ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 June 2018

ഭഗവാന്റെ ജലാവതാരം

ഭഗവാന്റെ ജലാവതാരം

മത്സ്യാവതാരം, കൂർമ്മാവതാരം തുടങ്ങിപത്ത് അവതാരങ്ങളെക്കുറിച്ച് നാം കേട്ടിരിക്കുന്നു. ഇത് കൂടാതെ ദത്തത്രേയനും ഭഗവാന്റെ അവതാരമായി കരുതുന്നവരുണ്ട്. എന്നാൽ ജലാവതാരം എന്നൊന്ന് എന്താണ്? ഭഗവാന് അങ്ങിനെയൊരു അവതാരമുണ്ടോ? ദൈവം സർവ്വവ്യാപിയായതിനാൽ ജലവും ദൈവമെന്ന് നമുക്ക് കരുതാം. എങ്കിലും ജലാവതാരമെന്നത് പലപ്പോഴും വിശ്വാസിയുടെ ചിന്തയെ മഥിക്കുന്ന പദം ആയി മാറുന്നു.

ഭൂമിയുടെ ഭൂരിഭാഗവും ജലമാണ്. അതുപോലെ മനുഷ്യ ശരീരത്തിന്റെ ഭൂരിഭാഗവും ജലം തന്നെ. മനുഷ്യ ജീവന്റെ നിലനിൽപ്പിന് ശുദ്ധജലം അത്യന്താപേക്ഷിതവുമാണ്. എന്നിരുന്നാലും ലോകത്തിന്റെ പലഭാഗത്തും ശുദ്ധജലത്തിന് ക്ഷാമം നേരിടുന്നു. ഭൂമിയിലെ ജലത്തിന്റെ സിംഹഭാഗവും സമുദ്രത്തിലാണ്. അതാകട്ടെ ഉപ്പുകലർന്നതാകയാൽ ഉപയോഗയോഗ്യമല്ലതാനും.

അടുത്ത ലോക മഹായുദ്ധം കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും, കുടിവെള്ളത്തിന്റെ വില സ്വർണ്ണവിലയെ കവച്ചുവെയ്ക്കുമെന്നും, ലോക ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നുവെന്നുമുള്ള മുന്നറിയിപ്പുകളും വിവിധ കോണുകളിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു. ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള സ്രോതസ്സുകളെപ്പറ്റി ചിന്തിക്കുമ്പോഴാണ് "വെള്ളത്തിൽ തുപ്പരുതെന്നും മൂത്രമൊഴിക്കരുതെന്നും" ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന പൂർവ്വികരുടെ ആരാധനാഭാവം കലർന്ന ബുദ്ധിയെയും ഉൾക്കാഴ്ചയെയും എടുത്തുപറയേണ്ടത്.

മാനവരാശിയുടെ നിലനിൽപ്പിനു ജലംഎത്രമാത്രം പ്രധാനപ്പെട്ടതാണെന്നുലോകത്തെ ഓർമിപ്പിക്കാൻ വേണ്ടിയാണല്ലോ  എല്ലാ വർഷവും മാർച്ച് 22ന് ലോക ജലദിനം ആചരിക്കുന്നത്? ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ 1993 മുതലാണു ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിലും എത്രയോവർഷം മുൻപ്, ശരിക്കുപറഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുൻപ്, ഇങ്ങ് ഭാരതത്തിന്റെ തെക്കേ അറ്റത്ത്, കേരളത്തിന്റെ മദ്ധ്യഭാഗമായ തൃശ്ശിവപേരൂരിന്റെ പടിഞ്ഞാറുഭാഗത്ത്, ആചാരാനുഷ്ഠാനസമൃദ്ധമായ, ശുദ്ധജലം സംഭരിക്കുന്നതിന് വേണ്ടി നടന്നിരുന്ന, ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഈ ചടങ്ങിനെ ഒന്ന് നോക്കിയാൽ വരുന്ന സംശയംഇങ്ങിനെയാകും,  "ഭഗവാൻ ജലമായതോഅതോ ജലം ഭഗവാനായതോ?"

