ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 August 2020

പഞ്ചാരി - ചമ്പ - ചെമ്പട

പഞ്ചാരി - ചമ്പ - ചെമ്പട

ചെണ്ടയും, വലന്തലയും, ഇലത്താളവും, കൊമ്പും, കുറുംകുഴലും ചേർന്നൊരു വാദ്യ വിസ്മയം. പതിനെട്ട് വാദ്യങ്ങളിലും കേമനാണല്ലോ ചെണ്ട എന്ന വാദ്യം. ആ ചെണ്ടയുടെ പ്രമാണിത്തത്തിലുള്ള മേളങ്ങളാവട്ടേ ബഹുകേമവും. വാദ്യങ്ങളുടെ പ്രയോഗത്തിൽ മനോധർമ്മങ്ങളേക്കാൾ, ഏതൊക്കെ, എപ്പോൾ, എങ്ങനെ എന്ന് ചിട്ടപ്പെടുത്തി ക്രമീകരിച്ചിരിക്കുന്ന ഈ മേളങ്ങളിലെല്ലാം ആസ്വാദകരേക്കാൾ അദ്ഭുതം ജനിപ്പിക്കുന്നത് അത് പ്രയോഗിക്കുന്നവർക്കാണ്.
ചെണ്ടയിൽ കാലമിട്ട് തുടങ്ങി വലന്തലയും ഇലത്താളവുമായി ചേർന്ന് താളവട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ അവിടം മുതൽ കുറുംകുഴലിൽ താളവട്ടം ഊതുന്നു. താളവട്ടത്തിനവസാനം കലാശത്തിന് സിഗ്നൽ കാണിക്കുന്നതും കുഴൽ പ്രമാണിയാണ്. പതികാലത്തിൽ 16 അക്ഷരകാലത്തിലും, മറ്റു കാലങ്ങളിൽ 8 അക്ഷരകാലത്തിലും  ഇടക്കലാശങ്ങൾ കൊട്ടി തുടർന്ന് ഒന്നോ രണ്ടോ താളവട്ടങ്ങൾ കൊമ്പ് ഊതുന്നു. ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്കുള്ള മാറ്റക്കലാശം 16 അക്ഷരകാലത്തിലുള്ളതാണ്. ഇങ്ങനെ പോകുന്നു മേളത്തിൽ വാദ്യങ്ങളുടെ പ്രകടനക്രിയകൾ. ഇത്തരത്തിൽ വ്യത്യസ്ത വാദ്യങ്ങൾ ചിട്ടയോടെ ക്രമീകരിച്ച് പ്രയോഗിക്കുന്നതിന് സാധ്യമാവുന്നത് ഈ മേളങ്ങളുടെ കൃത്യതയാർന്ന താളഘടനയാണ്.

മേള രാജാവായ പഞ്ചാരിയും, അതേ താളഘടനയിൽ ചില വ്യത്യാസങ്ങൾ വരുത്തി ചിട്ടപ്പെടുത്തിയതുപോലെ തോന്നുന്ന ചമ്പയും, ചെമ്പടയും ഒരു താരതമ്യ പഠനത്തിനെടുത്തു നോക്കി. പഞ്ചാരിയിൽ നിന്ന് ചമ്പയും, ചെമ്പടയും ഉണ്ടായതാണോ, ചെമ്പടയിൽ നിന്ന് ചമ്പയും, പഞ്ചാരിയും ഉണ്ടായതാണോ അതോ ഇനി ചമ്പയിൽ നിന്ന് ഇവ രണ്ടും വേർപിരിഞ്ഞതാണോ എന്നൊന്നും വ്യക്തമായി പറയാൻ സാധിക്കില്ലെങ്കിലും ഒന്ന് ഉറപ്പാണ്. ഈ മൂന്ന് മേളങ്ങളും "ഒരമ്മ പെറ്റ മൂന്ന് മക്കളേപ്പോലെയാണ്".

