പിണ്ഡനന്ദി
അല്ലയോ ഭഗവാനേ ഞാൻ എന്റെ അമ്മയുടെ ഗർഭത്തിലായിരുന്നപ്പോൾ എൻറെ പിണ്ഡത്തെ എല്ലാതരത്തിലും കാരുണ്യപൂർവ്വം വളർത്തിയ ദയാമയനാണല്ലോ ഭഗവാൻ അങ്ങ് കൽപ്പിച്ച പോലെ എല്ലാം സംഭവിക്കുമെന്ന് ആലോചിച്ചു മനസ്സിലാക്കി ഈയുള്ളവൻ എല്ലാം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.
പഞ്ചഭൂതങ്ങൾ ഏതെല്ലാം കൃത്യമായ അളവിൽ കൂട്ടിച്ചേർത്തു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു അതിൽ ഈശ്വരചൈതന്യം കലർത്തി ആ ചൈതന്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മായാ ശക്തിയിൽ നിന്ന് ഗർഭസ്ഥ മായ എൻറെ ജീവാങ്കുരത്തെ ജീവദായകമായ അമൃത് നൽകി വളർത്തിയ മംഗള രൂപിയായ ഭഗവാനേ ഞാൻ അങ്ങയോട് നന്ദി പറയുന്നു
കല്ലിനകത്ത് വസിക്കുന്ന വെറും നിസ്സാര ജീവികൾ മാത്രമല്ല അങ്ങയുടെ കൃപയെ അറിയിച്ചു തരുന്നത് താമരയ്ക്കുള്ളിൽ വസിച്ച ദേവേന്ദ്രൻ തുടങ്ങി അതെല്ലാ ജീവജാലങ്ങളും ഈശ്വരകൃപയിലാണ് വളരുന്നത്
ഗർഭകാലത്തിരിക്കുന്ന പിണ്ഡത്തെ പോറ്റി വളർത്താൻ അവിടെ ബന്ധുക്കൾ ആരുമില്ല. ശക്തിയോ സമ്പത്തോ ഇല്ല . ആലോചിച്ചു നോക്കിയാൽ ഇതാരുടെ സഹായംകൊണ്ടാണ് വളർന്നത് . ആശ്ചര്യകരമായിരിക്കുന്നു. ഇതെല്ലാം ജഗദീശ്വരന്റെ കളിയാണെന്നറിഞ്ഞാൽ അറിവില്ലായ്മ മാറിക്കിട്ടും. അല്ലയോ ഭഗവാനേ അവിടുന്ന് അതിനായി അനുഗ്രഹിക്കണം.
ഗർഭകാലം മുഴുവൻ വേണ്ടതുപോലെ ശ്രദ്ധിച്ചു മരണപ്പെട്ടു പോകാതെ അങ്ങ് എന്നെ വളർത്തിക്കൊണ്ടുവന്നു. അക്കാലം ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു . ഞാൻ അന്ന് ഭ്രൂണാവസ്ഥയിൽ ആണ് കഴിഞ്ഞിരുന്നത് . ഭൂതകാലത്തെ പറ്റി ഗർഭാവസ്ഥയിൽ നന്നായി വളർത്തിയ കാര്യം ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ തോന്നുന്നു. അല്ലയോ ഭഗവാനേ അങ്ങ് ഇതൊന്നു കേൾക്കേണമേ.
പുരുഷ ബീജവും മാതാവിൻറെ അണ്ഡവും തമ്മിൽ ചേർന്ന് അതിൽ ഈശ്വരാംശം പ്രവേശിച്ചു. അപ്പോൾ ഒരു ശിശുവിൻറെ രൂപം പ്രാപിച്ചു . ആ അവസ്ഥയിൽ അവിടെ രക്ഷക്കായി മാതാവുമില്ല പിതാവുമില്ല . ഈ നിലയിൽ ജഗത് പിതാവായ ജഗദീശ്വരൻ തന്നെയാണെന്ന് വളർത്തിക്കൊണ്ടുവന്നത്.
ഗർഭപാത്രത്തിൽ കിടന്ന് അന്ന് അനുഭവിച്ച ദുഃഖം ഇപ്പോൾ ഓർമ്മ വരാത്തത് നല്ലത് തന്നെ. ഓർമ വന്നാൽ ആ ഓർമ്മയുടെ എരു തീയിൽ വീണു മരിക്കാൻ ഇടയാകും. അല്ലയോ ഭഗവാൻ സ്നേഹനിധിയായ അവിടുന്ന് വാത്സല്യ ഭാജനമായ ഈ കുഞ്ഞിനു ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും തന്നതു കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തെ അറിയുവാൻ സാധിക്കുന്നത്.
എൻറെ അമ്മ എന്നെ പത്തുമാസം ഗർഭ പാത്രത്തിൽ ചുമന്നു മനസ്സുരുകി നെടുവീർപ്പിട്ടു കൊണ്ടിരുന്നു കഠിനമായ വേദനയോടെ പ്രസവിച്ചു നരി പോലെ കിടന്നു കൂവുന്നു. അല്ലയോ ശംഭു ഇതിനെയൊക്കെ അർത്ഥമെന്താണ് ? ഈയുള്ളവന് ഒന്നു മനസ്സിലാക്കി തരേണമേ.
സർവ്വവിജ്ഞാന ഭഗവാൻ എല്ലാം അറിയുന്നുണ്ട് . ഈയുള്ളവൻ ഇനി ഓരോന്നും എടുത്തു പറയേണ്ട കാര്യമുണ്ടോ? ലോക സുഖങ്ങളൊക്കെ ഉപേക്ഷിച്ചു കാളപ്പുറത്ത് സഞ്ചരിക്കുന്ന ഭഗവാൻ, അവിടുന്നു എല്ലാ സംസാര ദുഃഖങ്ങളും തീർത്തു തരേണമേ. അവിടുന്നു കൈവിട്ടാൽ ഈ ലോകത്ത് ഈയുള്ളവന് മറ്റാരുമില്ല.
പിണ്ഡനന്ദി (സ്തോത്രം)
രചന:ശ്രീനാരായണഗുരു
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ! 1
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ! 2
കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ. 3
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ! 4
നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു
കാലന്റെ കയ്യിലണയാതെ വളർത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ! 5
രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ-
താതൻ വളർത്തിയവനാണിവനിന്നു ശംഭോ! 6
അന്നുള്ള വേദന മറന്നതു നന്നുണർന്നാ-
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ! 7
എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ! 8
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ! 9
ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും.
ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .
എന്തിനു ജനിച്ചു, മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം.
ആ അന്വേഷണം ഗുരുദേവ കൃതികളിൽ നിന്നും മനസ്സിലാകും. നമ്മെ നമ്മളാക്കി എടുത്ത, പിണ്ഡത്തിൽ വച്ച് അമൃത് നല്കി സംരക്ഷിച്ച, എപ്പോഴും നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ് നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ, കരയിലിട്ട മീനിനെ പോലെ പിടയുന്നു...
പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക. ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക. അതിനാണ് ഏകാഗ്രമായ പ്രാർത്ഥന, ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ്. അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത്. കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം...
No comments:
Post a Comment