ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 August 2020

യോഗയുടെ ഗുണങ്ങള്‍ - 16

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 16

വിവിധ യോഗാസനമുറകൾ

30. ഭുജംഗാസനം

ഭുജംഗം എന്നാൽ പാമ്പ് എന്നാണ് അർഥം. പാമ്പു പത്തിവിടർത്തി നിൽക്കുന്ന രീതിയെ അനുകരിച്ചു ചെയ്യുന്ന യോഗാസനമായതുകൊണ്ടാണ് ഇതിനെ ഭുജംഗാസനം അഥവാ സർപ്പാസനം എന്നു പറയുന്നത്. ഇതിനു ധാരാളം വകഭേദങ്ങളുണ്ട്.

ചെയ്യുന്ന വിധം

കമിഴ്ന്നു കിടന്നു കാലുകൾ നീട്ടിവയ്ക്കുക, കാൽ വിരലുകൾ നീട്ടി ശരീരം ഒരേ രേഖയിൽ വരത്തക്കവിധം കാലുകൾ കഴിയുന്നത്ര അടുപ്പിച്ചു കിടക്കുക, കൈപ്പത്തിയിൽ അതതു തോളിനു താഴെ വിരലുകൾ ചേർത്തു പതിച്ചു കമഴ്ത്തി വയ്ക്കണം. തല കുനിച്ചു നെറ്റിയോ താടിയോ ഏതെങ്കിലുമൊന്നു തറയിൽ മുട്ടിച്ചുവയ്ക്കുക, കൈമുട്ടുകൾ ശരീരത്തിനടുത്തു നേരെ പിറകിലോട്ടു തന്നെ ആയിരിക്കണം. ശരീരം മുഴുവൻ തളർത്തിയിടുക. സാവകാശം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ട്, കൈകൾ നിലത്തമർത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നുയർത്തി, തല കഴിയുന്നത്ര പിറകോട്ടു വളച്ചു മുകളിലേക്കു നോക്കുക, പൊക്കിൾ വരെയുള്ള ഭാഗമേ ഉയർത്താവൂ. മൂന്നോ നാലോ സെക്കൻഡ് സമയം ഇങ്ങനെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു തല താഴ്ത്തി പൂർവസ്ഥിതിയിലേക്കു മടങ്ങി വന്നു കിടക്കുക. കുറഞ്ഞത് അഞ്ച്-ആറു തവണ ആവർത്തിക്കുക.

ശ്രദ്ധിക്കുക

ഹൃദ്രോഗം, രക്തസമ്മർദം എന്നിവയുള്ളവരും എല്ലുകൾക്കും പേശികൾക്കും അയവില്ലാത്തവരും തുടക്കത്തിൽ നെഞ്ചിന്റെ മുകൾ ഭാഗം വരെ മാത്രം പൊക്കി ശ്രമിക്കുക. ഹെർണിയ, പെപ്ടിക് അൾസർ, ഹൈപ്പർ തൈറോഡിസം തുടങ്ങിയവ ഉള്ളവർ യോഗ വിദഗ്ധന്റെ നേതൃത്വത്തിലേ അഭ്യസിക്കാവൂ.

പ്രയോജനങ്ങൾ

സ്ത്രീകളുടെ ആർത്തവ സംബന്ധമായ എല്ലാ ക്രമക്കേടുകളും വേദനയും മാറുന്നതാണ്. ദഹന ശക്തി വർധിപ്പിക്കുന്നു. നട്ടെല്ലിന് അയവും പുറത്തെ മസിലുകൾക്കും ഞരമ്പുകൾക്കും പുഷ്ടിയും ബലവും നൽകുന്നു. നടുവേദന, നടുവെട്ടൽ തുടങ്ങിയവയിൽ നിന്നു മോചനമാവും. കരൾ, വൃക്ക മുതലായവയും മറ്റ് ആന്തരികാവയവങ്ങളും ശക്തമാവുന്നു.

No comments:

Post a Comment