ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 December 2018

ഭഗവാനും ഭക്തനും

ഭഗവാനും ഭക്തനും

ഗുരുവിന്‍റെ അഹൈതുക കൃപകൊണ്ടാണ്‌ ഒരുവ‍ൻ ആത്മതത്വം സാക്ഷാത്ക്കരിച്ച് നിത്യാനന്ദമനുഭവിക്കാൻ‍ കഴിയുന്നത്‌. ഗുരു ഈശ്വര തുല്യനാണ്. അതുകൊണ്ടുതന്നെ ശിഷ്യന്‍റെ കീർ‍ത്തിയും പ്രശസ്തിയും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു.

വാമനമൂർ‍ത്തി മൂന്നടി മണ്ണ് യാചിച്ചപ്പോൾ‍ ബലിയുടെ ഗുരുവായ ശുക്രാചാര്യർ‍ പറഞ്ഞതൊന്നും ഈ ദാനം മുടക്കാനയിരുന്നില്ല. ബലിയുടെ അറിവും ഭക്തിയും സത്യസന്ധതയും എടുത്ത് കാണിക്കാനായിരുന്നു നരകത്തേയോ സ്ഥാനഭ്രംശത്തേയോ മരണത്തെയോ ഞാൻ‍ ഒട്ടും തന്നെ ഭയപ്പെടുന്നില്ല. എന്നാൽ‍ ബ്രഹ്മജ്ഞരെ അപമാനിക്കുന്നതിന് ഞാൻ‍ ഭയപ്പെടുന്നു എന്ന ബലിയുടെ വാക്കുകൾ‍ അദ്ദേഹത്തിന്‍റെ മഹാത്മാക്കളോടുള്ള ബഹുമാനത്തെ മനസ്സിലാക്കിത്തരുന്നു. യഗാദികൾ‍ക്കൊണ്ട് യാതോരുത്തനെ സത്തുക്കൾ‍ സമാരാധിക്കുന്നുവോ ആ വിഷ്ണുവാണ് എന്‍റെ മുമ്പിൽ വന്ന് യാചിക്കുന്നത്‌ എങ്കി‍ൽ ഭഗവാനാഗ്രഹിക്കുന്ന ഭൂമി ഞാ‍ൻ ദാനം ചെയ്യും എന്ന പ്രസ്താവന അദ്ദേഹത്തിന്‍റെ ഭക്തിയേയും ഉറച്ച സത്യസന്ധതയേയും മനസ്സിലാക്കി തരുന്നു. ഭാഗവതത്തിൽ ഋഷഭോപദേശത്തിൽ‍ പറയുന്നു, ഭഗവാനിൽ‍ നിന്നും വിപരീതമായി നി‍ൽക്കാൻ പറയുന്ന ഗുരു ഗുരുവല്ല എന്ന്. (ഗുരൂർ‍ ന്ന സ സ്യാത്‌ ) ഭഗവത് വിപരീതമായി പറയുന്നത് ഗുരുവയാ‍ൽപ്പോലും സ്വീകരിക്കേണ്ടതില്ല എന്ന ആ ഉപദേശത്തെ ബലി ഇവിടെ പ്രാവർത്തികമാക്കി. ശിഷ്യന്‍റെ ഈ മഹത്വത്തെ എല്ലാവർക്കും മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ ആയിരുന്നു ശുക്രാചാര്യരുടെ ഉദ്ദേശം. നീ സർ‍വ്വ ഐശ്വര്യത്തിൽ‍ നിന്നും ഭ്രഷ്ടനായി തീരട്ടെ എന്ന ശുക്രാചാര്യരുടെവാക്കുകൾ‍ ശാപമായി തോന്നാമെങ്കിലും അത് ഒരു അനുഗ്രഹം തന്നെ ആയിരുന്നു. ഞാൻ‍ എന്‍റെ എന്നീ മനോഭാവത്തോടെ ലൌകികമായി നേടിയതെല്ലാം ഉപേക്ഷിക്കുമ്പോൾ‍ മാത്രമേ മനശ്ശുദ്ധി വന്ന് ആത്മ സാക്ഷാത്ക്കാരം കൈവരിക്കാൻ‍ സാധിക്കുകയുള്ളൂ. അതിനു വേണ്ടി ശുക്രാചാര്യ‍ർ ശിഷ്യനെ പരോക്ഷമായി അനുഗ്രഹിക്കുകയായിരുന്നു. ഇത്രയും സൽഗുണസമ്പന്നനായ ബലിയി‍ൽ ഉണ്ടായിരുന്ന ദോഷം സ‍ർവ്വ നാശത്തിനും കാരണമായേക്കാവുന്ന അഹങ്കാരമായിരുന്നു. അതിനു മുമ്പിലാണ് ഭഗവാൻ ത്രിവിക്രമ സ്വരൂപനായി നിന്നത്. ഭക്തൻ ഒരിക്കലും ച്യുതി ഉണ്ടാകാ‍ൻ അനുവദിക്കില്ല എന്നതാണ് ഭഗവാന്‍റെ മതം.  നിന്‍റെ അഹങ്കരത്തെക്കാൾ‍ എത്രയോ വലിയതാണ് എനിക്ക് നിന്നോടുള്ള സ്നേഹ വാത്സല്യം എന്ന് കാണിച്ചുകൊണ്ട് ഭഗവാൻ കാരുണ്യത്തിന്‍റെ മൂർത്തീ രൂപം കൈക്കൊണ്ട് നിന്നു.

