ശ്രീമദ് ഭാഗവതം
വേദോപനിഷത്തുകളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും പുരാണേതിഹാസങ്ങളും ഒക്കെ മനുഷ്യരാശിക്ക് സമ്മാനിച്ച പുരാതന ഋഷീശ്വരന്മാർ ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ശാസ്ത്രജ്ഞന്മാരാണ്. ആധുനിക ശാസ്ത്രജ്ഞന്മാർ വൻ സജ്ജീകരണങ്ങളുള്ള പരീക്ഷണശാലകളിലിരുന്ന് ഗവേഷണം നടത്തുന്നു. എന്നാൽ ഋഷി, സ്വന്തം മനസ്സിനെ തന്നെ പരീക്ഷണശാലയും ഗവേഷണവിഷയവുമാക്കി. മഹാത്യാഗത്തിന്റെയും കഠിനതപസ്സിന്റെയും മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് അവർ മനസ്സിനും ബുദ്ധിക്കും അതീതമായ പ്രപഞ്ച രഹസ്യം കണ്ടെത്തി. ഈ അണ്ഡകടാഹത്തെ മുഴുവൻ നിയമിക്കുന്ന മഹാശക്തി, ഈശ്വരൻ തന്നിൽത്തന്നെയാണ് കുടികൊള്ളുന്നതെന്ന പരമസത്യം അവർ അറിയുകയും അനുഭവിക്കുകയും ചെയ്തു. ആ ഋഷിപരമ്പരയിൽ മത്സ്യഗന്ധിയായ സത്യവതിയുടെ മകനായി ജനിച്ച വേദവ്യാസന്റെ സ്ഥാനം ഏറ്റവും വലുതാണ്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പതിനെട്ട് പുരാണങ്ങളും മഹാഭാരതവും ബ്രഹ്മസൂത്രവും രചിച്ചു. ആ വേദവ്യാസ മഹർഷിയെയാണ് ആചാര്യന്മാരുടേയും ആചാര്യനായി കണ്ട് ഇന്നും ലോകം ആരാധിക്കുന്നത്.
എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിച്ചില്ല. ഒരപൂർണ്ണത, എന്തോ ഒരു ശുന്യത, അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടി. അപ്പോഴാണ് നാരദമഹർഷി അവിടെയെത്തിയത്. അദ്ദേഹം വേദവ്യാസനെ ഇങ്ങനെ ഉപദേശിച്ചു. ‘ഭഗവാനോടുള്ള പരമപ്രേമം വർണ്ണിക്കാതെ, അതനുഭവിക്കാതെ, മറ്റെന്തൊക്കെ ചെയ്താലും അതെല്ലാം അർത്ഥശുന്യമായി കലാശിക്കും. അതുകൊണ്ട്, ഈശ്വരപ്രേമത്തിന്റെ അമൃതംനുകർന്ന് അതിന്റെ മഹത്വം പാടൂ.’
മഹാജ്ഞാനികൾക്കും പണ്ഡിതന്മാർക്കും തപസ്വികൾക്കും വേദാന്തികൾക്കും അതേപോലെതന്നെ, വൃന്ദാവനവാസികളും സാധാരണക്കാരുമായ ഗോപീഗോപന്മാർക്കും എന്തിന്, പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കുപോലും ശ്രീകൃഷ്ണനോടുണ്ടായിരുന്ന നിഷ്‌ക്കളങ്കഭക്തിയുടെ മാഹാത്മ്യം വർണ്ണിക്കാനാണ് നാരദമഹർഷി വ്യാസനെ ഉപദേശിച്ചത്. അങ്ങനെ, അത്ഭുതങ്ങളിൽ വെച്ച് അത്യത്ഭുതം, നിത്യനൂതനം, എത്ര ആസ്വാദിച്ചാലും മതിവരാത്തത്, എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗോപികാപ്രേമത്തിന്റെ, കൃഷ്ണഭക്തിയുടെ അനശ്വരഗാനമായ ശ്രീമദ് ഭാഗവതത്തിന് വേദവ്യാസമുനി ജന്മം നല്‍കി.
ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ പ്രേമം സർവ്വഭൂതങ്ങളുടേയും ഹൃദയമാണ്. പ്രേമത്തിന്റെ ഭാഷക്ക് അതിർവരമ്പുകളില്ല. സകലചരാചരങ്ങൾക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിർകാറ്റുപോലെ, പരപ്രേമത്താൽ പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തിൽ വൃന്ദാവനത്തിലെ സർവ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അർത്ഥം.
