ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2020

മഹാമേരു

മഹാമേരു

ശ്രീ ചക്ര മഹാമേരു അല്ലെങ്കിൽ സുമേരു നിർമ്മിക്കുന്ന വിധിയെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചെറുതായി ഒന്ന് പരാമര്ശിക്കാം.
 
ശ്രീ ചക്ര മഹാമേരു എന്നാൽ, ശാക്തേയ തന്ത്ര സിദ്ധാന്തത്തിലെ മഹാ ത്രിപുരസുന്ദരി എന്ന ഭഗവതിയുടെ നിലയം ആയിട്ടാണ് കണക്കാക്കുന്നത്.
തന്ത്രശാസ്ത്രത്തില് ശൈവ, ശാക്തേയ, വൈഷ്ണവ, സൗര,  ഗാണപത്യ തന്ത്രങ്ങളിലെ ശാക്തേയ വിദ്യകളിലാണ് ഈ മഹാത്രിപുരസുന്ദരിയുടെ ഉപാസന പദ്ധതികൾ പറയുന്നത്. ഇതിൽത്തന്നെ ശ്രീകുലം, കാളീകുലം, താരാകുലം എന്ന് മൂന്ന് വേർതിരിവുകളുണ്ട്. ഇതിലെ ശ്രീകുല സമ്പ്രദായത്തിലാണ് ശ്രീചക്രം എന്ന ഭഗവതിയുടെ പീഠത്തെ,  അല്ലെങ്കിൽ ശരീരത്തെപ്പറ്റി പറയുന്നത്. ശ്രീചക്രം എന്നാൽ ശ്രീയുടെ ചക്രം. ശ്രീ എന്നാൽ ശിവൻ എന്നും ഐശ്വര്യം എന്നും ഭഗവതി എന്നും അർത്ഥമുണ്ട്. ശ്രീചക്രം എന്നാൽ പ്രപഞ്ചം തന്നെയാണ്. ഇതിൽ ഇല്ലാത്തതായി ഒന്നുമില്ല എന്ന് ശാസ്ത്രം. 

ശ്രീചക്ര നിർമാണത്തിന് ഭൂപ്രസ്താരം, മേരു പ്രസ്താരം, കൈലാസപ്രസ്താരം, കൂർമപ്രസ്താരം പാതാളപ്രസ്താരം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. ഇതിൽ മേരുപ്രസ്താരത്തിന്റെ നിർമാണ സമ്പ്രദായത്തെയാണ് ഇവിടെ  പറയുന്നത്.
 
തന്ത്രശാസ്ത്രത്തിലെ ത്രിപുരസുന്ദരീ വിധാനത്തെപ്പറയുന്ന ശ്രീവിദ്യാ സാധനാസപര്യാദി ഗ്രന്ഥങ്ങളിലൊക്കെയും ഇത് വളരെ വ്യക്തമായി  പരാമര്ശിക്കപ്പെടുന്നുണ്ട്. മേരു ചമയ്ക്കുന്നവർക്കും പൂജിക്കുന്നവർക്കും അതിനുള്ള യോഗ്യതകൾ വേണം എന്ന് ആ ശാസ്ത്രങ്ങൾ എല്ലാം പറയുന്നു.

ഈ മഹാമേരു നിര്മിക്കുന്നതിലേക്കു  ആദ്യം  ശക്തികൾ ഉണ്ടാകണം. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവ. മേരു വേണം എന്ന ഇച്ഛ,, സാധനസമ്പ്രദായത്തെപ്പറ്റി അറിയുവാനുള്ള ജ്ഞാനശക്തി,  മേരുവിലെ പൂജാപദ്ധതി ആയ ക്രിയാശക്തി.

മേരു ചമയ്ക്കുന്ന വ്യക്തി വിശ്വബ്രാഹ്മണനും  (വിശ്വകർമ്മ സമുദായം) ശ്രീവിദ്യാ  മന്ത്രദീക്ഷയുമുള്ള ഉത്തമഉപാസകനും ആയിരിക്കണം എന്ന നിയമമുണ്ട്. ഉത്തമദിവസം നോക്കിയാണ് മേരു നിർമാണത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കുന്നത്. 
ആർക്കുവേണ്ടിയാണോ മേരു നിർമ്മിക്കപ്പെടുന്നത് ആ വ്യക്തിയുടെ യോഗ്യത വളരെ പരീക്ഷിച്ചറിയേണ്ടതാണ് എന്നും പറയുന്നു. ഒരു വ്യക്തിയുടെ മറ്റൊരു ജന്മം തന്നെയാണ് മേരു. പ്രത്യേകം പ്രത്യേകം അളവിൽ  നിർമിക്കുന്ന മേരുവിന് പ്രത്യേകം ഉദ്ധേശശുദ്ധികൾ തന്നെയുണ്ട്.  സ്വർണം, വെള്ളി, ചെമ്പ്, പഞ്ചലോഹം എന്നീ ലോഹങ്ങളിലാണ് ഇത് നിര്മിക്കാറുള്ളത് എങ്കിലും വെങ്കലം (വെള്ളോട് )എന്ന ലോഹത്തിലാണ് ഇത് അധികവും ചെയ്ത് വരാറ് പതിവ്. പിത്തള അടക്കമുള്ള മറ്റു ലോഹങ്ങൾ വർജ്യം.
അല്പം ചില സ്ഥലങ്ങളിൽ ദാരുവിലും, ചില പഴയ ക്ഷേത്രങ്ങളിൽ ശിലയിലും ചെയ്ത് കണ്ടിട്ടുണ്ട്. 

