക് നിങ്ങളുടെ സഹായം നൽകുക., സഹായം എന്നുള്ളത് പണമല്ല. കരുതലും കരുണയും നിറഞ്ഞ ഒരുനോട്ടം കൊണ്ടുപോലും മറ്റുള്ളവരെ ഉദ്ദീപിപ്പിക്കാൻ കഴിയും.

ബുദ്ധൻ ചൂണ്ടിക്കാണിച്ച പഞ്ചനിധികളുടെ ഉടമകളാണ് നാമെന്ന ബോധ്യം നിശ്ചയമായും നമ്മെ സ്നേഹത്തിന്റെയും നിസ്വാർഥതയുടെയും നിലവാരത്തിലേക്ക് ഉയർത്തും.

മേൽപറഞ്ഞ നിധികളൊക്കെ നമ്മിൽത്തന്നെ പൂഴ്ത്തിവയ്ക്കാനല്ല, മറ്റുള്ളവർക്കു നന്മവരുത്താൻ തക്കവണ്ണം പ്രയോഗപ്പെടുത്താനാണ്.

എപ്പോഴും മറ്റുള്ളവവരുടെ നന്മയും ക്ഷേമവും നമ്മുടെ ചിന്തയിലും ശ്രദ്ധയിലും വരേണ്ടതാണ്.

No comments:

Post a Comment