ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2020

യോഗയുടെ ഗുണങ്ങള്‍ - 12

യോഗയുടെ ഗുണങ്ങള്‍

ഭാഗം - 12

വിവിധ യോഗാസനമുറകൾ

18. ശലഭാസനം

ഈ ആസനം ചെയ്യും നേരം ശലഭത്തിന്‍റെ രൂപത്തില്‍ ആകുന്നതു കൊണ്ടാണ് ഇതിനു ശലഭാസനം എന്ന് പറയുന്നത്. അരക്കെട്ടിന്‍റെയും കാലുകളുടെയും മസിലുകള്‍ക്ക് നല്ല വലിവ് ലഭിക്കുന്നതിനാല്‍ നല്ല ആകൃതിയും സൌന്ദര്യവും ലഭിക്കുന്നു. ഇടുപ്പ് വേദന കുറയുകയും വിശപ്പ്‌ കൂടുകയും ചെയ്യുന്നു. അജീര്‍ണ്ണം ശമിക്കുന്നു.

ചെയ്യേണ്ട വിധം :

കമിഴ്ന്നു കിടന്നു താടി തറയില്‍ തൊടുവിക്കുക. ചിത്രത്തില്‍ കാണുന്ന പോലെ കൈകള്‍ നീട്ടി വെക്കുക. ശ്വാസം അകത്തേക്ക് വലിച്ച് കൊണ്ട് ഒരു കാല്‍ പരമാവധി ഉയര്‍ത്തുക. ശേഷം സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക . മറ്റേ കാലും ഇവ്വിധം ആവര്‍ത്തിക്കുക. രണ്ടാം ഘട്ടമായി രണ്ട് കാലും ഒന്നിച്ചു ഉയര്‍ത്തുക. കൈകളില്‍ കഴിയുന്നതും ബലം കൊടുക്കാതിരിക്കുക.

(തറയില്‍ വിരിച്ച ഷീറ്റ് വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശ്വാസം വലിക്കുമ്പോള്‍ വാക്വം ക്ലീനര്‍ പോലെ ഉള്ളിലേക്ക് മാലിന്യം വലിച്ച് കയറ്റാന്‍ സാധ്യത ഉണ്ട്)

19. ധനുരാസനം:

'വില്ലിന്‍റെ ' രൂപത്തില്‍ ശരീരം വളയുന്നത് കൊണ്ടാണ് ഇതിനു ധനുരാസനം  എന്ന് വിളിക്കുന്നത്‌. ഈ ആസനം വഴി ഉദരപേശികള്‍ക്ക് ബലം വര്‍ധിച്ചു കുടവയര്‍ കുറക്കുകയും മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂട്ടുന്നു.

ചെയ്യേണ്ട വിധം:

ശലഭാസനത്തിലെ പോലെ കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി , ചിത്രത്തില്‍ കാണും പോലെ പിടിക്കുക. (കുടവയര്‍ ഉള്ളവര്‍ക്ക് ഇത് അല്പം പ്രയാസമായിരിക്കും. പരിശീലനം വഴി സാധ്യമാകും) ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് കൊണ്ട് കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക. ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക.

20. ബാണാസനം

ലൈംഗികക്ഷീണം മാറുന്നു. ഹെര്‍ണിയ ഇല്ലാതാകുന്നു. വയറിന്റെ കൊഴുപ്പ് കുറയുന്നു. വായുകോപം നശിക്കുന്നു. ഉന്മേഷവും ചുറുചുറുക്കും ലഭിക്കുന്നു.

ചെയ്യേണ്ട രീതി

കാലുകള്‍ നീട്ടി ഇരുന്ന് വലതു കാല്‍ പിന്നോട്ട് മടക്കി വച്ചതിനു ശേഷം മെല്ലെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടായുക.വലതു കാലിന്‍റെ ഉപ്പൂറ്റി ഗുഹ്യഭാഗത്തിനു അടിയിലായിരിക്കണം. കാല്‍ തറയില്‍ നിന്നുയരാതെ നെറ്റി ഇടതുകാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക. ഇനി അടുത്ത കാലും ഇങ്ങനെ ആവര്‍ത്തിക്കുക. ഓരോന്നും അഞ്ച് പ്രാവശ്യം ചെയ്യുക. ഇത് പൂര്‍ണ്ണ ബാണാസനം.


No comments:

Post a Comment