ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2021

ശ്രാദ്ധാദികളിലെ ഭക്ഷണക്രമം

ശ്രാദ്ധാദികളിലെ ഭക്ഷണക്രമം

മരണാനന്തര ക്രിയകളിലെ പ്രത്യേകാനുഷ്ഠാനങ്ങള്‍ക്ക് ശ്രദ്ധയുണ്ടാക്കുവാനും, മറ്റുമായിട്ടാണ് ശ്രാദ്ധാദികളില്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്നത്. അദ്ഭുതമെന്നു പറയട്ടെ ശ്രാദ്ധാദികര്‍മ്മങ്ങളില്‍ വര്‍ജ്യങ്ങളായ സസ്യവിഭവങ്ങളെല്ലാം തന്നെ വിദേശത്തുനിന്ന് ഭാരതത്തിലേക്ക് വന്നവയാണ്. അവയൊന്നും സ്വദേശിയല്ല. തക്കാളി, കാബേജ്, ഉള്ളി, കോളിഫ്‌ളെവര്‍, കാരറ്റ്, ബീറ്റ് റൂട്ട്, പപ്പായ... അങ്ങനെ പോകുന്നു പരദേശി ഭക്ഷ്യവിഭവ സസ്യഉല്‍പ്പന്നങ്ങള്‍. ഭാരതത്തെപ്പോലെയുള്ള ഉഷ്മമേഖലാ രാജ്യത്ത് ഏറ്റവും അനുയോജ്യമായത് സ്വദേശീ ഭക്ഷ്യവിഭവങ്ങളാണെന്ന് ആധുനിക ശാസ്ത്രം അടിവരയിട്ട് പറയുന്നു. വര്‍ജിക്കേണ്ടത് പരദേശിയും.

ഭക്ഷണത്തിനുമുന്‍പുള്ള പ്രാര്‍ത്ഥന: ഭഗവദ് ഗീതയിലെ വരികളായ

അഹം വൈശ്വാനരോ ഭൂത്വാ പ്രാണീനാം ദേഹമാശ്രിതഃ

പ്രാണാപാന സമായുക്തം പചാമ്യന്നം ചതുര്‍വിധം

ശരീരത്തിലെ ദഹനശക്തിയേയും ദഹനരസങ്ങളേയും നിയന്ത്രിക്കുന്നതില്‍ മനുഷ്യശരീരത്തിന് സ്വതഃസിദ്ധമായ ശക്തിയാണുള്ളത്. നമ്മുടെ ഇച്ഛാശക്തിക്ക് ഒരു സ്വാധീനവുമില്ല. അത് ഈശ്വരചൈതന്യമാണെന്ന് മനുഷ്യനെ ഓര്‍മ്മിപ്പിക്കുകയാണീ മന്ത്രം. മാത്രമല്ല, നാലുവിധത്തിലുള്ള ദഹനക്രമം പോലും മനുഷ്യനിയന്ത്രണത്തിന്നപ്പുറമാണ് എന്നും ഈ വരികളോര്‍മ്മിപ്പിക്കുന്നു.

അന്തഃശ്ചരതി ഭൂതേഷു ഗുഹയാം സര്‍വതോമുഖഃ

ത്വം യജ്ഞ ത്വം വഷ്ടകാര ത്വം വിഷ്ണു പുരുഷപരഃ

എന്ന മന്ത്രത്തില്‍ മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും വര്‍ത്തിക്കുന്ന  പ്രപഞ്ചചൈതന്യാംശത്തിന്നാധാരഭൂതമായതും അന്നമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിന് പിന്നില്‍ ഒരു ശാസ്ത്രതത്വമുണ്ട്. അശുദ്ധവും, വൃത്തിഹീനവും, രോഗകാരണമാകാന്‍ സാധ്യതയുള്ളതുമായ മാംസാഹാരമുള്‍പ്പെടെയുള്ള ഭക്ഷ്യങ്ങള്‍ ഈശ്വരീയമല്ലാത്തതിനാല്‍ അത്തരം വിഭവങ്ങള്‍ കഴിക്കരുതെന്നും ഈ പ്രാര്‍ത്ഥന നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈശ്വരീയമായ ജീവാത്മാവ് വര്‍ത്തിക്കുന്ന ക്ഷേത്രതുല്യമായ ശരീരത്തിന്, സത്വഗുണസമന്വിതമായ ആഹാരമാണ് വേണ്ടത് എന്ന് വ്യക്തം. കൂടാതെ മുന്‍പില്‍ ഭക്ഷണം വിളമ്പി എതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുള്ള സമയത്തിനിടയ്ക്ക് ആമാശയും ദേഹഗ്രന്ഥികളും ഉമിനീരുള്‍പ്പെടെയുള്ള ദഹനരസങ്ങളും ഭക്ഷണത്തെ സ്വീകരിക്കുവാന്‍ പാകത്തിന് ശരീത്തെ തയ്യാറാക്കുകയും, തുടര്‍ന്ന് സുഗമമായ ദഹനം നടക്കുകയും ചെയ്യുന്നു.

