ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2021

തന്ത്ര - 7

തന്ത്ര - 7

2 കൗളാചാരം

മനുഷ്യൻ ഭൗതികമായും ആത്മീയമായും വികസിക്കാൻ തുടങ്ങിയപ്പോൾ ഈ വികാസം അവന്റെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രതിഫലിച്ചു . ഒപ്പം അവന്റെ ആത്മീയ ജീവിതത്തിലും ഈ വികാസം പ്രതിഫലിക്കാൻ തുടങ്ങി . മനുഷ്യൻ കാർഷികവൃത്തി മുഖ്യ ജീവനോപാധിയായി തിരഞ്ഞെടുത്തതോടെയാണ്  ഗോത്രം രൂപം കൊണ്ടതും, ഗോത്രത്തിൽ നിന്നും കുലം പരിണമിച്ചതും.

കുലം രൂപം പ്രാപിച്ചതോടെയാണ് കൗളമാർഗ്ഗവും ഉണ്ടാകുന്നത്. മത്സ്യവും മാംസവും മൈഥുനവും ആരാധനാ സമ്പ്രദായങ്ങളാക്കിയ അവൻ  ഈ കാല ഘട്ടത്തിൽ മുദ്രയേയും ഈ ഗണത്തിൽപ്പെടുത്തി. കാർഷിക വൃത്തിയിലേക്ക് കടന്ന മനുഷ്യൻ അതിൽ നിന്നും കിട്ടിയ ധാന്യത്തേയും ആരാധനാ വസ്തുവായി കണക്കാക്കി. മുദ്ര എന്നതിന്റെ അർത്ഥം ധാന്യം അഥവാ വറ പൊടി എന്നാണ്. മുദ്ര എന്നാൽ പണം എന്നഒരർത്ഥത്തിലും നമുക്കെടുക്കാ വുന്നതാണ്. വാമ കാലഘട്ടത്തിൽ ധാന്യത്തെ പണമായി ഗണിച്ചിരുന്നതിനാൽ ഈ വാക്കിന് പണമെന്ന അർത്ഥം എടുക്കുന്നതിൽ തെറ്റില്ലല്ലോ. ഈ കാലഘട്ടത്തിലെ പണവുമായി മുദ്രക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മുദ്രയും മദ്യവുമാണ് പഞ്ചമകാരങ്ങളിൽ അവസാനമായി കൂട്ടിച്ചേർക്കപ്പെട്ടത്. മുദ്ര എന്നതിന്റെ അർത്ഥം ധാന്യമാണെന്ന് വിശദമാക്കിയല്ലോ .

ധാന്യത്തിൽ നിന്ന് മനുഷ്യൻ അതിന്റെ സത്ത് വേർതിരിച്ചെടുക്കാൻ   തുടങ്ങിയപ്പോൾ അവൻ അതിനെയും ഒരാരാധന വസ്തുവാക്കി മാറ്റി.  ഈ സത്തിനെയാണ് മദ്യം എന്നു പറയുന്നത്. യവത്തിന്റെ സത്താണ് ആദ്യകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നത്. മദ്യം എന്നതിനെ ധാന്യത്തിന്റെ സത്ത് എന്നർത്ഥം  മാത്രമേ കൽപ്പിക്കേണ്ടതുള്ളൂ.

പ്രാഗ് വാമ കാലഘട്ടത്തിലോ വാമ കാലഘട്ടത്തിലോ പുരുഷ  - പൗരോഹിത്യ മേധാവിത്തം നമുക്ക് കാണാൻ കഴിയില്ല .

പക്ഷേ കുലം രൂപം കൊള്ളുകയും കുലചാരമായി കൗളം കടന്നു വരികയും ചെയ്തപ്പോഴാണ് ഈ പൗരോഹിത്യ  കേന്ദ്രീകരണത്തിന്റെ ചെറിയ  തുടക്കവും നമുക്ക് കാണുവാൻ  സാധിക്കുന്നത്. പ്രാഗ്വാമ, വാമ കാലഘട്ടങ്ങളിൽ സ്ത്രീയായിരുന്നു  പുരോഹിത. അവളെ ശക്തിയുടെ  പ്രതീകമായിട്ടായിരുന്നു ആ കാലഘട്ടം കണ്ടിരുന്നത്  സ്ത്രീത്വത്തിന് പരമ പ്രാധാന്യവും സ്ത്രീക്ക് ദിവ്യത്വവും കൊടുത്തിരുന്ന സംസ്കാരമായിരുന്നു നമ്മുടേത്.

പ്രാഗ് വാമ കാലഘട്ടത്തിൽ ഗോത്രത്തിന്റെ ശക്തി എന്നത് ആ ഗോത്രത്തിന്റെ ആൾ ബലമായിരുന്നു.  ഈ ബലത്തെ പ്രദാനം ചെയ്യുന്ന സ്ത്രീയെ അതു കൊണ്ടുതന്നെ അവൻ ശക്തിയുടെ പ്രതീകമായി കണക്കാക്കി.

പ്രാഗ് വാമകാലഘട്ടത്തിൽ കൃത്യമായ ഉപാധികളില്ലാതെയായിരുന്നു മനുഷ്യൻ ആരാധന നടത്തിയിരുന്നതെങ്കിലും മലകളേയും നദികളേയും അവൻ ആരാധിച്ചിരുന്നു. എന്നാൽ വാമകാലഘട്ടത്തിലാവട്ടെ സ്ത്രീ പുരുഷ ലിംഗങ്ങളെ നേരിട്ട് ആരാധിക്കുന്ന ഒരു രീതി രൂപപ്പെട്ടു.  തുടർന്ന് കൗള മാർഗ്ഗത്തിന്റെ കാലഘട്ടമാവുമ്പോഴേക്കും വ്യത്യസ്തങ്ങളായ രണ്ട് ആരാധനാ സമ്പ്രദായങ്ങൾ രൂപപ്പെടാൻ തുടങ്ങി .

