ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 June 2018

ബ്രഹ്മത്തിലേക്കുള്ള മാര്‍ഗം

ബ്രഹ്മത്തിലേക്കുള്ള മാര്‍ഗം

പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് ബ്രഹ്മത്താലാണ്. സര്‍വചരാചരങ്ങളും ബ്രഹ്മമയം. ഏതൊന്നിനെയാണോ ലക്ഷ്യമിടുന്നത് അവിടെയും ബ്രഹ്മമയം തന്നെ. നിങ്ങള്‍ നിങ്ങളിലേക്കു തിരിയുമ്പോഴും അവിടെയും ബ്രഹ്മത്തെയാണു കാണുവാന്‍ കഴിയുന്നത്. ഏതൊരു പ്രവൃത്തിയിലും ബ്രഹ്മത്തെ കാണുവാന്‍ സാധിക്കും. അങ്ങനെ സാക്ഷ്യവല്‍ക്കരിക്കപ്പെടുന്ന ബ്രഹ്മത്തെ അറിഞ്ഞു ശാന്തരാകുന്നു. നിങ്ങള്‍ എതൊന്നിനെയാണോ അന്വേഷിക്കുന്നത് അതുതന്നെയാണ് ബ്രഹ്മസാഫല്യവും. അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തിയിലും ബ്രഹ്മമയം തന്നെ. ബ്രഹ്മത്തെ അന്വേഷിക്കുകയെന്നത് കാലഭേദം കൂടാത്ത പ്രവര്‍ത്തിയാണ്. മാനുഷിക ഭാവമുള്ളവര്‍ തീര്‍ച്ചയായും എപ്പോഴെങ്കിലും നമ്മളിലേക്ക് തിരിയുന്നതു നല്ലതാണ്. ഈ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നത് തന്നെ ബ്രഹ്മമയത്താലാണ്. ഏതൊന്നിനെയാണോ തിരയുന്നത് അവിടെ ബ്രഹ്മത്തെ ദര്‍ശിക്കുവാന്‍ സാധിക്കും. പലരിലും പല വിധത്തിലാണ് ബ്രഹ്മത്തെ ദര്‍ശിക്കുവാന്‍ സാധിക്കുക. ഒരുപക്ഷെ രൂപമില്ലാത്ത അവസ്ഥയിലായിരിക്കും ബ്രഹ്മത്തെ ദര്‍ശനാനുഭൂതി ഉണ്ടായിവരുന്നത്. അതു അനുമാനിക്കുവാന്‍ കഴിയുക രൂപമില്ലാത്ത അവസ്ഥയും ബ്രഹ്മത്തിനുണ്ട് എന്ന്. ഏതെങ്കിലും തരത്തില്‍ ഒരനുഭൂതി കിട്ടിക്കഴിഞ്ഞാല്‍ എല്ലാത്തിനും ഒരു നിസ്സാരത അനുഭവപ്പെടുകയും ചെയ്യും. എത്ര ഭീമമായ കാര്യമാണെങ്കിലും എല്ലാമൊരു ലാഘവബുദ്ധിയോടെ നോക്കിക്കാണും. അവിടെയാണ് നമ്മളില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞ അനുഭൂതിയുടെ പ്രത്യേകത. പ്രപഞ്ചം മുഴുവനും ബ്രഹ്മമയമായപ്പോള്‍ നമുക്ക് എല്ലാത്തിനേയും പ്രാര്‍ത്ഥിച്ച് സാഫല്യമടയാം. നമ്മളിലെ ഈശ്വാരാംശം തന്നെയാണ് ബ്രഹ്മത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഒരു ഗുരുവിന്റെ നിര്‍ദ്ദേശത്തോടുകൂടിയായിരിക്കണം. നമ്മള്‍ ഓരോന്നെടുത്തു നോക്കുമ്പോള്‍ രൂപങ്ങള്‍ക്കതീതമായും രൂപമായും ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു. സര്‍വചരാചരങ്ങളിലും ഈശ്വരന്‍ കുടികൊള്ളുന്നു. അതുതന്നെയാണ് ബ്രഹ്മത്തെ നമ്മള്‍ ലക്ഷ്യമിടുന്നതുതന്നെ. നമ്മുടെയിടയില്‍ കാണുന്നതെന്തും ബ്രഹ്മം തന്നെയാണ്. അതായത്, നമുക്ക് ഒരു ഗുരുവിനെ ആവശ്യമായി വരുമ്പോള്‍ ചിലപ്പോള്‍ നമുക്ക് കിട്ടുന്നത് നമ്മേക്കാള്‍ വയസ്സിനു താഴെയുള്ള ആളായിരിക്കും. നമുക്ക് ഇന്നതെന്നില്ല എന്തും നമുക്ക് ഗുരുവാണ് ബ്രഹ്മമാണ്. നമ്മളില്‍ത്തന്നെ അടങ്ങിയിരിക്കുന്ന ഈശ്വരാംശത്തെ പരിപോഷിപ്പിക്കുക മാത്രമാണ് നാം ചെയ്യേണ്ടിയിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഇതിനെക്കുറിച്ച് നമുക്ക് അപഗ്രഥിക്കുവാന്‍ സാധിക്കും. നമ്മളില്‍ മൂഢബുദ്ധികള്‍ അല്‍പ്പന്മാരും അജ്ഞാനികളുമാണ് അവര്‍ കാണുന്നത് ലോകം എന്നു ചിന്തിച്ചു പോരുന്നു. എത്ര സമ്പന്നതയിലിരുന്നാലും അവന് ബ്രഹ്മത്തെ കുറിച്ചു ബോധവാനാണെങ്കില്‍ ബ്രഹ്മസാക്ഷാത്കാരം സിദ്ധിക്കും. വെളിച്ചത്തെകാണുകയും സാക്ഷാത്കരിക്കുകയും ചെയ്യും. അവനവനുതന്നെ കാലഭേദമില്ലാതെ ബ്രഹ്മത്തെ അറിയുവാന്‍ കഴിയും. പക്ഷേ നിങ്ങള്‍ നിങ്ങള്‍തന്നെ ആയിരിക്കണം. ബ്രഹ്മജ്ഞാനം സിദ്ധിച്ചുകഴിഞ്ഞാല്‍ എല്ലാം നിസ്സാരതയായി തോന്നും. ''ഉണരുംപോലെ ഉറങ്ങീടണം.'' ഇങ്ങനെ സാധിച്ചെടുത്താല്‍ മാത്രമേ നിങ്ങളില്‍നിന്ന് ആഗ്രഹങ്ങളെ ഹനിക്കുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളില്‍ ശ്രമങ്ങളുടെ ഒരു യുദ്ധം തന്നെയുണ്ടായിരിക്കണം. ഒരുനിമിഷം മുമ്പേ ശ്രമിച്ചാല്‍ അത്രയും എളുപ്പത്തില്‍ ബ്രഹ്മത്തിലേക്കു കടക്കാം. അങ്ങനെ സാധിക്കുമ്പോള്‍ ബ്രഹ്മം നിങ്ങളില്‍ത്തന്നെയുണ്ടെന്ന് ബോധ്യമാകും. നമ്മുടെ ഋഷീശ്വരന്മാര്‍ എന്തിലും ഏതിലും ബ്രഹ്മത്തെ കാണുന്നവരായിരുന്നു. അവരെപ്പോലെ നമ്മള്‍ പൂര്‍ണമായി ത്യജിക്കുവാനല്ല പറയുന്നത്. ആഗ്രഹങ്ങളെ നിഗ്രഹിക്കുകയാണ് വേണ്ടത്. ആഗ്രഹമില്ലാത്ത അവസ്ഥയ്ക്ക് 'ശൂന്യത' എന്നാണ് പറയുന്നത്. പൂര്‍ണമായും ശൂന്യത കൈവരുത്തുവാന്‍ സാധിച്ചുവെന്നു വരില്ല. കുറച്ചൊക്കെ നമുക്ക് ത്യജിക്കേണ്ടിവരും. എപ്പോഴും ''ഞാന്‍ എന്ന പദത്തിനു അര്‍ത്ഥം'' കണ്ടെത്തുകയാണെങ്കില്‍ ''നിങ്ങള്‍ പൂര്‍ണമായി ശൂന്യരായിത്തീരും.'' അവിടെനിന്നും ഉയരുകയായി. അപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അറിഞ്ഞുകഴിഞ്ഞിരിക്കും. നിങ്ങള്‍ നിങ്ങളെതന്നെ സംരക്ഷിച്ചു തുടങ്ങണം.

No comments:

Post a Comment