ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 June 2018

അക്ഷരമായത് ബ്രഹ്മം

അക്ഷരമായത് ബ്രഹ്മം

അക്ഷരം ബ്രഹ്മപരമം (ഭഗവദ്ഗീത) എന്ന വരിയുടെ സന്ദേശം: ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നതാണ് കിം തദ് ബ്രഹ്മഃ എന്ന പ്രശ്‌നം (ബ്രഹ്മം എന്താണെന്ന്) അതിനുത്തരമായി ശ്രീകൃഷ്ണന്‍ നല്‍കുന്നതാണ് മേലുദ്ധരിച്ചത്. അക്ഷരം ബ്രഹ്മ പരമം. ക്ഷരം എന്ന പദത്തിന്റെ അര്‍ത്ഥം നശിക്കുന്നത്, അക്ഷരം എന്നത് നശിക്കാത്തത്. ബ്രഹ്മം നശിക്കാത്തതാണ്. ആധുനിക ശാസ്ത്രദൃഷ്ട്യാ തന്നെ വിവരിച്ചാല്‍ നശിക്കാത്തതായിട്ടുള്ളത് ഊര്‍ജ്ജം മാത്രമാണ്. energy can neither be created nor be destroyed. ജനിപ്പിക്കാനും നശിപ്പിക്കാനും സാധിക്കാത്തതിനാല്‍ ഊര്‍ജ്ജം-ബ്രഹ്മം-അക്ഷരമായി-നാശഹീനമായി വര്‍ത്തിക്കുന്നു. അതിനാല്‍ അക്ഷരം ബ്രഹ്മപരമം എന്ന പരിശുദ്ധശാസ്ത്രത്തില്‍ ബ്രഹ്മത്തെ വിവരിക്കാവുന്നതാണ്. ഊര്‍ജ്ജത്തെ, ബ്രഹ്മത്തെ പരമാത്മചൈതന്യത്തെ നശിപ്പിക്കാവതല്ല എന്ന് ഗീത ആവര്‍ത്തിക്കുന്നു.
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതിപാവക ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ അച്ഛേദ്യോളയം അദാഹ്യോയം അക്ലേദ്യോളശോഷ്യഏവച നിത്യ സര്‍വഗത്ഥാണുരചലോയം സനാതനഃ (ഭഗവദ്ഗീത)
(ഊര്‍ജ്ജത്തെ-ബ്രഹ്മത്തെ-പരബ്രഹ്മത്തെ-പരമാത്മ ചൈതന്യത്തെ ഒരിക്കലും ഇല്ലാതാക്കാനാകില്ല.)

വാസാംസി ജീര്‍ണാനി യഥാവിഹായ നവാനി ഗൃഹ്ണാതി നരോപരാണി തഥാ ശരീരാണി വിഹായ ജീര്‍ണാന്യന്യാനി സംയാതി നവാന ദേഹി മനുഷ്യന്‍ പഴയവസ്ത്രം മാറ്റി പുതിയത് സ്വീകരിക്കുന്നതുപോലെ പരമാത്മചൈതന്യം പഴയ ശരീരത്തെ മാറ്റി പുതിയതിനെ സ്വീകരിക്കുന്നു. സര്‍വം ബ്രഹ്മമയം എന്ന വരിയുടെ സന്ദേശം:

