സോപാന സംഗീതം
കേരളത്തിലെ ക്ഷേത്രങ്ങളില്‍ അതാതു ദേവിയേയോ ദേവനെയോ പ്രകീര്‍ത്തിച്ച് ആലപിക്കുന്ന ഒരു ദേവസംഗീതം.
ശ്രീകോവിലില്‍നിന്ന് പുറത്തേക്കിറങ്ങുന്ന സോപാനപ്പടവുകളുടെ (അതാതു മൂര്‍ത്തികളുടെ ഇടതുവശം) ഇടതുവശത്തു നിന്നുകൊണ്ട് ഇടയ്ക്ക എന്ന വാദ്യോപകരണത്തില്‍ താളമിട്ടാണ് സംഗീതം ആലപിക്കുന്നത്.
ഈ സംഗീതം പൊതുവെ സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ പുരാതന ക്ഷേത്രോല്‍പ്പത്തിയോളം തന്നെ പഴക്കം ഈ സംഗീതരൂപത്തിനും ഉണ്ട്.
കര്‍ണ്ണാടകസംഗീതം കേരളത്തില്‍ പ്രചരിക്കുന്നതിനും മുമ്പുതന്നെ സോപാനസംഗീതാലാപനം ക്ഷേത്രങ്ങളില്‍ നടത്തിവന്നിരുന്നു.
ക്ഷേത്രങ്ങളില്‍ പള്ളിയുണര്‍ത്തല്‍, പ്രസന്നപൂജ, ദീപാരാധന, പള്ളിയുറക്ക സമയം തുടങ്ങിയ സമയങ്ങളില്‍ നടയടച്ച് തുറക്കുന്നതുവരെയാണ് ഇത് ആലപിക്കുന്നത്.
ഇടയ്ക്കയില്‍ കൊട്ടി പാടുന്നതുകൊണ്ട് ഇതിനു കൊട്ടിപ്പാടിസേവ എന്നും പറയപ്പെടുന്നു.
എട്ടു പദങ്ങള്‍ ചേര്‍ന്ന അഷ്ടപദിയിലുള്ള കീര്‍ത്തനങ്ങളാണ് പൊതുവേ സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്.
ഒറീസയിലെ പുരി എന്ന സ്ഥലത്തിനടുത്തുള്ള കേന്ദുളി എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ജയദേവന്‍ എന്ന കവി സംസ്കൃതത്തില്‍ എഴുതിയ ഗീതഗോവിന്ദം എന്ന കൃതിയിലെ 24 ഗാനങ്ങളാണ് കൂടുതലായി ആലപിക്കുന്നത്.
വിഷ്ണു, കൃഷ്ണന്‍, ശിവന്‍, ഭദ്രകാളി, ശാസ്താവ് തുടങ്ങിയ ദേവീദേവ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം പതിവായി നടത്തുന്ന അനുഷ്ഠാന കലയാണ്.
നടയടച്ചു തുറക്കുവോളം തോഴുതുനില്‍ക്കുന്ന ഭക്തരുടെ മനസ്സില്‍ മറ്റു ചിന്തകള്‍ ഒഴിവാക്കുക എന്നതുംകൂടിയാകാം ഈ സംഗീതാലാപനത്തിന്‍റെ ഉദ്ദേശം.
ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ഈ സംഗീതാര്‍ച്ചന ഇത്രയും ജനകീയമാക്കിയത് ഞെരളത്ത് രാമപ്പൊതുവാള്‍ എന്ന മഹാനായ കലാകാരനാണ്.
പുതുതലമുറയിലെ പ്രശസ്തരാണ് രാമപ്പൊതുവാളിന്‍റെ മകനായ ഞെരളത്ത് ഹരിഗോവിന്ദന്‍, അമ്പലപ്പുഴ വിജയകുമാര്‍ തുടങ്ങിയവര്‍. അനുഷ്ഠാന ക്ഷേത്രകലയായ സോപാനസംഗീതം പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ ആലപിക്കാവുന്നതാണ്.
No comments:
Post a Comment