ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 July 2021

ഒൻപതു ശ്രീരാമന്മാർ

ഒൻപതു ശ്രീരാമന്മാർ

കാവേരീനദിയുടെ വടക്കേ കരയിലെ രാമപുരം എന്ന ഗ്രാമത്തിൽ സുന്ദരൻ എന്നു പേരായ ഒരു ഭക്തനുണ്ടായിരുന്നു . അദ്ദേഹത്തിന് സത്സ്വഭാവികളായ ഒൻപതു മക്കളുണ്ടായി. ചന്ദ്രൻ, അതിചന്ദ്രൻ , ചന്ദ്രാഭൻ , ചന്ദ്രാസ്യൻ , ചന്ദ്രശേഖരൻ, ചന്ദ്രാംശു, ജിതചന്ദ്രൻ, ചന്ദ്രചൂഡൻ, രാമചന്ദ്രൻ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.

ഒരിക്കൽ ശ്രീരാമനെ നേരിട്ടു കാണണമെന്ന് ആ സഹോദരന്മാർക്ക് ആഗ്രഹം തോന്നി . അവർ മീനമാസത്തിൽ പുണർതവും നവമിയും കൂടിച്ചേർന്ന ശ്രീരാമന്റെ പിറന്നാൾ ദിവസം അയോധ്യയിലേക്കു പോയി, എന്നിട്ട് സരയുനദിയുടെ കരയിൽ കാത്തിരുന്നു.

ആ സമയത്ത് പലപല നാടുകളിൽനിന്നും ധാരാളം ജനങ്ങൾ സരയൂനദിയിൽ കുളിക്കാനും പിറന്നാൾ കൊണ്ടാടുന്ന ശ്രീരാമമഹാരാജാവിനെ കാണാനും അയോധ്യയിലെത്തി. ആൾത്തിരക്കുകാരണം ചന്ദ്രനും അനുജന്മാരക്കും ശ്രീരാമനെ കാണാൻ കഴിഞ്ഞില്ല.

ദുഃഖിതരായ അവർ തമ്മിൽ ത്തമ്മിൽ പറഞ്ഞു: "നമ്മൾ ഇത്രദൂരം യാത്ര ചെയ്തിട്ടു. വന്നിട്ടും ശ്രീരാമനെ കാണാൻ സാധിച്ചില്ലല്ലോ.

ഈ ആൾത്തിരക്കിൽ എങ്ങനെയാണ് ഒന്നു കാണുക വളരെ കഷ്ടപ്പെട്ട് ഒരുനോക്ക് കണ്ടിട്ടെന്തു കാര്യം? സമാധാനത്തോടെ ശ്രീരാമനെ കാണാൻ കഴിഞ്ഞില്ലെങ്കിൽ സന്തോഷമുണ്ടാവുകയില്ല.

അപ്പോൾ ചന്ദ്രൻ അനുജന്മാരോട് അഭിപ്രായപ്പെട്ടു: "നമുക്ക് തപസ്സു ചെയ്തത് ശ്രീരാമനെ കാണാം. അതാണ് നല്ലത്.

അനുജന്മാർ ജ്യേഷ്ഠന്റെ അഭിപ്രായത്തോട് യോജിച്ചു 'ശരിയാണ്. നമുക്കെല്ലാവർക്കും ഒരേ സമയത്ത് തപസ്സു ചെയ്യാം. ശ്രീരാമൻ ആദ്യം ആരുടെ മുൻപിലാണ് വരിക? അവസാനം ആരെ കാണാൻ വരും? നമ്മളിൽ ആർക്കാണ് അധികം ഉറച്ച ഭക്തിയുള്ളത് ? ഇതെല്ലാം അറിയാമല്ലോ...

ആ സഹോദരന്മാർ ആൾത്തിരക്കിൽനിന്ന് വളരെ ദൂരെ ആരുമില്ലാത്ത സ്ഥലത്ത് പോയിരുന്ന് തപസ്സ് തുടങ്ങി.

എട്ടു ദിവസം കഴിഞ്ഞു. ഒൻപതാം ദിവസം അവരുടെ ആഗ്രഹം മനസ്സിലാക്കിയ ശ്രീരാമൻ ആലോചിച്ചു: "ഒരേ സമയത്തുതന്നെ ഞാൻ എല്ലാവരുടെ മുൻപിലും പ്രത്യക്ഷപ്പെട്ടുകളയാം . എല്ലാവരും സന്തോഷിക്കട്ടെ.

ശ്രീരാമൻ ഒൻപതു രൂപങ്ങളെടുത്ത് ആ സഹോദരന്മാരുടെ മുൻപിൽ ഒരേ സമയത്ത് പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാൻ പറഞ്ഞു.

ചന്ദ്രനും അനുജന്മാരും പ്രാർഥിച്ചു: "ഞങ്ങളുടെ കീർത്തി എന്നും നിലനില്ക്കണം. ആ ഒരു വരമേ ഞങ്ങൾക്കു വേണ്ടു.

ശ്രീരാമൻ അനുഗ്രഹിച്ചു : "ഇന്നുമുതൽ എന്റെ ഒൻപത് രൂപങ്ങളും നിങ്ങളുടെ പേരുകളിൽ എല്ലാ കാലത്തും അറിയപ്പെടും . ഈ പേരുകളിൽ പ്രാർഥിക്കുന്നവന് വിചാരിച്ചതെല്ലാം സാധിക്കും.

ഒൻപത് എന്ന അക്കം അന്നുമുതൽ ശ്രീരാമന് ഏറ്റവും പ്രിയപ്പെട്ടതായിത്തീർന്നു . ഒൻപതുതരം പൂക്കൾകൊണ്ടുള്ള പൂജയും ഒൻപതുതരം ഭക്ഷ്യവസ്തുക്കളുടെ നിവേദ്യവും ഒൻപത് രാജോപചാരങ്ങളും ഒൻപതുതരം വസ്ത്രങ്ങളും ഒൻപത് സുഖോപകരണങ്ങളും ഒൻപത് ആഭരണങ്ങളുമാണ് ശ്രീരാമനിഷ്ടം.  മാസങ്ങളിൽ മീനമാസവും നക്ഷത്രങ്ങളിൽ പുണർതവും തിഥികളിൽ നവമിയും ശ്രീരാമന് പ്രിയങ്കരമായതും അങ്ങനെത്തന്നെ.........

No comments:

Post a Comment