ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2021

വേതാളത്തിന്റെ ജനനം

വേതാളത്തിന്റെ ജനനം

പണ്ട് വേതാളം ഒരു ബ്രാഹ്മണൻ  ആയിരുന്നു . ഒരു ശിവ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു അയാള് . ദരിദ്രനായിരുന്ന ആ ബ്രഹ്മണന്റെ പേര് സോമദത്തൻ എന്നായിരുന്നു ...

എല്ലാ ദിവസവും അത്താഴപൂജകഴിഞ്ഞ് നടയടക്കുമ്പോൾ ദേവനുനേദിച്ച പടച്ചോറ് ശാന്തിക്കാരൻ കഴകം നോക്കുന്ന സോമദത്തനു നല്കുമായിരുന്നു . അതുകൊണ്ടുപോയി കൊടുത്തിട്ട് വേണം ഭാര്യക്ക് ആഹാരം കഴിക്കാൻ .
എല്ലാ ദിവസവും സോമദത്തന്റെ ഭാര്യ ആ പടച്ചോറിനായി കാത്തിരിക്കുമായിരുന്നു .

ഒരു ദിവസം അത്താഴപൂജകഴിയാൻ  കാത്തുനില്ക്കുകയായിരുന്ന കഴകക്കാരൻ ഉറക്കം വന്നപ്പോൾ  അമ്പലത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ കിടന്നുറങ്ങിപോയി ...

ഉണർന്നപ്പോഴോ ക്ഷേത്രനടയടച്ചു പൂജാരി പോയ്ക്കഴിഞ്ഞിരുന്നു. നേരം അസമയമായിരിക്കുന്നു. പ്രധാന ഗോപുരനടയും അടച്ചുകഴിഞ്ഞു. ക്ഷേത്രത്തിനുള്ളിൽ  തനിക്കുള്ള പടപായസം ഉണ്ടാവും എന്ന് കഴകക്കാരനറിയാം.
വിശന്നിട്ടു വയ്യ, വീട്ടിലാണെങ്കിൽ  ഭാര്യയും വിശന്നു തളർന്നു കിടക്കുകയാകും.
അതുകൊണ്ട് തന്നെ പായസം എടുക്കുക തന്നെ.. പലവിധ വികാരങ്ങൾ കൊണ്ട് നിറഞ്ഞ മനസ്സുമായി കഴകക്കാരൻ  ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു.

പെട്ടെന്ന് അയാൾ ആ കാഴ്ചകണ്ടു.
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ  ശിവനും പാർവ്വതിയും തമ്മിൽ  സല്ലപിച്ചിരിക്കുന്നു. ബ്രാഹ്മണൻ ഉടൻ തന്നെ തൂണിനു പുറകിലോളിച്ചു. ശിവനും പാർവ്വതിയും തമ്മിൽ  പലപല പ്രശ്നങ്ങൾ ചർച്ച ചെയ്തു. ശിവൻ പാർവ്വതിക്ക് മുപ്പതു കഥകളും അവയുടെ സാരവും പറഞ്ഞുകൊടുത്തു .
ദേവന്മാരുടെ ഈ ഭാഷണമെല്ലാം കഴകക്കാരന് മനപാഠമായി. ദേവന്മാരുടെ സമയം കഴിഞ്ഞപ്പോൾ  അവർ അപ്രത്യക്ഷരായി.

അന്ന് പതിവിലും താമസിച്ചുവന്ന ഭർത്താവിനോട് ഭാര്യ പരിഭവിച്ചു .
ആദ്യമൊന്നും ആ രഹസ്യം പറയാൻ  അയാൾ തയ്യാറായില്ല.
എങ്കിലും ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി, ഒടുവിൽ  പറയേണ്ടി വന്നു ..
താൻ ദേവന്മാരെ ദർശിച്ച വിവരവും അവരുടെ സംഭാഷണങ്ങളും എല്ലാം ധരിപ്പിച്ചു ,, ഈ വിവരം മറ്റാരോടും പറയരുതെന്നും  വിലക്കി.