ഈ സന്ദർഭത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തെയും അവിടുത്തെ സേതുബന്ധന ആചാരത്തെയും കുറിച്ച് ഒന്ന് മനനം ചെയ്യുന്നത് നന്നായിരിക്കും.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതനമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർപുഴയുടെ കൈവഴിയായ തീവ്രാനദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവുംവലുതും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രവും തൃപ്രയാർ തന്നെയാണ്.
ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽപൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം. വൃശ്ചികമാസത്തിലെകറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർഏകാദശി മഹോത്സവം വളരെ വിശേഷമാണ്. മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീപേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമിതന്നെയാണ്. ഇവിടുത്തെ പ്രാധാന്യമേറിയമറ്റൊരു വിശേഷമാണ് സേതുബന്ധനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെകീഴിലാണ് ഈ ക്ഷേത്രം.

രാമായണത്തിലെ രാമസേതു നിർമ്മാണം

രാവണൻ തട്ടിയെടുത്തസീതാദേവിക്ക് മുദ്രമോതിരം നൽകി തന്റെ പ്രഭുവായ ശ്രീരാമചന്ദ്രന്റെ സന്ദേശം കൈമാറി ചൂഡാരത്നവുമായി ഹനുമാൻ തിരിച്ചെത്തി. ദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ ശ്രീരാമനും ലക്ഷ്മണനും വാനരസൈന്യവും രാമേശ്വരത്ത് എത്തി.അതേ സമയത്ത്  വിഭീഷണൻ രാക്ഷസരാജാവായ ജ്യേഷ്ഠൻ രാവണനുമായി, സീതാദേവിയെ തിരികെനൽകണമെന്ന വിഷയത്തിൽ, തമ്മിൽ തെറ്റി ശത്രുക്കളാവുകയും, നാല് മന്ത്രിമാരോടൊപ്പം ശ്രീരാമനെ ശരണം പ്രാപിക്കുകയും ചെയ്യുന്നു. എല്ലാവരും എതിർത്തെങ്കിലും ഹനുമാന്റെ വാക്കുകളടിസ്ഥാനമാക്കി ശ്രീരാമൻ വിഭീഷണന് അഭയം നൽകി. കടൽ കടക്കാനെന്താണ് മാർഗമെന്ന് എല്ലാവരും കൂടി ആലോചിച്ചു.

സമുദ്രത്തിൽ ചിറകെട്ടാനുള്ള പദ്ധതിയുടെ ആശയം വിഭീഷണൻ  മുന്നോട്ട് വച്ചു. തുടർന്ന് വരുണനെ പ്രത്യക്ഷപ്പെടുത്തി. വരുണനാണ് വിശ്വകർമ്മാവിന്റെ മകനായ നളനെ മുഖ്യസ്ഥപതിയാക്കി (ചീഫ് എഞ്ചിനീയർ) കടലിനു കുറുകേ സേതു നിർമ്മിക്കാൻ പറയുന്നത്. അതുപ്രകാരം വാനരസൈന്യം വലിയ പാറക്കല്ലുകളും, മരങ്ങളുമെല്ലാം എത്തിച്ച് 5 ദിവസം കൊണ്ട് നൂറു യോജന നീളമുള്ള പാലം നിർമ്മിച്ചു. തുടർന്ന് ലങ്കയിലെത്തി യുദ്ധം ജയിച്ച് സീതാദേവിയെ വീണ്ടെടുത്തു.