ജീവിതത്തിൽ മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കിൽ, ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കിൽ സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകർമ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊർജ്ജവും വീര്യവും ആവശ്യമാണ്.
പുരാണങ്ങളിൽ വെച്ച് അതിശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവതം. ഭാഗവതത്തെ പോലെ ഭക്തിയും വേദാന്തതത്വവും മുക്തിമാർഗ്ഗവും അതിലളിതമായ രീതിയിൽ സമന്വയിപ്പിച്ച് ലോകത്തിന് പകർന്നു നല്‍കിയ മറ്റൊരു ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. കൂടാതെ, ആധുനിക സയന്‍സിനെ വെല്ലുന്ന വിധത്തിൽ, പ്രപഞ്ചഘടനയെ കുറിച്ചും, ജ്യോതിശാസ്ത്രത്തെകുറിച്ചും മറ്റുമുള്ള അതിഗഹനവും അതിസൂക്ഷവുമായ സിദ്ധാന്തങ്ങളും ഭാഗവതത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നു.
എന്തുകൊണ്ടാണ് ഈശ്വരപ്രേമത്തിനും ഭക്തിമാർഗ്ഗത്തിനും ഇത്രയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? കാരണം, കർമ്മമോ ജ്ഞാനമോ രാജയോഗമോ, ഏതുമാർഗ്ഗവും ആയിക്കൊള്ളട്ടെ, അവയൊന്നും തന്നെ ഭക്തിയില്ലാതെ, പ്രേമമില്ലാതെ അനുഭവിക്കുവാൻ കഴിയില്ല. എല്ലാ ആദ്ധ്യാത്മിക സാധനകൾക്കും ഭക്തി അല്ലെങ്കിൽ പ്രേമം കേന്ദ്രബിന്ദുവാണ്, പൊതുഘടകമാണ്.
ഉപാസനയും പ്രാർത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിപ്രേമങ്ങൾ ഇല്ലാതെ സാദ്ധ്യമല്ല. നിഷ്‌ക്കാമപ്രേമം ഇല്ലെങ്കിൽ ഇവരണ്ടും വേണ്ട ഫലം ചെയ്യില്ല. അതു പോലെ, ഈശ്വരാർപ്പണബുദ്ധിയില്ലാതെ, കർമ്മം ആത്മീയ സാധനയാകില്ല, കർമ്മയോഗമാകില്ല. മനഃശുദ്ധി കൈവരിക്കുവാനും സാധിക്കില്ല. ജ്ഞാനമാർഗ്ഗത്തിൽ ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളിൽ പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല. ഇങ്ങനെ, എല്ലാ മാർഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.
ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ച്‌നിർത്താൻ കഴിയില്ല. ഈ രണ്ട് ശക്തികളേയും ഒരേപോലെ ഇണക്കിച്ചേർത്ത് പോകാൻ സാധിക്കണം. ബുദ്ധിക്കും യുക്തിക്കും അപ്പുറം ഈ പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പും ഉണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഡവുമായ ആ മഹാശക്തിയെ കൂടി അംഗീകരിച്ചാലെ ജീവിതത്തിന് പൂർണ്ണത കൈവരൂ. അവിടെ യുക്തിയല്ല, ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും വിശ്വാസവുമാണ് ആവശ്യം. ചുരുക്കിപ്പറഞ്ഞാൽ, ജീവിതവും ഈശ്വരപ്രേമവും രണ്ടല്ല, ഒന്നാണ്. രണ്ട് കണ്ണുകളും കാതുകളും പോലെ, പ്രാണസഞ്ചാരത്തിന് സഹായിക്കുന്ന നാസാദ്വാരങ്ങൾ പോലെ, ഇരുകൈകളും കാലുകളും പോലെ, ജീവിതത്തിൽ ഈശ്വര പ്രേമത്തിനും ജ്ഞാനത്തിനും തുല്യസ്ഥാനമാണുള്ളത്. എന്നാൽ പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ലോകജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും കണ്ടെത്താൻ കഴിയില്ല. ഇതാണ് ഭാഗവതം വേദവ്യാസനിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്.
വ്യാസമുനിക്ക് നേടാനായി ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പൂർണ്ണതൃപ്തനും പരമാനന്ദമഗ്നനും ആയിരുന്നു. പക്ഷെ, ഭാഗവതം രചിക്കുന്നതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളിലൊന്നും തന്നെ പരമപ്രേമത്തിന്റെ മഹത്വത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്യമായൊന്നും തന്നെ പറഞ്ഞിരുന്നില്ല. അതില്ലാതെയുള്ള ജീവിതം അപൂർണ്ണവും അസന്തുഷ്ടവും ആകും എന്ന മഹാസത്യം ലോകത്തിനു പറഞ്ഞു തരുവാൻ വേണ്ടിയാണ് സർവ്വജ്ഞന്മാരായ നാരദമുനിയും വേദവ്യാസനും തമ്മിലുള്ള സംവാദം.
