ചുരുൾ ചിത്രപ്പാട്ടിലെ കഥ...
അന്യം നിന്നുപ്പോകുന്ന, അശേഷം ഇല്ലാതായി കഴിഞ്ഞ ഒട്ടനവധി നാടൻ കലാരൂപങ്ങൾ നമ്മുടെ നാട്ടിൽ, ദൈവത്തിൻ്റെ സ്വന്തം ദേശത്ത് പ്രചാരം സിദ്ധിച്ചിരുന്നു......,
പുള്ളുവര്‍ പാട്ട്, കുടതുള്ളല്‍, തുടികൊട്ട്, എന്നിങ്ങനെയുള്ള കേരള കലാരൂപങ്ങള്‍ നിരവധിയാണ്, ഒരുപക്ഷെ ദൈവത്തിൻ്റെ സ്വന്തം നാട് എന്ന ധ്വനി കേട്ടത് ഇതെക്കെ കാരണവുമാകാം...,
അതിലൊന്നാണ്, കൗതകത്തോടെ ഇന്ന് കേട്ടാസ്വദിച്ച ബ്ലാവേലി വായന എന്ന കലാരൂപം.
മധ്യകേരളത്തിന്റെ അതിപുരാതന കലാരൂപങ്ങളിലൊന്നായ ബ്ലാവേലി വായന.
ബ്ലാവേലി വായനയെ മ്ലാവേലി വായന, ഡാവേലി വായന, രാവേലി വായന എന്നൊക്കെ വിളിക്കാറുണ്ട്.
ഇതൊരു ചുരുൾ ചിത്രകലാരൂപമാണെന്നാണ് പറയപ്പെടുന്നത്.
എഴുപതു വർഷത്തിലധികമായി എറണാകുളം, തൃശൂർ ജില്ലകളിലെ ഹൈന്ദവ കുടുംബങ്ങളിൽ കർക്കടക മാസത്തിലും ആലുവ ശിവരാത്രി മണപ്പുറത്തും ബ്ലാവേലി വായന നടത്തിപ്പോരുന്നുവത്രെ.
പരദേശിയുടെ വേഷത്തിലെത്തുന്ന ശിവൻ എന്ന സങ്കൽപ്പമുള്ളതിനാൽ ഭക്തിയോടെയാണ് വീടുകളിൽ ബ്ലാവേലി വായനക്കാരനെ വരവേൽക്കുന്നത്.
മഞ്ഞളും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കിയ മിശ്രിതംകൊണ്ട് പരുത്തിത്തുണിയിലാണ് ബ്ലാവേലി വായനയ്‌ക്കുള്ള ചിത്രങ്ങൾ വരയ്‌ക്കുക.
ക്യാൻവാസ് നന്നായി ഉണങ്ങിയശേഷം ശ്രദ്ധയോടെ "ചുരുട്ടി" കലണ്ടറുപോലെ കൊണ്ടുനടക്കും.
നൂറിലധികം ചിത്രങ്ങൾ ഇതിൽ ആലേഖനം ചെയ്‌തിരിക്കും. ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്ന ഒരുപാട് കഥകൾ ചെറിയവടി ചൂണ്ടി പ്രത്യേക ഈണത്തിൽ പറയുന്നതാണ് രീതി.
ബ്ലാവേലിയുടെ കഥാസാരം ചുരുക്കത്തിൽ ഇതാണ്;
കുട്ടികളുണ്ടാകാതെ ദുഃഖിച്ചിരുന്ന ദമ്പതികളുടെ വീട്ടിൽ ഒരു പരദേശി വരുന്നതാണ് കഥ.
അവരുടെ ദുഃഖം അറിഞ്ഞ പരദേശി തന്റെ അനുഗ്രഹം കൊണ്ട് അവർക്ക് കുട്ടിയുണ്ടാകുമെന്ന് അനുഗ്രഹിച്ചു, പക്ഷെ അതിന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു.
കുട്ടിയുടെ അഞ്ചാം പിറന്നാളിന് താൻ വീണ്ടും വരുമെന്നും അന്ന് കുട്ടിയെ കൊന്ന് കറിവെച്ചു കൊടുക്കണമെന്നുമായിരുന്നു ആ വ്യവസ്ഥ.
കുട്ടിയുണ്ടാകാനുള്ള അദമ്യമായ ആഗ്രഹത്തിൽ ഗത്യന്തരമില്ലാതെ ദമ്പതികൾ വ്യവസ്ഥ അംഗീകരിക്കുന്നു.