ഉത്തമ ഗുരുക്കന്മാരിൽ നിന്നും അവരുടെ പാരമ്പര്യ രീതികളനുസരിച്ചു ദീക്ഷ ലഭിച്ച വ്യക്തികൾക്കുമാത്രമേ ഈ മഹാമേരുവിനെ പൂജിക്കുവാൻ അധികാരമുള്ളൂ എന്ന് ശാസ്ത്രങ്ങളിലും, ഗ്രന്ഥങ്ങളിലും പറയുന്നു. ഇതുതന്നെയാണ് പാരമ്പര്യ ക്രമവും.
ഒരു ശ്രീവിദ്യാ സാധകൻ  തന്റെ ഗുരുവിനോട് മഹാമേരുവിനുള്ള ഇച്ഛ അറിയിക്കുകയും,, ഈ ശിഷ്യനുവേണ്ട മഹാമേരുവിന്റെ സമ്പ്രദായങ്ങൾ എങ്ങിനെവേണമെന്നു ഗുരു തീരുമാനിക്കുകയും ചെയ്യുന്നു പ്രഥമ ഘട്ടത്തിൽ. ഇതു മേല്പറഞ്ഞ യോഗ്യതകളുള്ള ആചാര്യനെ അറിയിക്കുകയും, ആചാര്യമനസ്സിൽ രൂപമെടുക്കുന്ന മേരു ബീജാവാപം നടത്തി രൂപം പ്രാപിക്കണം, ആ രൂപം ആണ് മേരുവായി പരിണമിക്കാൻ. 

ബ്രഹ്മാണ്ഡമായിരിക്കുന്ന ഈപ്രപഞ്ചത്തെ പിണ്ഡാണ്ഡമായിരിക്കുന്ന താൻ അനുഭവിച്ചറിയുക എന്നുള്ളതാണ് മഹാമേരുവിന്റെ പൂജകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ. പൃഥ്‌വി,  അപ്പ്, വായു, തേജസ്‌, ആകാശം എന്ന പഞ്ചഭൂതാത്മകമായ പ്രക്രിയയിലൂടെയാണ് മേരു നിർമിക്കുന്നത്. ആചാര്യമനസിലെ മേരു മെഴുകിൽ ബീജമായ്‌ രൂപപ്പെടുന്നു. ഈ ബീജത്തെ (ഗർഭപാത്രത്തിലെശിശു) കരുവാക്കി പഞ്ചഭൂതതത്വങ്ങളിലൂടെ ഖരാവസ്ഥയിലുള്ള ലോഹത്തെ അഗ്നിശുദ്ധിയിലൂടെ ഉരുക്കി ദ്രവരൂപത്തിലാക്കി മൺകരുവിലേക്ക് ഒഴിക്കുന്നു. അതായത് മേരു കരുവിനുള്ളിൽ അഗ്നികുണ്ഡസംഭൂതമായി ജനിക്കുന്നു (ഒരു ശിശു ഗർഭപാത്രത്തിൽ രൂപമെടുത്തു പുറത്തുവരുന്ന രീതി) 

അടുത്തദിവസം രാവിലെ ഈ കരു പൊട്ടിച്ചു ആകാശതത്വവും, ഊർജ്ജപ്രവാഹകനും, സകലജീവന്റെയും കാരണഭൂതനും, നിയതിയുമായിരിക്കുന്ന സൂര്യനെ ആദ്യം കാണിക്കുന്നു.  സൂര്യന്റെ ദർശനത്താലും ശബ്ദ ഗുണത്താലും മേരു നാദസ്വരൂപമാകുന്നു. ഇങ്ങനെയുള്ള മേരു പലവിധ ഔഷധക്കൂട്ടിലും കഷയാദികളിലും കഴുകിയെടുക്കുന്നു. ശേഷം രാകി മിനുക്കിയെടുക്കുന്ന മേരു നാല്പാമരത്തൊലിയുടെ കഷായത്താലും കഴുകി ശുദ്ധിവരുത്തിയ ശേഷമാണ് സാധകനിലേക്ക് എത്തുന്നത്. 

