ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 July 2021

തന്ത്ര 11

തന്ത്ര 11

അവസാന ഭാഗം

ഇനി  ഭൂമിശാസ്ത്രപരമായി തന്ത്രയുടെ വികാസത്തെക്കുറിച്ച് വിശദമാക്കാം . തന്ത്രയുടെ ഭൂമിശാസ്ത്രപരമായ വികാസം സംഭവിച്ചത് വിന്ധ്യാചലത്തെ കേന്ദ്രമാക്കിയാണെന്നു പറയാവുന്നതാണ് . വിന്ധ്യാചലത്തിന് നാലു ഭാഗത്തേക്കുമായാണ് തന്ത്ര വികസിക്കുന്നത്. വിന്ധ്യന് വടക്കോട്ട് പ്രചരിച്ച തന്ത്ര രഥക്രാന്ത അല്ലെങ്കിൽ രാധാ ക്രാന്ത എന്നും, കിഴക്കോട്ട് വ്യാപിച്ച തന്ത്ര വിഷ്ണു ക്രാന്ത എന്നും, പടിഞ്ഞാറോട്ട് ഇന്നത്തെ ഇറാനിലേക്കും സിറിയയിലേക്കും വ്യാപിച്ച തന്ത്ര അശ്വക്രാന്ത എന്നും, തെക്കോട്ട് വികസിച്ച തന്ത്രയെ ഗജക്രാന്ത എന്നും വിളിച്ചു .

തന്ത്രയുടെ ആചാര പദ്ധതികളെക്കുറിച്ച് പറയുമ്പോൾ കാശ്മീരം, ഗൗഢം, കേരളം, വിലാസം തുടങ്ങിയ ആചാര പദ്ധതികളെക്കുറിച്ച് കൂടി പറയാതിരിക്കാൻ കഴിയില്ല. കാശ്മീരം എന്നു വിളിക്കുന്ന സമ്പ്രദായം കൂടുതൽ ശൈവസമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു .

ശൈവാഗമങ്ങളും ഭൈരവ തന്ത്രയും കൂടുതലായി വികസിച്ചത് കാശ്മീരിലാണ് . പ്രത്യഭിജ്ഞാ ദ്വൈതം, സ്പന്ദകാരികം തുടങ്ങിയ വിജ്ഞാന പദ്ധതികളും വിജ്ഞാന ഭൈരവ തന്ത്രം,  മാലിനി വിജയോത്തര തന്ത്രം തുടങ്ങിയ തന്ത്രങ്ങളും വികസിച്ചിട്ടുള്ളതും കാശ്മീരിലാണ്. വിലാസം ഭാരതത്തിന്റെ എല്ലാ ഭാഗത്തും പ്രചരിച്ചിരുന്നു എന്നാണ് പറയുന്നത്. ഇതു പോലെ കേരള തന്ത്രം കേരളാചാരം എന്നപേരിൽ പ്രശസ്തമായിരുന്നു. ഇത്  സാമാന്യം പ്രചാരവും നേടിയിരുന്നു.

സിദ്ധ സമ്പ്രദായം യഥാർത്ഥത്തിൽ തന്ത്ര ശാസ്ത്രത്തിന്റെ ഒരു ഭാഗം തന്നെയാണെന്നറിഞ്ഞാലും. കാശ്മീര സമ്പ്രദായം പോലെ തന്നെ വിന്ധ്യാചലത്തിന് താഴോട്ട്, കൃത്യമായി പറഞ്ഞാൽ തമിഴ്നാടും കേരളവുമുൾപ്പെടുന്ന ദേശത്ത് ഉണ്ടായിരുന്ന ശിവയോഗികളെയാണ് സിദ്ധർ എന്നു വിളിച്ചിരുന്നത്. തിരുമൂലർ, ഭോഗർ, കാലാംഗിനാഥൻ, അഗസ്ത്യർ തുടങ്ങിയ പതിനെട്ട് സിദ്ധയോഗി പരമ്പര ആരാധിച്ചിരുന്നതും ഉപാസിച്ചിരുന്നതും ശ്രീചക്രത്തെയും ശിവശക്തി സ്വരൂപത്തെയും ആയിരുന്നു എന്നതുകൊണ്ടുതന്നെ ഈ പരമ്പരയും തന്ത്ര ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല .

ശാക്തേയം എന്നതിനർത്ഥം മാതൃഭാവത്തിലുള്ള ശക്തിയുടെ ആരാധന എന്നാണ്.  ഈ സമ്പ്രദായം കേരളത്തിലോ ഭാരതത്തിലോ മാത്രമല്ല ലോകമെങ്ങും നിലനിന്നിരുന്നതായി മനസ്സിലാക്കാം . പക്ഷേ ഇത് വ്യത്യസ്തങ്ങളായ പേരുകളിൽ മാത്രമാണെന്നു മാത്രം .

കേരളത്തിൽ ശാക്തേയമായിരുന്നെങ്കിൽ ബംഗാളദേശത്ത് അത് ദുർഗ്ഗാപൂജയും താരാ പീഠത്തിലെ പൂജയുമായി മാറുന്നു. കാമാഖ്യ തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ അവിടെ അനുഷ്ഠിക്കുന്ന ശക്തി  പൂജയും ഈ ഉപാസന തന്നെയാണെന്ന് കാണാം .

