ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 August 2020

കിണ്ടിയുടെ പ്രാധാന്യം

കിണ്ടിയുടെ പ്രാധാന്യം

ജലവും പാനീയങ്ങളും പകരുന്നതിന്‌ ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന പള്ളയിൽ ഒരു കുഴലുള്ള പാത്രമാണ് കിണ്ടി. കീഴ്ഭാഗത്തേതിനേക്കാൾ വിസ്തൃതി കുറഞ്ഞ വായ, ജലം കുറഞ്ഞ അളവിൽ ഒഴിച്ചുകളയാൻ പാകത്തിലുള്ള വാൽ എന്നു വിളിക്കുന്ന കുഴൽ എന്നിവ ഈ പാത്രത്തിന്റെ പ്രത്യേകതയാണ്‌. വെള്ളോട്, ചെമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ കിണ്ടിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കിണ്ടികളും ഇക്കാലത്ത് കണ്ടു വരുന്നു. കിണ്ടിയുടെ   നിത്യോപയോഗം ഇക്കാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഹിന്ദുമതവിശ്വാസികളുടെ ഇടയിൽ ആചാരപരമായ പ്രാധാന്യം ഈ പാത്രത്തിനുണ്ട്. പൂജകൾക്കും മറ്റു മതപരമായ ചടങ്ങുകളിലും ഇത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.

പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം. പാരമ്പര്യമൂശാരിമാർ ഉണ്ടാക്കുന്ന പാത്രങ്ങൾ,  വിഗ്രഹങ്ങൾ ഇവ എല്ലാം ലഭ്യം ആണ് . നമ്പൂതിരിമാർക്ക് പ്രത്യേകം കിണ്ടിയും പൂജാ പാത്രവും ഉണ്ടാക്കി തരും. കിണ്ടി ഗജപ്രിഷ്ഠം സ്റ്റൈൽ ലക്ഷണം ഒത്തത് ആയിരിക്കും. ഇതിനെ കുഞ്ഞിമംഗലം കിണ്ടി എന്ന പേരിൽ അറിയപ്പെടുന്നു.

കിണ്ടിയേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 

ഇത് എന്താപ്പൊ ഇത്ര ചിന്തിക്കാൻ ഉള്ളത്ന്നല്ലേ? ഉണ്ട് കിണ്ടിയുടെ രൂപവും കിണ്ടി നൽകുന്ന സന്ദേശവും വലുതാണ്! 
                  
പഴയകാലങ്ങളിൽ വീടുകളുടെ ഉമ്മറത്തിണ്ണയിൽ കിണ്ടി നിറസാന്നിദ്ധ്യമായിരുന്നു! പുറത്തു പോയി വരുന്നവർക്ക് അംഗശുദ്ധിവരുത്തി ജലത്തിൻ്റെ ദുർവിനിയോഗം പരമാവധി ചുരുക്കി ശരീരത്തിൻ്റെ ലക്ഷ്യസ്ഥാനത്ത് മാത്രം ജലം എത്തിക്കാൻ ഏറെ ഉപകരിക്കുന്നതിനാണ് കിണ്ടി ഉപയോഗിച്ചിരുന്നത്!
                    
എന്നാൽ ഇക്കാലത്തും ഹൈന്ദവീക പൂജാ ഉപകരണങ്ങളിൽ നിറസാന്നിദ്ധ്യമാണ് കിണ്ടി! കിണ്ടിയുടെ രൂപത്തിൻ്റെ യുക്തിയുടെ തലവും, ആത്മീയതലവും നമ്മുടെ ജീവിതവുമായും വളരെയേറെ സന്ദേശം നൽകാൻ കഴിയും! കേരളീയ തന്ത്രശാസ്ത്രത്തിൽ മാത്രമേ ഏറെയും കിണ്ടി ഉപയോഗിച്ച് വരുന്നുള്ളൂ അന്യസംസ്ഥാനങ്ങളിലേറെയും പഞ്ചപാത്രവും ഉദ്ധരണിയുമാണ് കിണ്ടിയ്ക്ക് പകരം ഉപയോഗിക്കുന്നത്.

