140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ ക്ഷേത്രം
ദ്രവ്യപ്പാറ... തിരുവനന്തപുരത്താണു സ്ഥലമെങ്കിലും തിരുവനന്തപുരംകാര് പോലും അധികമൊന്നും ഈ നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. തിരുവിതാംകൂർ ചരിത്രത്തിന്റെ തന്നെ ഭാഗമായ പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായ ഈ നാട് ഇവിടെ എത്തുന്നവർക്കു വേണ്ടതെല്ലാം നല്കുന്നു. സഞ്ചാരികൾക്കായി പ്രകൃതി മനോഹരമായ കാഴ്ചകളും സാഹസിക പ്രിയർക്കായി പടികൾ കൊത്തിയ പാറയിലൂടെ ജീവൻ പണയം വെച്ചുള്ള യാത്രയും വിശ്വാസികൾക്കായി അതിമനോഹരമായ കഥകളുടെ ഇടമായ ഒരു ഗുഹാ ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. ഒപ്പം ദ്രവ്യപ്പാറയുടെ വിശേഷങ്ങളും...
ചരിത്രവും വിശ്വാസങ്ങളും മിത്തുകളും ഒരുപോലെ കൂടിച്ചേർന്നുണ്ടായ നാടെന്ന് ദ്രവ്യപ്പാറയെ ഏറ്റവും എളുപ്പത്തിൽ പറയാം. എത്ര നിവർത്തിയാലും നിവരാത്ത വിധത്തിൽ ചുറ്റുപിണഞ്ഞു കിടക്കുന്ന കഥകളും വിശ്വാസങ്ങളുമാണ് ഈ നാടിന്‍റെ ജീവസ്രോതസ്സ്. തിരുവനന്തപുരത്തെ പ്രശസ്ത ഇടങ്ങളിലൊന്നായ അമ്പൂരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയ്ക്ക് അമ്പൂരിയുടെ വ്യൂ പോയിന്‍റ് എന്നുമൊരു പേരുണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 1500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയിലെ കാഴ്ചകൾ ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. അമ്പൂരിയുടെയും സമീപ പ്രദേശങ്ങളുടെയും മനോഹരമായ ആകാശക്കാഴ്ചയും ഏറെ പുരാതനമായ ദ്രവ്യപ്പാറ ഗുഹാക്ഷേത്രവും പിന്നെ മാർത്താണ്ഡവർമ്മ ഒളിച്ചു താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന പ്രദേശവും ഒക്കെയാണ് ഇവിടെയുള്ളത്.
ദ്രവ്യപ്പാറയിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഇവിടുത്തെ ദക്ഷിണാമൂർത്തി ക്ഷേത്രം. സ്ഥിതി ചെയ്യുന്ന ഇടവും നിർമ്മാണ രീതിയും പിന്നെ ഇപ്പോള്‍ സംരക്ഷിക്കുന്ന വിധവുമെല്ലാം അറിയുമ്പോൾ ആർക്കും അത്ഭുതം തോന്നുന്ന ഒരു ഗുഹാ ക്ഷേത്രമാണിത്. പാറയിൽ കൊത്തിയിണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രത്തിന് എടുത്തുപറയേണ്ട പ്രത്യേകതകൾ ഒരുപാടുണ്ട്. ദ്രവ്യപ്പാറയുടെ താഴെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെയും തമിഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. മാത്രമല്ല, തെക്കേ ഇന്ത്യയിൽ ആകെയുള്ള ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. ഇവിടുത്തെ ഉത്സവം തുടങ്ങിക്കഴിഞ്ഞ് മാത്രമേ, ബാക്കി ക്ഷേത്രങ്ങളിൽ ഉത്സവം ആരംഭിക്കാറുള്ളൂ.
കേരള സർക്കാരിന്‍റെ കീഴിലാണ് ഇന്ന് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. നിരവധി ദക്ഷിണാമൂർത്തി പ്രതിമകളും വിഗ്രഹങ്ങളും ഇവിടെ ക്ഷേത്രത്തിന്‍റെ പലഭാഗങ്ങളിലായി കാണാം. കൂടാതെ, പഴയ നിലവിളക്കുകളും പാത്രങ്ങളും ഒക്കെ ഇവിടെയുണ്ട്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ക്ഷേത്രത്തിന് ഒരു പൂട്ട് പോലുമില്ല എന്നുള്ളതാണ്. ഇവിടെ മോഷ്ടിക്കുവാൻ കള്ളന്മാരെത്തില്ലാത്തതിനാലാണിങ്ങനെ. ഒട്ടേറെ തീർഥാടകർ ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ട്. ശിവരാത്രി നാളിൽ ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളുമുണ്ട്.
