ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2018

ബലിതർപ്പണം

ബലിതർപ്പണം

ബലിക്ക് ഒരുക്കേണ്ടുന്ന സാധനങ്ങൾ

എള്ള് - 1പിടി
ചെറൂള' 1പിടി
അക്ഷതം1പിടി
( നെല്ലും അരിയും ചേർന്ന മിശ്രിതം )
ചന്ദനം. - കുറച്ച്
കിണ്ടി - 1
തുളസി 1പിടി
കവ്യം - 1 ഉരുള
കൂർച്ചം
( 3 ദർഭപുല്ല് എടുത്ത് തല ചേർത്തുവച്ച് കെട്ടുക )
പവിത്രം ( രണ്ട് ദർഭപുല്ല് എടുത്തു നടു മടക്കി തലയും കടയും ചേർത്ത് കെട്ടുക ഒരു മോതിരം പോലെ കൈവിരലിൽ ഇടാൻ പാകത്തിന്)
കുറുമ്പുല്ല് ( കുറച്ചു ദർഭപ്പുല്ല് ഒരു ചാണ് നീളത്തിൽ മുറിച്ച് വെക്കുക )

1. ദേശ കാല സങ്കല്ലം

കൈകൾ കൂപ്പി ഹൃദയത്തോടു ചേർത്തുവച്ച കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലുക

"മമ ഉപാത്ത സമസ്ത ദുരിത ക്ഷയ ദ്വാരാ പിതൃ പരമ്പരാ പ്രീത്യർത്ഥം പാർവണ ശ്രാദ്ധം അഹം കരിഷ്യേ"

2 . തീർത്ഥം ഉണ്ടാക്കുക

കൈകഴുകി  വലതു കൈ മോതിര വിരലിൽ പവിത്രം ഇട്ട് പുഷ്പാ ക്ഷതങ്ങൾ കൈയിലെടുത്ത്

"ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു"

എന്ന മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തിൽ ഇടുക

3. പീഠം സങ്കൽപിക്കുക

നേരത്തെ തയ്യാറാക്കിവെച്ച ദർഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിക്കുക

4. പിതൃക്കളെ ആവാഹിക്കുക

കൂർച്ചം, ചന്ദനം ,ചെറൂള പൂവ്, എള്ള് , അക്ഷതം, തീർത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യിൽ പിടിച്ച് ഹൃദയത്തോട് ചേർത്ത് പിടിച്ച് നട്ടെല്ല് നിവർത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് താഴെപ്പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് പീഠത്തിൽ വയ്ക്കുക

"വസുരുദ്ര ആദിത്യ സ്വരൂപാൻ
അസ്മത് പിതൃ പിതാമഹ പ്രപിതാമഹഃ
മാതൃ മാതാമഹ മാതൃ പിതാമഹഃ മാതൃ പിതാമഹിനാം ധ്യായാമി അസ്മിൻ കൂർച്ചേ ഉഭയ വംശ പിതൃന് ആവാഹയാമീ സ്ഥാപയാമീ പൂജയാമി"

ശേഷം

കൈകൂപ്പി
"മമ വർഗ്ഗ ദ്വയ പിതൃഭ്യോ നമ"
എന്ന് ചൊല്ലുക

ശേഷം

"ഓം നമോ നാരായണായ "
എന്ന മന്ത്രം കൊണ്ട് 3 തവണ വീതം തീർത്ഥം, ചന്ദനം, പുഷ്പം എന്നിവ അർച്ചിക്കുക

ശേഷം

ഒരു പൂവെടുത്ത്

"ആദിപിതൃൻ  ആവാഹയാമീ സ്ഥാപയാമീ പൂജയാമീ "
എന്ന് ചൊല്ലി  ആദി പി തൃക്കളെ സ്മരിച്ച് പീഠത്തിൽ സമർപ്പിക്കുക

5. പിണ്ഡ സമർപ്പണം

നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യിൽ എടുത്ത് ഹൃദയത്തോട് ചേർത്തുപിടിച്ച് കണ്ണുകൾ അടച്ചു വച്ച് നട്ടെല്ല് നിവർത്തി താഴെപ്പറയുന്ന മന്ത്രം ചൊല്ലി പീഠത്തിൽ സമർപ്പിക്കുക

