ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2018

അംബരീഷന്റെ ഏകാദശി വ്രതം

അംബരീഷന്റെ ഏകാദശി വ്രതം

ഇക്ഷ്വാകു വംശത്തില്‍ പിറന്ന അംബരീഷന്‍ മികച്ച ഭരണാധികാരിയും നല്ല ഈശ്വരഭക്തനുമായിരുന്നു.വിഷ്ണു ഭക്തിയാല്‍ അദ്ദേഹം ഏകാദശി അനുഷ്ഠിക്കുകയും ദ്വാദശിനാളില്‍ ഏറെപ്പേര്‍ക്ക് ദാനാദികള്‍ നടത്തി അവരുടെ അനുവാദത്തോടെ തീര്‍ത്ഥം കഴിച്ച് പുണ്യവാനായിത്തിരുകയായിരുന്നു. ഭക്തിയാല്‍ ഒന്നിനോടും ഒരാസക്തിയും ഇല്ലാതാവുകയും ഭഗവാനെ ഭജിയ്ക്കുകമാത്രമായി അദ്ദേഹത്തിന് ചിന്ത. അംബരീഷന്‍ മധുവനത്തില്‍ താമസിച്ച് ഒരുവര്‍ഷക്കാലം വിഷ്ണുവിനെ ഭജിച്ചു കഴിച്ചുകൂട്ടി. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയില്‍ തുടങ്ങിയ വ്രതം പിന്നത്തെവര്‍ഷം ഏകാദശിയുടെ പിറ്റേന്നായ ദ്വാദശി ദിവസം ദനാദികള്‍നടത്തി വരുന്നതിനിടെ ദുര്‍വാസാവു മഹര്‍ഷി അവിടെ വന്നുചേര്‍ന്നു. അദ്ദേഹത്തിനെ യഥാവിധി സ്വീകരിച്ചു. 'അങ്ങ് വേഗം കുളിച്ചു വന്നാല്‍ ദാനംചെയ്ത് അങ്ങയുടെ അനുഗ്രഹം വാങ്ങണമെന്നുണ്ട്' അംബരീഷന്റെ ക്ഷണംസ്വീകരിച്ച് അപ്രകാരംചെയ്യാമെന്നു പറഞ്ഞ് മഹര്‍ഷി കുളിയ്ക്കുവാന്‍ വേണ്ടി പോയി. മനഃപ്പൂര്‍വ്വം അവിടെ കുത്തിയിരുന്ന് സമയം കളഞ്ഞു.അംബരീഷനെ പരീക്ഷിയ്ക്കാന്‍ വേണ്ടി ഇന്ദ്രന്‍ അയച്ചതാണ് ദുര്‍വ്വാസാവിനെ. ദ്വാദശി കഴിയാറായെന്നും ഇനി ദുര്‍വാസാവിനെ കാത്തിരിയ്‌ക്കേണ്ടതില്ലെന്നും തുളസീതീര്‍ത്ഥം കഴിച്ച് പാരണവീടാമെന്നും എല്ലാവരും മഹാരാജാവിനെ ഉപദേശിച്ചു. അതുപ്രകാരം അംബരീഷന്‍ പാരണചെയ്തത് ദിവ്യജ്ഞാനത്താല്‍ ദുര്‍വ്വാസാവ് അറിഞ്ഞു. അത്യന്തം കുപിതനായി വന്ന് 'കൃത്യ' എന്ന ദുര്‍ഭൂതത്തെ ജടയില്‍നിന്ന് അദ്ദേഹം സൃഷ്ടിച്ചു. കൃത്യയെ താമസിയാതെ തന്നെ സുദര്‍ശന ചക്രം ഭസ്മമാക്കിത്തീര്‍ത്തു. ശുണ്ഠി പിടിച്ചുനിന്ന ദുര്‍വാസാവിന് നേരേയായി സുദര്‍ശനത്തിന്റെ വരവ്. ദുര്‍വാസാവിന്റെ ദേഹമാസകലം ചുട്ടുപഴുത്തു. ഭൂമിമുഴുവന്‍ പായിച്ചു. നേരെ ഓടി ബ്രഹ്മാവിന്റെ സവിധത്തില്‍ ചെന്നു. ആസമയം ബ്രഹ്മാവ്  ''വിഷ്ണുവിനോട് മത്സരിയ്ക്കാന്‍ എനിക്കാവില്ലെ''ന്ന് പറഞ്ഞ് കൈഒഴിഞ്ഞു. പിന്നെ നേരെ കൈലാസത്തിലാണ് അഭയം പ്രാപിയ്ക്കുവാന്‍ ദുര്‍വ്വാസാവ് ചെന്നുകയറിയത്. ആസമയം മഹാദേവന്‍ തുറന്ന് പറഞ്ഞു ''മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍ വീഴുന്നതായിരിയ്ക്കും ഉചിതം'' ഒട്ടും സമയം കളയാതെ വൈകുണ്ഠത്തില്‍ ചെന്ന് പാലാഴിനാഥനെ നമസ്‌ക്കരിച്ചു. തന്റെ ഭക്തനെ ദ്രോഹിച്ചവനെ തിരിച്ചയക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അംബരീഷനെ അഭയം പ്രാപിയ്ക്കുകയാവും ഉചിതമെന്ന് മനസ്സിലാക്കി അംബരീഷന്റെ കാല്‍ക്കല്‍ വീണു. തനിയ്‌ക്കൊന്നും മനസ്സിലാവുന്നില്ലെന്ന് പറഞ്ഞ് വിഷ്ണുവിനെ സ്തുതിക്കുകയാണ് അംബരീഷന്‍ ചെയ്തത്. സുദര്‍ശനചക്രം അപ്പോഴാണ്  ദുര്‍വ്വാസാവിനു സമീപത്തുനിന്ന് പിന്മാറിയത്. അംബരീഷനെ മഹര്‍ഷിവര്യന്‍ മനസ്സുനിറഞ്ഞ് അനുഗ്രഹിയ്ക്കുകയായിരുന്നു. തന്റെ മുന്‍കോപത്തിന് കിട്ടിയ പാഠംത്തിനെ ദുര്‍വ്വാസാവ് പൂര്‍ണ്ണമായും അറിഞ്ഞു.

No comments:

Post a Comment