നിത്യഹരിത ദാർശനികൻ
ലോകദാര്‍ശനിക മേഖലയില്‍ തന്റെ മേധാശക്തികൊണ്ട് അസാമാന്യ സ്വാധീനം ചെലുത്തിയിട്ടുണ്ട് ആദിശങ്കരാചാര്യര്‍. ഭാരതത്തില്‍ തത്വചിന്തയേക്കാള്‍ പ്രാധാന്യം കല്‍പിച്ചു പോരുന്നത് ദര്‍ശനത്തിനാണ്. ചിന്തയ്ക്ക് അപ്പുറം, അഥവാ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും അതീതമായ ഒന്നാണ് യഥാര്‍ത്ഥ ദര്‍ശനം. അത് അനുഭൂതിയാണ്. ‘മിസ്റ്റിക്’ എന്ന സംജ്ഞയാണ് കുറേക്കൂടി ഇവിടെ ചേരുക. അനുഭൂതിയുടെ സത്തയാണത്. അറിയപ്പെടുന്നത് അറിയപ്പെടുന്നയാള്‍ അറിയുന്ന പ്രക്രിയ എന്ന ത്രിപുടിക്ക് അപ്പുറം പോയ ഗുരുക്കന്മാരുടെ ദര്‍ശനത്തെ പിന്‍പറ്റുക മാത്രമാണ് തത്വചിന്തകര്‍ ചെയ്യുന്നത്. അനുഭൂതിയുടെ ഈ മണ്ഡലം എത്ര മാത്രം പാശ്ചാത്യ തത്വചിന്തയില്‍ പ്രതിഫലിക്കുന്നുണ്ട്? ആദിശങ്കരന്‍ ദാര്‍ശനികനായിരുന്നു. തത്വചിന്തയുടെ മാനദണ്ഡത്തിന് അപ്പുറമാണ് ആ അവസ്ഥ.
ശങ്കരന്റെ ബാല്യമടക്കമുള്ള ജീവിതത്തെക്കുറിച്ച് അനേകം ഐതിഹ്യങ്ങളുണ്ട്. അനേകം കഷ്ടതകള്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
അഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം തുടങ്ങി എട്ടാം വയസ്സില്‍ വേദവും പന്ത്രണ്ടില്‍ സര്‍വശാസ്ത്രങ്ങളും പഠിച്ചെന്നും പതിനാറാം വയസ്സില്‍ മഹാഭാഷ്യം നിര്‍മ്മിച്ചെന്നുമാണ് ശങ്കരാചാര്യ ചരിത്രത്തിലുള്ളത്. മുപ്പത്തിരണ്ട് വയസ്സ് വരെ മാത്രം നീണ്ട ജീവിതം കൊണ്ട് തന്നെ ശങ്കരന്‍ ദ്വിഗ്വിജയം നടത്തി. ജ്ഞാനം കൊണ്ട് ദിക്കുകളെ ജയിച്ച് സര്‍വജ്ഞപീഠം കയറി. അദ്വൈത പാരമ്പര്യത്തെ സുശക്തമാക്കി. ബാദരായണന്‍-ശുകന്‍-ഗൗഡപാദര്‍-ഗോവിന്ദഭഗവല്‍പാദര്‍ എന്നിങ്ങനെയുള്ള പരമ്പര ശങ്കരനിലൂടെ തുടര്‍ന്നു.
ബുദ്ധനുശേഷം സന്ന്യാസി സമ്പ്രദായത്തെ നവീകരിച്ച് ദശനാമി സമ്പ്രദായം സ്ഥാപിച്ചു. ബദരീനാഥം, ജഗന്നാഥപുരി ദ്വാരക, ശൃംഗേരി എന്നിവിടങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രഭാവനയെ ഉണര്‍ത്തി.
പത്മപാദര്‍ സുരേശ്വരന്‍, ഹസ്താമലകന്‍, തോടകാചാര്യര്‍ എന്നിവരായിരുന്നു ശങ്കരന്റെ പ്രധാനശിഷ്യഗണം. ശങ്കരന്റെ ജനനവുമായി ബന്ധമുള്ള ക്ഷേത്രമാണ് തൃശ്ശൂരിലെ പുരാതനമായ ശ്രീ വടക്കുംനാഥക്ഷേത്രം. ശങ്കരപരമ്പരയിലെ നാലുമഠങ്ങള്‍ തൃശ്ശൂരിലുണ്ടായിരുന്നു. ഇപ്പോള്‍ മൂന്നെണ്ണം നിലനില്‍ക്കുന്നു.
ചിദംബരത്ത് പില്‍ക്കാലത്ത് ജനിക്കുകയും പിന്നീട് ശങ്കരമഠാധിപതിയാകുകയും ചെയ്ത അഭിനവശങ്കരന്റെ ചരിത്രവും കാലടിയില്‍ ഭൂജാതനായ ആദിശങ്കരന്റെ ചരിത്രവും തമ്മില്‍ പലപ്പോഴും ഇടകലര്‍ത്തി ചിലരെങ്കിലും പറയാറുണ്ട്. പല തെറ്റിദ്ധാരണകള്‍ക്കും ഇത് ഇടയാക്കിയിട്ടുമുണ്ട്.
പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന ബ്രഹ്മസൂത്രത്തിനും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുക്കള്‍ക്കും ഭഗവത്ഗീതക്കും അദ്ദേഹം എഴുതിയ ഭാഷ്യങ്ങള്‍ പ്രധാനപ്പെട്ട സംഭാവനകളാണ്. കാല്‍ നടയായി ഹിമാലയം മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച ആചാര്യസ്വാമികള്‍ ഭാഷ്യരചനയിലൂടെ, തെറ്റിദ്ധാരണകള്‍ക്ക് ഇടം നല്‍കാത്ത രീതിയില്‍ അദ്വൈതത്തെ സ്ഥാപിച്ചു. വേദത്തില്‍ പലയിടത്തായി കിടന്നിരുന്ന അദ്വൈതത്തെ തന്റെ കാവ്യാത്മകവും യുക്തിഭദ്രവുമായ ഭാഷയിലൂടെ ശങ്കരന്‍ പുനരവതരിപ്പിച്ചു.
വിവേകചൂഡാമണി, ആത്മബോധം, ഉപദേശസഹസ്രി, സ്വാത്മനിരൂപണം, സര്‍വവേദാന്ത സാരസംഗ്രഹം, അപരോക്ഷാനുഭൂതി, പ്രബോധ സുധാകരം, സൗന്ദര്യലഹരി എന്നിവ കൂടാതെ നിരവധി സ്‌തോത്ര കൃതികളും അദ്ദേഹം രചിച്ചു. താര്‍ക്കികയുക്തി ഉപയോഗിക്കേണ്ടിയിടത്ത് അത് ഉപയോഗിച്ച് സാംഖ്യം, മീമാംസ, ന്യായം, ജൈനം, ബൗദ്ധം, ചാര്‍വാകം തുടങ്ങിയ വിചാരധാരകളെ പൂര്‍വപക്ഷമാക്കിക്കൊണ്ട് വേദാന്തമാകുന്ന സിദ്ധാന്തപക്ഷത്തെ സ്ഥാപിച്ചു.
വാദങ്ങളെ വാദങ്ങള്‍കൊണ്ടുതന്നെ നേരിട്ടുകൊണ്ട് ധൈഷണികമായ വലിയൊരു കെട്ടുറപ്പ് ആചാര്യസ്വാമികള്‍ ഹിന്ദുധര്‍മ്മത്തിനു നല്‍കി. എന്നാല്‍ പലരും പ്രചരിപ്പിക്കുന്ന പോലെ അദ്ദേഹം ഒരു വരട്ടു തത്വവാദിയയിരുന്നില്ല. ജീവിതത്തിന്റെ സങ്കീര്‍ണ്ണ തകളെ ഉള്‍ക്കൊണ്ട് സാമൂഹിക ബോധമുള്ള സന്ന്യാസിയായിരുന്നു. വിവേകചൂഡാമണിയില്‍ മോക്ഷത്തിനു കാരണമായ സാമഗ്രികളില്‍ വെച്ച് ഭക്തിയാണ് ഏറ്റവും വലുതെന്ന് അദ്ദേഹം എഴുതി. ഭഗവദ്ഗീതാഭാഷ്യത്തില്‍ ജ്ഞാനം ലഭിക്കുന്നതു വരെ ചിത്തശുദ്ധിക്കു വേണ്ടി കര്‍മ്മം അനുഷ്ഠിക്കണമെന്നും ആചാര്യസ്വാമികള്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. കര്‍മ്മം ചെയ്യാനും ചെയ്യിക്കാനും വേണ്ടിതന്നെയാണ് അദ്ദേഹം മഠങ്ങള്‍ സ്ഥാപിച്ചതും. ശാങ്കരദര്‍ശനം അലസന്മാരെ ഉദ്ദേശിച്ചുള്ളതല്ല എന്നു വ്യക്തമാണ്. ജ്ഞാനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുമ്പോഴും ഭക്തിയെയും കര്‍മ്മത്തെയും അദ്ദേഹം ഉപേക്ഷിച്ചില്ല. അദ്ദേഹം കര്‍മ്മമേ വേണ്ട എന്ന ആശയം പ്രചരിപ്പിച്ചു എന്നൊ ക്കെ ചില കപട പുരോഗമനവാദികള്‍ പറയുന്നത് ശുദ്ധവിവരക്കേടാണ്. ശാങ്കരദര്‍ശനം പഠിച്ചാലേ ഇത്തരം സംശയങ്ങള്‍ മാറി അദ്വൈതസത്യം തെളിയുകയുള്ളൂ. ജ്ഞാനമാര്‍ഗ്ഗം മോക്ഷമാര്‍ഗ്ഗമാണ്.
No comments:
Post a Comment