സർവ്വം ഭഗവാൻ സമർപ്പിക്കുകയെന്ന മഹത്തായ കർമ്മം ചെയ്തപ്പോൾ‍ ബലി മഹാബലി ആയിത്തീർന്നു. സർ‍വ്വ സമർപ്പണം ചെയ്ത ഭക്തന് ഭഗവാൻ‍ തന്‍റെ കാരുണ്യത്തിന്‍റെ മൂർ‍ത്തീ ഭാവമായി ത്രിവിക്രമ സ്വരൂപം കാണിച്ചു കൊടുത്തു. അത് കണ്ട മഹാബലി അഹന്ത നശിച്ച് നി‍ർമ്മല ഹൃദയത്തോടെ ഭഗവൽ‍ പദങ്ങളെ തന്‍റെ ശിരസ്സിലേറ്റിക്കൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. “അഹം ഭക്ത പരാധീന “ എന്ന് ഭഗവാൻ‍ അംബരീക്ഷ ചരിതത്തിൽ‍ ദുർവ്വാസാവ് മഹർഷിയോട് പറയുന്നത് പ്രത്യക്ഷത്തി‍ൽ ഇവിടെ കാണാൻ‍ കഴിയും. തന്‍റെ ഭക്തന് എന്ത് തന്നെ നല്കി്യാലും ഭഗവാന് തൃപ്തിയാവില്ല. അതാണ് ഭക്തിയുടെ മഹത്വം. സ്വ‍ർഗ്ഗാധിപത്യത്തിനു പകരം ദേവാദിക‍ൾപ്പോലും കൊതിക്കുന്ന പരമോന്നതമായ സുതലത്തിൽ‍  ‍ മഹാബലിക്ക് ആധിപത്യം നല്‍കി. അതും കൂടാതെ സർവ്വദാ ദർശനമരുളിക്കൊണ്ട് സുതലത്തിന്‍റെ കാവൽക്കാരനായി വാമനമൂർത്തി മഹാബലിയോടൊപ്പം സുതലത്തിൽ‍ സദാ വസിക്കുന്നു.

പ്രപഞ്ചത്തിന്‍റെ നാഥനായ ഭഗവാനെ സർവ്വാത്മനാ ശരണം പ്രാപിച്ചാൽ‍ കാരുണ്യ മൂർത്തിയായ ഭഗവാന്‍റെ ഭക്തവാത്സല്യത്താൽ‍ സായൂജ്യം നേടാം എന്ന സത്യമാണ് ഈ ചരിത്രം നമുക്ക് മനസിലാക്കി തരുന്നത്. ഇതി‍ൽ നിന്നും നമുക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും  വളരെയധികം ഉണ്ട്.

ശ്രദ്ധാഭക്തിഭാവത്തോടെ സ‍ർവ്വം സമർ‍പ്പിച്ച്‌ ഗുരുനാഥനെ ആശ്രയിച്ചാൽ അദ്ദേഹം ശിഷ്യന്‍റെ അജ്ഞാനത്തെ അകറ്റി അവനെ പരിപൂർണനാക്കുന്നു. ജീവന്‍ ഹാനി സംഭവിക്കും എന്ന് വന്നാലും സത്യ ധർമ്മങ്ങളെ വെടിയരുത്. ശ്രദ്ധാഭക്തി ഭഗവാനിൽ‍ ഉണ്ടെങ്കിൽ ജീവിതചര്യയി‍ൽ കോട്ടം സംഭവിച്ചാലും ച്യുതിയില്ലാതെ അച്യുതനായ ഭഗവാൻ‍ സംരക്ഷിക്കും. നമ്മെ ആശ്രയിക്കുന്നവ‍ർക്ക് ഒരു വീഴ്ച വരും എന്ന് കാണുമ്പോ‍ൾ എത്ര വലിയവനായാലും അതിനെ വെടിഞ്ഞു അശ്രിതന് തുണയായി കൂടെ ഉണ്ടാകണം. മറ്റുള്ളവരുടെ ഉയർച്ചയിൽ‍ ആനന്ദിക്കണം. പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാകുമ്പോ‍ൾ അവിടെ ആനന്ദം കടന്നു വരുന്നു.

No comments:

Post a Comment