പരമമായ ഈശ്വരശക്തിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഭക്തി. അതുകൊണ്ടു തന്നെ, സർവ്വശക്തിയുടെയും ഉറവിടമായ ഈശ്വരശക്തി, ഭക്തനു തുണയായി എപ്പോഴും കൂടെയുണ്ടാകും. ജീവിതത്തിന്റെ ഏതു സാഹചര്യത്തേയും ധൈര്യത്തോടും നിർഭയത്തോടും നേരിടാനുള്ള ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ശക്തിയും അത് ഭക്തന് നല്‍കും. ധ്രുവന്റെയും പ്രഹ്ലാദന്റെയും ഒക്കെ കഥകൾ അതിനുള്ള ഉദാഹരണങ്ങളാണ്.
വിഷ്ണുഭക്തിയിൽ നിന്നും പ്രഹ്ലാദനെ പിൻതിരിപ്പിക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളാണ് ഹിരണ്യ കശിപു അവലംബിച്ചത്? ഒന്നും ഫലിക്കാതെ വന്നപ്പോൾ, സ്വന്തം മകനെ അയാൾ കൊടും പീഡനത്തിനിരയാക്കി. ക്രൂരവും നിഷ്ഠൂരവുമായ രീതിയിൽ ആ ബാലനെ കൊല്ലാൻ ശ്രമിച്ചു. പക്ഷെ, നിഷ്‌ക്കളങ്കവും അചഞ്ചലവുമായ പ്രേമഭക്തി പ്രഹ്ലാദനെ ആ അപകടങ്ങളിൽ നിന്നെല്ലാം രക്ഷിച്ചു. ഹിരണ്യകശിപുവിനെ വധിച്ചശേഷം നരസിംഹ മൂർത്തിയുടെ പ്രളയാഗ്നിപോലെയുള്ള സംഹാരരൂപം കണ്ട് അവിടെയുണ്ടായിരുന്ന ദേവീദേവന്മാരും തപസ്വികളും പേടിച്ചരണ്ട് നിന്നു. വലിയസ്ഥാനമാനങ്ങളും ഒടുങ്ങാത്ത സമ്പത്തും അധികാരവും ഒക്കെയുള്ളവരാണ് ദേവന്മാർ. പക്ഷെ, അവരൊന്നും തന്നെ നരസിംഹമൂർത്തിയെ സമീപിക്കാനോ ശാന്തനാക്കാനോ ധൈര്യപ്പെടാതെ ദൂരെ മാറി നിന്നു. കാരണം ഈശ്വരന്റെ സാന്നിദ്ധ്യവും കൃപയും നേടാൻ അധികാരവും സമ്പത്തുമൊന്നുമല്ല വേണ്ടത്. നിഷ്‌ക്കളങ്ക ഭക്തിയാണ്.
അവസാനം ഭഗവാനെ ശാന്തസ്വരൂപത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ അവരെല്ലാം ചേർന്ന് പ്രഹ്ലാദനോടഭ്യർത്ഥിച്ചു. ഭക്തിയുള്ള മനസ്സിൽ ഭയമില്ല. അമ്മ കുഞ്ഞിനോട് ദേഷ്യപ്പെടും. കണ്ണുരുട്ടി കാണിക്കും. പക്ഷെ അമ്മ എന്തൊക്കെ ഗോഷ്ഠികാണിച്ചാലും കുഞ്ഞിന്റെ സർവ്വസ്വവും അമ്മയാണ്. അവന് ലോകത്തിൽ അമ്മ മാത്രമേയുള്ളു. അതുപോലെ, പ്രഹ്ലാദന്റെ ഹൃദയത്തിൽ ഭഗവാനോട് നിഷ്‌ക്കളങ്കമായ പ്രേമഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു. നരസിംഹമൂർത്തിയുടെ രൗദ്രഭാവം അവനിൽ തെല്ലും ഭയം ജനിപ്പിച്ചില്ല. അവൻ നിർഭയനായി അവിടുത്തെ സമീപിച്ചു. ഭഗവാന്റെ നരസിംഹരൂപത്തെ തൊട്ട് വന്ദിച്ചു; പാടിസ്തുതിച്ചു. നിഷ്‌ക്കളങ്ക ഭക്തനായ പ്രഹ്ലാദന്റെ പ്രേമസ്പർശനം ഏറ്റ മാത്രയിൽ തന്നെ ഭഗവാൻ ശാന്തനായി.
