ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2020

യോഗയുടെ ഗുണങ്ങള്‍ - 2

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 2

യോഗയുടെ ഗുണങ്ങള്‍

നാം ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ രുചിയും വൃത്തിയുമല്ലാതെ , ഇതാര് പാകം ചെയ്തു? വസ്തുക്കള്‍ എവിടന്നു കിട്ടി? ഏതെല്ലാം ചേരുവകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്നൊന്നും ചിന്തിക്കാറില്ല എന്നത് പോലെതന്നെ,  നാം സാധാരണ യോഗ ചെയ്യുമ്പോഴും ശരീരം എങ്ങനെ സംരക്ഷിക്കാമെന്നതിലുപരി ഇതിന്‍റെ ചരിത്ര, നിയോഗ, നിബന്ധനകളോ ശാസ്ത്രമോ തിരക്കാന്‍ മിനക്കെടാറില്ല. ഇതെല്ലാം വളരെ വിപുലമായ വിവരങ്ങളായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസവുമാണ്. എന്നാല്‍ നാമമാത്രമെങ്കിലും പരാമര്‍ശിക്കപ്പെടാതിരിക്കുന്നത് ന്യായവുമല്ല.

കാലഘട്ടത്തിനനുകൂലമായി പല പല യോഗീവര്യന്മാരില്‍ നിന്നും നിര്‍മ്മിതമായ ശാസ്ത്രശാഖയാണ് യോഗ. ഒരു വ്യക്തിയുടെ കണ്ടെത്തലല്ല എന്ന് സാരം. ഇവയുടെ സമാഹരണം നടന്നത് ക്രിസ്തുവിനും വളരെ മുന്‍പ്‌ പതഞ്‌ജലി എന്ന യോഗി തയ്യാറാക്കിയ 'അഷ്ടാംഗയോഗം ' എന്ന ഗ്രന്ഥത്തോടെയാണ്. യോഗ എന്ന വാക്കിന് ഐക്യം, യോജിപ്പ് എന്നൊക്കെയാണ് അര്‍ഥം.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ടു ഘടകങ്ങള്‍ അടങ്ങിയതാണ് അഷ്ടാംഗയോഗം. ഇതില്‍ ആസനത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ആസനത്തില്‍ തന്നെ ധ്യാനാസനം, ശരീര ആരോഗ്യ വര്‍ധന വ്യായാമങ്ങള്‍ എന്നീ രണ്ടു വിധമുണ്ട്.

ഭക്ഷണ നിയന്ത്രണം :

ഭക്ഷണനിയന്ത്രണം യോഗയില്‍ പരമപ്രധാനമാണ്. ഉദരമാണ് സര്‍വ്വരോഗങ്ങളുടെയും കേന്ദ്രബിന്ദു എന്ന് പറയാറുണ്ടല്ലോ.

ഏകഭുക്തം മഹായോഗി

ദ്വി ഭുക്തം മഹാഭോഗി

ത്രിഭുക്തം മഹാ രോഗി

ചതുര്‍ ഭുക്തം മഹാദ്രോഹി

പഞ്ച ഭുക്തം മഹാപാപി

എന്നാണല്ലോ തത്വം. ഈ അഞ്ചു 'മഹാന്മാരില്‍' നാമെവിടെ നില്‍ക്കുന്നു എന്ന് സ്വയം ഒരു വിലയിരുത്തല്‍ നന്നായിരിക്കും. കഴിഞ്ഞുപോയ തലമുറയ്ക്ക് , വിശപ്പ് എങ്ങനെ അകറ്റും എന്നതായിരുന്നു ചിന്ത. എന്നാല്‍ ഇന്നത്‌, എങ്ങനെ പെട്ടെന്ന് വിശക്കാം എന്നതായിരിക്കുന്നു നമ്മുടെ ആലോചനകള്‍ മുഴുവന്‍! ഭക്ഷണത്തില്‍ അല്‍പനിയന്ത്രണം പോലുമില്ലാതെ യോഗയ്ക്ക് തയ്യാറെടുക്കുന്നത് ബുദ്ധിയല്ല.

നിബന്ധനകള്‍:

- ശുദ്ധവായു ലഭിക്കുന്ന വൃത്തിയുള്ള സ്ഥലമായിരിക്കണം യോഗയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നത്.

- വെറും തറ ആകാതെ , അല്പം മൃദുവായ പായയിലോ ഷീറ്റിലോ കാര്‍പെറ്റിലോ വച്ചായിരിക്കണം യോഗ ചെയ്യേണ്ടത്.