കുട്ടിയുടെ അഞ്ചാമത്തെ പിറന്നാളിന് അവനെ ബലികൊടുത്ത് അതിൽ നിന്ന് കറിയുണ്ടാക്കി വെക്കും. അതിന്റെ പടമാണ് കലണ്ടറിൽ ഉള്ളത്. അങ്ങനെ “ഉണ്ടക്കറിയും ഉതിരക്കറിയും” ഉണ്ടാക്കി ദമ്പതികൾ പരദേശിയെ കാത്തിരുന്നു.
പിറന്നാൾ ദിനത്തിൽ അവിടെയെത്തിയ പരദേശി സദ്യ കഴിക്കുന്നതിന് മുൻപ് അവരോട് കുട്ടി എവിടെ എന്ന് ചോദിക്കും, അവർ മറുപടി പറയുന്നില്ല. ‘കുട്ടിയും സന്തോഷവും ഇല്ലാത്ത വീട്ടിൽ എങ്ങനെ ഭക്ഷണം കഴിക്കും, നിങ്ങൾ അവനെ പേരെടുത്ത് നീട്ടി വിളിക്കൂ’ എന്ന് പരദേശി പറയും.
അങ്ങനെ അമ്മ വിളിക്കുമ്പോൾ ബലി കൊടുത്ത കുട്ടി ചിരിച്ചോടി വരുന്ന ശുഭ പര്യവസായിയാണ് ബ്ളാവേലി കഥ.
ഇതുപോലെ നാട്ടിൽ പട്ടുപാടുന്ന പുള്ളുവന്മാരും പുള്ളുവത്തിമാരും വരാറുണ്ടെങ്കിലും അവർ ഓരോ തവണയും വേറെ പാട്ടാണ് പാടുന്നത്. പക്ഷെ ഈ ബ്ളാവേലിക്കാരന്റെ അടുത്ത് ഇങ്ങനെ ഒരു കഥയേ ഉള്ളൂ എന്നാണ് കേട്ടിട്ടുള്ളത്.
പക്ഷെ മലയാളിക്ക് മാത്രം മനസ്സിലാകുന്ന നാട്ടുഭാഷ ഇതില്‍ കേള്‍ക്കാം.
കൃഷി, കാലിവളര്‍ത്തല്‍, ഈശ്വരഭജനം, ദാനം എന്നിവയാണ് ബ്ലാവേലിയിലെ പ്രമേയം.
പണ്ടുകാലത്ത് മ്ലാവിൻ തോലിൽ ചിത്രങ്ങൾ വരച്ചിരുന്നതിനാൽ "മ്ലാവേലിപ്പാട്ട്" എന്നും ഈ കലാരൂപം അറിയപ്പെട്ടിരുന്നു.
കിടാവിനെ ബലികൊടുത്ത പാട്ടായതിനാൽ "കിടാവലിപ്പാട്ട്" എന്നും ഇതിന് പേരുണ്ട്.
വീരശൈവവിഭാഗത്തിൽപ്പെട്ടവരാണ് ബ്ലാവേലി കലാകാരന്മാർ.
വായനവേളയിൽ കുടുംബങ്ങളിൽനിന്ന് കിട്ടുന്ന ദക്ഷിണയാണ് അന്നത്തെ ആ കലാകാരന്മാരുടെ ഉപജീവനമാർഗം.
മലയാളം സർവകലാശാല, സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ ചരിത്രം, മലയാളം വിഭാഗങ്ങളിലെ നിരവധി ഗവേഷക വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി ബ്ലാവേലി വായനയുടെ കലാകാരന്മാരെ തേടിയെത്താറുണ്ടത്രെ.
2015ൽ കൊച്ചി ബിനാലെയിൽ ബ്ലാവേലി വായന നടത്തിയതും അനേകരുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞതും അന്ന് അതുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
അന്യം നിന്നുപ്പോകുന്ന ഇത്തരം കലാരൂപങ്ങൾ നിരവധിയാണ്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടെ ഇത്തരം കലാരൂപങ്ങൾ ഉൾപ്പെടുത്തിയാൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി വീണ്ടും മാറിയേക്കും.
സംസ്ഥാന സർക്കാർ അവശകലാകാരന്മാർക്ക് നൽകുന്ന പെൻഷൻ ഇത്തരം കലാകാരന്മാർക്ക് കൂടി അനുവദിക്കാൻ തയ്യാറാകുക തന്നെ വേണം.
No comments:
Post a Comment