വാസുകീ ശായിയായ മഹാദേവൻ
അനന്തശായിയായ മഹാവിഷ്ണു സങ്കൽപ്പം പോലെ വാസുകീശായിയായ ശിവ സങ്കൽപ്പത്തെക്കുറിച്ച് കേട്ടവരുണ്ടോ..? അങ്ങിനെയുമൊരു സങ്കൽപ്പമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ, അങ്ങിനെയൊന്ന് ഉണ്ട്.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഐതിഹ്യ വർണ്ണനയടങ്ങുന്ന ചെല്ലൂർനാഥോദയം ചമ്പു എന്ന മണിപ്രവാള ചമ്പു കാവ്യം നീലകണ്ഠ കവിയാൽ പതിനഞ്ചാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. മലയാളവും സംസ്കൃതവും ഇടകലർന്ന് രചിക്കുന്ന മദ്ധ്യകാല ശൈലിയാണ് മണിപ്രവാളങ്ങൾക്ക്. അത് പോലെ പദ്യവും ഗദ്യവും ചേർന്ന് ഉള്ള രചനകളെയാണ് ചമ്പു എന്ന് വിളിക്കുക. ചെല്ലൂർനാഥോദയം ഒരേ സമയം മണിപ്രവാളവും, ചമ്പുവും ആണ്. പൂർണ്ണത്രയീശ ക്ഷേത്ര ഐതിഹ്യങ്ങൾ ഉൾക്കൊള്ളിച്ച "ശ്രീ നാരായണീയം ചമ്പു'', വടക്കുന്നാഥ ക്ഷേത്ര ഐതിഹ്യങ്ങൾ അടങ്ങുന്ന "തെങ്കൈല നാഥോദയം ചമ്പു" എന്നീ കൃതികൾ ചെല്ലൂർ നാഥോദയത്തിന് ശേഷം നീലകണ്ഠ കവി രചിച്ച കൃതികളാണ്.
കടത്തനാട് ഉദയവർമ്മ രാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന കനകോദയം എന്ന മാസികയിലാണ് അത് വരെ എഴുത്തോല രൂപത്തിൽ കിടന്നിരുന്ന ചെല്ലൂർ നാഥോദയം ചമ്പു ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് 1940 ൽ വടക്കുംകൂർ രാജരാജവർമ്മയുടെ വ്യാഖ്യാന സഹിതം കൊച്ചി മലയാള ഭാഷാ പരിഷ്കരണ കമ്മറ്റി പ്രസ്തുത കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഈ കൃതി വിശദമായി പഠന വിധേയമാക്കിക്കൊണ്ട് PE കൃഷ്ണൻ നമ്പൂതിരി (Pek Namboothiri ) പുന:പ്രസിദ്ധീകരണം നടത്തിയത് അടുത്ത കാലത്താണ്.
ചെല്ലൂർനാഥൻ എന്നുമറിയപ്പെടുന്ന തളിപ്പറമ്പത്തപ്പന്റെ പ്രതിഷ്ഠാ എതിഹ്യം സംബന്ധിച്ച രചനയാണെങ്കിലും ക്ഷേത്രത്തിന്റെ നിർമ്മാണം സംബന്ധിച്ച നാട്ട് മൊഴികൾ, അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ഈ മഹാക്ഷേത്രത്തിന്റെ ഘടന എങ്ങിനെയായിരുന്നു തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട് പ്രസ്തുത ഗ്രന്ഥം.
"ചതുരാംഗതര ഭുജംഗ രാജ ഫണാ സഹസ്ര വിന്യസ്ത മസ്തകേന, ഘന പ്രണയ ഭരിത മുഗ്ദ്ധ സ്നിഗ്ദ്ധ നിഷ്പന്ദമന്ദാക്ഷ സാക്ഷീ വീക്ഷണാഞ്ചലായാ, വാങ്മനസാതി വൃത്തലാവണ്യ ലക്ഷ്മീ തരം ഗീതായാസ്സർവ്വമംഗലായാസ്സുമധുരോത്സംഗ നിഹിത പദപങ്കജേന, കോമളവാമകരകലിത താമരസേന നിഖില ദേവാസുര മുനി കിന്നരയക്ഷ സിദ്ധവിദ്യാധരനിഷേവിതേന, മുഖ്യതരാലേഖ്യരൂപേണ വാസുകീശായിനാസർവ്വ ജഗത്സ്വാമിനാ പർവ്വതാപത്യ ജീവതുനാ ച, "
തളിപ്പറമ്പ് ക്ഷേത്രത്തിൽ വാതിൽമാടത്തിലുണ്ടായിരുന്ന
വാസുകീ ശായിയായ മഹാദേവന്റെ ഒരു ചുവർ ചിത്രത്തെപ്പറ്റി പ്രസ്തുത ഗ്രന്ഥത്തിലെ ചില വിവരണങ്ങളാണ് മുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വരികൾ. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എവിടെയും ഇന്ന് ഇത്തരത്തിൽ വാസുകീ ശായിയായ മഹാദേവന്റെ ഒരു ചിത്രവും കാണാനില്ല. വാതിൽമാടം പല കോട്ട് വൈറ്റ് വാഷ് ചെയ്യപ്പെട്ട ഒരു ചുവരാണ് ഇന്ന്. ഈ ഗ്രന്ഥം വായിച്ച ഘട്ടത്തിൽ ഇങ്ങിനെ ഒരു ചിത്രത്തെക്കുറിച്ച് പ്രായമുള്ള പലരോടും ചോദിച്ചുവെങ്കിലും ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ ഒരു എൺപത് വയസിന് മുകളിലുള്ളവരിൽ ഒരാൾ പോലും ഇങ്ങിനെ ഒരു ചിത്രം കണ്ടതായി ഓർക്കുന്നുമില്ല. അതായത് ആ ചിത്രം നഷ്ടപ്പെട്ടിട്ട് തന്നെ ഒരു നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞുവെന്ന് ഉറപ്പ്.
പ്രസ്തുത ചിത്രം ഇനി കണ്ടു കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞ ഒരു ഘട്ടത്തിൽ ആ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിന് സമാനമായ സങ്കൽപ്പത്തിൽ മറ്റൊരു ക്ഷേത്രത്തിൽ അത് പോലെ ഒരു ചിത്രം കണ്ടപ്പോൾ വല്ലാത്തൊരു യാദൃശ്ചികതയാണ് എനിക്ക് തോന്നിയത്. കോഴിക്കോട് സാമൂതിരിപ്പാട് വക തിരുവണ്ണൂർ ശിവ ക്ഷേത്രത്തിൽ. പ്രസ്തുത ക്ഷേത്രത്തിന്റെ തെക്കേ വാതിൽമാടത്തിൽ വാസുകിശായിയായ മഹാദേവന്റെ ഒരു ചിത്രം. പൗരാണിക ചുവർ ചിത്രമൊന്നുമല്ല, ശിവശയനം എന്ന പേരിൽ 2015ൽ മാത്രം വരച്ച ഒരു സാധാരണ പെയ്ന്റിങ്ങ്. എന്നാൽ ചെല്ലൂർനാഥോദയത്തിൽ പറയുന്ന അതേ സങ്കൽപ്പങ്ങൾ എല്ലാം ഈ ചിത്രത്തിലും കാണാൻ സാധിച്ചു. ചിത്രകാരന്റെ പേരില്ലാത്തതിനാൽ കൂടുതൽ അന്വേഷിക്കാൻ സാധിച്ചുമില്ല…
No comments:
Post a Comment