ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2020

മതം

മതം

മതം എന്നാൽ വിചാരം എന്നാണ് അർത്ഥം. ഊഹോപഹങ്ങൾ പ്രമാണം അനുഭവം  യുക്തി ഉപപത്തി  എന്നിവയാൽ  ഒരു സംഗതിയെ  കുറിച്ച് പര്യന്തികമായി  ചെയ്യുന്ന വിചാരം.. വിചാരം   വിചാരണചെയ്യുന്ന ആളിൻ്റെ  മാനസികമായ പ്രവർത്തിയാകുന്നു. പലപ്പോഴും അന്യൻ്റെ  ദൃഷ്ടിയിൽ  തെറ്റാണെന്ന് വരാം. പൂർണ്ണമല്ലാതെയും വരാം. കാലദേശാവസ്ഥാദിഭേദങ്ങൾ അനുസരിച്ച്  വിചാരവും തത്ഫലവും വ്യത്യാസപ്പെട്ടു എന്നു വരാം. അതിനാൽ ഹിന്ദുമതശബ്ദത്തിലെ  മതശബ്ദത്തിന് ഈ രീതിയിൽ വിചാരം എന്ന അർത്ഥം കൽപ്പിച്ചാൽ പോരാ. ഹിന്ദുമതം ശാശ്വതം (സനാതനം) ആണ്. അവിടെ നിരൂപണം ചെയ്യുന്ന സംഗതികൾ എന്നും ഒന്നുപോലെ സ്ഥിതി ചെയ്യുന്നവയാണ്.  അഗ്നി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, പൃഥ്വി, അന്തരീക്ഷം, മരുത്തുക്കൾ, എന്നിവക്കുള്ള അഭിമാനദേവതകളുടെ പ്രസാദത്തിനായി സ്തോത്രങ്ങൾ കർമ്മങ്ങളും തത്ഫലങ്ങളും  എന്നും എവിടെയും എപ്പോഴും ആവിശ്യമുള്ളവയാണല്ലോ സത്ത്കർമ്മങ്ങൾ കൊണ്ട് ചിത്തശുദ്ധിയും ചിത്തശുദ്ധികൊണ്ട് ആത്മജ്ഞാനവും  തന്നിമിത്തം ക്ലേശഭൂയിഷ്ഠമായ  ജനനമരണ  രൂപമായ സംസാരദുഃഖത്തിൽ നിന്നും ഉള്ള മുക്തിയും  എന്നും എവിടെയും ആർക്കും  ഒന്നു പോലെ പ്രകാശിക്കുന്ന പരമാർത്ഥഭാവങ്ങളല്ലയോ.  ഇതുപോലെ  പ്രത്യേക വ്യക്തികളിൽ നിന്നുണ്ടാകുന്ന വിചാരങ്ങളുടെ അവസ്ഥ  വ്യക്തികളുടെ വിചാരത്തിൽ അടിസ്ഥാനപ്പെട്ടവകയാൽ സർവ്വസമ്മതങ്ങളാകണമെന്നില്ല. ഹിന്ദുക്കൾ അല്ലെങ്കിൽ ആര്യന്മാർ  ഒരാളുടെ മതം മാത്രം  അനുകരിക്കുന്നവരല്ലാത്തതിനാലും അവർ  ആദരിച്ചു വരുന്ന ധർമ്മങ്ങൾ സനാതനങ്ങൾ ആയതിനാലും  ഹിന്ദുമതത്തിൻ്റെ സ്ഥാനത്ത് സനാതനധർമ്മം എന്ന് പറയുന്നത് യുക്തമായിരിക്കും.

മതശബ്ദത്തിന് വിചാരം എന്നുള്ള സാമാന്യമായ അർത്ഥം വിട്ട് മഹാന്മാർ വെറെ ഒരു തരത്തിലും അതിനെ സഗൗരവമായി  വിവരിച്ചു കാണുന്നു.

"കാര്യാകാരണയോര്യത്ര വിശ്രാന്തിസ്തന്മതം മതം"

ശ്രുതി പ്രമാണം കൊണ്ട് അറിയുന്ന ഏത് ധർമ്മത്തിനും കാരണം എന്തെന്നോ അനുഷ്ഠിച്ചാൽ  കിട്ടുന്ന ഫലം എന്തെന്നോ  ഉള്ള ചോദ്യത്തിന്  അവകാശം വരാത്ത നിലയാണ് മതം.

ഈ അഭിപ്രായത്തെ തന്നെ വേദസ്വരൂപം ചിന്തിച്ചാൽ

"പ്രത്യക്ഷേണാനുമിത്യാ വാ 
യസ്തൂപായൊ ന വിദ്യതേ 
ഏതം വിദന്തി വേദേന
തസ്മാസ്ത് വേദസ്യ വേദതാ"

വേദംകൊണ്ട് വെളിവാകുന്ന ധർമ്മം പ്രത്യക്ഷ പ്രമാണത്തിനോ അനുമാനത്തിനോ വിഷയമല്ല എന്ന് സാരം. ഈ അർത്ഥം സ്വീകരിച്ചാൽ സനാതനധർമ്മവും മതവും ഒന്നു തന്നെ.

No comments:

Post a Comment