ശ്രീരാമൻ ദൈവമോ അതോ രാഷ്ട്രീയപുരുഷനോ.. ?
ഭാരതം പലപ്പോഴും ചോദിച്ചിട്ടുള്ളതും ഇനിയും ചോദിക്കേണ്ടതുമായ ഒരു ചോദ്യമാണത്..
ശ്രീരാമൻ രണ്ടുമാണ്..
ദൈവവുമാണ് രാഷ്ട്രീയപുരുഷനുമാണ്..
മര്യാദാപുരുഷോത്തമൻ ആയ മനുഷ്യനായാണ് വാത്മീകി ശ്രീരാമചന്ദ്രനെ അവതരിപ്പിച്ചത്..
ഭാരതത്തിന്റെ മുഖമുദ്രയായ വീരാരാധന ശ്രീരാമചന്ദ്രപ്രഭുവിനെ അവതാരവും ഈശ്വരനുമാക്കി.. അതൊരു തെറ്റല്ല.. ദൈവം അങ്ങനെയല്ല എന്നാർക്കും പറയാനാകില്ല.. ഇന്ത്യയുടെ മിക്ക ദൈവങ്ങളും വീരപുരുഷന്മാരാണ്.
സെമറ്റിക് മതങ്ങൾക്ക് വിഭിന്നാഭിപ്രായമുണ്ടാകാം.. എന്നാൽ സെമറ്റിക് മതങ്ങളിൽ പോലും സമാനമായ സന്ദർഭങ്ങൾ കാണാനാകും... വീരപുരുഷന്മാർ, രക്തസാക്ഷികൾ എന്നിവർ ദൈവികപരിവേഷത്തിലേക്കുയരുന്നതോ ദൈവദൂതന്മാരാകുന്നതോ ദൈവം തന്നെയാകുന്നതോ ആയ സന്ദർഭങ്ങൾ അവയിലുമുണ്ട്..
മനുഷ്യനായി ജനിച്ച, സ്വന്തം ആശയപ്രചാരണത്തിന്റെ രക്തസാക്ഷിയായ യേശുക്രിസ്തുവിനെ, ജൂതരിലെ ഒരു വിഭാഗം ദൈവമായി കണ്ടതോടെയാണ് ക്രിസ്തുമതം ഉണ്ടാകുന്നത്. ക്രൈസ്തവമതത്തിൽ സെന്റ് സെബാസ്ത്യനും ഇസ്‌ലാമിൽ ശഹീദന്മാരും പ്രാർത്ഥനാമധ്യസ്ഥന്മാരായി വരുന്നതും രക്തസാക്ഷികൾക്ക് അവർ ഈശ്വരീയമായ പ്രാധാന്യം നൽകുന്നിടത്താണ്.
ശ്രീരാമന്റേത് വീരാരാധനയാണ്. രാമൻ രാജാവായിരുന്നു. അയോദ്ധ്യാപുരിയുടെ പ്രിയപ്പെട്ട രാജാവ്.
ബ്രാഹ്മണർ അനാര്യസമൂഹത്തിന്റെ, പ്രത്യേകിച്ച് അന്നത്തെ ഭരണാധികാരികളുടെ കൊലപാതകത്തിലും അവരെ സ്ത്രീകളെ അപഹരിക്കാനും പരശുരാമന്റെ നേതൃത്വത്തിൽ മുന്നിൽ നിന്നപ്പോൾ അതിനറുതി വരുത്തിയയാൾ ശ്രീരാമചന്ദ്രനാണ്. രാമൻ തോൽപ്പിക്കുന്ന പരശുരാമനും രാമൻ കൊല്ലുന്ന രാവണനും ബ്രാഹ്മണരായിരുന്നു. രാമൻ ആശ്ലേഷിക്കുന്ന ഗുഹൻ ആദിവാസിയും. രാമനൊപ്പം യുദ്ധം ചെയ്ത 'വാനര'ന്മാർ എന്ന് വിളിക്കപ്പെട്ടവർ 'വന-നര'ന്മാരായിരുന്ന കാട്ടുവാസികളായ മനുഷ്യർ തന്നെ ആയിരുന്നു. അത്തരത്തിൽ അബ്രാഹ്മണസമൂഹങ്ങളുടെയും സ്ത്രീകളുടെയും രക്ഷകനായാണ് ശ്രീരാമൻ ഭരണമേറ്റെടുക്കുന്നത്. ശ്രീരാമനെ മുഴുവൻ അബ്രാഹ്മണഹിന്ദുക്കളും ഇന്ത്യ മുഴുവൻ വീരപുരുഷനായിക്കാണാനും പിന്നീട് ഈശ്വരനായി ആരാധിക്കാനും കാരണവും അതാണ്.
