ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 November 2018

ഹഠയോഗ സാധകന്‍ പാലിക്കേണ്ട ചിട്ടകള്‍

ഹഠയോഗ സാധകന്‍ പാലിക്കേണ്ട ചിട്ടകള്‍

കട്വമ്ല തീക്ഷ്ണ ലവണോഷ്ണ ഹരീതശാക
സൗവീര തൈല തില സര്‍ഷപ മദ്യ മത്സ്യാന്‍
ആജാദിമാംസ ദധി തക്ര കുലത്ഥ കോല
പിണ്യാക ഹിംഗു ലശുനാദ്യമപഥ്യമാഹുഃ (1 - 59)

കയ്പ്, പുളി, എരിവ്, ഉപ്പ്, ഉഷ്ണം, പച്ച ഇലകള്‍, കഞ്ഞിവെള്ളം, എണ്ണ, എള്ള്, കടുക്, മദ്യം, മത്സ്യം, ആട് മുതലായവയുടെ മാംസം, തൈര്, മോര്, മുതിര, ലന്തക്കുരു, പിണ്ണാക്ക്, കായം, വെളുത്തുള്ളി മുതലായവ യോഗിക്ക് അപഥ്യമാണ്.

മുതലായവ എന്നു പറയുമ്പോള്‍ ഈ പട്ടികയില്‍ ഇനിയും ചേര്‍ക്കാനുണ്ടെന്നു വരുന്നു. ദഹനത്തെ ബാധിക്കുന്നതും മനസ്സിനെ ബാധിക്കുന്നതുമായ ഭക്ഷണങ്ങള്‍ വര്‍ജ്യമാണെന്നു താത്പര്യം. 

ദത്താത്രേയന്‍ പറയുന്നു:

അഥ വര്‍ജ്യാനി വക്ഷ്യാമി യോഗവിഘ്‌ന കരാണി ച (യോഗത്തിനു തടസ്സങ്ങളായ, വര്‍ജ്യങ്ങളായവ ഇനി പറയാം)

ലവണം സര്‍ഷപം ച അമ്ലമുഗ്രം തീക്ഷ്ണം ച രൂക്ഷകം (ഉപ്പ്, കടുക്, പുളി, ഉഗ്രവും തീക്ഷ്ണവും രൂക്ഷവുമായവ) 

അതീവ ഭോജനം ത്യാജ്യം(അമിതാഹാരം ത്യജിക്കണം) 

അതിനിദ്ര, അതിഭാഷണം (കൂടുതല്‍ ഉറക്കം, കൂടുതല്‍ വര്‍ത്തമാനം ഇവയും അരുത്)

സ്‌കന്ദപുരാണം: ത്യജേത് കട്വമ്ലലവണം (കയ്പ്, പുളി, ഉപ്പ് ഇവ ത്യജിക്കണം) 

ക്ഷീരഭോജീ സദാ ഭവേത് (എപ്പോഴും പാലു കഴിക്കണം) 

ശരീരവും മനസ്സും സ്വസ്ഥമായാലേ ഉന്നതമായ സാധനകള്‍ നടക്കൂ. അതിന് ശരീരത്തിലേക്ക് ചെല്ലുന്ന കാര്യങ്ങളെല്ലാം നിയന്ത്രിക്കപ്പെടണം. ഇന്ന് പുറത്തേക്കു വരുന്നതെല്ലാം ലാബില്‍ പരിശോധിക്കും. അകത്തേക്കു കഴിക്കുന്നതു പരിശോധിച്ചാല്‍ ആദ്യത്തേതു വേണ്ടി വരില്ല. 'ആഹാരശുദ്ധൗ സത്വ ശുദ്ധിഃ' എന്നാണ് പ്രമാണം. 

ഭോജന മഹിതം വിദ്യാത്
പുനരസ്യോഷ്ണീകൃതം രൂക്ഷം
അതിലവണമമ്ലയുക്തം
കദശന ശാകോത്കടം വര്‍ജ്യം (1- 60)

വീണ്ടും ചൂടാക്കിയതും രൂക്ഷവും അധികം ഉപ്പും പുളിയുമുള്ളതും പഴകിയതും പല തരം പച്ചക്കറികള്‍ കൂട്ടിവേവിച്ചതും ആയ ഭക്ഷണം അഹിതവും വര്‍ജ്യവുമാണ്.

