അഥിതി അഗ്നിയെപോലെ...
കഠോപനിഷത്തിലെ മൂന്ന് മന്ത്രങ്ങള്‍ അതിഥി പൂജനത്തിന്റെ മഹത്വത്തെ അറിയാന്‍വേണ്ടിയാണ്.
യമധര്‍മ്മാലയത്തില്‍ എത്തിയ നചികേതസ്സ്, യമന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ അവിടെ വെള്ളംപോലും കുടിക്കാതെ മൂന്നുദിവസം കാത്തിരുന്നു. പിന്നീട് അവിടെയെത്തിയ യമനോട് മന്ത്രിമാരോ ഭാര്യയോ അതിഥിയായി ഒരു ബ്രാഹ്മണ ബാലന്‍ വന്നകാര്യം പറയുന്നു.
”വൈശ്വാനരഃ പ്രവിശത്യതിഥിര്‍ ബ്രാഹ്മണോ ഗൃഹാന്‍തസൈ്വതാം ശാന്തിം കുര്‍വന്തി ഹര വൈവസ്വതോദകം”അതിഥിയായ ബ്രാഹ്മണന്‍ അഗ്നിയെപ്പോലെയാണ് വീടുകളില്‍ വരുന്നത്. ആ അഗ്നിയെ ശാന്തനാക്കാനാണ് അതിഥിയെ കൈകാലുകള്‍ കഴുകിച്ച് ഇരിപ്പിടം കൊടുത്ത് കുടിക്കാന്‍ വെള്ളം നല്‍കി സ്വീകരിക്കുന്നത്. അതിനാല്‍ നചികേതസ്സിനെ അതുപോലെ കാലുകഴുകിച്ച് സ്വീകരിക്കാനാണ് യമനോട് പറയുന്നത്. അതിഥിയെ ദേവനായി കരുതണം. ആ ഭാവനയില്‍ പൂജിക്കണം. ദേവനെ പൂജിക്കുംപോലെയാണ് അതിഥിയെ പൂജിക്കേണ്ടത്.
അല്ലെങ്കില്‍ അതിഥിയെ പൂജിക്കും പോലെയാണ് നമ്മുടെ പൂജാ സമ്പ്രദായവും. തിഥി നോക്കാതെ എത്തുന്നയാളാണ് അതിഥി. മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ വന്നുകയറുന്നയാള്‍. അതിഥിയെ വേണ്ടവിധത്തില്‍ സ്വീകരിക്കാത്ത വീട് വൈശ്വാനരാഗ്നിയാകുന്ന അതിഥിയുടെ ചൂടില്‍ ദഹിക്കും. അങ്ങനെ ദഹിക്കാതിരിക്കാനാണ് സജ്ജനങ്ങള്‍ വെള്ളം നല്‍കി അതിഥിയെ സ്വീകരിക്കുന്നത്.
യമനോട് ഉദകം (വെള്ളം) നല്‍കാനാണ് വീട്ടിലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത്. പാദ്യം (കാല്‍കഴുകല്‍), അര്‍ഘ്യം (കൈകഴുകല്‍), ആചമനീയം (കുടിക്കാന്‍ വെള്ളം) എന്നിവയൊക്കെയാണ് അതിഥിയെ സ്വീകരിച്ചിരുത്തി ആദ്യം ചെയ്യേണ്ടത്. ഇതിന് വേദവിധിതന്നെയുണ്ട്. അതിഥി അഗ്നിയെപ്പോലെ എന്നാല്‍ അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശേഷിയുണ്ട് എന്നറിയണം. അതിഥി സന്തുഷ്ടനായാല്‍ വീട്ടുകാരന് അനുഗ്രഹം.