കിണ്ടിയുടെ മുകളിലേക്ക് ഉയർന്നു നിൽക്കുന്ന പൈപ്പിനെ. മുരൽ അല്ലെങ്കിൽ വാല് എന്നാണ് പറയുന്നത്! ഇതിൻ്റെ തുടക്കം കിണ്ടിയുടെ അടിഭാഗത്തു നിന്നായതുകൊണ്ട് അടിഭാഗത്തുള്ള ശുദ്ധജലം ആണ് മുകളിലേക്ക് വരുക. കിണ്ടിയിൽ നിന്നും ജലം അർപ്പിക്കുമ്പോൾ, കിണ്ടിയിൽ ഉള്ള ജലത്തിൽ പാറിക്കിടക്കുന്ന പൂജാപുഷ്പങ്ങളും മറ്റും കിണ്ടിയിൽ നിന്ന് പുറത്തു പോകാതിരിക്കാൻ ഇത് ഏറെ ഉപകരിക്കുന്നു!
                       
തന്ത്രശാസ്ത്രത്തിലും, യോഗശാസ്ത്രത്തിലും, ആധുനിക മനശ്ശാസ്ത്രത്തിലും പറയുന്നു കിണ്ടിയുടെ അടിഭാഗത്തേപ്പോലെ മനുഷ്യൻ്റെ വയറിനുതാഴെ കുണ്ഡലിനി എന്ന് പേരുള്ള ഒരു പ്രത്യേക സ്ഥലത്താണ് കുണ്ഡലിനീശക്തി അഥവാ ഉപബോധമനസ്സിൻ്റെ തുടക്കം. നിത്യസാധനയിലൂടെ ശക്തിയാർജ്ജിച്ച് കുണ്ഡലിനിയ്ക്കു മുകളിലുള്ള 6 ചക്രങ്ങളിലൂടെ തലയിലുള്ള സഹസ്രാര പത്മത്തിലെത്തുമ്പോഴാണ് താൽക്കാലികമായി ആ വ്യക്തിയുടെ മനസ്സിന് മാറ്റം വരുന്നത്. ഇതാണ് എണീച്ചു നടക്കാൻ പോലുമാവാത്ത വയസ്സൻ  വെളിച്ചപ്പാടുകൾ എനർജറ്റിക്കായി ഉറഞ്ഞു തുള്ളുന്നതിൻ്റെ ഗുട്ടൺസ്.
                   
പഴമക്കാർ പറയും താഴ്ന്നിടത്തേ എന്നും വെള്ളം നിൽക്കൂ എന്ന്! കിണ്ടിയുടെ താഴ്ഭാഗത്ത് കെട്ടിക്കിടക്കുന്ന ജലം പോലെ നമ്മുടെ ചെറുപ്പകാലത്ത് നാം കണ്ട പലവിധ അനുഭവങ്ങൾ   കിണ്ടിയുടെ മുരൽ (പൈപ്പ്) എന്നതിനോടുപമിക്കാവുന്ന പോലെ നമ്മുടെ വളർച്ചയിലൂടെ മുകളിലെത്തുമ്പോഴാണ് ഒരു വ്യക്തി ആ വ്യക്തിയുടെ വ്യക്തിത്വത്തിനും ഉടമയാവുന്നത്.

