ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2018

മധുര

മധുര

തമിഴ്‌നാട്ടിലെ സുപ്രസിദ്ധമായ ഈ വലിയ പട്ടണം ദക്ഷിണ മധുരയെന്നാണ്‌ അറിയപ്പെടുന്നത്‌. സാമാന്യം വലിയ നഗരവും വ്യവസായ കേന്ദ്രവും കൂടിയാണ്‌ ഇവിടം. തീവണ്ടിമാര്‍ഗവും ബസ്മാര്‍ഗവും ഈ പുണ്യ നഗരിയിലെത്താം. സ്റ്റേഷനു സമീപം തന്നെ ധര്‍മ്മശാലകളുമുണ്ട്‌. അതോടൊപ്പം 'ചോല്‍ടി' എന്നു പറയുന്ന പാന്ഥശാലകളുണ്ട്‌. ഈ നഗരം വേഗാ (വൈഗാ) നദീതീരത്താണ്‌. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഒന്നരകിലോമീറ്റര്‍ ദൂരെയാണ്‌ സുപ്രസിദ്ധമായ മധുരമീനാക്ഷിക്ഷേത്രം. ഇത്‌ ക്ഷേത്രകലാചാതുരിയിലും ഗാംഭീര്യത്തിലും മികച്ചു നില്‍ക്കുന്നതും അതിവിശാലവുമായ ക്ഷേത്ര ശൃംഖലയാണ്‌. അനേകം നിലകളായും അതിബൃഹത്തായുമുള്ള കിഴക്കേ ഗോപുരം ഒരു പുരാണകഥയുമായി ബന്ധപ്പെട്ടതാണ്‌. ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചു. അദ്ദേഹത്തെ ബ്രഹ്മഹത്യ ബാധിച്ചു. ഇതില്‍ ഭീതനായി ഇന്ദ്രന്‍ കുറെക്കാലം താമരത്തണ്ടിനുള്ളില്‍ വേഷം മാറി ഒളിച്ചിരുന്നു. ആ സ്ഥാനത്താണ്‌ ഈ ഗോപുരം നില്‍ക്കുന്നതെന്നു പറയുന്നു. അതിനാല്‍ പ്രധാന കവാടം വിട്ട്‌ വശങ്ങളിലുള്ള കവാടങ്ങളിലൂടെയാണ്‌ ആളുകള്‍ പ്രവേശിക്കുന്നത്‌. ഗോപുരത്തില്‍ നിന്നു മുന്നോട്ടുമാറി കടകളെല്ലാം കടന്ന്‌ ചെല്ലുന്ന അഷ്ടശക്തിമണ്ഡപത്തില്‍ തൂണുകളുടെ സ്ഥാനത്ത്‌ എട്ടുലക്ഷ്മീരൂപങ്ങള്‍ കൊത്തി ചേര്‍ത്തിരിക്കുന്നു. കവാടത്തിനു വലതുവശം സുബ്രഹ്മണ്യനും ഇടതുവശം ഗണപതിയും ഇരിക്കുന്നുണ്ട്‌. ഇവയ്ക്കു മുന്നില്‍ ഇരുട്ടുമണ്ഡപത്തില്‍ മോഹിനീരൂപം, ശിവന്‍, ബ്രഹ്മാവ്‌," വിഷ്ണു, അനസൂയ മുതലായവരുടെ കലാസുഭഗതയാര്‍ന്നു തിളങ്ങുന്ന വിഗ്രഹങ്ങളുണ്ട്‌. അതിനു കുറച്ചുകൂടി മുന്നിലാണ്‌ പോത്താമരക്കുളമെന്ന സരസ്സ്‌. ഇതിനു നാലുവശവും മണ്ഡപങ്ങളുണ്ട്‌. ഇവയില്‍ മൂന്നു വശവുമുള്ള ഭിത്തികളില്‍ ഭഗവാന്‍ ശ്രീശങ്കരന്റെ അറുപത്തിനാലു ലീലകളും