തന്ത്ര - 3
മനുഷ്യ വികാസത്തോടൊപ്പം അവന്റെ അന്വേഷണ ത്വരയും വളർന്നു. രണ്ടു രീതിയിൽ ആണ് അന്വേഷണം വികസിച്ചത്. ഒന്ന് പുറത്തേക്ക് പോയി ഉള്ള അന്വേഷണം., രണ്ട് അകത്തേക്ക് (അവനവന്റെ ഉള്ളിലേക്ക്) മനസ്സ് കൊണ്ട് പോയി ഉള്ള അന്വേഷണം.
പുറത്തേയ്ക്ക് പോയി അന്വേഷിച്ചവർ ഭൗതിക ജ്ഞാനത്തെയും അകത്തയ്ക്ക് പോയി അന്വേഷിച്ചവർ ആദ്ധ്യാത്മിക ജ്ഞാനത്തെയും പ്രദാനം ചെയ്തു, ഋഷിമാർ ഭൗതികരോട് പറയുന്നത് ഇതാണ് "നിങ്ങൾ പുറത്തേക്ക് പോയി അന്വേഷിച്ചോളൂ. വളരെ കാലം കഴിഞ്ഞിട്ട് ആണെങ്കിലും, ഞങ്ങൾ അകത്തേക്ക് പോയി അന്വേഷിച്ചു കണ്ടെത്തിയത് തന്നെ ആയിരിക്കും നിങ്ങളും കണ്ടെത്തുക. (ആദിമ മനുഷ്യന് അറിവില്ലായിരുന്നുവെന്ന നവീനസങ്കല്പത്തിൽ നിന്നുകൊണ്ടാണ് ആധുനികൻ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഭാഷയെയും അതിന്റെ വളർച്ചയേയുമൊക്കെ പറ്റി പഠിച്ചത്. താനും തന്റെ കാലഘട്ടവും അറിവുള്ളവരാണെന്നും തനിക്ക് മുമ്പു ഉള്ളവരെല്ലാം അറിവില്ലാത്തവരാണെന്നുമുള്ള ഒരു അഹന്തയിൽ നിന്നാണ് പാശ്ചാത്യ രീതിലുള്ള പഠനത്തിന്റെ സകലഭാവങ്ങളും ഇന്ന് ഉണ്ടാകുന്നത്)
ബഹ്മാണ്ഡത്തെ ശരീരത്തിൽ കാണുന്നതാണ് തന്ത്ര. ബ്രഹ്മാണ്ഡം ബ്രഹത്ത് ആണ്. ശരീരം ബ്രഹ്മാണ്ഡത്തെ അപേക്ഷിച്ച് സൂക്ഷ്മവുമാണ് .
ക്ഷേത്രമാകട്ടെ ശരീരത്തെ അപേക്ഷിച്ച് വലുതാണ് അതു കൊണ്ട് തന്നെ ബ്രഹ്മാണ്ഡത്തിനും പിണ്ഡാണ്ഡത്തിനുമിടയിലുള്ള ഒരു പാലമാണ് ക്ഷേത്രം. ക്ഷേത്രം ഒരേ സമയം അതി ബൃഹത്തായ പ്രപഞ്ചിന്റെയും സൂക്ഷ്മമായ ശരീരത്തിന്റെയും പകർപ്പാണ്. അതുകൊണ്ടാണ് ശരീരാവയവങ്ങളും ക്ഷേത്രത്തിലെ വാസ്തുശാസ്ത്രവും തമ്മിൽ പൊരുത്തം ഉണ്ട് എന്ന് പറയുന്നത്. ശരീരത്തിലെ ഗർഭപാത്രം ഗർഭഗ്രഹവും , യോനി കവാടവും, കൊടിമരം നട്ടെല്ലും ആകുന്നത് ഇതുകൊണ്ടാണ്.
എന്നാൽ കാവ് എന്ന സങ്കല്പം പ്രാക്തനമായ പ്രകൃതി ആരാധനയുടെ അതി ശ്രഷ്ഠമായ പാരമ്പര്യമാണ്. കാവാണ് തന്ത്രയുടെ പുണ്യഭൂമി. കാവിലും പ്രപഞ്ചത്തിന്റെ ചെറു മാതൃക തന്നെയാണ്. എന്നാൽ - ക്ഷേത്രത്തിലെ പോലെ കാവിൽ ഒരു നിയതമായ രൂപത്തിലേക്ക് അത് മാറ്റപ്പെട്ടിട്ടില്ല...
