ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 August 2020

സുന്ദരകാണ്ഡത്തിന്റെ ശക്തി - 03

സുന്ദരകാണ്ഡത്തിന്റെ ശക്തി

ഭാഗം :03

സമൂഹ്യ ജീവിതത്തിന്റെ ഏതു തുറയില്‍ ചരിക്കുന്നവരായാലും, അവനു വേണ്ട എല്ലാ നല്ല മാതൃകകളും രാമായണത്തിലുണ്ട്. നല്ല പിതാവ് എങ്ങനെയായിരിക്കണമെന്നതിന് ദശരഥമഹാരാജാവ് മാതൃകയാകുന്നുണ്ട്. ഉത്തമ ഭാര്യക്ക് സീതയും,  ഊര്‍മ്മിളയും, മണ്‌ഡോദരിയുമുണ്ട്. സഹോദരന്‍മാര്‍ തമ്മിലുള്ള  സ്‌നേഹ വിശ്വാസത്തിനും, പരസ്പര ബഹുമാനത്തിനും രാമലക്ഷ്മണഭരത ശത്രുഘ്‌നന്‍മാരുമുണ്ട്. ഉത്തമദാസനു ഉദാഹരണമായി ഹനുമാനും, സുഗ്രീവനുമുണ്ട്. സന്നിദ്ധ ഘട്ടങ്ങളില്‍ സാരോപദേശം നല്‍കാന്‍, ഗുരുശ്രേഷ്ഠന്‍മാരായ  വസിഷ്ഠനും, വിശ്വാമിത്രനുമുണ്ട്. അപവാദങ്ങളുടെ പേരില്‍  അബലയും, അനാഥയും സര്‍വ്വോപരി  ഗര്‍ഭിണിയുമായ ,ഭര്‍ത്താവിനാല്‍  കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട (സീത) സ്ത്രീക്ക് സ്വാന്തനവും, അഭയവും നല്‍കി ആശ്വസിപ്പിക്കാന്‍ വാല്മീകി എന്ന ദൈവ ദൂതനുണ്ട്. ദുഷ്ടനിഗ്രഹത്തിനും, ശിഷ്ട സംരക്ഷണത്തിനും വില്ലാളി വീരന്‍മാരായ  രാമലക്ഷമണ്‍മാരുണ്ട്. ഉത്തമ ഭരണാധികാരികള്‍  എങ്ങനെ ആയിരിക്കണമെന്നതിന്, അനുപമമായ രാമനും, ഭരതനുമുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത, രാമ രാജ്യം എന്ന സംജ്ഞ ശ്രീരാമ ചന്ദ്രന്‍ ഭരിച്ചിരുന്ന അയോദ്ധ്യ എന്ന മാതൃകാ രാജ്യത്തേയും സര്‍വ്വകാര്യങ്ങളോടും. സമാധാനത്തോടും കൂടി ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചു വന്ന, അവിടുത്തെ ജനങ്ങളേയും മനസ്സില്‍ കണ്ടതിന്റെ ഫലമായി, ഉളവായതാണ്.  ക്ഷമയുടെ  മൂര്‍ത്തിമദ്ഭാവമാണ് സീതയും   ഊര്‍മ്മിളയും. സത്യ പരിപാലനം എത്ര മഹത്തായ ധര്‍മ്മമെന്ന് ദശരഥന്‍ ലോകത്തിന് കാട്ടി തരുന്നു. എത്ര ശക്തിമാനായാലും, അഹങ്കാരവും, അധര്‍മ്മ ചിന്തയും വ്യക്തികളെ  എങ്ങനെ നാശത്തിലേക്ക് തള്ളിവിടുന്നു.എന്നതിന് രാവണനും, ഇന്ദ്രജിത്തും ഉത്തമോദാഹരണങ്ങളാണ്. അങ്ങനെ നോക്കിയാല്‍, ഒരു സാധാരണ വ്യക്തിയെപ്പോലും, ഉത്തമ ജീവിതത്തിലൂടെ  മോക്ഷപ്രാപ്ത്തിയിലെത്തിക്കുവാന്‍ പ്രാപ്തനാക്കുന്നവയായ,  സാരോപദേശങ്ങളും, ജീവിത സന്ദര്‍ഭങ്ങളും എത്ര വേണമെങ്കിലുമുണ്ട്.
ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതല്‍ തുടങ്ങുന്ന പന്ത്രണ്ട് രാശികളില്‍ നാലാമത്തേതാണ് കര്‍ക്കിടകം. അത് മാതൃത്ത്വത്തിന്റെയും കുടുബത്തിന്റെയും പാരമ്പര്യത്തിന്റെയും രാശിയാണ്. കര്‍ക്കിടക രാശിയിലെ പുണര്‍തം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം. കഴിഞ്ഞ പതിനൊന്നു മാസത്തെ പ്രയത്‌നങ്ങള്‍ക്ക് ശേഷം ചിങ്ങം മുതല്‍ വരുന്ന പുതുവല്‍സരം വരവേല്‍ക്കാനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഉപയോഗപ്പെടുത്തുന്ന മാസം കൂടിയാണ് കര്‍ക്കിടകം. പണ്ട് ഇടവപ്പാതി തുടങ്ങി മിക്കപ്പോഴും കര്‍ക്കിടകമാസം വരെ മഴ തുടരാറുണ്ട്. അതിനാല്‍ കൃഷിക്കാര്‍ക്ക് വിശ്രമദിനങ്ങളായിരിക്കും. അതിനാലാണ് പഞ്ഞമാസം എന്ന പേര് വീണത്. ആ മാസം കൃഷിക്കാരും അദ്ധ്വാനിക്കുന്നവരും വിശ്രമിക്കാനും ചിങ്ങം മുതല്‍ വരുന്ന മാസങ്ങളില്‍ പ്രയത്‌നിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിപാലനത്തിനും ശ്രദ്ധിക്കുന്നു. പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ നമുക്ക് കര്‍ക്കിടവും രാമായണവും പകര്‍ന്നുനല്‍കുന്നത് ഒരു ജീവിതചര്യയും മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമാണ്.

അവസാനിച്ചു ....

No comments:

Post a Comment