ആറ്റത്തിന്റെ ചലനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് സ്വബോധത്തോടെയുള്ള ചൈതന്യമാണെന്ന് വ്യക്തമായി. അതുതന്നെ പ്രപഞ്ചത്തിലും നിറഞ്ഞിരിക്കുന്നു എന്ന് വ്യക്തമാകുവാന്‍ ശാസ്ത്ര സഹായത്താല്‍ സാധിക്കും. നമുക്കു ചുറ്റുമുള്ള വായുവിന്റെ തന്മാത്രകള്‍ അതിവേഗത്തില്‍ ഒരു പ്രത്യേകതരം ചലനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നത് ശാസ്ത്ര സത്യം. ഈ ചലനത്തെ ബ്രൗനിയന്‍ ചലനം എന്നുപറയുന്നു. എല്ലാ തന്മാത്രകള്‍ക്കും ചലനത്തിന് ഊര്‍ജ്ജം ആവശ്യമായതിനാല്‍ അവയില്‍ ഊര്‍ജ്ജം ഉണ്ട്. ഓരോ ബ്രൗനിയന്‍ ചലനത്തിനും വ്യക്തമായ നിയമവും അതിലൂടെ മാനവും ദിശയും ഉണ്ട്. അതിനാല്‍ നമുക്കു ചുറ്റുമുള്ള വായു മണ്ഡലത്തില്‍ ബ്രഹ്മചൈതന്യമുണ്ട്. ശൂന്യാകാശം, പ്രകാശത്തിന്റെ സഞ്ചാരപഥമായതിനാല്‍ പ്രകാശോര്‍ജ്ജമുണ്ട്. അനവധി തരത്തിലുള്ള ശബ്ദതരംഗം, കാന്തിക തരംഗം, വൈദ്യുത തരംഗം ഇവയെല്ലാം ശൂന്യാകാശത്തില്‍ നിറഞ്ഞിരിക്കുന്നു. കുറേക്കൂടി കടന്നുപോയാല്‍ ഓരോ ഗ്രഹത്തിലും ഭൂമിയിലുള്ളതുപോലുള്ള ഊര്‍ജ്ജ സ്രോതസ്സുകളാണ് സൂര്യനില്‍, പ്രകാശത്തിന്റെയും താപത്തിന്റെയും ഇലക്‌ട്രോ മാഗ്‌നറ്റിക് ഫ്യൂഷന്റെയും ഗുരുത്വാകര്‍ഷണത്തിന്റെയും ഊര്‍ജ്ജമുണ്ട്. തമോഗര്‍ത്തം എന്ന ബ്ലാക് ഹോളില്‍ പ്രകാശത്തെപ്പോലും ആകര്‍ഷിച്ച് നിര്‍ത്തുവാനുള്ള ആകര്‍ഷണ ശക്തിയുണ്ട്. സമുദ്രത്തിലെ തിരയും വായുവിന്റെ പ്രവാഹവും അഗ്നിയുടെ ചൂടും മേഘത്തിന്റെ ഗര്‍ജ്ജനവും മിന്നല്‍ പിണരിലെ വൈദ്യുതിയും ഊര്‍ജ്ജസ്രോതസ്സുകളുടെ ബഹി:സ്ഫുരണമാണ്. അതിനാല്‍ ബ്രഹ്മചൈതന്യമില്ലാത്തതായി ഒന്നുമില്ല. അതിന്റെ ശാസ്ത്രീയമായ അര്‍ത്ഥമാണല്ലോ സര്‍വ്വം ബ്രഹ്മമയം എന്നത്. ബ്രഹ്മസത്യം ജഗത് മിഥ്യ: ഭൗതികവാദത്തില്‍ ശങ്കരാചാര്യരുടെ ഈ വചനം അര്‍ത്ഥമില്ലാത്തതായി തോന്നാം. പക്ഷേ ശാസ്ത്രത്തിന്റെ പ്രാഥമിക മണ്ഡലത്തില്‍ നിന്നും വിശകലനം ചെയ്താല്‍ പോലും പരമമായ പ്രപഞ്ചസത്യം എന്നത് ഈ വരി മാത്രമാണെന്ന് വ്യക്തമാകും. അതൊന്നു വിശകലനം ചെയ്യണം. ബ്രഹ്മം എന്ന പദത്തിന് അര്‍ത്ഥം വിവരിച്ചു കഴിഞ്ഞു. സത്യം എന്ന പദത്തിന് സംസ്‌കൃതത്തില്‍ വ്യക്തമായ മൂന്ന് അര്‍ത്ഥങ്ങളുണ്ട്. ആ അര്‍ത്ഥം (ഇംഗ്ലീഷില്‍) പര്യായപദങ്ങളിലൂടെ കൂടുതല്‍ വ്യക്തമാകും. സത്യം എന്നാല്‍ essence, truth, fact ഇവയാണ്. ജഗത് എന്ന പദത്തിലൂടെ നമ്മുടെ ശരീരമുള്‍പ്പെടെ ഈ ഭൂമിയിലും, അതിനുപുറത്തുമുള്ള പ്രപഞ്ചത്തിലും കാണുവാന്‍ സാധിക്കുന്ന ദ്രവ്യങ്ങള്‍ ഏതെല്ലാമാണോ അവയെല്ലാം ജഗത് അഥവാ ഭൗതിക ലോകത്തിന്റെ ഘടനയുടെ ഭാഗമാണ്. ജഗത് എന്നാല്‍ ജനിച്ച് കുറേക്കാലം നിലനിന്ന് ഇല്ലാതാകുന്നത്. ഈ ഭൗതിക ലോകം