കഴകക്കാരനാകട്ടെ ഏതോ ആത്മനിർവൃതിയിൽ  ലയിച്ചങ്ങനെയിരുന്നു .
അസാധാരണമായി ഭർത്താവില് കണ്ട മാറ്റം ഭാര്യയെ സംശയാലുവാക്കി .
അവര് കാര്യമെന്താണെന്നു പറയാൻ  ഭർത്താവിനെ നിർബന്ധിച്ചു .

നേരം പുലർന്നു ,
പിറ്റേന്ന് വെള്ളം കോരാൻ കിണറ്റിൻ  കരയിലെത്തിയ കഴകക്കാരന്റെ ഭാര്യ അവിടെ വെള്ളം കോരാൻ വന്ന സ്ത്രികളോടെല്ലാം ഈ വിവരങ്ങൾ പറഞ്ഞു ,
അങ്ങനെ ദേവരഹസ്യങ്ങൾ  ഭൂമിയിലെ അങ്ങാടിപാട്ടായി ..

ഒരു ദിവസം നാരദൻ ഭൂമിയിൽ  ചുറ്റിസഞ്ചാരിക്കുന്നതിനിടയിൽ  ജനങ്ങൾ സ്വർഗ്ഗരഹസ്യങ്ങൾ  സംസാരിക്കുന്നത് കേട്ടു . അസ്വസ്ഥതയോടെ അവിടാകെ ചുറ്റിക്കറങ്ങിയപ്പോൾ മനസിലായി.. കഴകക്കാരന്റെയും ഭാര്യയുടെയും അടുത്തുനിന്നാണ് അതിന്റെ ഉറവിടം എന്ന് മനസിലാക്കിയ, നാരദൻ ഉടൻ തന്നെ കൈലാസത്തിലെത്തി ശിവഭഗവാനോട് കാര്യങ്ങൾ  വിശദീകരിച്ചു ...

ശിവഭഗവാനു കോപം വന്നു, ഭഗവാൻ കഴകക്കാരന് മുന്നിൽ  പ്രത്യക്ഷപെട്ടു .
കാര്യങ്ങൾ മറഞ്ഞു നിന്നു കാണുകയും കേൾക്കുകയും ചെയ്യ്ത നീ ഒരു വേതാളമായി മാറട്ടെ എന്ന് ശിവ ഭഗവാൻ ശപിച്ചു. അറിഞ്ഞ കാര്യങ്ങൾ " നാവാടി " എല്ലാവരെയും അറിയിച്ച കഴകക്കാരന്റെ ഭാര്യയടക്കമുള്ള സ്ത്രികൾക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്ലാതാകട്ടെ എന്നും ശപിച്ചു ...

കഴകക്കാരനു ദുഃഖംസഹിച്ചില്ല. ഉടലില്ലാത്ത ശാപജന്മമായ വേതാളമായി കഴിയേണ്ടി വരുന്നതോർത്ത്‌ അയാൾ ഭഗവാന്റെ കാലിൽ വീണു കരഞ്ഞു. തന്റെ തെറ്റു പൊറുത്തു ശാപമോഷം തരണമെന്ന് കേണു ...

ഭക്തവത്സലനായ ഭഗവാന് കഴകക്കാരനോട് ക്ഷമിക്കാൻ  തയ്യാറായി. പന്തീരാണ്ടു കൊല്ലം മുരുക്കുമരത്തിൽ തലകീഴായി കിടക്കണമെന്നും, അപ്പോൾ  വിക്രമാദിത്യനെന്ന പ്രതാപശാലിയായ രാജാവെത്തി വേതാളത്തെ രക്ഷിക്കുമെന്നും, അദ്ദേഹത്തോട് പണ്ട് കേട്ട മുപ്പതുകഥകളും ചോദിക്കണമെന്നും അതിൽ  ഒരെണ്ണമൊഴികെ മറ്റെല്ലാത്തിനും ഉത്തരം തരുമെന്നും അപ്പോൾ  വേതാളത്തിന്റെ ജന്മം ശാപമുക്തമാകുമെന്നും അരുൾ  ചെയ്യ്ത ശേഷം ഭഗവാൻ  മറഞ്ഞു.

കഴകക്കാരൻ വേതാളമായി മാറി. മുരിക്കിൻ  മരത്തിൽ തലകീഴായി കിടന്നു വിക്രമാദിത്യ മഹാരാജാവിന്റെ വരവിനായി കാത്തിരുന്നു.

No comments:

Post a Comment