ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 December 2018

ബദരീനാഥ് ക്ഷേത്രം

ബദരീനാഥ് ക്ഷേത്രം

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നും വളരെ കുറച്ച് ഭക്തരെ ബദരീനാഥില്‍ ദര്‍ശനത്തിനായി എത്തുന്നുള്ളൂ.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രപ്രദേശം പൂര്‍ണ്ണമായും നമ്മുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

സമുദ്രനിരപ്പില്‍ നിന്നും 10,585 അടി ഉയരത്തില്‍
അളകനന്ദയുടെ വലതു തീരത്ത് നര-നാരാണന്‍ കൊടുമുടികള്‍ക്കിടയിലാണ് ഭാരതത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ബദരീനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത്യുന്നതമായ നീലകണ്ഠ കൊടുമുടിയുടെ പശ്ചാത്തല ശോഭയില്‍ പരിലസിക്കുന്ന ഈ ക്ഷേത്ര പുണ്യഭൂമിയില്‍ നരനാരായണന്മാര്‍ ഏറെക്കാലം തപസനുഷ്ഠിച്ചിരുന്നുവെന്നാണ് ഐതിഹ്യം. നൂറുകണക്കിന് ഋഷി വര്യന്മാരും സന്യാസി ശ്രേഷ്ഠരും തപസ് അനുഷ്ഠിച്ച പുണ്യദേശത്തേക്കുറിച്ച് വേദ ഗ്രന്ഥങ്ങളില്‍ പരാമര്‍ശം ഉളളതിനാല്‍ വേദകാലത്തു തന്നെ ഇവിടെ ക്ഷേത്രമുണ്ടായിരുന്നതായും കരുതുന്നു. അതിപ്രാചീന കാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാവുകയും വിഗ്രഹം ഉള്‍പ്പെടെ കാണാതാവുകയും ചെയ്തതായി ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. അളകനന്ദയില്‍ വിഗ്രഹമുണ്ടെന്ന് അശരീരിയിലൂടെ കേട്ടറിഞ്ഞ ആദിശങ്കരന്‍ അവിടെനിന്ന് വിഗ്രഹം കണ്ടെടുത്ത് ബദരിയില്‍ പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നുവെന്നാണ് വിശ്വാസം. വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. നാലു കൈകളില്‍ ഒന്നില്‍ ജപമാലയും മറ്റൊരു കൈയില്‍ കമണ്ഡലവുമേന്തി പത്മാസനാവസ്ഥയില്‍ ധ്യാനനിഷ്ഠയിലുളള വിഷ്ണു ഭഗവാന്റെ വിഗ്രഹ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുളളത്. സത്യയുഗത്തില്‍ വാസം തുടങ്ങിയ ഭഗവാന്‍ ത്രേതായുഗത്തില്‍ കുറച്ചു പേര്‍ക്ക് ദര്‍ശനം നല്‍കുകയും ശേഷം ദ്വാപര യുഗത്തില്‍ ഋഷീശ്വരന്മാര്‍ക്ക് മാത്രമായി ദര്‍ശനം അനുവദിക്കുകയും കലിയുഗത്തില്‍ സ്വയംഭൂവായി വിഗ്രഹം പ്രതിഷ്ഠിതമാവുകയും ചെയ്തുവെന്നാണ് വിശ്വാസം.

സ്വർഗലോകത്ത് ക്ഷീരസാഗരത്തില്‍ വിഷ്ണു തന്റെ ശേഷ ശയ്യയില്‍ പത്‌നിയോടൊപ്പം വിശ്രമിക്കവെ നാരദന്‍ അവിടെയെത്തി. വിഷ്ണു ഭഗവാന്‍ ലൗകിക ജീവിതത്തില്‍ അകപ്പെട്ടോ എന്ന സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഭഗവാന്‍ അസ്വസ്ഥനാവുകയും ലക്ഷ്മീദേവിയെ നാഗകന്യകകളുടെ അടുത്തേക്ക് പറഞ്ഞയച്ച് ഹിമവല്‍ പ്രദേശങ്ങളിലേക്ക് ആഗമിച്ചതായും നിരവധി വര്‍ഷം അവിടെ തപസനുഷ്ഠിച്ചതായും കാലങ്ങള്‍ക്കു ശേഷം വിരഹാര്‍ത്തിയായ ലക്ഷ്മി ഹിമാലയത്തിലെ നീലകണ്ഠ കൊടുമുടിക്ക് താഴെയുളള ബദരീ വനത്തില്‍ തപസനുഷ്ഠിക്കുന്ന വിഷ്ണുവിനെ കണ്ടെത്തിയെന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
ഏതൊരു ഭക്തന്റെയും തീര്‍ത്ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ ബദരീനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കണമെന്നാണ് ഭാരതീയ വിശ്വാസം. നമ്മൾചെയ്ത പാപങ്ങള്‍ ബദരീനാഥ ദര്‍ശന മാത്രയില്‍ നശിച്ചുപോകുമെന്നാണ് ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട സ്‌കന്ദപുരാണത്തില്‍ പറയുന്നത്.