അനാദരിക്കപ്പെട്ടാല്‍ കുടുംബത്തിന് നാശം. അതിഥിയെ ഗൃഹനാഥന്‍ തന്നെ സ്വീകരിക്കണമെന്നാണ് സമ്പ്രദായം. ബ്രഹ്മഭവനത്തിലേക്ക് പോയ യമന്‍ തിരിച്ചെത്താതിരുന്നതിനാല്‍ നചികേതസ്സ് ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ കാത്തിരുന്നു. വൈശ്വാനരന്‍ അഗ്നിയാണ്. ജഠരാഗ്നിയാണ്. അതിഥിയുടെ ദാഹത്തേയും വിശപ്പിനേയും നീക്കാനായില്ലെങ്കില്‍ അത് അഗ്നിപോലെ ആളിക്കത്തും.
വൈദികകാലത്ത് അഗ്നി ഉപാസനയ്ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നുതാനും. പഞ്ചമഹായജ്ഞങ്ങളിലൊന്നായ അതിഥിയജ്ഞം ഇപ്രകാരം അതിഥിയെ പൂജിച്ച് ആദരിക്കലാണ്. വൈശ്വാനരഃ എന്നതിന് ‘എല്ലാ മനുഷ്യരുടേയും’ എന്നും അര്‍ത്ഥം പറഞ്ഞിട്ടുണ്ട്. ബ്രാഹ്മണന്‍ എന്നതിന് ജന്മം കൊണ്ട് ബ്രാഹ്മണന്‍ എന്നതിനേക്കാള്‍ അറിവ് നേടിയവന്‍, സംസ്‌കാരമുള്ളവന്‍ എന്ന് മനസ്സിലാക്കണം.
ബ്രഹ്മവിദ്യ നേടാന്‍ യോഗ്യത നേടിയ നചികേതസ്സ് ആ വിശേഷണത്തിന് തികച്ചും അര്‍ഹന്‍ തന്നെ.
ആശാ പ്രതീക്ഷേ സംഗതം സൂഹൃതാംചഇഷ്ടാപൂര്‍ത്തേ പുത്രപശുംശ്ച സര്‍വാന്‍ഏതദ് വൃങ്‌ക്തേ പുരുഷസ്വാല്പമേധസോയസ്യാനസനന്‍
വസതി ബ്രാഹ്മണോ ഗൃഹേ
ആരുടെ വീട്ടിലാണോ അതിഥിയായി വന്ന ബ്രാഹ്മണന്‍ ഭക്ഷണം കഴിക്കാതെ വസിക്കുന്നത് അയാള്‍ക്ക് നാശമാണ്.
അല്പബുദ്ധിയായ അയാളുടെ ആശയേയും പ്രതീക്ഷയേയും സത്സംഗം കൊണ്ടുനേടിയ ഫലത്തേയും അത് ഇല്ലാതാക്കും. സത്യം പറയുന്നതിന്റെ ഫലം യാഗത്തിന്റെയും പുണ്യകര്‍മ്മങ്ങളുടെയും ഫലം എന്നിവയേയും പുത്രന്‍മാരേയും പശുക്കളെയും എല്ലാറ്റിനേയും നശിപ്പിക്കും.
ശ്രേഷ്ഠനായ അതിഥിയെ അനാദരിക്കുന്നയാള്‍ക്ക് ജീവിതത്തിലെ ആശകളും പ്രതീക്ഷകളും നശിച്ചുപോകും. അതിഥിയെ സത്കരിക്കാത്തയാളെ അല്‍പബുദ്ധി എന്നാണ് വിശേഷിപ്പിക്കുന്നത്. സത്സംഗ ഫലത്തെപോലും ഇല്ലാതാക്കും.
പ്രായമായും സത്യമായും പറഞ്ഞ വാക്കുകളെ തുടര്‍ന്നുണ്ടായ ഫലവും നശിക്കും. സര്‍വനാശമാണ് വരിക. അറിയപ്പെട്ടിട്ടില്ലാത്ത (കിട്ടിയിട്ടില്ലാത്ത) സ്വര്‍ഗാദി ഇഷ്ടാര്‍ത്ഥത്തെ പ്രാര്‍ത്ഥിക്കുന്നതാണ് ആശ.
