ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 June 2018

കന്നിമൂല

കന്നിമൂല

വാസ്തു എന്ന പദം ഇന്ന് ഏവര്‍ക്കും സുപരിചിതമാണല്ലോ. ഗൃഹ സംബന്ധമായതെല്ലാം വാസ്തു അനുസരിച്ച് വേണം എന്ന തരത്തില്‍ , ഏറെക്കുറെ ആളുകള്‍ എത്തിയിരിക്കുന്നു. നല്ലതു തന്നെ. വാസ്തുവിന് പ്രിയം ഏറിയതനുസരിച്ച്, വാസ്തു പുസ്തകങ്ങള്‍ക്കും, വാസ്തു ക്ലാസ്സുകള്‍ക്കും ഇന്ന് പ്രിയം ഏറിയിരിക്കുന്നു. അതും നല്ലതു തന്നെ. മഹത്തായ ഈ ശാസ്ത്രം ഗ്രഹിക്കാന്‍ കഴിയുന്നതും, ഈ ശാസ്ത്രവിധിയനുസരിച്ച്, ഒരു ഗൃഹം നിര്‍മ്മിക്കാന്‍ കഴിയുന്നതും, പൂര്‍വ്വ പുണ്യമോ, തലമുറകളുടെ പുണ്യമോ ആണെന്നുള്ളതില്‍ തര്‍ക്കമില്ല . ഒരു ഗൃഹ നിര്‍മ്മാണത്തിന് ശേഷം, വാസ്തു പരിശോധന നടത്തേണ്ടിവരുന്നത് തികച്ചും ഭാഗ്യദോഷമാണ്. കാരണം ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ വാസ്തുവിന് പ്രാധാന്യം ഉണ്ട്. ഈശ്വരാനുഗ്രഹമുള്ളവര്‍ , ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ വാസ്തുവിനെ ആശ്രയിക്കും. അക്കാര്യത്തിലും തര്‍ക്കമില്ല.

ഒരു പ്രധാനകാര്യം, ചുറ്റിത്തിരിക്കപ്പെട്ട, അല്ലെങ്കില്‍ കെട്ടിത്തിരിക്കപ്പെട്ട, ഒരു വസ്തുവില്‍ മാത്രമേ വാസ്തു ഉണ്ടാകുകയുളളു. ഭൂമിയുടെ ഉയര്‍ച്ച താഴ്ചകളനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

തെക്ക് പടിഞ്ഞാറു വശം താഴ്ന്നും, വടക്കുകിഴക്ക് ഭാഗം ഉയര്‍ന്നും ഇരിക്കുന്ന ഭൂമിക്ക്, ഭൂതവിഥി എന്നാണ് നാമം. ഇത് സകലവിധ കാര്യനാശത്തിനും ഇടയാക്കും എന്നാണ് ശാസ്ത്രമതം. തെക്കു പടിഞ്ഞാറുവശമാണ് കന്നിമൂല. നമ്മുടെ പ്രതിപാദ്യവിഷയവും കന്നിമൂലയാണ്.

ഏറ്റവും ശക്തിയേറിയ ദിക്കാണിത്. മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച ശാസ്ത്രം ഈ ദിക്കിന് മാത്രമാണ്, ഒരസുരനെ, അധിപനായി നിശ്ചയിച്ചത്. ഗുണമായാലും, ദോഷമായാലും, ഈ ദിക്കില്‍ നിന്നുള്ള ഫലം വളരെപ്പെട്ടെന്ന് അനുഭവവേദ്യമാകും. അതുകൊണ്ട്, ഈ ദിക്ക് തുറസ്സായി ഇടുന്നത് നല്ലതല്ല. കുളമോ, കിണറോ, കുഴിയോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല.

കന്നിമൂലയ്ക്കുണ്ടാകുന്ന കുഴപ്പങ്ങള്‍
ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുക, കുടുംബത്തകര്‍ച്ചയുണ്ടാകുക എന്നിവയ്ക്ക് കാരണമാകും. വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവയാണ്.

പ്രപഞ്ചത്തിലെ രണ്ടു ഗുണപരമായ ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് അവസാനിക്കുന്നു. അപ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും അവസാനം പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും ദോഷവും മനസ്സിലാക്കാമല്ലൊ. പ്രപഞ്ച പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി ഒന്നു പരിശോധിക്കാം. വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും, തെക്ക് പടിഞ്ഞാറ് കാലുമായാണ് ശയിക്കുന്നത് (കന്നിമൂലയില്‍ ). അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധിച്ച ദുരിതങ്ങള്‍ സമ്മാനിക്കുന്നു.

ഗൃഹാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നും ആണല്ലൊ. പ്രഥമ സ്തംഭ ന്യാസം കന്നിയിലാവണം എന്നും ഉണ്ട്. ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് ഒരു ശാസ്ത്രഗ്രന്ഥത്തില്‍ ഉണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റി പ്രാധാന്യം. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിക്കിണ്ണര്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്. സ്ത്രീസ്വഭാവംപോലും കന്നികൊണ്ട് പറയാം. കുട്ടികളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി സംരക്ഷിച്ചത് ജീവിതം പ്രപഞ്ചതാളത്തിലാക്കുവാന്‍ എല്ലാവരേയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

ആത്മാവിന്റെ നിലനില്‍പ്പിന് , ശരീരം ആവശ്യമായതുപോലെ മനുഷ്യശരീരത്തിന്റെ സുരക്ഷിതത്വത്തിന് ആഹാരം കഴിഞ്ഞാല്‍ പ്രധാനമായി ആവശ്യമായുള്ളത് ഒരു വീടാണ് . ആ വീട്ടില്‍ സുഖമായി ജീവിക്കുകയാണല്ലോ ഏതൊരാളിന്റെയും താല്‍പ്പര്യം. അത് നടക്കണമെങ്കില്‍ വാസ്തു കൂടിയേതീരൂ. ബ്രഹ്മാണ്ഡത്തില്‍ വ്യാപിച്ചുകിടക്കുന്ന മഹാശക്തിതന്നെയാണ് മനുഷ്യനിലും മനുഷ്യന്‍ താമസിക്കുന്ന വസ്തുവിലും അടങ്ങിയിരിക്കുന്നത്. ഇവ പരസ്പരം പൊരുത്തപ്പെട്ടുപോകുന്നതാണ് ആ വീട്ടിലെ ജീവിതം സുസ്ഥിരമായി പോവുക എന്നു പറയുന്നത്.

വാസ്തുശാസ്ത്രമനുസരിച്ച് പണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പല കൊട്ടാരങ്ങളും ക്ഷേത്രങ്ങളും, എന്തിനേറെ ഏത് ഉണങ്ങിയ കാലാവസ്ഥയില്‍ പോലും ജലം ലഭിക്കുന്ന എത്ര കിണറുകള്‍ ഇന്നും വിസ്മയമായി തുടരുന്നു. പ്രപഞ്ചത്തിലെ നാലുദിക്കില്‍ നിന്നും പുറപ്പെടുന്ന പ്രപഞ്ചശക്തിയെ എങ്ങനെ മനുഷ്യ ശക്തിയുമായി സമന്വയിപ്പിക്കാം എന്നതാണ് വാസ്തുവിലെ പ്രതിപാദ്യം.

ആധുനിക വാസ്തു സിദ്ധാന്തം, ഗൃഹത്തിനു ജീവനില്ല , വാസ്തു പുരുഷനില്ല, ഗൃഹകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തം നോക്കണ്ട, വാസ്തുദോഷം എന്നൊന്നില്ല അതുകൊണ്ടുതന്നെ പരിഹാരം എന്നത് ആവശ്യമില്ല എന്ന് പറയുമ്പോള്‍ ഭാരതീയ വാസ്തുശാസ്ത്രം ഉറപ്പിച്ചുപറയുന്നു, ഗൃഹത്തിന് ജീവനുണ്ട്, ഗൃഹം മനുഷ്യനെ സ്വാധീനിക്കുന്നു, വാസ്തുപുരുഷ സങ്കല്‍പ്പം അതിപ്രധാനമാണ്. വാസ്തു ദേവതകളുടെ അനുഗ്രഹമില്ലെങ്കില്‍ അവിടുത്തെ ജീവിതത്തിന് ശാന്തിയും, സമാധാനവും ലഭിക്കുകയില്ല. അതുകൊണ്ട് ഭാരതീയ വാസ്തു ശാസ്ത്രത്തില്‍ ഉറച്ചുനിന്ന് വേണം ഒരു ഗൃഹം പണിയുവാന്‍ .

ഈശ്വരേശ്ച ഇല്ലാതെ ഒരു വീട് നമുക്ക് ലഭിക്കുകയില്ല. ആയതിനാല്‍ , ഒരു വീടിനായി ഭഗവാനോട് പ്രാര്‍ത്ഥിക്കുക. ആ പ്രാര്‍ത്ഥനയുടെ താളം ശരിയായ അര്‍ത്ഥത്തിലാണെങ്കില്‍ ഭാരതീയ വാസ്തുശാസ്ത്രപരമായ ഒരു വീട് നിങ്ങള്‍ക്കും ലഭിക്കും.

No comments:

Post a Comment