ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 June 2018

ആദിശക്തിയുടെ മൂന്ന്‌ ഭാവങ്ങള്‍

ആദിശക്തിയുടെ മൂന്ന്‌ ഭാവങ്ങള്‍

ആദിശക്തിക്ക്‌ പല ഭാവങ്ങളും കല്‍പിക്കപ്പെട്ടിട്ടുണ്ട്‌. മഹാകാളിയെന്നും മഹാലക്ഷ്മിയെന്നും മഹാസരസ്വതിയെന്നും മഹേശ്വരിയെന്നും പ്രകീര്‍ത്തിക്കപ്പെടുന്ന അവിടത്തെ നാല്‌ ഭാവങ്ങളെ കേട്ടറിവുണ്ടോകുമല്ലോ? ഈനാല്‌ ഭാവങ്ങളിലൂടെയാണ്‌ പ്രപഞ്ചത്തില്‍ ഈശ്വരന്റെ മഹിമകള്‍ പ്രതൃക്ഷപ്പെടുന്നത്‌.

എന്താണ്‌ മഹാകാളീ ഭാവം?
ആ ശക്തിയുടെ തീക്ഷ്ണമായ രൗദ്രഭാവമാണത്‌. ഈ തീക്ഷ്ണമായ രൗദ്രഭാവത്തിന്റെ പ്രസക്തി എന്താണെന്നും നിങ്ങള്‍ മനസ്സിലാക്കണം. വ്യക്തിയിലും സമൂഹത്തിലും അധാര്‍മ്മികമായി കുടികൊള്ളുന്ന സര്‍വ്വതിനെയും ശുദ്ധികരിച്ച്‌ ധര്‍മ്മത്തെ മാത്രം നിലനിര്‍ത്തുന്ന ഈശ്വരന്റെ ഭാവമാണത്‌. പൗരാണിക ഭാഷയില്‍ അതിനെ മഹാകാളിയെന്നും ചണ്ഡിക എന്നും പ്രകീര്‍ത്തിക്കുന്നു.