എന്നത് മിഥ്യയാണത്രെ. അതായത് ഭൗതികലോകം താല്‍ക്കാലികം എന്നുതോന്നും വിധം മാത്രം അസ്തിത്വമുള്ളതാണ്. ഈ പ്രപഞ്ചത്തില്‍ കാണുന്ന മണ്ണും ജലവും വായുവും ഇരുമ്പും വാഴപ്പഴവും അമീബയും ആനയും ഞാനും നിങ്ങളും റോസാപുഷ്പവും നിര്‍മിച്ചിരിക്കുന്നത് ചെറുതും വലുതുമായ തന്മാത്രകള്‍ അഥവാ മോളിക്യൂളുകള്‍കൊണ്ടാണ്. ഈ മോളിക്യൂളുകളാകട്ടെ ആറ്റങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നു. അതായത് നമ്മുടെയെല്ലാം ശരീരം നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ ആറ്റങ്ങളെ കൊണ്ടാണ് മണ്ണ്; സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ ആറ്റങ്ങളെക്കൊണ്ടും ജലം; ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ ആറ്റങ്ങളെക്കൊണ്ടും... അങ്ങനെ പോകുന്നു ഘടന. ആധുനിക ശാസ്ത്രത്തിന്റെ വിജ്ഞാനപരിധിക്കുള്ളില്‍ നിന്നും പരിശോധിച്ചാല്‍ ജഗത്തിലെ ഇന്നുള്ള എല്ലാ വസ്തുക്കളും നിര്‍മിച്ചിരിക്കുന്നത്, 106 മൂലകങ്ങളുള്ളതില്‍ നൂറോളം മൂലകങ്ങളുടെ ആറ്റങ്ങള്‍കൊണ്ടാണ് എന്ന് വ്യക്തമാകും. നൂറ് മൂലകങ്ങള്‍കൊണ്ട് പ്രപഞ്ചസൃഷ്ടി നടന്നിരിക്കുന്നു എന്നര്‍ത്ഥം. മൂലകങ്ങള്‍ മറ്റു മൂലകങ്ങളുമായി സംയുക്തങ്ങളുണ്ടാകുമ്പോഴുള്ള ഗുണങ്ങളും സ്വഭാവങ്ങളും വ്യത്യാസപ്പെടുന്നു. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും ഗുണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ജലത്തിന്റെ ഗുണം എന്നറിയാവുന്നതാണ്. ബാഹ്യമായി നോക്കിയാല്‍ വ്യത്യാസമുണ്ടെങ്കിലും ഈ മൂലകങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി ബന്ധമുണ്ട്. അവയിലെല്ലാം അടങ്ങിയിരിക്കുന്നത് ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളുമാണ്. കൂടാതെ മറ്റു ചില ആറ്റമിക കണങ്ങളും ഉണ്ട്. ഇരുമ്പ് ആറ്റത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ ഇവയ്ക്കും സോഡിയം ആറ്റത്തിലടങ്ങിയിരിക്കുന്ന പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ ഇവയ്ക്കും തമ്മില്‍ ഒരു വ്യത്യാസവുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇരുമ്പ് ഇരുമ്പായും സോഡിയം സോഡിയമായും ഇരിക്കുന്നത്. അവയുടെ ആറ്റങ്ങളിലുള്ള പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്‌ട്രോണ്‍ എന്നിവയുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുമാത്രമാണ്, മൂലകങ്ങളുടെ രാസ-ഭൗതിക ഗുണങ്ങളെ വേര്‍തിരിക്കുന്നതും, ദ്രവ്യങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവം നല്‍കുന്നതും (ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. ) 

No comments:

Post a Comment