"മാതൃ വംശേ മൃതായേച പിതൃ വംശേ തഥൈവച ഗുരു ശ്വശുര ബന്ധൂ നാം യേചാന്യേ ബാന്ധവാ മൃത തിലോദകം ച പിണ്ഡം ച പിതൃനാം പരിതുഷ്ടയേൽ സമരപ്പയാമീ ഭക്ത്യാഹം പ്രാർത്ഥയാമീ പ്രസീദ മേ "

6. തിലോദകം

ഇടതുകൈയിൽ തീർത്ഥപാത്രമെടുത്ത് വലതുകൈയിൽ എള്ള്  വാരിയെടുത്ത് വലതുകൈയുടെ ചൂണ്ടുവിരൽ മാത്രം നിവർത്തി പിടിച്ച്  വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോൾ
എള്ളും വെള്ളവും ചേർന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ താഴെപ്പറയുന്ന മന്ത്രം 9 പ്രാവശ്യത്തിൽ കുറയാതെ ചൊല്ലി പിണ്ഡത്തിൽ വീഴ്ത്തുക

"ഓം തിലോദകം സമർപ്പയാമീ"

ശേഷം

ഒരു പൂവെടുത്ത് താഴെ പറയുന്ന മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രക്കളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമർപ്പിക്കുക

"ശ്രീ കാശി പുരുഷോത്തമം ബദരികാ അയോദ്ധ്യാ ഗയ ദ്വാരക ഗോകർണ്ണാമല  കാളഹസ്തി മധുര ശ്രീരംഗം രാമേശ്വരം ശ്രീ കുംഭകോണാധിതം ശ്വേതാരണ്യ പുരം ചിദംബര സഭാം മോക്ഷയ"

7. പിതൃ സ്മരണ

പുഷ്പങ്ങൾ വലതു കൈയിൽ എടുത്ത് ഹൃദയത്തോടു ചേർത്തുവച്ച നട്ടെല്ല് നിവർത്തി കണ്ണുകൾ അടച്ചു വച്ച് നമുക്ക് ജന്മം തന്ന നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ രക്ഷിതാക്കളെ മാതാപിതാക്കളെ പിതൃപരമ്പര വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുകയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ പറയുകയും ചെയ്യുക
നമുക്ക് തന്ന സംസ്ക്കാരത്തിനും സമ്പത്തിനും സ്നേഹത്തിനും കരുതലിനും
അങ്ങേയറ്റം നന്ദി പറയുക

8. പ്രദക്ഷിണം

പുഷ്പാക്ഷതങ്ങൾ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്തു സമർപ്പിച്ച്  നമസ്കരിക്കുക

9. പ്രതിജ്ഞ

പുഷ്പാ ക്ഷതങ്ങൾ കയ്യിലെടുത്തു പ്രതിജ്ഞ ചെയ്യുക
ഞാൻ ഭാരതീയ സംസ്കാരമനുസരിച്ച് ജീവിക്കുകയും അത് അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യും ധർമ്മമനുസരിച്ച് ജീവിക്കും നമ്മുടെ സംസ്കാരത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തും വളരെ അഭിമാനത്തോടു കൂടി ജീവിക്കും തുടങ്ങി പ്രതിജ്ഞയെടുക്കുക

10. നിമഞ്ജനം ചെയ്യൽ
നേരത്തെ ആവാഹിച്ചു വെച്ച കൂർച്ചം അതിൻറെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക

ശേഷം

ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കൾ കൂട്ടിയെടുത്ത് ഒരു ഇലയിൽ വച്ചുകൊണ്ട് നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തിൽ ഒഴുക്കുകയോ കാക്കകൾക്ക് കൊടുക്കുകയോ ഉചിതമായ രീതിയിൽ  സൗകര്യമനുസരിച്ച്  വൃത്തിയുള്ള സ്ഥലത്ത്  സമർപ്പിക്കുകയോ ചെയ്യാം

ശേഷം

ഭസ്മം നനച്ച് കുറിയിട്ട് 108 ഒരു നാരായണ നാമം ജപിച്ചു മുതിർന്നവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങിക്കുക.

No comments:

Post a Comment