- ലളിതം, മധ്യമം, വിഷമം എന്നീ രൂപത്തിലായിരിക്കണം ആസനങ്ങള്‍ ചെയ്യേണ്ടത്. ആദ്യമേ വിഷമാസനങ്ങള്‍ പാടില്ല എന്ന് ചുരുക്കം.

- യോഗയുടെ കൂടെ മറ്റു അഭ്യാസങ്ങള്‍ (ജിംനേഷ്യം , കരാട്ടെ...മുതലായവ) ചെയ്യാന്‍ പാടില്ല. സമയം മാറ്റി ചെയ്യാവുന്നതാണ്.

- വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും യോഗ ചെയ്യരുത്. ഒഴിഞ്ഞ വയറാണ്  ഏറ്റവും നല്ലത്.

- തിടുക്കം പാടില്ല. സാവധാനം ശ്രദ്ധയോടെ ക്ഷമയോടെ ചെയ്യുക.

- യോഗ ചെയ്യുമ്പോള്‍ പതിവായി തന്നെ ചെയ്യുക (രോഗം, ഗര്‍ഭം, ആര്‍ത്തവം എന്നീ അവസ്ഥയില്‍ ഒഴിവാക്കാവുന്നതാണ്).

- മദ്യപാനം, പുകവലി മുതലായവ ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കില്ല.

- ചുരുങ്ങിയത് ദിനേന അരമണിക്കൂര്‍ എങ്കിലും ചെയ്യുക.

- അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പുരുഷന്മാര്‍ക്ക് ബര്മുടയോ (ഉള്ളില്‍ ലങ്കൊട്ടിയോ ജെട്ടിയോ നിര്‍ബന്ധം) ധരിക്കുക. സ്ത്രീകള്‍ അയഞ്ഞ ചുരിദാറോ മറ്റോ  ധരിച്ചിരിക്കണം .

- പ്രാര്‍ഥനയോടെ ദിവസവും യോഗ ആരംഭിക്കുന്നത് മാനസിക ഉത്തേജനത്തിന് ഉത്തമമാണ്.

- ദിവസവും ആദ്യപടിയായി 'ശ്വസനക്രിയ' (warmup) വളരെ ഉത്തമമാണ്. ശ്വാസകോശത്തിന്റെ ശക്തിവര്‍ധിപ്പിച്ച് യോഗാസനങ്ങള്‍ ചെയ്യാനുള്ള താല്പര്യവും ഉന്മേഷവും ഇത് അധികരിപ്പിക്കുന്നു.

ശ്വസനക്രിയ ചെയ്യുന്ന രീതി:

കാലുകള്‍ ഒന്നര അടിയോളം അകറ്റിനിന്ന് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നുനില്‍ക്കുക. ദീര്‍ഘശ്വാസം ഉള്ളിലേക്കെടുത്ത്കൊണ്ട് കൈകള്‍ ചെവികള്‍ക്കടുപ്പിച്ചു നേരെ മേലെക്കുയര്‍ത്തുക. കുറച്ചു സമയത്തിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്തന്നെ കൈകള്‍ സാവധാനം താഴേക്ക്‌ കൊണ്ട് വരിക. ഇങ്ങനെ പത്തു പ്രാവശ്യം ആവര്‍ത്തിക്കുക.

ആസനങ്ങളും മുദ്രകളും അനേകമുണ്ട് . തിരക്ക് പിടിച്ച നമ്മുടെ ഓട്ടപ്പാച്ചിലിനിടയില്‍ അത് മുഴുവന്‍ പ്രയോഗവല്‍ക്കരിക്കുക അതീവശ്രമകരമാണ്. തികഞ്ഞ ഗൌരവത്തിലോ  തൊഴില്‍പരമായോ  ( Professionally) അതിനെ സമീപിക്കുന്നവര്‍ക്ക്  മാത്രമേ അത് മുഴുവനായി തുടര്‍ന്ന് കൊണ്ടുപോകാനാവൂ.  അതിനാല്‍ പ്രധാനപ്പെട്ട അല്പം ആസനങ്ങള്‍ മാത്രമേ ഇതില്‍ പ്രതിപാദിക്കുന്നുള്ളൂ . അവ ചെയ്തു ശീലിച്ചാല്‍ തന്നെ അസൂയാര്‍ഹമായ മാറ്റം നിങ്ങളില്‍ പ്രകടമാവുന്നതാണ്.

No comments:

Post a Comment