രാമൻ ഭാരതത്തിന്റെ രാഷ്ട്രീയത്തിൽ ആദ്യമായി പ്രഭാവം ചെലുത്തുന്ന സന്ദർഭം അതാണ്.
(രാമനെ ശൂദ്രവിരോധിയും ഭാര്യയെ ഉപേക്ഷിക്കുന്നവനുമാക്കി മാറ്റുന്നത് വാത്മീകിയാൽ എഴുതപ്പെട്ടതല്ലാത്ത, പ്രക്ഷിപ്തം അഥവാ കൂട്ടിച്ചേർക്കപ്പെട്ടത് എന്ന് വിഖ്യാതമായ ഉത്തരരാമായണത്തിലാണ്. ഉത്തരരാമായണത്തെ വാത്മീകിരാമായണത്തിന്റെ ഭാഗമായി പൊതുവിൽ പഠിച്ചുവരുന്നതിനാലാണ് രാമകഥയുടെ അവസാനഭാഗം എന്നത് രാജ്യാഭിഷേകത്തിനുപകരം സീതാപരിത്യാഗമായി സ്‌കൂളുകളിൽ പോലും പഠിപ്പിക്കുന്നത്. രാമൻ ആര്യനെന്നും രാവണൻ ദ്രാവിഡനെന്നും മറ്റൊരുവാദം. രാവണനെ ഈ ലോകത്തിൽ ഔദ്യോഗികമായി സ്വന്തം രാഷ്ട്രീത്തിന്റെ ഭാഗമായി കാണുന്നത് തമിഴരുടെ എതിരാളികളും ആര്യവംശജരുമായ സിംഹളരുടെ നാടായ ശ്രീലങ്കയാണ്. അതിനാലാണ് ശ്രീലങ്ക വിക്ഷേപിച്ച അവരുടെ ഉപഗ്രഹത്തിന് 'രാവണ' എന്ന് നാമകരണം ചെയ്തത്. രാമർ എന്നേ തമിഴർ മക്കൾക്ക് പേരിടൂ. രാവണൻ എന്നിടില്ല)
പിന്നീട് ഇസ്ലാമിക ആക്രമണങ്ങളുടെ കാലത്ത് ഭക്തിപ്രസ്ഥാനത്തിന്റെ മറവിലാണ് ഹിന്ദുക്കൾ സംഘടിച്ചതും വിജയനഗരം പോലുള്ള സാമ്രാജ്യങ്ങൾ സ്ഥാപിച്ചതും. ആ അർത്ഥത്തിൽ ഭക്തിപ്രസ്ഥാനം ഒരു പൊളിറ്റിക്കൽ മൂവ്മെന്റ് കൂടി ആയതിനാൽ രാമൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രഭാവം ചെലുത്തുന്ന രണ്ടാമത്തെ ഘട്ടം അതാണ്.
അതിന്റെ തുടർച്ചയാണ് സമർത്ഥ രാംദാസിന്റെ ശിഷ്യനായ വീരശിവജി മറാത്താസാമ്രാജ്യം സ്ഥാപിക്കുന്നതും.
