ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 August 2020

പാരിജാത വൃക്ഷം

പാരിജാത വൃക്ഷം

അയോദ്ധ്യാ ശിലാസ്ഥാപന ഭൂമി പൂജയ്ക്ക് മുൻപായി പ്രധാനമന്ത്രി ക്ഷേത്ര ഭൂമിയിൽ പാരിജാത വൃക്ഷ തൈ നട്ടു. വളരെയേറെ പ്രാധാന്യമുള്ള  വൃക്ഷമായതിനാലാണ് പാരിജാതം ഭൂമി പൂജാ ചടങ്ങിൻ്റെ ഭാഗമയത്. ഈ അവസരത്തിൽ പാരിജാതത്തിൻ്റെ  പ്രാധാന്യവും പ്രത്യേകതയും എന്താണെന്ന് ചിന്തിക്കാത്തവരുണ്ടാവില്ല.
വളരെ മനോഹരമായ  പാരിജാതപുഷ്പങ്ങൾ പ്രഭു ശ്രീരാമന് ഏറെ പ്രിയപ്പെട്ടതാണെന്നും വിശ്വസിക്കുന്നു. ശ്രീരാമഭഗവാനെ  അലങ്കരിക്കാനും  ആരാധനയ്ക്കും  പാരിജാതം  ഉപയോഗിക്കുന്നു . കാഴ്ചയിലെ മനോഹാരിത മാത്രമല്ല, സന്ധ്യക്ക്‌ മാത്രം വിരിയുന്ന പാരിജാതത്തിൻ്റെ  സുഗന്ധവും ആകർഷണീയമാണ്.  പാരിജാതത്തിൽ സ്പർശിച്ചാൽ   ക്ഷീണം ഇല്ലാതാകും എന്നും വിശ്വസിക്കപ്പെടുന്നു.

വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന ഒരു അലങ്കാരവൃക്ഷം കൂടിയാണ്  പാരിജാതം. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. തൂങ്ങിക്കിടക്കുന്ന മധുരമുള്ള ഓറഞ്ച് പഴങ്ങൾ തിന്നാൻ കൊള്ളുന്നതാണ്. വന്യമൃഗങ്ങൾക്ക് ഭക്ഷണത്തിനും തേനീച്ചകൾക്ക് തേനിനും പ്രധാനപ്പെട്ട ഒരു മരമാണ് പാരിജാതം. എത്ര ദിവസം വേണമെങ്കിലും പൂക്കൾ പറിച്ചെടുക്കാം, എത്ര പറിച്ചെടുത്താലും   അടുത്ത ദിവസം  അതേ അളവിൽ വീണ്ടും പൂക്കൾ വിരിയും. ഉത്തരേന്ത്യയിലും  ഹിമാലയത്തിൻ്റെ താഴ്വരയിലും ഈ വൃക്ഷം ധാരാളമായി വളരുന്നു.

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിയ്ക്ക്   പാരിജാതത്തിന്റെ പൂക്കൾ വളരെ പ്രിയപ്പെട്ടതാണെന്നും വിശ്വാസമുണ്ട്.  പൂജ  വേളയിൽ ഈ പുഷ്പങ്ങൾ  ലക്ഷ്മി ദേവിയ്ക്ക് സമർപ്പിക്കും. പൂക്കൾ പറിച്ചെടുത്ത് ആരാധന ചെയ്യുന്നതല്ല പതിവ്, മറിച്ച് വൃക്ഷത്തിൽ നിന്ന് താഴെ വീഴുന്ന പൂക്കൾ മാത്രമെ പൂജയ്ക്കെടുക്കൂ എന്ന പ്രത്യേകതയും പാരിജാതത്തിന് സ്വന്തം. 14 വർഷത്തെ  വനവാസക്കാലത്ത് ഈ പൂക്കൾ പറിച്ചാണത്രേ സീതാദേവിയും അർച്ചന നടത്തിയതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനിൽക്കുന്നു.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദ്വാപരയുഗത്തിലും  ശ്രീകൃഷ്ണൻ സത്യഭാമദേവിയ്ക്കായി  സ്വർഗത്തിൽ നിന്ന്  പാരിജത വൃക്ഷംകൊണ്ടുവന്നു എന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. പാലാഴി മഥനത്തിൽ പാൽക്കടലിൽ നിന്ന്  ഉത്ഭവിച്ചതാണ് പാരിജാത വൃക്ഷമെന്നാണ് ഹിന്ദു വിശ്വാസം.

No comments:

Post a Comment