ഗുഹാക്ഷേത്രം കഴിഞ്ഞാൽ പിന്നുള്ള കാഴ്ചയൊക്കയും മുകളിലാണ്. തിരുവനന്തപുരം നഗരത്തിന്റെ ഒരു വിദൂര ദൃശ്യം ഇവിടെ നിന്നാൽ കാണുവാൻ സാധിക്കും. തിരുവനന്തപുരം വിമാനത്താവളം, ശംഖുമുഖം ബീച്ച് ഒക്കെയും ഇവിടെ നിന്നുള്ള കാഴ്ചകളിൽ പെടും. കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത ട്രക്കിങ്ങ് അനുഭവമാണ് ദ്രവ്യപ്പാറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. പാറയിൽ കൊത്തിയ പടികളിലൂടെ വളരെ ശ്രദ്ധിച്ച് മാത്രമേ മുന്നോട്ട് പോകുവാൻ സാധിക്കൂ. കുത്തനെയുള്ള പാറക്കെട്ടിലൂടെ കയറുന്നത് വലിയ സാഹസിക പ്രവർത്തി തന്നെയാണ്.
എട്ടുവീട്ടിൽ പിള്ളമാരുടെ അക്രമത്തിൽ നിന്നും രക്ഷപെടുവാനായി മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിക്കുവാൻ തിരഞ്ഞെടുത്ത ഇടം ദ്രവ്യപ്പാറയുടെ മുകൾഭാഗമാണെന്നാണ് വിശ്വാസം. ദ്രവ്യപ്പാറുടെ താഴെയെത്തിയ മാർത്താണ്ഡ വർമ്മയെ ഇവിടുത്തെ ആദിവാസികൾ പാറയിൽ പ്രത്യേകം പടകൾ കൊത്തിയാണ് മുകളിൽ എത്തിച്ചതെന്നാണ് വിശ്വാസം. അതിൻറെ അടയാളമായി 72 പടികൾ ഇന്നും ഇവിടെ കാണാം. അന്ന് കൊത്തിയ 101 പടികളിൽ 72 എണ്ണം മാത്രമേ ഇന്നു കാണുവാനുള്ളൂ, ഇതിന്റെ ഏറ്റവും മുകളിൽ ഒരു വറ്റാത്ത നീരുറവയും കാണാം.
തന്നെ സഹായിച്ച ആദിവാസികളെ മാർത്താണ്ഡ വർമ്മ സഹായിക്കുവാൻ മറന്നില്ല എന്നാണ് പഴമക്കാർ പറയുന്നത്. അവർക്ക് ദ്രവ്യപ്പാറയോട് ചേർന്ന് മാർത്താണ്ഡ വർമ്മ 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്കിയത്രെ. ഇന്ന് അതൊന്നും ഇവിടെ കാണാനില്ലെങ്കിലും ഇതിനെച്ചുറ്റിപ്പറ്റിയുള്ള കഥകൾ കുറേയുണ്ട്.. രാജാവ് നല്കിയ ഭൂമിയിൽ അവർ പ്രത്യേകതരം വിത്താണ് കൃഷി ചെയ്തിരുന്നത്. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത് നടത്തുവാൻ പറ്റുന്ന രീതിയിലുള്ള ഇത് അരിയാക്കി അത് പിന്നീട് പായസമാക്കി അവര്‍ ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിൽ നിവേദിച്ചിരുന്നുവെന്നും കഥകളുണ്ട്. അന്ന് നട്ട് അതേ ദിവസം തന്നെ അരിയാക്കി മാറുന്നതിനാൽ അന്നൂരി എന്നും ഇവിടം അറിപ്പെടുന്നു. അതാണ് പിന്നാട് അമ്പൂരി ആയതെന്നും ഒരു ഐതിഹ്യമുണ്ട്.
തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.
No comments:
Post a Comment