അറിഞ്ഞ ലൗകിക ഇഷ്ടാര്‍ത്ഥത്തെ കിട്ടുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നത് പ്രതീക്ഷ. പ്രിയവും സത്യവുമായ വാക്ക് സുഹൃതം. യാഗത്തിലൂടെ ലഭിക്കുന്ന പുണ്യം ഇഷ്ടം. കുളം, കിണര്‍, തോട്ടം മുതലായവ ഉണ്ടാക്കികൊടുന്നതിലൂടെ ലഭിക്കുന്ന പുണ്യം പൂര്‍ത്തം. അതിഥിയെ ആദരിച്ചില്ലെങ്കില്‍ ഇവയൊക്കെ നാശം.
അതുകൊണ്ട് ഒരു കാരണവശാലും അതിഥിയെ സത്കരിക്കുന്നതില്‍ മടി കാണിക്കരുത്. അതിഥിയെ യഥാസമയം സ്വീകരിക്കാത്തതിന്റെ തെറ്റിന് ക്ഷമ ചോദിച്ച് യമന്‍ ആദ്യം നചികേതസ്സിനെ നമസ്‌കരിക്കുന്നു.
തിസ്രോരാത്രിര്‍ യദവാത്സീര്‍ ഗൃഹമേ-അനശനന്‍ ബ്രഹ്മണതിഥിര്‍ നമസ്യഃനമസ്‌തേളസ്തു ബ്രഹ്മന്‍ സ്വസ്തിളസ്തു തസ്മാത് പ്രതി ത്രീന്‍ വരാന്‍
വുണിഷ്വതന്റെ വീഴ്ചയ്ക്ക് ക്ഷമാപണം ചെയ്ത് നചികേതസ്സിനെ നമസ്‌കരിക്കുകയാണ് യമന്‍ ആദ്യം ചെയ്തത്.
മൂന്നുരാത്രി ഭക്ഷണമൊന്നും കഴിക്കാതെ എന്റെ വീട്ടില്‍ കഴിഞ്ഞ അങ്ങയോട് താന്‍ വലിയ അപരാധം ചെയ്തുവെന്നും നമസ്‌കാരത്തിന് അര്‍ഹനായ ബ്രാഹ്മണ അതിഥിയായ നചികേതസ്സിനെ ഇപ്പോള്‍ നമസ്‌കരിക്കുകയാണെന്നും യമന്‍ പറഞ്ഞു.
നചികേതസ്സ് ഭക്ഷണം കഴിക്കാതിരിക്കുന്നതിനാലുള്ള ദോഷം തനിക്ക് ഉണ്ടാകാതിരിക്കട്ടെ. അതിഥി അനുഗ്രഹംകൊണ്ട് തനിക്ക് മംഗളം വരട്ടെ. കൂടുതല്‍ സന്തോഷിപ്പിക്കാനായി മൂന്നു രാത്രി വൈകിയതിന്റെ പരിഹാരമായി ഒരു രാത്രിക്ക് ഒരുവരം എന്ന കണക്കില്‍ ഇഷ്ടമുള്ള മൂന്ന് വരത്തെ ചോദിക്കുവാന്‍ യമന്‍ നചികേതസ്സിനോട് ആവശ്യപ്പെടുന്നു.
ചെറിയ കുട്ടിയുടെ മുന്നില്‍ താണുവണങ്ങി മാപ്പ് ചോദിക്കുന്ന യമരാജാവിന്റെ മഹത്വം ഇന്ന് ഒരുപക്ഷേ ആശ്ചര്യകരമായി തോന്നും. താന്‍ അറിയാതെ വന്ന തെറ്റാണെങ്കില്‍ കൂടിയും ക്ഷമ ചോദിക്കുവാനുള്ള ഔചിത്വം ബ്രഹ്മവിദ്യാചാര്യന്റെ എളിമയും ഔന്നിത്യവും തന്നെ; സംശയമില്ല...
No comments:
Post a Comment