ഭക്ഷണപാത്രത്തിലെ ആചാരം: ഭാരതത്തില്‍ പൊതുവേ വാഴയിലകള്‍പോലെ വിഷാംശമില്ലാത്ത സസ്യ ഇലകളിലായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. ഇതിലൂടെ നല്ല രീതിയിലുള്ള ശുചിത്വം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. പല ആവര്‍ത്തി പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ (പാത്രം പൂര്‍ണമായും വൃത്തിയായില്ലെങ്കില്‍) അതിലടങ്ങിയിരിക്കുവാന്‍ സാധ്യതയുള്ള ഭക്ഷ്യാംശങ്ങളില്‍ വളരുന്ന സൂക്ഷ്മാണുക്കളിലൂടെയുള്ള രോഗസാധ്യത പൂര്‍ണമായും ഒഴിവാക്കുവാന്‍ ഈ ആചാരം സഹായിക്കുന്നു. ഹോട്ടലുകളില്‍ രോഗികളുള്‍പ്പെടെ പലരും ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കു പകരം ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന വാഴയിലയില്‍ മഹത്വമേറെയുണ്ട്. ആധുനിക ശാസ്ത്ര ഭാഷയില്‍ അത് എക്കോഫ്രണ്ട്‌ലിയാണ്. അതിഥികള്‍ക്കും ആദരണീയര്‍ക്കും ഇലയില്‍ ഭക്ഷണം വിളമ്പുന്നത് ആചാരമാണ്.

ഇരുന്ന് കഴിക്കേണ്ട ഭക്ഷണം: നിലത്ത് ആവണപ്പലകയിലിരുന്ന്, അല്ലെങ്കില്‍ പുല്‍പ്പായിലിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവ് ഇവിടെ നിന്നും നിലനില്‍ക്കുന്നു. ഭക്ഷണം നിന്ന് കഴിക്കരുത് എന്നത് നിര്‍ദ്ദേശമാണ്. ശരീരത്തിലെ സമഗ്രമായ സന്ധികള്‍ക്ക് ചലനം ലഭിക്കുന്നത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഭക്ഷണം, സുഗമമായ പെരിസ്റ്റാള്‍ട്ടിക് ചലനത്തിലൂടെ ആമാശയത്തിലെത്തുന്നതിന് ഇരുന്ന് കഴിക്കുന്നത് ഉത്തമമത്രെ!

ഭക്ഷ്യവിഭവങ്ങള്‍: അതിപുരാതനകാലം മുതല്‍ക്ക് തന്നെ വിവിധതരത്തിലുള്ള സസ്യവിഭവങ്ങളാല്‍ വിളമ്പുന്ന പതിവുണ്ട്. ഇവയെല്ലാം സമഗ്രമായ പോഷകാംശങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകരമാണ്. വേണ്ടത്ര അന്നജവും മാംസ്യവും കൊഴുപ്പും നാരുകളും ലഭ്യമാക്കുവാന്‍ ഉതകുംവിധമാണ്. വിശേഷദിവസങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍. അവ കഴിക്കുന്ന ക്രമത്തിലും. ദഹനക്രിയയ്ക്കുതകും വിധമുള്ള നന്മയുണ്ട്. ഭക്ഷണത്തിലെ പല വിഭവങ്ങളിലും ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ആവശ്യത്തിനു ചേര്‍ത്തിരിക്കുന്നതിനാല്‍ ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

(ഭാരതീയ ആചാരങ്ങള്‍ ഒരു ശാസ്ത്രീയ വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

ചിന്താധാര, ഡോ എൻ ഗോപാലകൃഷ്ണൻ

No comments:

Post a Comment