ആലേഖനം ചെയ്തിരിക്കുന്നു. ഒരു മണ്ഡപത്തില്‍ പാണ്ഡവരുടെ വിഗ്രഹങ്ങളാണ്‌. ഒരു വശത്തു കൂടുകളില്‍ പക്ഷികളെ വളര്‍ത്തിയിരിക്കുന്നു. ശ്രീകോവില്‍ കവാടത്തിനു സമീപം സുബ്രഹ്മണ്യക്ഷേത്രമുണ്ട്‌. അതിനു മുന്നില്‍ പല കവാടങ്ങള്‍ക്കുള്ളിലായി മീനാക്ഷീ ദേവിയുടെ പാവനമായ വിഗ്രഹം ദര്‍ശിക്കാം. പ്രദക്ഷിണത്തില്‍ അനേകം ദേവവിഗ്രഹങ്ങള്‍ കാണാം. പ്രധാന ശ്രീകോവിലിന്റെ പ്രദക്ഷിണത്തില്‍ ജ്ഞാനശക്തി, ക്രിയാശക്തി, ബലശക്തി ഇവരുടെ മൂര്‍ത്തികളുണ്ട്‌. ഇവിടെനിന്ന്‌ സുന്ദരേശ്വരക്ഷേത്രഭാഗത്തേക്കു നടക്കുമ്പോള്‍ മദ്ധ്യത്തില്‍ ഗണപതിയുടെ വലിയ വിഗ്രഹം ദര്‍ശിക്കാം. ഇത്‌ സരോവരം കഴിച്ചപ്പോള്‍ മണ്ണിനടയില്‍ നിന്നു ലഭിച്ചതാണെന്നു പറയപ്പെടുന്നു. സുന്ദരേശ്വരക്ഷേത്രത്തില്‍ ഒന്നാമതായി ദ്വാരപാലന്മാരുടെ ലോഹപ്രതിമകള്‍ നില്‍ക്കുന്നു. അതിനു മുന്നില്‍ നടരാജന്‍. ഈ വിഗ്രഹത്തില്‍ വെള്ളികൊണ്ടുള്ള അങ്കി ചാര്‍ത്തിയിരിക്കുന്നു. പ്രധാനക്ഷേത്രത്തിനുള്ളില്‍ സ്വര്‍ണ്ണത്രിപുണ്ഡ്രക്ഷേത്രത്തിലെ സുന്ദരേശ്വരന്‍ സ്വയം ഭൂലിംഗമാണ്‌. ജഗമോഹനിലെ എട്ടു തൂണുകളില്‍ ശ്രീശങ്കരന്റെ പ്രത്യേകം പ്രത്യേകം രൂപങ്ങളിലുള്ള ലീലകളുടെ കലാസൗഭഗം തുളുമ്പുന്ന മൂര്‍ത്തികളുണ്ട്‌. വാതിലിനു സമീപം ഒരു മണ്ഡപത്തില്‍ കല്ലുകൊണ്ടുള്ള ചങ്ങല നിര്‍മ്മിച്ചിരിക്കുന്നു. ഇവിടെത്തന്നെ വീരഭദ്രന്റെയും അഘോരഭദ്രന്റെയും ബൃഹത്തായ ഉഗ്രമൂര്‍ത്തികള്‍ കാണാം. ഈ മണ്ഡപത്തില്‍ ശ്രീശങ്കരന്റെ താണ്ഡവനൃത്തത്തിന്റെ അത്ഭുതവും കലാപൂര്‍ണഅണവും ബൃഹത്തുമായ വിഗ്രഹങ്ങളുണ്ട്‌. ഒരു കാല്‍ ചെവിവരെ എത്തിയിരിക്കുന്നു. അത്രയും തന്നെ വലിയ കാളീവിഗ്രഹവും ഉണ്ട്‌. ഒരുവശത്ത്‌ ഒരു ശിവഭക്തയുടെ മൂര്‍ത്തി കാണാം. ഒരു മണ്ഡപത്തില്‍ നവഗ്രഹവിഗ്രഹങ്ങള്‍ ഇരിക്കുന്നു. ശ്രീകോവിലിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഗണേശന്‍, ഹനുമാന്‍, ദണ്ഡപാണി, സരസ്വതി, ദക്ഷിണാമൂര്‍ത്തി, സുബ്രഹ്മണ്യന്‍ മുതലായി