യോഗയുടെ ഗുണങ്ങള്‍
ഭാഗം - 15
വിവിധ യോഗാസനമുറകൾ
27. ശീര്‍ഷാസനം
ശീര്‍ഷാസനം എന്ന വാക്ക് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. അത്രക്കും പ്രസിദ്ധമാണിത്. യോഗയില്‍ പ്രമുഖസ്ഥാനം ഇതലങ്കരിക്കുന്നു. ശരീത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു. കണ്ണിലേക്ക് രക്തയോട്ടം കൂട്ടുന്ന ഒരു ആസനമായതിനാല്‍ 'കണ്ണില്‍ ചോരയില്ലാത്ത'വര്‍ നിര്‍ബന്ധമായും ഇതനുഷ്ടിക്കേണ്ടതാണ് . ഈ ആസനം ചെയ്യാന്‍, ഒരു ദിവസമെന്കിലും ബ്രഹ്മചര്യം അനുഷ്ടിക്കണമെന്ന ഒരു 'ലളിതസുന്ദരനിബന്ധന'യുള്ളതിനാല്‍ പലര്‍ക്കും ഇതൊരു കീറാമുട്ടി ആകാറുണ്ട്. എന്നാല്‍, ഈ ആസനം അനല്പമായ ഗുണഫലങ്ങള്‍ നമുക്ക് നല്‍കുന്നു എന്നത് നിസാരമാക്കരുത്.
ചെയ്യേണ്ട വിധം:
അല്പം കട്ടിയുള്ള ഒരു ഷീറ്റ് മടക്കി തറയില്‍ വക്കുക (കനമുള്ള കാര്‍പെറ്റില്‍ ആണെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല) കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തു തറയില്‍ മലര്‍ത്തിവച്ച് മുട്ടുകുത്തിയിരിക്കുക. ഇനി, തലയുടെ നെറുകഭാഗം കൈക്കുള്ളിലും നെറ്റി തറയിലും പതിഞ്ഞിരിക്കും വിധം തലവച്ച് ഒരു കുതിപ്പോടെ ശരീരം മുകളിലെക്കുയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ത്തേണ്ടതില്ല. ശരീരം കുത്തനെ ആയി ബാലന്‍സ് ചെയ്തതിനു ശേഷം കാലുകള്‍ മെല്ലെ ഉയര്‍ത്തി 90ഡിഗ്രി ആയി വരുന്ന അവസ്ഥയില്‍ നില്‍ക്കുക. ഇപ്പോള്‍ ശീര്‍ഷാസനത്തിന്‍റെ പൂര്‍ണ്ണരൂപമായി. ഇനി സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യാം. ദിവസേന അല്പാല്പമായി സമയം ദീര്‍ഘിപ്പിക്കുക. യോഗാസന്തിന്റെ അവസാനഘട്ടത്തില്‍ ആണ് ഇത്തരം ഇനങ്ങള്‍ ചെയ്യേണ്ടത്. എപ്രകാരം ശീര്‍സാനത്തിലേക്ക് ഉയര്‍ന്നുവോ, അപ്രകാരം തന്നെ അതില്‍ നിന്നു വിരമിക്കുക.
28. വിപരീത കരണീമുദ്ര
ആസനമുറകളില്‍ അതിവിശിഷ്ടമായ ഒരു 'മുദ്ര'യാണിത്. അരമണിക്കൂര്‍ ദിനേന ഇത് അഭ്യസിച്ചാല്‍ വൃദ്ധന്‍ യുവാവായി മാറുമെന്ന് യോഗമതം! ഹൃദയത്തിനും മറ്റു ആന്തരികാവയവങ്ങള്‍ക്കും സൌഖ്യം നല്‍കുന്ന ഇത് ആര്‍ക്കും വേഗത്തില്‍ അഭ്യസിക്കാവുന്നതാണ്.
ചെയ്യുംവിധം :
കാല്പാദങ്ങളും മുട്ടുകളും ചേര്‍ത്തുവച്ചു മലര്‍ന്നുകിടക്കുക. ശേഷം കാല്‍മുട്ടുകള്‍ അല്പം മടക്കി അരക്കെട്ട് മുകളിലേക്കുയര്‍ത്തുക. അതോടൊപ്പം കൈമുട്ടുകള്‍ തറയിലൂന്നിക്കൊണ്ട് അരക്കെട്ടിനെ കൈകള്‍ കൊണ്ട് വാഴക്കു താങ്ങ്കൊടുക്കും പോലെ താങ്ങി നിര്‍ത്തുക. ശേഷം, മുകളിലെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള രീതിയില്‍ ശരീരം ബാലന്‍സ് ചെയ്തുനിര്‍ത്തി ശ്വാസോച്ഛ്വാസം സാധാരണ പോലെ ചെയ്തുകൊണ്ടിരിക്കുക. രണ്ടുമൂന്നു മിനിറ്റ് ഈ നില്പ് തുടരാം. ശേഷം കാല്‍മുട്ടുകള്‍ മടക്കിയ ശേഷം കൈകള്‍ക്കുള്ളില്‍നിന്ന് അരക്കെട്ട് സാവധാനം താഴ്ത്തി പൂര്‍വ്വാവസ്ഥയിലേക്കെത്തുക.
29. സര്‍വ്വാംഗാസനം:
പേര് പോലെതന്നെ 'സര്‍വ്വ അംഗത്തിനും' ഗുണമുള്ള ഒരു ആസനമാണിത്. ആന്തരികവും ബാഹ്യവുമായ അവയവങ്ങള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. രക്തശുദ്ധീകരണം, നട്ടെല്ലിന്റെ ആരോഗ്യം, മാനസിക പിരിമുറുക്കത്തിന് അറുതി മുതലായവ ഇതില്‍ പ്രധാനമാണ്.
മുഖത്തിന് രക്തയോട്ടം കൂടുന്നതിനാല്‍ മുഖതേജസ് വര്‍ധിക്കും. ശബ്ദസ്ഫുടത കൂടും. ദുസ്വപ്നം, ഭയം എന്നിവ ഇല്ലാതാകും.
ചെയ്യേണ്ട വിധം:
ആദ്യം വിപരീത കരണീമുദ്രയില്‍ നില്‍ക്കുക. ഇങ്ങനെ നിന്നുകൊണ്ട് കൈകള്‍ കുറച്ചു കൂടി ശരീരത്തിനെ മുകളിലേക്ക് തള്ളുക. (ചിത്രം ശ്രദ്ധിക്കുക) . ഉടല്‍ കുത്തനെ നില്‍ക്കും വിധം ഇതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ ആകുന്നു. ഇപ്പോള്‍ നിങ്ങളുടെ താടി, നെഞ്ചിനോട് ചേര്‍ന്ന്നില്‍ക്കുന്നു. ശേഷം സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക. ആദ്യപടി ഒരു മിനിറ്റിനു ശേഷം പടിപടിയായി സമയം ദീര്‍ഘിപ്പിച്ച് അഞ്ചുമിനിറ്റ് വരെയാക്കാം. തൈറോയിഡിന്റെ അസുഖക്കാര്‍ക്ക് ചില വൈദ്യന്മാര്‍ ഇത് നിര്‍ദേശിക്കാറുണ്ട്. (ഇത് ചെയ്യുന്നതിന്റെ മുന്‍പും ശേഷവും 'മത്സ്യാസനം' ചെയ്യുന്നത് വളരെ നല്ലതാണ്).
No comments:
Post a Comment