ശ്രീരാമൻ ചിറയിലെ ചിറകേട്ടോണം

രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ശ്രീരാമചന്ദ്രഭഗവാനും വാനരസൈന്യവും കൂടിച്ചേർന്ന് സമുദ്രത്തിനു കുറുകേ സേതുബന്ധനം നടത്തിയതിന്റെ ഓർമ്മക്കായി എല്ലാവർഷവും കന്നിമാസത്തിലെ തിരുവോണം നാളിൽ തൃപ്രയാർ ശ്രീരാമസ്വാമി  സേതുബന്ധനച്ചടങ്ങുകൾ നടത്തുന്ന സ്ഥലമാണ് ശ്രീരാമൻ ചിറ. സേതുബന്ധന സ്മരണ ഈ രീതിയിൽ പുതുക്കുന്ന ഭൂമിയിലെ ഒരേ ഒരു സ്ഥലമാണിവിടം

അന്ന് പുലർച്ചെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിയമവെടി കേൾക്കുമ്പോൾ  ചിറ കെട്ടോണത്തിന്റെ ചടങ്ങുകളാരംഭിക്കുന്നു. ഇവിടെ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ച് വച്ച് ചെണ്ട കൊട്ടാൻ തുടങ്ങുന്നു. ഇത് സന്ധ്യക്കുള്ള ചിറകെട്ട് കഴിയുന്നതു വരെ ഉണ്ടായിരിക്കും. പുലർച്ചെയുള്ള ചെണ്ടകൊട്ട് കേൾക്കുന്നതോടെ ചെമ്മാപ്പിള്ളി, പെരിങ്ങോട്ടുകര പ്രദേശത്തുള്ളവർ വീടുകളിൽ തൃക്കാക്കരയപ്പനെ പൂക്കളത്തിലെഴുന്നള്ളിച്ച് വച്ച് പൂവട, വറുത്ത അരി, പയർ എന്നിവ നിവേദിക്കുന്നു.

തൃപ്രയാർ ക്ഷേത്രനട  നേരത്തെ അടയ്ക്കുന്ന രണ്ട് ദിവസങ്ങളാണ് ആറാട്ടുപുഴ ദേവമേളയായ മീനത്തിലെ പൂരവും, ശ്രീരാമൻ ചിറയിൽ ചിറകെട്ടുന്ന കന്നിയിലെ തിരുവോണ ദിനവും. ചിറകെട്ടു ദിവസം  വൈകീട്ട് ദീപാരാധനയും അത്താഴ പൂജയും നേരത്തേ തീർത്ത് നട അടയ്ക്കുന്നു. ആയതിനുശേഷം തേവർ  മുതലപ്പുറത്ത് കയറി  ശ്രീരാമൻ ചിറയിൽ എത്തിച്ചേരുന്നുവെന്നാണ് വിശ്വാസം. 2000ലധികം വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന തൃപ്രയാർ ക്ഷേത്രത്തിന്റെ അത്രയും തന്നെ പഴക്കം ശ്രീരാമൻ ചിറ കെട്ടുന്നതിനും ഇവിടുത്തെ ചിറകെട്ട് ഓണത്തിനും ഉണ്ട്.

ഇതിനുവേണ്ടി അവകാശികളേയും തൃപ്രയാർ ക്ഷേത്രം നിശ്ചയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ പറയസമുദായത്തിനായിരുന്നു അവകാശം. അവരത് ഉപേക്ഷിച്ചുപോയപ്പോൾ തൃപ്രയാർ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായപുന്നപ്പിള്ളിമനയിലെ കാരണവന്മാർ കൊണ്ടുവന്ന് അവരുടെ ഇല്ലപ്പറമ്പിൽ താമസിപ്പിച്ചിരുന്ന വേട്ടുവസമുദായക്കാരാണ് ഇപ്പോൾ ചിറ നിർമ്മിക്കുന്നത്. ഇവിടെയും ചിറകെട്ടിനുശേഷം അനുബന്ധച്ചടങ്ങുകൾ നടക്കുന്ന കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലും പൂജാസാധനങ്ങളൊരുക്കുന്നതിനും സ്ഥലം വൃത്തിയാക്കുന്നതിനും തോരണമിടുന്നതിനും ഈഴവർക്കാണ് അവകാശം. ചിറകെട്ടുന്നതിലും, സേതുബന്ധനവന്ദനം നടത്തുന്നതിലും, വിവിധകലാരൂപങ്ങളവതരിപ്പിക്കുന്നതിലും പങ്കെടുത്തവർക്കുള്ള അവകാശങ്ങൾവിതരണം ചെയ്യുന്നത് തൃപ്രയാർ ക്ഷേത്രത്തിൽ നിന്നും വരുന്ന നമ്പൂതിരി സമുദായാംഗമാണ്. ചിറകെട്ടിന്മേൽ വിരിക്കുന്നതിനുള്ള വെള്ളയും കരിമ്പടവും, സമർപ്പിക്കുന്നതിനുള്ള താമ്പൂലവു, കൊട്ടാരവളപ്പിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള മാറ്റും കൊണ്ടുവരുന്നതിനുള്ള അവകാശം വെളുത്തേടത്ത് നായർ സമുദായാംഗത്തിനാണ്. കാഴ്ചക്കുലയുംനെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്. വിശ്വകർമ്മജരായ കരുവാൻ, തട്ടാൻ, ആശാരി സമുദായാംഗങ്ങൾ യഥാക്രമം കത്തി, മോതിരം, മുളനാഴി/ഇടങ്ങഴി എന്നിവ സമർപ്പിക്കുന്നു. ഓലക്കുട സമർപ്പിക്കുന്നത് സാംബവ സമുദായമാണ് ( ചടങ്ങ് 2017ൽ പുനരാരംഭിച്ചു)

സേതുബന്ധനവന്ദനം

രാമസേതുവിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്  വാമൊഴിയിലൂടെ പ്രചാരം നേടിയതാണല്ലോ അണ്ണാറക്കണ്ണന്റെ കഥ?ലങ്കയിലേക്ക് കടക്കുന്നതിനായി ചിറ നിർമ്മിക്കുവാൻ ഒരുങ്ങിയ സമയത്ത് അണ്ണാറക്കണ്ണൻ കടലിലിറങ്ങി നനഞ്ഞുവന്ന്, തീരത്തെ പൂഴിമണലിൽ കിടന്നുരുണ്ട്, സ്വന്തം ശരീരരോമങ്ങളിൽ പറ്റിപ്പിടിച്ച മണൽ ചിറയിന്മേൽ കൊണ്ടുപോയി കുടഞ്ഞിടുന്നതും, ശ്രീരാമദേവന്റെ പ്രത്യേകാനുഗ്രഹത്തിന് പാത്രമാകുന്നതുമായഇതിഹാസ സന്ദർഭത്തിനാണ് സേതുബന്ധന വന്ദനത്തോട് ബന്ധമുള്ളത്.

അവകാശികൾ ചിറ നിർമ്മിച്ചു തീർന്നതിനു ശേഷം ആണ് ഈ ചടങ്ങ് നടക്കുന്നത്. ഭഗവാൻ ശ്രീരാമചന്ദ്രൻ, ശ്രീരാമൻ ചിറയിൽ എഴുന്നള്ളിയതിനുശേഷമാണല്ലോ ചിറ കെട്ടുന്നത്. അതിനുശേഷം അവകാശികളല്ലാത്ത ഭക്തർക്കുകൂടി ചിറകെട്ടിൽ പങ്കാളികളാകാൻ അവസരം ഉണ്ട്. ഇവിടെ എത്തിയ എല്ലാവർക്കും ഒരു പിടി മണ്ണ്പുതുതായി നിർമ്മിച്ചസേതുവിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ സേതുബന്ധനത്തിൽ പങ്കാളികളാകുന്നവർക്കും ആദ്യകാലത്ത് ഒരു നാഴി നെല്ല് അളന്നു നൽകിയിരുന്നു.ഇപ്പോൾ ഇത് പണമായി നൽകി വരുന്ന. ഭഗവത്പ്രസാദമായി കിട്ടുന്ന ഈ പണം ഭക്തർ വീടുകളിൽ കൊണ്ടു പോയി സൂക്ഷിച്ചു വരുന്നു. ആയത് ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.