തന്ത്രയുടെ വികാസത്തിനനുസരിച്ച് പിന്നീട് വന്ന മാറ്റമാണ് നാം ഇന്നു കാണുന്നത്.
കാവുകളിലും മറ്റും കാണുന്ന മൃഗബലിയും, മദ്യവും മാംസവുമുപയോഗിച്ചുള്ള പൂജകളും തികച്ചും പ്രാകൃതമായ ആചാര പദ്ധതിയാണെന്ന് വൈദികമതം അഭിപ്രായപ്പെടുന്നു. ഇത് ശരിയല്ല തന്ത്രയുടെ വികാസത്തിനേയും ചരിത്രത്തേയും മനസ്സിലാക്കിക്കൊണ്ടു വേണം നമ്മൾ ഇത്തരം കാര്യങ്ങളെ വിലയിരുത്താൻ. മൃഗബലി, മദ്യം തുടങ്ങിയ കാര്യങ്ങളെയാണ് സംസ്കാരമുള്ളവർ പ്രാകൃതം എന്നു വിളിക്കുന്നത്. അത്തരം ആചാര പദ്ധതിയെക്കുറിച്ച് വിശദമാക്കുന്നതിനു മുമ്പ് പ്രാകൃതം എന്ന വാക്കിനെ വിശകലനം ചെയ്യേണ്ടതുണ്ട് . പ്രാകൃതം എന്ന വാക്കിനർത്ഥം പ്രകൃതിയെ സംബന്ധിച്ചത് എന്നാണ് അല്ലെങ്കിൽ പ്രകൃതിയുമായി ബന്ധപ്പെട്ട്ത് എന്നാണ്.
മനുഷ്യന്റെ വികാസ പരിണാമത്തിനോട് ചേർന്നു നിൽക്കുന്നതാണ് തന്ത്രയുടെ വികാസ പരിണാമങ്ങളും. തന്ത്രയുടെ വികാസത്തെക്കുറിച്ചും അതിന്റെ വിവിധ മാർഗ്ഗങ്ങളെക്കുറിച്ചും തന്ത്ര മനുഷ്യനെ സ്വാധീനിച്ച അവസ്ഥയെക്കുറിച്ചും മനസ്സിലാക്കാം.
തന്ത്ര എന്നത് ഒരു സമഗ്ര - ജീവന പദ്ധതിയാണ്. ഈ ലോകത്തിൽ മനുഷ്യൻ സ്വന്തം അസ്തിത്വത്തെക്കുറിച്ച് ചിന്തിച്ച ഏകനാട് ഭാരതമാണ്. മറ്റ് പ്രദേശങ്ങളിലൊക്കെ മനുഷ്യൻ സ്വന്തം ഭൗതിക നേട്ടങ്ങളെക്കുറിച്ചും ഭൗതിക സൗകര്യങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചപ്പോൾ ആത്മീയമായ ചിന്താപദ്ധതികളെ പരിപോഷിപ്പിക്കുകയും അതിനു പുറകേ പോവുകയും ചെയ്ത നാട് ഭാരതമാണ്. അതുകൊണ്ടു തന്നെയാണ് ലോക ഗുരു സ്ഥാനം ഭാരതം നിലനിർത്തിപ്പോകുന്നതും. ആത്മാന്വേഷണത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ഭാരതത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് ഇതിന് ഉത്തമ ഉദാഹരണമാണ് . അത്മജ്ഞാനം അവസാനിക്കുന്നതും ഭാരതത്തിലാണ് .
തന്ത്രയുടെ വികാസം മനുഷ്യ വികാസത്തിന്റെ ചരിത്രവുമായാണ് ബന്ധപ്പെടുന്നത് - മനുഷ്യൻ ജീവിച്ച് വളർന്നുവന്ന പാരിതസ്ഥിതിക സ്ഥാനത്തിൽ നരവംശ ശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യരാശിയുടെ വികാസ പരിണാമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മനുഷ്യന്റെ ആത്മീയ വളർച്ചയേയും വികാസത്തെയും വിലയിരുത്താനാവുകയുള്ളൂ. ഇത്തരത്തിൽ വളരെ ശാസ്ത്രീയമായ ഒരു സമീപനം പുലർത്തുന്ന വിജ്ഞാനമാണ് തന്ത്ര
തുടരും...
No comments:
Post a Comment