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം തറനിരപ്പില്‍ നിന്നും 15.25 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശാലവും ഉന്നതവുമായ പ്രവേശന കവാടം, വിവിധ വര്‍ണ്ണങ്ങളാലും കൊത്തുപണികളാലും അലങ്കൃതം. ക്ഷേത്രത്തിനകത്ത് മനോഹരമായ കൊത്തുവേലകള്‍. അലങ്കാരപ്പണികളോടു കൂടിയ മരത്തടികളും ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ഭക്തര്‍ കടന്നു ചെല്ലുന്നത് സഭാമണ്ഡപത്തിലേക്കാണ്. അവിടെ നിന്നാല്‍ വിഗ്രഹം കാണാം. തുടര്‍ന്ന് ദര്‍ശന മണ്ഡപം. ആരാധന നടത്താനും പൂജകള്‍ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ശ്രീകോവില്‍, ഗര്‍ഭഗൃഹത്തിന്റെ ഉള്‍വശത്ത് ബദരീനാഥൻ പത്മാസനത്തിലിരിക്കുന്ന  വിഗ്രഹം കാണാം. സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുളളത്. ബദരീനാഥ വിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി, കുബേരന്‍, ഉദ്ധവര്‍, നരന്‍, നാരദന്‍, ചതുര്‍ഭുജ നാരായണന്‍, ഗരുഡന്‍ എന്നീ ഉപദേവതകളുടേയും പ്രതിഷ്ഠകളുണ്ട് .

നവരത്‌ന ഖചിതമാണ് ഗര്‍ഭഗൃഹം. വിശാലപുരി, ഋഷീക്ഷേത്രം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. ഭാരതത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയത്തിന്റെ അത്യുന്നതിയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥില്‍ പുനഃപ്രതിഷ്ഠയ്ക്ക് ശേഷമുളള ആദ്യ കാലഘട്ടത്തില്‍ ഭക്തന്മാര്‍ക്ക് ഇവിടേയ്ക്ക് എത്തിപ്പെടുക ദുര്‍ഘടമായിരുന്നു. നിബിഡമായ വനപ്രദേശങ്ങളിലൂടെ നിറഞ്ഞൊഴുകുന്ന നദികള്‍ മുറിച്ചു കടന്ന് ചെങ്കുത്തായ താഴ്‌വരകളും വന്‍മലകളും പിന്നിട്ടുവേണം ഇവിടെയെത്താന്‍. ക്ഷേത്രത്തിലെത്താന്‍ ഒരു നടപ്പാത പോലും ഇല്ലായിരുന്നു. എന്നാല്‍ നാടും നഗരവും വികസിച്ചപ്പോള്‍ ബദരിനാഥിലേക്കുളള യാത്രാസൗകര്യങ്ങളും വര്‍ദ്ധിച്ചു. റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. ട്രെയിന്‍ മാര്‍ഗ്ഗം ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭക്തര്‍ക്ക് ബദരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങളില്‍ ക്ഷേത്രഭൂമിയില്‍ എത്തിച്ചേരാവുന്നതാണ്. ഹരിദ്വാര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം യാത്ര തുടർന്നാൽ  ഋഷികേശിലെ ആശ്രമത്തിലെത്തി വിശ്രമിച്ച ശേഷം ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്നിടത്ത് ഗംഗാ ആരതി വണങ്ങി യാത്ര തുടര്‍ന്ന് ദേവപ്രയാഗും രുദ്രപ്രയാഗും പിന്നിട്ട് കര്‍ണ്ണപ്രയാഗ് വഴി ജോഷിമഠത്തിലെത്തി 25 കിലോമീറ്റര്‍ താണ്ടി പാണ്‍വേശ്വരപുരം വഴിയാണ് ബദരീനാഥ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.

മഞ്ഞുവീഴ്ച കഴിഞ്ഞ് മെയ്മാസം മുതലുളള
ആറുമാസക്കാലം ഭക്തജന പ്രവാഹമാണ്. എല്ലാ വര്‍ഷവും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏതെങ്കിലും ദിവസം നടയടയ്ക്കും. ശൈത്യകാലത്ത് നടയടയ്ക്കുന്നതോടെ മറ്റൊരു ക്ഷേത്രത്തിലും
കാണാത്ത രീതിയില്‍ വിഗ്രഹം കമ്പിളി പുതപ്പു കൊണ്ട് പുതപ്പിക്കുന്നതും ഇവിടുത്തെ രീതിയാണ്. ആറ് മാസങ്ങള്‍ക്കു ശേഷം സമീപത്തെ ജോഷി മഠത്തില്‍ അഖണ്ഡ ജ്യോതി തെളിയുന്നതോടെ മറ്റൊരു തീര്‍ത്ഥാടന കാലത്തിന് തുടക്കമാവും. 1970 കളില്‍ ക്ഷേത്ര നവീകരണത്തിനു ശേഷം ഭക്തി പ്രഹര്‍ഷത്തില്‍ മുങ്ങിനില്‍ക്കുന്ന പ്രകൃതി സുന്ദരമായ ക്ഷേത്രാങ്കണത്തിലേക്കുളള യാത്രയും ദേവമൂര്‍ത്തി ദര്‍ശനവും ഏതൊരു ഭക്തനേയും ആത്മീയ അനുഭൂതിയിലേക്ക് എത്തിക്കുന്നു. അഭിഷേക പൂജ,വിഷ്ണു സഹസ്രനാമജപം തുടങ്ങി വിവിധ പൂജകളാണു ക്ഷേത്രത്തിലുള്ളത്. മഞ്ഞ് മലകള്‍ക്കിടയില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ചൂടുവെളളം കിനിയുന്ന തപ്തകുണ്ഡ് ക്ഷേത്രത്തിന് സമീപമുണ്ട്.

No comments:

Post a Comment