ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2018

ബ്രഹ്മം [ഒന്നാം ഭാഗം]

ബ്രഹ്മം [ഒന്നാം  ഭാഗം]

എന്താണ് ബ്രഹ്മം?. എല്ലവരും ബ്രഹ്മത്തെപ്പറ്റി പറയുന്നു, വിവരിക്കുന്നു, ബ്രഹ്മവും പരബ്രഹ്മവും തമ്മിലുള്ള ബന്ധത്തെ ഓർക്കുവാൻ പറയുന്നു… എന്നാൽ ബ്രഹ്മം എന്താണെന്നറിയാതെ എങ്ങിനെ ബ്രഹ്മത്തെപ്പറ്റി പഠിക്കാനും പറയാനുമെല്ലാം കഴിയും. ഭഗവാൻ ബ്രഹ്മത്തിന്റെ പ്രതിഷ്ഠയാണ്. പ്രതിഷ്ഠയെന്നാൽ അചഞ്ചലമായി ഒട്ടും വ്യതിയാനങ്ങളോ ചലനങ്ങളോ ഇല്ലാതെ നില കൊള്ളുന്നത് എന്നർത്ഥം.

ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർമ്മസ്യ സുഖസ്യൈ കാന്തികസ്യ ച (ശ്രീമദ് ഭഗവത് ഗീത 14:27)

(ഞാൻ ബ്രഹ്മത്തിന്റെ പ്രതിഷ്ഠയാകുന്നു. അതായതു ഞാൻ ബ്രഹ്മത്തിന്റെ ആശ്രയമാകുന്നു. അതു പോലെ നാശരഹിതമായ അമൃത ഏകാന്തമായ സുഖത്തിനും ഞാൻ ആശ്രയമാകുന്നു.)

ബ്രഹ്മം ഭഗവത് രൂപത്തിൽ സങ്കല്പിക്കുമ്പോൾ പരബ്രഹ്മം എന്നു വിളിക്കുന്നു. പരബ്രഹ്മം നിത്യമാണ്. നിത്യമായുള്ള ജീവനെ നിത്യനെന്ന അർത്ഥം വരുന്ന ശിവൻ എന്നു വിളിക്കുന്നു. നിത്യനായുള്ള ബ്രഹ്മം സ്ത്രീയല്ല പുരുഷനല്ല നപുംസകവുമല്ല. അതിനെല്ലാം അതീതമാണ്. നിത്യതയുടെ അടയാളം സ്ത്രീപുരുഷ ലിംഗങ്ങൾ ചേർന്ന ശിവലിംഗമാണ്. ബ്രഹ്മം ഈശ്വരനെങ്കിൽ ഈശ്വരൻ ബ്രഹമവുമാണ്... ബ്രഹ്മവും ഈശ്വരനും ഒന്നാണ്. അത് പ്രപഞ്ചത്തിലെ അറിയപ്പെടുന്ന സകല ശക്തികളുടേയും ഉറവിടവും അത്യന്തിക ലക്ഷ്യവുമാണ്. ഈ മഹാശക്തിക്ക് രൂപമോ ഭാവമോ ലിംഗഭേദങ്ങളോ ഇല്ല എന്ന മഹാതത്വമാണ് ശിവലിംഗത്തെ ആരാധിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ബ്രഹ്മം ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും പരബ്രഹ്മത്തിലാണ്. അതു പൂർണ്ണവും സത്യവുമാണ്. അതിൽ നിന്നുത്ഭവിക്കുന്ന ബ്രഹ്മങ്ങളും എത്തിച്ചേരുന്ന ബ്രഹ്മങ്ങളുമെല്ലാം പൂർണ്ണം തന്നെയാണ്. പൂർണ്ണമായ പരബ്രഹ്മത്തിൽ നിന്നും പൂർണ്ണങ്ങളായ ബ്രഹ്മങ്ങൾ പോകുമ്പോഴും പൂർണ്ണങ്ങളായ ബ്രഹ്മങ്ങൾ എത്തിച്ചേരുമ്പോഴും പൂർണ്ണമായ പരബ്രഹ്മം അതേ പോലെ തന്നെ നില കൊള്ളുന്നു. അതു കൊണ്ടാണ് പരിപൂർണ്ണതയുടെ മന്ത്രം സകല പൂജകൾക്കുമൊടുവിൽ ജപിക്കുന്നതും.

"പൂർണ്ണമദ പൂർണ്ണമിദ പൂർണ്ണാത് പൂർണ്ണമുദച്യുതേ
പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ"

ഇപ്പോൾ ബ്രഹ്മം പൂർണ്ണമാണെന്നും സകല ബ്രഹ്മങ്ങളും പരബ്രഹ്മത്തിന്റെ അംശങ്ങളും പൂർണ്ണങ്ങളാണെന്നും പറഞ്ഞു. ഇനിയും ബ്രഹ്മമെന്താണെന്ന് പറഞ്ഞില്ല.

തുടരും....

No comments:

Post a Comment