സ്ത്രീക്ക് പുരുഷനോട് സമത്വം
കീർത്തി, ശ്രീ, വാക്ക്, സ്മരണ, ബുദ്ധി, ധൈര്യം, ക്ഷമ:-
സ്‌ത്രൈണങ്ങളായ ഏഴു മഹാഗുണങ്ങളെ പരാമർശിക്കുന്നതിലൂടെ ഗീത സ്ത്രീത്വത്തിന് കല്പിക്കുന്ന മഹത്ത്വം വെളിപ്പെടുന്നു.
മാതൃത്വത്തിന്റെ മഹിമയാണല്ലോ മക്കളുടെ ഉത്കർഷത്തിന് ആസ്പദം. പ്രകൃതി എന്ന അമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുന്നു, നല്ലവരായാലും അല്ലെങ്കിലും ഒരുപോലെ സ്‌നേഹിക്കുന്നു, പ്രതിഫലേച്ഛയില്ലാതെ. കർമയോഗത്തിന്റെ വഴിയാണിത്.
ജീവലോകത്തിലെ അമ്മമാരും ഇതുതന്നെ ചെയ്യുന്നു. ഇതിൽ മനുഷ്യകുലത്തിലെ അമ്മമാർക്ക് അധിക കഴിവുകളുള്ളതിനാൽ ആ സ്വഭാവം കൂടുതലായി പൂത്തുലയുന്നു.
സഹനത്തിന്റെ വഴിയിലൂടെ അമ്മമാർ കീർത്തി നേടുന്നു. ശാലീനതയും ഔദാര്യവും, ജീവിതസൗഭാഗ്യത്തെ ഏവർക്കും പകർന്നു നല്‍കാനുള്ള സന്മനോഭാവവുമാണ് ശ്രീത്വത്തിന്റെ ലക്ഷണങ്ങൾ. ആകാരസൗഷ്ഠവത്തിലധികമായി കാളിദാസന്റെ ശകുന്തളയ്ക്കുണ്ടായിരുന്നത് ശ്രീത്വമാണ്.
മക്കളെ സമാശ്വസിപ്പിക്കാനും ശാന്തരാക്കാനുമുള്ള കഴിവിന്റെ ഭാഗമായ വാത്സല്യപൂർണമായ വാക്ക് സ്ത്രീത്വത്തിന്റെ മറ്റൊരു സ്വാഭാവികഗുണമാണ്. അതുള്ളവർ സരസ്വതീദേവിയുടെ അവതാരങ്ങൾ തന്നെ.
അമ്മയുടെ ഓർമയിൽ എപ്പോഴും സന്താനങ്ങൾ വിലസുന്നു. അഭംഗുരമാണ് ആ സ്മൃതി. സ്വന്തം കാര്യങ്ങൾ മറന്നാണ് അത് പുലരുക. മുൻനടക്കുന്ന ബുദ്ധിയാണ് മേധ. കുഞ്ഞുങ്ങളുടെ സംരക്ഷ എന്ന പരമലക്ഷ്യം നേടാനുള്ളതിനാൽ മേധാശക്തി സ്ത്രീകൾക്കാണ് കൂടുതലെന്ന സത്യം ഇനിയും ലോകം അംഗീകരിച്ചിട്ടില്ല.
ബ്രഹ്മവിദ്യയുടെ ആദിഗുരു ഉമ എന്ന ഹൈമവതിയാണ്. ഗാർഗി ജനകന്റെ സദസ്സിൽ യാജ്ഞവല്‍ക്യമഹർഷിയുമായി വാദത്തിലേർപ്പെടുന്നു.
ധൈര്യത്തിന്റെ കാര്യത്തിലും മുന്നിൽ സ്ത്രീ തന്നെ. എത്ര ദുർബലയായ സ്ത്രീയും ഏതു ചെകുത്താനോടും തന്റെ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി ധീരമായി പൊരുതും. തന്റെ മക്കളെ തിന്നാൻ വരുന്ന ചെന്നായ്ക്കളിൽ നിന്ന്, തന്റെ ദേഹം അറുത്തെറിഞ്ഞു കൊടുത്ത് മക്കളെ രക്ഷിക്കാൻ ഏത് പുരുഷന് കഴിയും?
'ക്ഷമയിങ്കൽ ഭൂമീദേവിയോളം' എന്നാണ് മുത്തശ്ശിപ്പാഠം. സ്ത്രീ ക്ഷമയുടെ അവതാരമാണെന്നു പറയാം.
ഇപ്പറഞ്ഞ ഏഴു ഗുണങ്ങളും പരമാത്മസാരൂപ്യത്തിന് ശ്രമിക്കുന്നവർക്ക് ആവശ്യമാണ്. ഇവയെല്ലാം ആരിലുണ്ടോ ആ ആളിൽ പരമാത്മപ്രഭാവം തെളിഞ്ഞു കാണാം.
ആണിനോ പെണ്ണിനോ ആർക്കാണ് ഈശ്വരനിലേക്കുള്ള വഴി എളുപ്പം എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട, പെണ്ണിനുതന്നെ.
സ്ത്രീക്ക് പുരുഷനോട് സമത്വം കൈവരണമെന്ന് അലറി വിളിക്കുന്നവർ, തങ്ങള്‍ക്ക് യഥാർഥത്തിൽ ഉള്ളതിൽ എത്രയോ കുറഞ്ഞ സ്ഥാനം മതി എന്നാണ് ആവശ്യപ്പെടുന്നത്!...
No comments:
Post a Comment