അനേകം ദേവന്മാരെ ദര്‍ശിക്കാം. പ്രദക്ഷിണവഴിയില്‍ ഒരു ദിക്കില്‍ ഒരു കടമ്പു വൃക്ഷത്തിന്റെ അവശിഷ്ടം സുരക്ഷിതമായി വച്ചിരിക്കുന്നു. അവിടെത്തന്നെയാണ്‌ ദുര്‍ഗ്ഗയുടെ ചെറിയക്ഷേത്രം നില്‍ക്കുന്നത്‌. ഈ കടമ്പിന്റെ താഴെവച്ചാണ്‌ സുന്ദരേശ്വരന്‍ മീനാക്ഷിദേവിയെ പാണിഗ്രഹണം ചെയ്തത്‌. ഉത്സവമണ്ഡപത്തില്‍ മീനാക്ഷി - സുന്ദരേശ്വരന്‍, ഗംഗ, പാര്‍വ്വതി മുതലായവരുടെ സ്വര്‍ണ്ണവിഗ്രഹങ്ങളുണ്ട്‌. പ്രദക്ഷിണത്തില്‍ ചന്ദനം കൊണ്ടുള്ള ഒരു വലിയ ശിവലിംഗം കാണാം. ക്ഷേത്രത്തിനു മുന്നില്‍ നന്ദിയുടെ വിഗ്രഹമുണ്ട്‌. ഇവിടം മുതല്‍ ആയിരംകാല്‍ മണ്ഡപം കാണാം. ഇതിലെ തൂണുകളില്‍ ദേവീദേവന്മാരുടെ മനോഹരരൂപങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഇതില്‍ വീണാപാണിയായ സരസ്വതിയുടെ രൂപം അതിമനോഹരമായിരിക്കുന്നു. ഈ മണ്ഡപത്തില്‍ ശ്യാമനടരാജന്റെയും കണ്ണപ്പന്റെയും മൂര്‍ത്തികളുണ്ട്‌. നൂറു കാല്‍മണ്ഡപത്തില്‍ നായകവംശത്തിലെ രാജാവിന്റെയും റാണിയുടെയും വിഗ്രഹങ്ങളുണ്ട്‌. വാതിലിനു സമീപം മൃഗങ്ങളുടെയും നായാട്ടുകാരുടെയും മൂര്‍ത്തികള്‍ കാണാം. അടുത്തുതന്നെയാണു മീനാക്ഷി കല്യാണമണ്ഡപം. ചൈത്രമാസത്തില്‍ ഇവിടെ മീനാക്ഷി വിവാഹോത്സവം ആഘോഷിക്കുന്നു. ആ അവസരത്തില്‍ ഇവിടെ അനേകം വധൂവരന്മാരുടെ വിവാഹങ്ങള്‍ നടക്കുക പതിവാണ്‌. കിഴക്കേ കവാടത്തിനു സമീപം പ്രഭുമണ്ഡപത്തില്‍ കുതിരസവാരിക്കാരുടെയും ഭടന്മാരുടെയും പ്രതിമകളുണ്ട്‌. ഉള്ളില്‍ തികച്ചും മനുഷ്യരൂപത്തിലുള്ള ശിവ - പാര്‍വ്വതീ വിവാഹമൂര്‍ത്തിയും നടരാജമൂര്‍ത്തിയും ഉണ്ട്‌. അടുത്തുതന്നെ സപ്തസമൂദ്രമെന്ന സരോവരം ഉണ്ട്‌. മീനാക്ഷിദേവിയുടെ അമ്മയ്ക്ക്‌ സമുദ്രസ്നാനത്തിന്‌ ആഗ്രഹമുണ്ടായി. ശ്രീപരമേശ്വരന്‍ ഇതില്‍ ഏഴുസമുദ്രങ്ങളും കാണിച്ചുകൊടുത്തു. അങ്ങനെ ഇത്‌ സപ്തസമുദ്രമെന്ന പേരില്‍ പ്രസിദ്ധമായി. ഇവിടെ കടമ്പുവനത്തില്‍ കടമ്പുവൃക്ഷത്തിനു ചുവട്ടില്‍ സുന്ദരേശ്വരലിംഗമുണ്ടായിരുന്നു. പാണ്ഡ്യരാജാവായ മലയധ്വജന്‍ ഈ വിവരം അറിഞ്ഞ്‌ ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചു. പകല്‍ സമയത്ത്‌ ഒരു സര്‍പ്പം ഇവിടെ വന്ന്‌ നഗരനിര്‍മ്മാണത്തിനുള്ള അതിരു നിര്‍ദ്ദേശിച്ചുകൊടുത്തു. പാണ്ഡ്യരാജാവിനു സന്താനമില്ലായിരുന്നു. അനേകകാലം പത്നീസമേതം തപസ്സു ചെയ്തതിന്റെ ഫലമായി ശ്രീശങ്കരന്‍ പ്രത്യക്ഷമായി ഒരു പുത്രിയുണ്ടാകുന്നതിനു വരം നല്‍കി. അദ്ദേഹത്തിന്റെ പുത്രിയുടെ രൂപത്തില്‍ അവതരിച്ചത്‌ പാര്‍വ്വതിദേവിയാണ്‌. ആ കുട്ടിക്ക്‌ പേരിട്ടത്‌ മീനാക്ഷിയെന്നാണ്‌. രാജാവ്‌ കൈലാസവാസിയായിത്തീര്‍ന്നു. റാണി രാജ്യഭാരം നടത്തി. പെണ്‍കുട്ടി യൗവന യുക്തയായപ്പോള്‍ സുന്ദരേശ്വരന്‍ മീനാക്ഷിയെ വിവാഹം കഴിച്ചു. (ഇങ്ങനെ ഒരു കഥ പ്രാചീന പണ്ഡിതരുടെ ഇടയില്‍ പ്രചാരത്തിലുണ്ട്‌.) സുന്ദരരാജപ്പെരുമാള്‍ : വിഷ്ണുക്ഷേത്രം സ്റ്റേഷനും മീനാക്ഷിക്ഷേത്രത്തിനും ഒരു കിലോമീറ്റര്‍ അകലെ പട്ടണത്തിലാണ്‌ ഈ സ്ഥാനം. ഇവിടത്തെ ക്ഷേത്രത്തില്‍ രാമായണകഥാഭാഗങ്ങളുടെ മനോഹരമായ ഭാഗങ്ങള്‍ ഭിത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു. വിഷ്ണുഭഗവാന്‍ മീനാക്ഷീ വിവാഹത്തിനു സന്നിഹിതനായിരുന്നു. അന്നുണ്ടായതാണ്‌ ഈ വിഷ്ണുക്ഷേത്രമെന്നു പറയപ്പെടുന്നു. ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ ശ്രീനാരായണന്റെ വിഗ്രഹമാണു കാണുന്നത്‌. ക്ഷേത്രോപരിഭാഗത്തു ചെല്ലുന്നതിനു പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. മുകളില്‍ സൂര്യനാരായണവിഗ്രഹം കാണാം. നരസിംഹവിഗ്രഹവും ക്ഷേത്രത്തിലുണ്ട്‌. ഉള്ളില്‍ പ്രത്യേകസ്ഥാനത്ത്‌ മധുവല്ലി (ലക്ഷ്മി)യുടെ പാവനവിഗ്രഹം കാണാം. ശ്രീകൃഷ്ണക്ഷേത്രം : മീനാക്ഷീക്ഷേത്രത്തില്‍ നിന്നും സുന്ദരരാജ്പെരുമാള്‍ ക്ഷേത്രത്തിലേക്കു വരുമ്പോള്‍ അല്‍പം മുമ്പ്‌ ഈ ശ്രീകൃഷ്ണക്ഷേത്രം കാണാം. ഇവിടെ ശ്രീകൃഷ്ണഭഗവാന്റെ വളരെ മനോഹരമായ വിഗ്രഹമാണ്‌ ദര്‍ശിക്കാവുന്നത്‌.

No comments:

Post a Comment