പഞ്ചാരിമേളത്തിൽ അഞ്ച് കാലങ്ങൾ യഥാക്രമം 96, 48, 24,12, 6 എന്നീ അക്ഷരകാല ക്രമത്തിലും,
ചമ്പമേളത്തിൽ നാല് കാലങ്ങൾ യഥാക്രമം 80, 40, 20, 10 എന്നീ ക്രമത്തിലും,
ചെമ്പടമേളത്തിൽ നാല് കാലങ്ങൾ യഥാക്രമം 64, 32, 16, 8 എന്നീ ക്രമത്തിലും ആണ് ഈ താളഘടനകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പടക്കണക്കിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മേളങ്ങളിൽ ഏതൊരു മേളത്തിലേയും പോലെ തന്നെ സവിശേഷമായൊരു ജ്യോമട്രിക് സംവിധാനം കാണാൻ കഴിയും. എന്നാൽ മറ്റു മേളങ്ങളിൽ നിന്ന് ഈ മൂന്ന് മേളങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. ഒരു മേളത്തിൽ നിന്ന് മറ്റൊരു മേളത്തിലേക്ക് നോക്കിപ്പോകുമ്പോളും ചെമ്പടക്കണക്കുകളുടെ കൃത്യമായുള്ള ഒരു വ്യവകലനം ഇതേ പോലെ കാണാൻ സാധിക്കും.

അക്ഷരകാലങ്ങൾ                                
                                    കാലങ്ങൾ
                 ഒന്ന്   രണ്ട്    മൂന്ന്   നാല്   അഞ്ച്
പഞ്ചാരി   96       48       24       12         6

ചമ്പ          80       40       20       10          -

ചെമ്പട     64       32       16         8           -

ചെമ്പടവട്ടങ്ങൾ                                
                                    കാലങ്ങൾ
                 ഒന്ന്   രണ്ട്    മൂന്ന്   നാല്    അഞ്ച്
പഞ്ചാരി 12x8   6x8     3x8    1.5x8    0.75x8

ചമ്പ        10x8   5x8     2.5x8 1.25x8      -

ചെമ്പട     8x8    4x8     2x8      1x8          -

ഓരോ മേളത്തിലേയും അക്ഷരകാലങ്ങളിലെ വ്യത്യാസങ്ങൾ.                           
                                    കാലങ്ങൾ
                 ഒന്ന്   രണ്ട്    മൂന്ന്   നാല്   അഞ്ച്
പഞ്ചാരി   96       48       24       12         6

കുറവ്!     16         8         4          2   

ചമ്പ          80       40       20       10          -

കുറവ്!     16         8         4          2   

ചെമ്പട     64       32       16         8           -

ഉദാഹരണം: താളവട്ടം (പതികാലം മാത്രം)

     പഞ്ചാരി(96)    ചമ്പ(80)         ചെമ്പട(64)
1.  x x x x x x x     x x x x x x x     x x x x x x x
     x x x                  x x x                 x x x
     x x x                  x x x                 x x x
     x x x                  x x x                 x x x
     x x x                  x x x                 x x x
    x x x x 0 0 0    x x x x 0 0 0     x x x x 0 0 0
2. x x x x x x x     x x x x x x x     x x x x x x x
    x x x x 0 0 0    x x x x 0 0 0     x x x x 0 0 0
    x x x x x x x     x x x x x x x    
    x x x x 0 0 0    x x x x 0 0 0    
    x x x x x x x                             
    x x x x 0 0 0                      
3.16 അക്ഷര     16 അക്ഷര       16 അക്ഷര
    കാലം തീറ്       കാലം തീറ്        കാലം തീറ് 

1.മുഖം, 2.മധ്യം, 3.തീറ് എന്ന രീതിയിൽ കണക്കാക്കി വരുമ്പോൾ മധ്യത്തിൽ ഓരോ ജോടി ചെമ്പടവട്ടം (2x8=16) ഓരോ മേളങ്ങളിലേക്കും കുറഞ്ഞു വരുന്നതായി കാണാം.
ഇതേ പോലെ രണ്ടാം കാലത്തിൽ ഒരു ചെമ്പട(1x8=8), 
മൂന്നാം കാലത്തിൽ അര ചെമ്പട  (½ x8=4),      
നാലാം കാലത്തിൽ കാൽ ചെമ്പട(¼ x8=2)
ഇങ്ങനെ വളരെ കൃത്യമായ, ഉജ്ജ്വലമായ ഒരു ചിട്ടപ്പെടുത്തൽ കാണാം.

വാദ്യകലാകാരന്മാർക്ക് ഇത് ഒരു പുതിയ അറിവായിരിക്കില്ല. എന്നിരുന്നാലും, കേരളീയ വാദ്യകലകളേക്കുറിച്ചുള്ള കൂടുതൽ അറിവുകളുടെ ഈ അഭൗമ തേജസ്സ് ആസ്വാദകരിലേക്കും പകർന്നു നൽകാൻ കാരണഭൂതമാവട്ടെ എന്ന പ്രാർത്ഥനയോടെ....
   

മാരാർജി രാമപുരം✍️

No comments:

Post a Comment