ചിറകെട്ടുന്ന ദിവസം ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർ പിന്നീട് ഈ ചടങ്ങ് നിർവ്വഹിക്കാറുണ്ട്. ആയതിനായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ശ്രീരാമൻചിറയിലെത്തി സ്വന്തം വാസസ്ഥാനത്തുനിന്ന് കൊണ്ടുവന്നതോ അഥവാ സേതുവിനു സമീപത്തു നിന്ന്  ശേഖരിച്ചതോ ആയ ഒരു പിടി മണ്ണ് സേതുബന്ധനത്തിൽ നിക്ഷേപിക്കുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം പൂർണ്ണമാകുന്നതിന് സേതുബന്ധന വന്ദനം നടത്തുന്നത് അഭികാമ്യമാണ്.

താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവികശുദ്ധജല സംഭരണിയാണ്‌ ശ്രീരാമൻ ചിറ എന്നറിയപ്പെടുന്ന 900 പറ പാടശേഖരം. വേനൽക്കാലത്ത് ചെമ്മാപ്പിള്ളിയിലും പരിസരങ്ങളിലും ശുദ്ധജലക്ഷാമം ഇല്ലാതിരിക്കാൻ ശ്രീരാമൻ ചിറ വലിയപങ്കാണ് വഹിക്കുന്നത്. ആചാരങ്ങളിലും ഭക്തിയിലും ഒരുമിച്ച് ഇവിടുത്തെ ജലസമൃദ്ധി ഉറപ്പു വരുത്തുകയായിരുന്നു ചെയ്തിരുന്നത്. തുലാവർഷത്തിലെ ജലം ശേഖരിച്ചു വയ്ക്കാൻ ശ്രീരാമൻ ചിറ ഉപകരിച്ചിരുന്നു.

തുലാവർഷം തീരുന്നതോടെ തൃപ്പാദയാറിൽ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകും. അപ്പോൾ പുഴയുടെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളിളെയും കുളങ്ങളിലെയും ജലം ഉപയോഗിക്കാൻ കഴിയാതെയാകും. ഈ സമയത്ത് ശ്രീരാമദേവന്റെ അവതാരം പോലെയാണ് ശ്രീരാമൻ ചിറയിലെ ശുദ്ധജലം ഗ്രാമീണർക്ക് അനുഭവപ്പെടുക. ഭക്തിയും സമുദായ ഒരുമയും ജലസംരക്ഷണമെന്ന നാടിന്റെ ആവശ്യകതയും  ഒന്നു ചേർന്നാണ് ഇവിടെ ചിറകെട്ടോണം ആഘോഷിക്കുന്നത്.

കലിയുഗത്തിലെ മനുഷ്യജന്മങ്ങൾക്ക് സേതുബന്ധനം ഒരു കേട്ടുകേൾവി മാത്രമാണ്. ഒരു തവണയെങ്കിലും അതിൽ അണ്ണാറക്കണ്ണനായി പങ്കെടുക്കുവാനുള്ള അടുത്ത അവസരം പാഴാക്കരുത്.  എല്ലാ മലയാള മാസം ഒന്നാം തീയ്യതിയും തൃപ്രയാർ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിലും സന്ധ്യയ്ക്ക് ചിറയിന്മേൽ വിളക്ക് വയ്പ്പ് നടന്നു വരുന്നു. ഭക്തർ തന്നെ എണ്ണയും തിരിയും കൊണ്ടുവന്ന് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. സ്ഥലദോഷങ്ങൾ തീർക്കുന്നതിനായി പല സ്ഥലങ്ങളിൽ നിന്നും മണ്ണ് സമർപ്പിക്കുന്നതിനായും ഭക്ത ജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട്.

No comments:

Post a Comment