ഗാന്ധിജിയുടെ കാലത്താണ് ഇന്ത്യൻ രാഷ്ട്രീയത്തെ വീണ്ടും രാമൻ സ്വാധീനിക്കുന്നത്. രാംധുൻ ആലപിച്ചുകൊണ്ടും സെമറ്റിക് മതങ്ങൾ വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം പോലെ ഒരു രാമരാജ്യം വാഗ്ദാനം ചെയ്തും ഗാന്ധിജി ഹിന്ദുവികാരങ്ങളെ ഉണർത്തിക്കൊണ്ടുതന്നെ യൂറോപ്യൻ ശക്തികൾക്കെതിരെ ഇന്ത്യക്കാരെ സംഘടിപ്പിച്ചു. ഭാരതത്തിലെ ഭൂരിപക്ഷ ജനതയായ ഹിന്ദു എക്കാലവും അസംഘടിതരായിരുന്നു. അസംഘടിതജനതയെ സഘടിപ്പിക്കാതെ സ്വാതന്ത്ര്യം സാധ്യമാകുമായിരുന്നില്ല. രാമൻ അല്ലാതെ മറ്റാർക്കും, മറ്റൊന്നിനും അവരെ സംഘടിപ്പിക്കാനാകില്ല എന്ന് ഗാന്ധിജിക്ക് നിശ്ചയമുണ്ടായിരുന്നു.
രാമൻ ഇന്ത്യൻ രാഷ്ട്രീയത്തെ വീണ്ടും സ്വാധീനിക്കുന്നത് രാമജന്മഭൂമിപ്രക്ഷോഭം എൺപതുകളിൽ ചൂടുപിടിക്കുമ്പോഴാണ്. രാമന്റെ പേരുപറഞ്ഞാൽ രാഷ്ട്രീയത്തിൽ വീശുക കാറ്റല്ല, കൊടുങ്കാറ്റ് തന്നെയാണ്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാവുന്നതിനാലാണ് 2018-ലെ മദ്ധ്യപ്രദേശ് ഇലക്ഷനിൽ ഗോശാലകളുടെ പേരും പറഞ്ഞ്, പതിയെ മൃദുഹിന്ദുത്വത്തിലേക്ക് മാറി പരീക്ഷണം നടത്തിയ കോൺഗ്രസ്സും രാഹുൽ ഗാന്ധിയും രാമനെ കയ്യിലെടുക്കുന്നതിനുമുമ്പേ മോദിജി രാമക്ഷേത്രത്തിന് തറക്കല്ലിട്ട് ക്ഷേത്രനിർമ്മാണം പ്രഖ്യാപിച്ചത്.
അതായത്, രാമന്റെ രാഷ്ട്രീയസ്വാധീനം എന്നത് ഒരു അനുസ്യൂതിയാണ്. തുടർന്നുപോകുന്ന ഒരു പാരമ്പര്യം അതിനുണ്ട്.
അങ്ങനെയെങ്കിൽ, രാമൻ ഇനിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുമോ?
അതിനുത്തരം പറഞ്ഞിരിക്കുന്നത് രാമനല്ല, കൃഷ്ണനാണ്. 'സംഭവാമി യുഗേ യുഗേ' എന്നാണല്ലോ കൃഷ്ണൻ പറഞ്ഞത്. അപ്പറഞ്ഞത് കൃഷ്ണനാണെങ്കിലും പ്രവർത്തിച്ചത് രാമനാണ് എന്നുമാത്രം. ഹൈന്ദവവിശ്വാസപ്രകാരം രാമനും കൃഷ്ണനും ഒരേ ഈശ്വരസ്വരൂപത്തിന്റെ അവതാരങ്ങളായതിനാൽ ഭാരതത്തിൽ ആവർത്തിച്ചുണ്ടാകുന്ന രാമസ്വാധീനത്തെ വൈഷ്ണവമായ ഈശ്വരലീലയായി പൊതുവിൽ ഹൈന്ദവജനത വീക്ഷിക്കുന്നു.
ഭാരതജനതയ്ക്ക് നിലനിൽപ്പുപോലും വെല്ലുവിളിയാകുന്ന സന്ദർഭങ്ങളിൽ ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ജനങ്ങളെ സ്വാധീനിക്കുകയും കാലാനുസൃതമായി രാഷ്ട്രീയമായും സംഘടിപ്പിക്കുകയും ചെയ്യുന്ന ധാർമ്മികമായ ശക്തിയുടെ പ്രതിരൂപമാണ് ശ്രീരാമനും ശ്രീരാമചന്ദ്രപ്രഭുവിന്റെ ആരാധനയും.
ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ നിർദ്ദേശപ്രകാരം തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ രാമകഥയെ മലയാളത്തിലാഖ്യാനം ചെയ്ത് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കാവ്യരൂപത്തിൽ ജനഹൃദയങ്ങളിലെത്തിച്ചപ്പോൾ ജനങ്ങൾ രാമായണം നിത്യപാരായണം ശീലിക്കുകയും പ്രതിബന്ധങ്ങൾ നിറഞ്ഞ പഞ്ഞമാസമായ കർക്കടകമാസത്തെ പുണ്യമാസമാക്കി രാമായണപാരായണം ചെയ്യുകയും ചെയ്യുമ്പോൾ കേരളീയജനത ഭാരതത്തിന്റെ ഐക്യത്തിന്റെ ഭാഗമാകുക ചെയ്യുക തന്നെയാണ്.
രാമകഥ ഹൈന്ദവമാണെങ്കിലും ഏതെങ്കിലും മതത്തിനു വിരുദ്ധമല്ല. രാമനെ സ്വാഹിത്യത്തിൽ ഏറ്റെടുത്തവരിൽ മുസ്ലീങ്ങളും ഉൾപ്പെടുന്നു. ശ്രീരാമനാൽ സ്വാധീനിക്കപ്പെട്ടവരിൽ ഹൈന്ദവ നവോത്ഥാനത്തിലെ പങ്കാളിയായ മുസ്ലീമായ മഹാകവിയും ഹിന്ദിയിലെ കവിത്രയങ്ങളിൽ ഒരാളുമായ കബീർദാസും ഉൾപ്പെടുന്നു. താൻ ഒരേ സമയം അള്ളാവിന്റെയും ശ്രീരാമന്റെയും സന്തതിയാണെന്നു കബീർ ഉദ്ഘോഷിച്ചിരുന്നു. മുസ്ലീങ്ങളായ ആസ്വാദകരുടെ സമൂഹത്തിൽ കേരളത്തിലും രാമന് സ്വീകാര്യത ലഭിച്ചതിനാലാണ് മാപ്പിളരാമായണം പോലും കേരളത്തിൽ ഉണ്ടായത്. രാമകഥ സകലസമൂഹങ്ങളെയും സ്വാധീനിക്കുന്നതാണ് എന്നുള്ളത് വാസ്തവമാണ്. ധർമ്മാധർമ്മയുദ്ധം പ്രമേയമാകുന്നു എന്നുള്ളതിനാലാണത്.
ഒരു നാട്ടിൽത്തന്നെ പല രാമായണങ്ങൾ ഉള്ള രീതിയിൽ പ്രചാരവും സ്വീകാര്യതയും ലഭിച്ച വീരഗാഥയാണ് രാമായണം. "രാമായണങ്ങൾ പലതും കവിവര-രാമോദമോടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ" എന്ന് സീതാദേവി തന്നെ ശ്രീരാമനോട് പറയുന്നുമുണ്ടല്ലോ. നിരവധിയാണ് രാമായണങ്ങൾ എന്ന് കവി തന്നെ പറയുകയാണതിലൂടെ.
തെക്കുകിഴക്കനേഷ്യയിലെ വിദേശരാജ്യങ്ങളിലും പാരമ്പര്യമായ രാമകഥകൾ നിലവിലുണ്ട്. അയോദ്ധ്യ എന്ന അർത്ഥത്തിൽ അയുത്യ എന്ന് വിളിക്കപ്പെടുന്ന നഗരികളും അവിടങ്ങളിലുണ്ട്. തായ്‌ലൻഡ് ഭരിക്കുന്ന രാജവംശം രാമന്റെ വംശത്തിൽ പെടുന്നവരാണ് എന്നഭിമാനിക്കുന്നതിനാൽ അവർ പേരിനൊപ്പം രാമ എന്ന് ചേർക്കുന്നു. ഇപ്പോഴത്തെ തായ് രാജാവ് അറിയപ്പെടുന്നത് പത്താം രാമൻ വജിരലോങ്ങ്കോൺ (Vajiralongkorn Rama X) ആണ്. രാമകഥ തായ്‌ലൻഡിലെ രാഷ്ട്രീയത്തിലും ഇത്തരത്തിൽ സ്വാധീനം ചെലുത്തുന്നു.