കൂടാതെ ലോകത്തിന്റെ പല ഭാഗത്തും ഇത്തരം മാതൃഭാവത്തിലുള്ള ശക്തി പൂജകൾ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. സ്വാമി സിദ്ധി നാഥാനന്ദ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ "ശക്തിപൂജ" എന്ന ഗ്രന്ഥത്തിൽ  ഇറാസ്മസ്സ് എന്ന പണ്ഡിതൻ യേശുവിന്റെ മാതാവായ  മേരിയുടെ സാധനയിലൂടെ മോക്ഷം ലഭിച്ചയാളാണെന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്. ഈ മേരീസാധന ലോകത്തിന്റെ പല ഭാഗത്തും നിലനിന്നിരുന്നതായി മനസ്സിലാക്കാം .

ഊർവരദേവതയായ ഡിമീറ്ററിന്റെ സാധനയും ലോകത്തിന്റെ പല ഭാഗത്തും നില നിൽക്കുന്നതായി കാണാം .

തന്ത്രയിലെ വിവിധ മാർഗ്ഗങ്ങളെ പഠിക്കുന്ന സമയത്ത് മനസ്സിലാവുന്ന കാര്യം ഇവരെല്ലാം പ്രപഞ്ച ശക്തിയെയാണ് ആരാധിച്ചിരുന്നത് എന്നാണ്. എന്നാൽ അവിടെ നിന്നും അതെപ്പോഴോ ദേവതാ സങ്കൽപ്പത്തിലേക്ക് മാറിയതാണ്.  ദേവത എന്ന സങ്കൽപ്പം മനസ്സിന്റെ സൃഷ്ടിയാണ്. ഒരു ചൈതന്യത്തിന് രൂപം നൽകി ആ രൂപത്തിന് ഒരു പേരു നൽകി മന്ത്രത്തിലൂടെ ആ രൂപത്തെ എല്ലാവർക്കും എത്തിച്ചു കൊടുക്കുന്ന സാമൂഹിക ബോധത്തിന്റെ സൃഷ്ടിയാണ് ഒരു ദേവത. ഉദാഹരണത്തിന് അഗ്നി എന്ന ഒരു തത്വം  അഗ്നി ദേവനായി മാറിപ്പോകുന്നത് ഇപ്രകാരമാണ്.

മുപ്പത്തി മുക്കോടി മനുഷ്യർ ജീവിച്ചിരുന്നൊരു കാലഘട്ടത്തിൽ മുപ്പത്തി മുക്കോടി ദേവതകൾ ഉണ്ടായിരുന്നു. ഇന്ന് എഴുന്നൂറ് കോടി ദേവതകൾ ഉണ്ട് എന്നു പറഞ്ഞാലും തെറ്റില്ല. ശ്രീരാമകൃഷ്ണദേവൻ ആരാധിച്ചിരുന്ന കാളിയെ അല്ല വിവേകാനന്ദ സ്വാമികൾ ആരാധിച്ചിരുന്നത്. കുറൂരമ്മ പ്രാർത്ഥിച്ച കൃഷ്ണനെയല്ല മീരാ ദേവി പ്രാർത്ഥിച്ചത് .

കേരളത്തിലെ കാവുകളിൽ കാണുന്ന തെയ്യം തിറ, കോമരം എന്നിവയുമൊക്കെ ഒരു കലാപരമായ പ്രകടനം മാത്രമല്ല  . ഇവയൊക്കെ തന്ത്രയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. തെയ്യവും തിറയും കോമരവുമൊക്ക  മനുഷ്യനെ ദൈവമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു.

കാശ്മീര ശൈവതന്ത്രത്തിൽ ഈ രീതിയെ വിജ്ഞാന ഭൈരവ  തന്ത്രം എന്നാണ് പറയുക, പക്ഷേ വിജ്ഞാന ഭെരവത്തിന്റെ പ്രചാരം കേരളത്തിൽ ഉണ്ടാവുന്നതിനു മുമ്പ് തന്നെ മേൽപ്പറഞ്ഞവയൊക്കെ ഇവിടെ ഉണ്ടായിരുന്നു .

ഇതിൽ നിന്നും മനുഷ്യനെന്ന പരിമിത ബോധത്തിൽ നിന്നും ദൈവമെന്ന വിശാല ബോധത്തിലേക്ക് മനുഷ്യനെ വളർത്താനുള്ള പദ്ധതികൾ ഇവിടെ അന്നേ രൂപം കൊണ്ടിരുന്നു എന്ന് മനസ്സിലാക്കാം . വിജ്ഞാന ഭൈരവ തന്ത്രത്തിൽ ഈ പദ്ധതി വളരെ  വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .  ഇനി അത്തരം ഒരു ഗ്രന്ഥത്തിന്റെ പിൻബലമില്ലെങ്കിൽ പ്പോലും തെയ്യവും തിറയും കോമരവു മൊക്കെ മനുഷ്യനെ അത്തരം വിശാലമായ ഒരു സങ്കൽപ്പത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോവാൻ വന്നതാണെന്ന് നിസംശയം പറയാൻ സാധിക്കും.

(കടപ്പാട് : ശ്രീ: ആർ രാമാനന്ദിന്റെ തന്ത്രരഹസ്യം)

No comments:

Post a Comment