പാകം ചെയ്ത ഭക്ഷണം തണുപ്പിച്ച് കേടുവരാതെ സൂക്ഷിക്കുകയും അടുത്ത ദിവസം ചൂടാക്കി ഉപയോഗിക്കുകയും ചെയ്യുന്നത് ഇന്ന് സാധാരണമാണ്. മുമ്പും രാവിലത്തെ ഭക്ഷണത്തില്‍ ബാക്കിയുള്ളത് വൈകുന്നേരം ചൂടാക്കി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ യോഗിക്ക് അതിനു വിധിയില്ല. ചൂടാറാതെയാണ് കഴിക്കേണ്ടത്. ഒരു യാമം (3 മണിക്കൂര്‍) കഴിഞ്ഞാല്‍ നിഷിദ്ധമാണ്. 

രൂക്ഷമെന്നാല്‍ വരണ്ടത്, എണ്ണമയം ഇല്ലാത്തത് എന്നാണര്‍ഥം. അമിത ഉപ്പ് പൊതുവെ യോഗികള്‍ക്ക് പഥ്യമല്ല. ഹൃദയത്തെ തകരാറിലാക്കുന്നതു തന്നെ കാരണം. പുളിയും അമ്ലമയമാണ്. പലപ്പോഴും ഉച്ചയ്ക്കു ബാക്കി വരുന്ന ഭക്ഷണം  കളയരുതല്ലോ എന്നു വെച്ച് കഴിക്കും. പക്ഷെ സ്വാദു വ്യത്യാസം വന്നതു വരെ കഴിച്ചുകളയും. ചെറിയ ലാഭമുണ്ടാകും. പക്ഷെ ഒരു ആശുപത്രി സന്ദര്‍ശനം ഒഴിവായാല്‍ അതല്ലേ കൂടുതല്‍ ലാഭം?. ഏതായാലും സാധകന് അതിനു വിധിയില്ല. ഇലക്കറികള്‍ ചിലവ തമ്മില്‍ യോജിക്കില്ല. പാകം ചെയ്യുന്ന അമ്മമാര്‍ക്ക് അതറിയാം. പച്ചക്കറികളിലും വേവിക്കേണ്ടതും വേവിച്ചുകൂടാത്തതും ഒന്നിച്ചു ചേരാത്തതും ഒക്കെ ഉണ്ട്. എല്ലാത്തിലും ശ്രദ്ധ വേണം.

വഹ്നി സ്ത്രീ പഥിസേവാനാ
മാദൗ വര്‍ജനമാചരേത്

അഗ്‌നി, സ്ത്രീ, ദീര്‍ഘയാത്ര ഇവ വര്‍ജിക്കണം.

ആദൗ എന്നതിന് ആദ്യകാലത്ത് അഥവാ, സാധനയുടെ തുടക്കത്തില്‍ എന്നര്‍ഥം. സാധനയില്‍ സിദ്ധി നേടുന്ന മുറയ്ക്ക് നിയന്ത്രണങ്ങളില്‍ കുറവു വരുത്താം. പക്ഷെ തുടക്കത്തില്‍ സാധകന്‍ ഒരു വീട്ടുവിഴ്ചയ്ക്കും തയാറാകരുത്. വഹ്നിസേവ, സ്ത്രീസേവ, പഥിസേവ എന്നിങ്ങനെ സേവ എന്നുള്ളത് മൂന്നിനോടും ചേര്‍ക്കണം. തണുപ്പുകാലത്ത് രാവിലെ കുളിരുമ്പോള്‍ തീ കായുന്ന ഒരു പതിവ് മുമ്പുണ്ട്. കൂട്ടം ചേര്‍ന്ന് ഉണക്കിലകള്‍ പെറുക്കിക്കൂട്ടി തീയിട്ട് മറിഞ്ഞും തിരിഞ്ഞും നിന്ന് കാഞ്ഞ് സുഖിക്കുന്ന ഒരു പതിവ്. സാധകന് ഇത് ഹിതകരമല്ല. മനസ്സ് ദുര്‍ബലമാക്കും എന്നതിലേറെ പ്രാണനെ ദുര്‍ബലമാക്കുമെന്നതാണ് മുഖ്യം. സ്ത്രീ സാമീപ്യവും സാധകന്റെ മനസ്സ് ദുര്‍ബലമാക്കും. ബ്രഹ്മചര്യ നിഷ്ഠയില്‍ ഭംഗമുണ്ടാവാം. ഏകാഗ്രതയും പ്രാണശക്തിയും നഷ്ടമാകും. പഥം എന്നാല്‍ പൊതുവഴി, യാത്ര എന്നിങ്ങനെ അര്‍ഥമെടുക്കാം. യാത്രയില്‍ നടത്തത്തിന്റെ ക്ഷീണമെന്നതിലുപരി ജനസമ്പര്‍ക്കം മനസ്സിന്റെ ഏകാന്തത ഇല്ലാതാക്കും. തീര്‍ഥയാത്ര പോലും ഒഴിവാക്കാനാണ് നിര്‍ദേശം. സത്സംഗം വേണ്ടെന്നല്ല ഇതിനര്‍ഥം.