ഒരു വിഭാഗം വാമകാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ മുറുകെ പിടിച്ചപ്പോൾ രണ്ടാമത്തെ കൂട്ടർ സത്രീ പുരുഷ ലിംഗങ്ങളുടെ സ്ഥാനത്തെ അവ പ്രതീകങ്ങളെ ആരാധിച്ചാൽ മതി എന്ന് വാദിച്ചു. ഇതിൽ ആദ്യ വിഭാഗത്തിനെ പൂർവ കൗളർ എന്നും  രണ്ടാമത്തെ വിഭാഗത്തിനെ ഉത്തര കൗളർ എന്നുമാണ് അറിയപ്പെട്ടിരുന്നത് .

ഇതിൽ ഉത്തര കൗളരുടെ ആരാധനാ സമ്പ്രദായത്തിലാണ് യോനിയന്ത്രം,  നവയോനി യന്ത്രം തുടങ്ങിയ ജ്യാമിതിയ രൂപങ്ങൾ യോനിക്ക് പകരമായി ആരാധനാ വസ്തുക്കളായി രൂപം കൊള്ളാൻ തുടങ്ങിയത്. ഇതിൽ ശാക്തയം ഒരു പദ്ധതി മാത്രമാണ്. ശാക്തയം എന്നതിന്റെ  അർത്ഥം ശക്തി ഉപാസന് എന്നതാണ്.  ശക്തി എന്നാൽ സ്ത്രീ എന്നാണ്. അത് ശാക്തയത്തിൽ ഭഗവതി സങ്കൽപത്തിൽ ആരാധിക്കപ്പെടുന്നു എന്നു മാത്രം .

പ്രാഗ് വാമത്തിൽ സങ്കേതം എന്ന പദ്ധതി ഉണ്ടായിരുന്നില്ല മലകളേയും നദികളേയും ആരാധിച്ചു എന്നല്ലാതെ ഒരു സങ്കേതം ഉണ്ടായിരുന്നില്ല . വാമത്തിൽ പാടങ്ങളായിരുന്നു സങ്കേതം . എന്നാൽ കൗളത്തിലെത്തിയപ്പോഴാണ്  സങ്കേതം എന്നത് അതിന്റെ സാങ്കേതികാർത്ഥത്തിൽ വരുന്നത്. കൗളത്തിൽ ഗോത്രം കുലം എന്ന രൂപത്തിലേക്കെത്തിയപ്പോൾ ആരാധന സ്വകാര്യ ഇടങ്ങിലേക്ക് മാറുന്നതായി നമുക്ക് കാണാം .

ഇക്കാലത്ത് ഏറെ വിവാദമുയർത്തിയ ഒരു പ്രശ്നത്തെക്കുറിച്ച് നമുക്കിനി ചർച്ച ചെയ്യാം:

സർവ്വ ചരാചരങ്ങളും ഈശ്വര സൃഷ്ടിയായിരിക്കുമ്പോൾ അതിലൊന്നിനെ ബലി എന്ന പേരിൽ കൊല്ലുന്നത് മഹാ പാപമല്ലേ ?

ആധുനിക കാലഘട്ടത്തിൽ തന്ത്രക്കെതിരെ ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണങ്ങളിൽ ഒന്നാണിത്.

എന്താണ് ബലി ?

ബലി എന്ന് വാക്കിന്റെ അർത്ഥമെടുത്താൽ ബലപ്പെടുത്തുന്നത് എന്നാണ്. മനുഷ്യൻ ഭക്ഷണം കഴിക്കുന്നത് അവന്റെ ശരീരത്തെ പോഷിപ്പിക്കാനാണല്ലോ.

താൻ എന്താണോ കഴിക്കുന്നത് അതു തന്നെ തന്റെ ദേവതക്കും  നൽകുക എന്നത് ലോകത്തിലെ മനുഷ്യർ എല്ലാ കാലത്തും ചെയുന്ന ഒരു കാര്യമാണ്. ഇങ്ങിനെ മാംസാഹാരിയായ മനുഷ്യൻ താൻ കഴിക്കുന്ന മാംസവും തന്റെ ഇഷ്ട ദേവതക്ക് നൽകാൻ തുടങ്ങി. പഞ്ചമകാരങ്ങളിൽ മത്സ്യവും മാംസവും കടന്നു വന്നത് ഈ വിധത്തിലാണ്.

മത്സ്യമാംസാദികൾ  കഴിക്കാത്തവർ അതവരുടെ ദേവതക്ക് നൽകുന്നതിനെ തന്ത്രതന്നെ എതിർക്കുന്നുണ്ട്. ഞാൻ കഴിക്കുന്നത് എന്റെ ദേവതക്കും പഥ്യമാണെന്ന സങ്കൽപം പോലെ ഞാൻ കഴിക്കാത്തത് എന്റെ ദേവതക്കും ആവശ്യമില്ല എന്ന സാമാന്യബോധം ഉണ്ടായാൽ ബലി എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം നമുക്ക് ലഭിക്കുന്നതാണ് .

തുടരും...

No comments:

Post a Comment