കല്ലിനെ കളഭമാക്കാനും, മുള്ളിനെ മുല്ലപ്പൂവാക്കാനുമുള്ള പരിവർത്തനശക്തി പ്രേമത്തിന് മാത്രമാണുള്ളത്. അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപി യായി സ്വന്തം ഉള്ളിൽ ഒതുക്കാനും നിഷ്‌ക്കളങ്കപ്രേമത്തിന് കഴിയും.
ശ്രീരാമന്റെ പാദസ്പർശത്താൽ കല്ലായി തീർന്ന അഹല്യ വീണ്ടും പുനർജ്ജനിച്ചു എന്ന് രാമായണത്തിൽ പറയുന്നു. രാമൻ പ്രേമസ്വരൂപനായിരുന്നു. പ്രേമത്തിന്റെ സ്പര്‍ശം കല്ലുപോലുള്ള മനസ്സിനെ പോലും പരിവർത്തനം ചെയ്യുമെന്നാണ് ആ കഥയുടെ സാരം. ഉള്ളിൽ ഈശ്വരഭക്തി നിറഞ്ഞ്കവിയുമ്പോൾ, പിന്നെ നമ്മൾ വ്യക്തിയല്ല, ഈശ്വരശക്തി തന്നെയാണ്. ആ ശക്തിയെ ആർക്കും നശിപ്പിക്കാ കഴിയില്ല.
ജീവിതത്തിൽ ഓരോരുത്തരുത്തർക്കും ഓരോ ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്താൻ മുന്നിട്ടിറങ്ങുമ്പോൾ അനേകം പ്രതിബന്ധങ്ങളുണ്ടാകും. അവയെ അതിജീവിക്കണമെങ്കിൽ, അസാദ്ധ്യമായ ധൈര്യവും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും വേണം. അവിടെ പ്രഹ്ലാദനെ പോലെയും, ധ്രുവനെ പോലെയും നമ്മെ ലക്ഷ്യത്തിൽ നിന്നും പിൻതിരിയാതെ ഉറപ്പിച്ച് നിർത്തണമെങ്കിർ, മനുഷ്യശക്തിക്ക് അതീതമായ ഈശ്വരശക്തിയിൽ അടിയുറച്ച വിശ്വാസവും സമർപ്പണവും വേണം. അതുണ്ടായാൽ വിജയം സുനിശ്ചിതമാണ്.
മഹാഗുരുക്കന്മാരും ഭാഗവതവും മറ്റ് ശാസ്ത്രഗ്രന്ഥങ്ങളും മനുഷ്യനെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. ‘നീ അശക്തനും ദുർബ്ബലനും നിന്ദ്യനുമല്ല. ശ്രേഷ്ഠനും അതി ശക്തനും ഉത്കൃഷ്ട ഗുണങ്ങളോടും കൂടിയവനുമാണ്. എല്ലാ അറിവും ഉള്ളിൽ വിളങ്ങുന്ന നീ സൂര്യതേജസ്സോടെ ജ്വലിക്കേണ്ടവനാണ്. മുന്നോട്ട്, ഉയരങ്ങളിലേക്ക് മാത്രം പോകേണ്ടവനാണ്. നീ ഈ ലോകത്തിന്റെ ചക്രവർത്തിയാണ്…’ ഈ അര്‍ത്ഥം വരുന്ന അനേകം ശ്ലോകങ്ങളും പ്രാർത്ഥനകളും നമ്മുടെ ശാസ്ത്രങ്ങളിൽ കാണാം. ഇവിടെ നടക്കുന്ന വിധത്തിലുള്ള യജ്ഞങ്ങളിൽ നിന്നും ആ ആത്മശക്തിയും വീര്യവും തേജസും വീണ്ടെടുക്കാനുള്ള പ്രേരണ നമുക്കുണ്ടാകണം.
ഭാഗവതം വായിക്കുന്നതും പഠിക്കുന്നതും കേൾക്കുന്നതും പ്രഹ്ലാദനെപോലെ, ധ്രുവനെ പോലെ, വൃന്ദാവനത്തിലെ ഗോപാലന്മാരെയും ഗോപികമാരെയും പോലെ, അമ്മ യശോദയെ പോലെയും ഒക്കെ ആകാൻ വേണ്ടിയായിരിക്കണം.
No comments:
Post a Comment