ഉത്തരകൊറിയ ഭരിക്കുന്ന കിം ജോംഗ് ഉന്നിന്റെ പേരിലെ കിമ്മിന് പോലുമുണ്ട് രാമരാജധാനിയായ അയോധ്യയുടെ ബന്ധം. കൊറിയൻ ഇതിഹാസഗ്രന്ഥമായ 'സം ഗുക് യൂസാ' (ത്രിദേശചരിതം അഥവാ മൂന്നു ദേശങ്ങളുടെ കഥ) പ്രകാരം കൊറിയയുടെ ഭരണത്തിന് അവരുടെ ആദ്യത്തെ സ്വർഗ്ഗദത്തനായ ചക്രവർത്തി ഗിം സുറോ കൊറിയയിലെ ഗയാ മേഖലയുടെ അധികാരമേറ്റെടുക്കുമ്പോൾ, പ്രവചനങ്ങളാൽ നിയുക്തയായി ഭാരതത്തിൽനിന്നും കൊറിയയിലേക്ക് അദ്ദേഹത്തിന്റെ വധുവാകാൻ വേണ്ടി അയോദ്ധ്യയുടെ രാജകുമാരിയായ സൂര്യരത്ന (കൊറിയൻ ഭാഷയിൽ ഹിയോ ഹ്വാങ് ഓക് എന്നറിയപ്പെടുന്നു) കൊറിയയിൽ എത്തിച്ചേരുന്നു. തന്റെ യാത്രയുടെ സുരക്ഷക്കായി ബുദ്ധഭഗവാന്റെ സ്പർശനമേറ്റ ദിവ്യമായ ഒരു പഗോഡയുമായി (ചിങ് പുങ് ടാപ്) അവിടെയെത്തുന്ന അയോധ്യയുടെ കുമാരി ഗിം സുറോ ചക്രവർത്തിയുടെ വധുവാകുന്നു. ഇവർക്കുണ്ടാകുന്ന പന്ത്രണ്ടു മക്കളിൽ ചിലരുടെ വംശനാമമാണ് കിം എന്ന കൊറിയൻ വംശനാമം. കൊറിയൻ പാരമ്പര്യവിശ്വാസവുമായി അവരുടെ വംശാവലികളെയും വംശനാമങ്ങളെയും കോർത്തിണക്കുമ്പോൾ ഇന്നുള്ളവരിൽ ഏതാണ്ട് അറുപതുലക്ഷത്തോളം കൊറിയക്കാർ ഹിയോ ഹ്വാങ് ഓക് എന്ന അയോദ്ധ്യയുടെ സൂര്യരത്നാ രാജകുമാരിയുടെ പിന്മുറക്കാരായി കണക്കാക്കപ്പെടുന്നു. ഈ കഥകളുടെയും വിശ്വാസത്തിന്റെയും ചുവടുപിടിച്ച് പല ജനിതകപഠനങ്ങളും കൊറിയൻ ഗവേഷകർ നടത്തുന്നുണ്ട്. ഇത്തരത്തിൽ നോക്കുമ്പോൾ, രാമനും രാമമഹിമ ഏറ്റുവാങ്ങിയിട്ടുള്ള അയോദ്ധ്യയുടെ വംശങ്ങളും വിദേശങ്ങളിലും സ്വാധീനം ചെലുത്തുന്നു എന്ന് കാണുന്നു.
രാമായണം ഇപ്രകാരം പറയുന്നു.
യാവത് സ്ഥാസ്യന്തി ഗിരയ സരിരശ്ച മഹീതലേ
താവദ് രാമായണകഥാ ലോകേഷു പ്രചരിഷ്യതി.
"ഈ ഭൂമിയിൽ പർവ്വതങ്ങളും നദികളുമുള്ള കാലത്തോളം രാമായണകഥയും ഈ ലോകത്ത് പ്രചരിച്ചുകൊണ്ടേയിരിക്കും."
അതങ്ങനെയാണെന്ന് ഭാരതചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലെ രാമന്റെ സ്വാധീനവും അനവധി രാമായണങ്ങളും രാമനെപ്പറ്റിയുള്ള അവസാനിക്കാത്ത സംവാദങ്ങളും തെളിയിക്കുന്നുണ്ട്.
കടപ്പാട്; പ്രഫ. ബല്‍റാം കൈമള്
No comments:
Post a Comment