ഉപയോഗം

കിണ്ടിക്ക് വളരെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുറത്തുനിന്നും ഗൃഹത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരാൾക്ക് കൈകാൽ കഴുകി ശുദ്ധമാകാനുള്ള ജലം സൂക്ഷിച്ചു വെയ്ക്കുകയാണ് കിണ്ടിയുടെ ഏറ്റവും സാധാരണമായ ഉപയോഗം. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിച്ചു വരുന്ന ഒരു ചെറിയ ജലപാത്രമാണ്‌ കിണ്ടി. ഹൈന്ദവ പൂജകളും വിശ്വാസങ്ങളുമായി ബന്ധമുള്ള ഒരുപകരണമായതിനാൽ എല്ലാ മലയാളി ഹിന്ദു ഗൃഹങ്ങളിലും കിണ്ടി ഉണ്ടായിരിക്കും. ഇടത്തു കിണ്ടി , വലത്ത് കിണ്ടി, പവിത്രക്കിണ്ടി എന്നിങ്ങനെ മലയാള ആരാധനാ പദ്ധതിയിൽ പരാമർശിക്കപ്പെടുന്നു. എല്ലാ മലയാളി വീടുകളിലും പൊതുവെ കാണുമെങ്കിലും ഹിന്ദുക്കളുടെ ഇടയിലാണ്‌ കിണ്ടി ഒഴിച്ചുകൂടാത്ത ഗൃഹോപകരണമായി സൂക്ഷിക്കാറുള്ളത്. പഴയ മുസ്ലിം തറവാടുകളിലും ഉമ്മറത്തിണ്ണയിൽ ഒന്നോ രണ്ടൊ കിണ്ടികളിൽ വെള്ളം നിറച്ച് വെക്കാറുണ്ട്. ക്ഷേത്രങ്ങളിൽ പൂജക്കുള്ള ജലം കൈകാര്യം ചെയ്യാൻ കിണ്ടി ഉപയോഗിക്കുന്നു. ശ്രീകോവിലിനുള്ളിൽ ജലം നിറച്ച കിണ്ടികൾ സൂക്ഷിക്കും. ഹിന്ദു വിവാഹ വേദികളിലും കിണ്ടി അവശ്യഘടകമാണ്‌. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരുമ്പോൾ മുന്നിൽ നടക്കുന്നവരുടെ കയ്യിൽ ജലം നിറച്ച കിണ്ടി , കത്തിച്ച നിലവിളക്ക് എന്നിവ ഉണ്ടാകും. ഹിന്ദുക്കളുടെ ബലിതർപ്പണം നടത്താനും, ശവസംസ്കാര ചടങ്ങുകളിലും കിണ്ടി ഉപയോഗിക്കുന്നു. വീടുകളിൽ പൂജാമുറിയിൽ കിണ്ടി നിത്യേന ജലം നിറച്ച് വെക്കണമെന്നാണ്‌ വിശ്വാസം. ജീവനും ജലവും ശാസ്ത്രീയമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, ഉറങ്ങുമ്പോഴും ജലസാന്നിധ്യം സമീപത്തുണ്ടാകണമെന്ന പഴമക്കാരുടെ കാഴ്ചപ്പാടാകാം ഇതിനു കാരണം. പഴയ തറവാടുകളിലെല്ലാം കിണ്ടികളിൽ ജലം നിറച്ച് പുറത്ത് അതിഥികൾക്ക് ഉപയോഗിക്കാനായി സൂക്ഷിക്കാറുണ്ട്. വീട്ടിലെത്തുന്നവർ ഈ ജലത്താൽ കാലും മുഖവും കഴുകി ശുദ്ധി വരുത്തി മാത്രമേ വീട്ടിൽ കയറാറുള്ളു. വിവാഹത്തിനായി എത്തുന്ന വരനെ, വധുവിന്റെ ബന്ധു കിണ്ടിജലത്താൽ കാൽ കഴുകിക്കുന്ന ചടങ്ങുണ്ട്. ഹിന്ദുപൂജകൾ, ഹോമങ്ങൾ എന്നിവയിൽ കിണ്ടി ഒരു പുണ്യോപകരണമായി ഉപയോഗിക്കുന്നു.

മൊത്തത്തിൽ പറഞ്ഞാൽ കിണ്ടിയുടെ ഉപയോഗവും കിണ്ടിയുടെ രൂപവും ഒരു സംഭവം തന്നെയാണ്!

2 comments:

  1. എത്ര മഹത്തരം ഹൈന്ദവ ദർശനം

    ReplyDelete