ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 August 2020

അഗദതന്ത്രം

അഗദതന്ത്രം

ആയുർവേദത്തിലെ വിഷചികിത്സാ വിഭാഗത്തെയാണ് അഗദതന്ത്രം എന്നു വിശേഷിപ്പിക്കുന്നത്.

അഷ്ടാംഗഹൃദയത്തിലെ
[1] ശല്യം
[2] ശലാക്യം
[3] കായചികിത്സ
[4] ഭൂതവിദ്യ
[5] കൌമാരഭൃത്യം
[6] അഗദതന്ത്രം 👈
[7] രസായനതന്ത്രം
[8] വാജീകരണതന്ത്രം
എന്നീ എട്ട് അംഗങ്ങളിൽ ആറാമത്തേതാണിത്.

അഗദജം എന്ന പദത്തിന്റെ അർത്ഥം ഗദ (രോഗ) ത്തെ ഇല്ലാതാക്കുന്നത്, അതായത് ഔഷധം എന്നാണ്. (നാസ്തി ഗദോ അസ്മാദ് അനേന വാ), ഗദം എന്ന ശബ്ദത്തിന് രോഗമെന്നാണു പ്രസിദ്ധാർഥമെങ്കിലും അത് വിഷശബ്ദത്തിന്റെ പര്യായവുമാണ് (രാജനിഘണ്ടു). ജന്തുക്കൾ, സസ്യങ്ങൾ, ധാതുദ്രവ്യങ്ങൾ എന്നിവ വഴിയും മറ്റു പല പ്രകാരത്തിലും ജീവികളിൽ വിഷബാധയുണ്ടായാൽ അവയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാവിധികളെയും പ്രതിപാദിക്കുന്നതാണ് ഈ തന്ത്രം. അഗദതന്ത്രം നാമ സർപ്പകീടലൂതാ മൂഷികാദിദഷ്ട വിഷജ്ഞാനാർഥം വിവിധവിഷസംയോഗോപശമനാർഥം ച എന്നു സുശ്രുതൻ (സൂ. അ. 1/14) ഈ തന്ത്രത്തിന്റെ ഉദ്ദേശ്യം എടുത്തു പറഞ്ഞിരിക്കുന്നു. ആയുർവേദത്തിലെ പ്രാമാണിക മൂലഗ്രന്ഥങ്ങളായ സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, ഹാരീതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, വാസവരാജീയം, ശാർങ്ഗധരസംഹിത എന്നിവയിലെല്ലാം ഈ തന്ത്രം ഉൾപ്പെട്ടു കാണാം. സുശ്രുതത്തിലെ കല്പസ്ഥാനം മുഴുവൻ, ചരകം ചികിത്സാ സ്ഥാനത്തിലെ 23-ം അധ്യായം, അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രത്തിൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങൾ അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തിൽ 35 മുതൽ 38 വരെയുള്ള അധ്യായങ്ങൾ, ഹാരീതസംഹിത മൂന്നാം സ്ഥാനത്തിൽ 53-ം അധ്യായം, ഭാവപ്രകാശം ചികിത്സാസ്ഥാനം 57-ം അധ്യായം, വാസവരാജീയത്തിൽ 21-ഉം, 22-ഉം പ്രകരണങ്ങൾ ഇവയെല്ലാം അഗദതന്ത്രപ്രതിപാദകങ്ങളാണ്.

ഈ പ്രമാണിക ഗ്രന്ഥങ്ങളിൽ അഷ്ടാംഗഹൃദയത്തിലെ അഗദതന്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സാരീതിക്കാണ് കേരളത്തിൽ അധികം പ്രചാരമുള്ളത്. ഇതിനുപുറമേ, അഗദതന്ത്രത്തെ മാത്രം പുരസ്കരിച്ചുള്ള നാരായണീയം, സാരസംഗ്രഹം, ഉഡ്ഡീശം, ഉൽപ്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, ജ്യോത്സ്നിക, ചന്ദ്രിക, ചിത്രാരൂഢം, പ്രയോഗസമുച്ചയം, വിഷവൈദ്യപ്രവേശിക, സർവഗരളപ്രമോചനം, ഗൌളീശാസ്ത്രം, കാലവഞ്ചനം എന്നീ മലയാള ഗ്രന്ഥങ്ങളും തമിഴ്പ്പടി എന്ന തമിഴ് കൃതിയും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇവയിൽ സംസ്കൃത ഗ്രന്ഥങ്ങൾ മുഴുവൻ കേരളീയർതന്നെ നിർമിച്ചതാണെന്നു പറഞ്ഞുകൂടാ.

No comments:

Post a Comment