തഥാ ഹി ഗോരക്ഷ വചനംഃ
വര്‍ജയേത് ദുര്‍ജ്ജനപ്രാന്തം
വഹ്നി സ്ത്രീ പഥിസേവനം
പ്രാതഃസ്‌നാനോപവാസാദി
കായഃക്ലേശവിധിം തഥാ (1- 61)

ഇക്കാര്യത്തില്‍ ഗോരക്ഷനാഥന്റെ വചനം പറയുന്നു. ദുര്‍ജനസംസര്‍ഗം, അഗ്‌നി, സ്ത്രീ, യാത്ര ഇവയിലെ താത്പര്യം, പ്രാതസ്‌നാനം, ഉപവാസം മുതലായ ശരീര ക്ലേശകരമായ കര്‍മങ്ങള്‍ ഇവ വര്‍ജിക്കണം.

ദുര്‍ജന പ്രാന്തം എന്നാല്‍ ചീത്ത കൂട്ടുകെട്ട് എന്നെടുക്കാം. ആത്മീയത ഒട്ടുമില്ലാത്തവര്‍, എല്ലാത്തിനെയും എതിര്‍ക്കുന്നവര്‍, ഇവരൊക്കെ സാധകനില്‍ സംശയദൃഷ്ടി ഉണ്ടാക്കും. ലക്ഷ്യത്തില്‍ നിന്ന് പിറകോട്ടു വലിക്കും. വഴിപിഴപ്പിച്ചെന്നും വരാം. കാരണം അവര്‍ ഈ പാതയെ ഗൗരവമായി കാണുന്നവരല്ല. തണുപ്പുകാലത്ത് രാവിലത്തെ കുളി ശരീരത്തെ ക്ഷീണിപ്പിച്ചേക്കാം. വേണ്ടിവന്നാല്‍ അല്‍പം ചൂടുള്ള വെള്ളത്തിലാവാം. അതും പ്രാണക്ഷയം വരുന്ന തരത്തിലായിക്കൂട തന്നെ. ഒരു ഉറച്ച ഹഠയോഗ സാധകന്റെ കാര്യമാണ് ഇവിടെ പ്രസക്തം. സാധാരണക്കാരന്റേതല്ല എന്നുകൂടി ഓര്‍ക്കുക. ഉപവാസം ആത്മീയ പുരോഗതിക്ക് ആവശ്യമല്ലേ? ആവശ്യമാണ്. മാത്രമല്ല, ഉപവാസം സഹായകരവുമാണ്. എന്നാല്‍ തൊട്ടതിനും പിടിച്ചതിനും ഉപവാസം അരുതെന്നേയുള്ളൂ. ഷഷ്ഠി, ഏകാദശി മുതലായ ദിവസങ്ങളില്‍ നിയമേന ചെയ്യുന്ന ഉപവാസം ആരോഗ്യത്തിന്നും ശുദ്ധിക്കും ഗുണം ചെയ്യും. ശരീരമാണ് ഏറ്റവും പ്രധാനമായ ധര്‍മസാധനമെന്ന് ഓര്‍മ വേണമെന്നു ചുരുക്കം.

No comments:

Post a Comment