ദൈർഘ്യവും, പ്രയത്‌നവുമുള്ള ഒരു പ്രക്രിയയാണ് വിധിപ്രകാരത്തിലുള്ള മേരു നിർമാണം. ആർക്കുവേണ്ടിയാണോ മേരു, ആ ആളിന്  ഗുരുവിൽ നിന്ന് അല്ലെങ്കിൽ ഉത്തമസാധകനായ ശില്പിയിൽനിന്ന് ഗുരു നിർദ്ദേശപ്രകാരം ലഭിക്കുന്ന മേരുവിലാണ് ഭഗവതിയെ ആവാഹിച്ച് പൂജിക്കുന്നത്, ഇന്ന് ഇതൊന്നുമറിയാതെ കടകളിൽനിന്നും മറ്റും അശുദ്ധലോഹങ്ങളിൽ വിധി അല്ലാത്ത അളവുകളിൽ കൃത്രിമരീതികളിൽ നിർമിക്കുന്ന മേരുവിന്റെ "രൂപങ്ങൾ" പലരും വാങ്ങുന്നു. ഇങ്ങനെയുള്ള മേരുവിൽ സങ്കല്പങ്ങളില്ല, ഭഗവതിയില്ല,  എന്ന് ഇവിടെ ശ്രദ്ധിക്കേണ്ടുന്ന വിഷയമാണ്. ഈ "രൂപങ്ങൾ" വെച്ച് പൂജിക്കുന്ന പലരും ദുരിതങ്ങൾ  അനുഭവിക്കുന്നതായും  അറിയുന്നു. 
               
പൊള്ളയായ മേരു പലയിടത്തും കണ്ടുവരുന്നു എന്നാൽ മഹാമേരു പൊള്ളയല്ല. മേരുവെന്നാൽ കൈലാസ പർവ്വതമെന്നും സാധകന്റെ ഉയർന്നബോധതലം എന്നും അർത്ഥം. മനുഷ്യന്റെ സ്ഥൂലശരീരവും, ഭഗവതിയുടെ പര, സൂക്ഷ്മ, സ്ഥൂല ശരീരകല്പനകളും തന്നെയാണ് മഹാമേരുവും. അതിനാൽ അത് പൊള്ളയല്ല. 

മഹാമേരുവിന്റെ എല്ലാ അളവുകളും എല്ലാവർക്കും യോജിച്ചതല്ല. ഗൃഹസ്ഥന്മാർക്കും, ബ്രഹ്മചാരികൾക്കും, സംന്യാസിമാർക്കും, വാനപ്രസ്ഥർക്കും, അവധൂതന്മാർക്കും ഒക്കെ മേരുവിൽ പൂജിക്കാം എന്ന് നിയമമുണ്ട്. ഇതിനെല്ലാം അളവുകളും, പൂജകളും, ലോഹങ്ങളും, സങ്കല്പങ്ങളും വ്യത്യസ്തങ്ങളാണ്. 

ഭഗവതി തന്നെ രഹസ്യമാണ്. ഭഗവതിയുടെ പര, സൂക്ഷ്മ, സ്ഥൂല ശരീരമായ മഹാമേരുവോ അതീവരഹസ്യവും. ഇതിന്റെ നിർമ്മാണ വിധികളും കണക്കുകളും ആചാര്യന്റെ സമ്പ്രദായത്തിൽ രഹസ്യാൽ രഹസ്യം തന്നെയാണ്. അതിനാൽ വിസ്താരഭയത്താൽ കൂടുതൽ പറയുന്നില്ല. 
                          
ഗുരുക്കൻ മാരിൽനിന്നോ മേരു നിർമിക്കുന്ന ഉത്തമ ആചാര്യന്മാരിൽനിന്നോ യോഗ്യത ഉണ്ടെങ്കിൽ  ഇത് ലഭിക്കും. ഇത്രയും ഇവിടെ വിവരിക്കുവാൻ കാരണം, മേൽ പറഞ്ഞ പോലെ ഇന്ന് പലവിധത്തിലുള്ള മേരു "രൂപങ്ങളും" കിട്ടുന്നു,  പല ഉദ്ദേശത്തോടുകൂടിയും വാങ്ങി പൂജിക്കുന്ന പലർക്കും ഇങ്ങനെയുള്ള സങ്കല്പങ്ങളില്ലാത്ത "രൂപങ്ങൾ "പൂജിക്കുന്നതിൽ അപാകതകളും ഭവിക്കുന്നുണ്ട്. 
                          
മേരു വില്പന മാത്രം ലക്ഷ്യമിടുന്ന ചില  ആശ്രമങ്ങളും, പ്രസ്ഥാനങ്ങളും, ഗുരുക്കന്മാരുമുണ്ട് (സദ്ഗുരുക്കന്മാർ ക്ഷമിക്കുക) ഈ പ്രസ്ഥാനങ്ങൾക്ക് ഏജന്റ്മാരും വലിയ പരസ്യങ്ങളും ഉണ്ട്. ഇവ കൂടുതലും പിത്തള എന്ന അശുദ്ധലോഹത്തിലും (പിത്തള വിഗ്രഹനിർമാണത്തിന് വർജ്യം) കൃത്യമല്ലാത്ത അളവിലും കിട്ടുന്നു. മേരുവിന്റെ അളവ് ഒരു സാധകന്റെ സമ്പ്രദായ, പൂജാവിധികൾ അനുസരിച്ച് ആകണം. ഇത് ഏറെ ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.
 
ശ്രീ മഹാ ത്രിപുരസുന്ദരിയേ നമഃ 

No comments:

Post a Comment