മഹാലക്ഷ്മിയെന്ന്‌ പ്രകീര്‍ത്തിക്കുന്ന ഭാവവും എന്താണെന്ന്‌ മനസ്സിലാക്കണം. അത്‌ ഐശ്വര്യത്തിന്റെയും ദിവ്യത്വത്തിന്റെയും കരുണാമൂര്‍ത്തീഭാവമാണ്‌. ഐശ്വര്യമില്ലെങ്കില്‍ ഈ ലോകത്ത്‌ ജീവിക്കാന്‍ സാധിക്കില്ല. അതുപോലെ സരസ്വതി എന്നു പറഞ്ഞാല്‍ അടിസ്ഥാനവേദിയൊരുക്കുന്ന ശക്തി എന്നാണ്‌ അര്‍ത്ഥം. നമ്മുടെ ശരീരപ്രാണഭാവമാണ്‌ സരസ്വതിയായി പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നത്‌. ഏകമായ ആ ശക്തിയുടെ നാലാമത്തെ ഭാവത്തെ മഹേശ്വരിയെന്ന്‌ മഹത്‌ പുരുഷന്‍മാര്‍ പേര്‌ പറഞ്ഞിരിക്കുന്നു. ജീവനെ സത്യത്തിലേക്ക്‌ ഉയര്‍ത്താന്‍ വേണ്ടി പ്രതൃക്ഷപ്പെടുന്ന ആ ശക്തിയാണ്‌. അതായത്‌ ശരീരത്തിന്റെയും പ്രാണന്റെയും മനസ്സിന്റെയും അപ്പുറത്ത്‌ ഉള്ള ബോധത്തിന്റെ തലമാണത്‌. മഹസ്സില്‍ സ്ഥിതിചെയ്തുകൊണ്ട്‌ ആ ശക്തി ജീവനെ ഊര്‍ദ്ധ്വലോകങ്ങളിലേക്ക്‌ ആനയിക്കുന്നു.
മഹസ്സില്‍ സ്ഥിതിചെയ്ത്‌ പ്രപഞ്ചചലനങ്ങളേയും സത്യത്തേയും ഒരുപോലെ കാണാന്‍ കഴിയുന്നവനാവണം മനുഷ്യന്‍. ഈശ്വര കൃപയാല്‍ നമ്മുടെ മനസ്സ്‌ ശാരീരിക തലത്തില്‍ നിന്നും പരിവര്‍ത്തനം വന്ന്‌ മഹാമനസ്സില്‍ അതായത്‌ ബോധതലത്തില്‍ എത്തുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ രഹസ്യം നാം അറിയുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ച ആദി ശക്തിയുടെ ഭാവങ്ങളെയും അവന്‍ അറിയുന്നു. അതുള്‍കൊണ്ട്‌ തന്റെ ധര്‍മ്മം ആചരിച്ച്‌ ജന്മസാഫല്യം നേടേണ്ടവര്‍ മനുഷ്യന്‍.
വാസ്തവത്തില്‍ ഈ പരമരഹസ്യം ഭൂമിയില്‍ മണ്‍ മറഞ്ഞുപോയിരിക്കുന്നു. മണ്‍മറഞ്ഞുപോയ ഈ മറ്റു രഹസ്യത്തെ തഥാതനെന്ന പ്രതിരൂപത്തിലൂടെ ഭൂമിയില്‍ സ്ഥാപിക്കാന്‍ കാലം സന്ദര്‍ശം ഒരുക്കുകയാണ്‌. അതാണ്‌ ഈ മഹായാഗത്തിന്റെ പ്രസക്തി. എല്ലാം മക്കളും ഈ രഹസ്യത്തെ അറിയുക. അതിന്റെ മഹിമകളെ സ്വീകരിക്കുക. ഇത്‌ കാലപ്രവാഹത്തിലെ അത്യത്ഭുതകരമായ മുഹൂര്‍ത്തമാണ്‌.
യഞ്ജത്തില്‍, ചണ്ഡിക എന്നാല്‍ പ്രചണ്ഡമായ ശക്തി വിശേഷം. സൃഷ്ടി സ്ഥിതി സംഹാര തിരോധാന, അനുഗ്രഹ ലീലകള്‍ ഏത്‌ ശക്തിയില്‍ നിന്ന്‌ ഉദ്ഭുതമാകുന്നോ ആ ആദി ശക്തി തന്നെയാണ്‌ ചണ്ഡിക എന്നറിയപ്പെടുന്നത്‌. ദേവീ മഹാത്മ്യത്തിലെ എഴുനൂറ്‌ ശ്ലോകങ്ങളിലൂടെ ആ ശക്തിയുടെ മഹാത്മ്യത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
യജ്ഞത്തില്‍ ആ ശക്തിയോട്‌ നാം അര്‍ത്ഥിക്കുകയാണ്‌. അവിടുന്ന്‌ നാല്‌ ഭാവങ്ങളിലൂടെയും ആവിര്‍ഭവിച്ച്‌ മനുഷ്യനെ ബാധിച്ചിരിക്കുന്ന എല്ലാ രൗദ്രതകളില്‍ നിന്നും ദുരന്തതകളില്‍ നിന്നും ഭീകരതകളില്‍ നിന്നും മറ്റ്‌ പോരായ്മകളില്‍ നിന്നും മോചിപ്പിച്ച്‌ അവനെ യഥാര്‍ത്ഥ മനുഷ്യനാക്കിതീര്‍ക്കു. എല്ലാ അധര്‍മ്മങ്ങളേയും അവിടത്തെ രൗദ്രഭാവത്തില്‍ പരിവര്‍ത്തനം വരുത്തി ധര്‍മ്മത്തിന്റെ ആവിര്‍ഭാവത്തിന്‌ ഞങ്ങളില്‍ കാരുണ്യം ചൊരിയൂ.
അധര്‍മ്മത്തെ പരിവര്‍ത്തനം വരുത്തി ധര്‍മ്മത്തെ സ്ഥാപിച്ച്‌ ഒരു യഥാര്‍ത്ഥ മനുഷ്യസമുദായത്തെ ഭൂമിയില്‍ വാര്‍ത്തെടുക്കുന്നതിന്‌ വേണ്ടിയാണ്‌ ഈ യാഗം നടന്നുകൊണ്ടിരിക്കുന്നത്‌. അതാണ്‌ ഈ യജ്ഞത്തിന്റെ പ്രത്യേകതയും.

No comments:

Post a Comment