ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 June 2018

ഛാന്ദോഗ്യോപനിഷത്ത്‌

ഛാന്ദോഗ്യോപനിഷത്ത്‌

ഛാന്ദോഗ്യം ഉപനിഷത്തുകളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനത്തുനില്‍ക്കുന്ന ഒരുപനിഷത്താണ്. രൈക്വന്‍, സത്യകാമന്‍, ഉഷസ്തി, നാരദന്‍, സനത്കുമാരന്‍, ശ്വേതകേതു, ഇന്ദ്രന്‍, വീരോചനന്‍ എന്നിങ്ങനെയുള്ളവരുടെ വളരെ രസകരമായ കഥകള്‍ ഛാന്ദോഗ്യത്തില്‍ വരുന്നുണ്ട്. എത്ര വിഷമമായ വിഷയവും വളരെ ലളിതമായ ഭാഷയില്‍ പറയുന്നത് ഈ ഉപനിഷത്തിന്റെ ശൈലിയാണ്. 'തത്ത്വമസി' എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണ് വരുന്നത്. അതിനെപ്പറ്റിയുള്ള വിശദീകരണം വളരെ ഭംഗിയായ വിധത്തിലാണ് ഉപനിഷത്ത് നടത്തിയിട്ടുള്ളത്.

ഛാന്ദോഗ്യം തുടങ്ങുന്നതുതന്നെ 'ഓം' എന്ന അക്ഷരത്തെ ഉദ്ഗീഥമായി ഉപാസിക്കണം എന്നു പറഞ്ഞുകൊണ്ടാണ്. അതിനുശേഷം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും പറയുന്നു. ഓം എന്നതാണ് സര്‍വവും. ഓം എന്ന അക്ഷരം സ്‌ഫോടനം ചെയ്താണ് ഈ ദൃശ്യപ്രപഞ്ചം ഉണ്ടായത്. ഓം എന്ന അക്ഷരം വ്യാഹൃതീരൂപത്തില്‍ സ്‌ഫോടനം ചെയ്ത് 'ഭൂഃ ഭുവഃ സ്വഃ' എന്നിവയും, അവയില്‍നിന്ന് ഭൂമി, അന്തരീക്ഷം, സ്വര്‍ഗം എന്നീ മൂന്ന് ലോകങ്ങള്‍ ഉണ്ടായി എന്നും എല്ലാ മുഖ്യ ഉപനിഷത്തുകളിലും പ്രസ്താവിച്ചിട്ടുണ്ട്. പ്രണവത്തിന്റെ സ്‌ഫോടനം (ആദ്യത്തെ വ്യാകരിക്കല്‍) ആണ് ദൈ്വതം. അപ്രമേയമായി നില്‍ക്കുന്ന, അദൈ്വതമായി നില്‍ക്കുന്ന ആത്മാവിനെ പ്രണവം, പൂര്‍ണം, ബ്രഹ്മം എന്നിങ്ങനെയാണ് ഉപനിഷത്തുകളില്‍ വിശേഷിപ്പിക്കുന്നത്. ഈ പൂര്‍ണബ്രഹ്മം തന്റെ ഇച്ഛയാല്‍ വ്യാകരിക്കപ്പെടുമ്പോള്‍ രണ്ടാമതൊരു പൂര്‍ണമായിത്തീരുന്നു. ആദ്യത്തെ പൂര്‍ണബ്രഹ്മം തന്റെ ഐക്ഷത്ശക്തിയാല്‍ ഒരന്തരത്തെ (വ്യത്യാസത്തെ) ചമച്ചപ്പോള്‍ അത് രണ്ടാമതൊരു പൂര്‍ണമായി. ഈ രണ്ടാമത്തെ പൂര്‍ണം ദൈ്വതത്തില്‍ പ്രതിഷ്ഠിതമാണ്. ഇങ്ങനെ ദൈ്വതമായി നില്‍ക്കുന്നതാണ് 'ജീവന്‍ജഗത്ത്' എന്നത്.

ജീവന്‍ എന്നത് ഭോക്താവും, ജഗത്ത് എന്നത് ഭോജ്യവും; ജീവന്‍ മനുഷ്യരൂപത്തിലോ പക്ഷിരൂപത്തിലോ മൃഗരൂപത്തിലോ സസ്യരൂപത്തിലോ സൂര്യരൂപത്തിലോ ചന്ദ്രരൂപത്തിലോ നക്ഷത്രരൂപത്തിലോ ബ്രഹ്മാണ്ഡരൂപത്തിലോ ഇനി മറ്റെന്തുരൂപത്തിലായാലും അതിന് അന്യമായി നില്‍ക്കുന്നതെല്ലാം അതിന്റെ ജഗത്താണ്, ഭോജ്യമാണ്. ജീവനെ വിട്ട് ജഗത്തില്ല ജഗത്തിനെ വിട്ട് ജീവനുമില്ല. 'ജീവന്‍ജഗത്ത്' ദ്വന്ദ്വമായതുകൊണ്ട് അതിന്റെ വേറൊരു പേര് 'മാറ്റം' അഥവാ 'മൃത്യു' എന്നാണ്. മാറ്റമാണ് ദ്വന്ദ്വം. മാറ്റമില്ലെങ്കില്‍ ദ്വന്ദ്വമില്ല. ദ്വന്ദ്വം അടിസ്ഥാനമായതുകൊണ്ട് ദ്വന്ദ്വത്തിനോ മാറ്റത്തിനോ നിര്‍വചനവുമില്ല. അദൈ്വതബ്രഹ്മത്തിന്റെ മാറ്റമാണ് ദൈ്വതബ്രഹ്മം. അദൈ്വതബ്രഹ്മമായ ആത്മാവ് ആദ്യത്തെ വ്യാകരിക്കലില്‍ വ്യഷ്ടിപ്രാണന്‍ സമഷ്ടിപ്രാണന്‍ എന്ന ദ്വന്ദ്വമട്ടിലായി. ദ്വന്ദ്വമട്ടിലായ ഈ അവസ്ഥയിലെ വ്യഷ്ടിപ്രാണനും സമഷ്ടിപ്രാണനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. യാതൊരു വ്യത്യാസവുമില്ലെങ്കില്‍ രണ്ടും ഒന്നുതന്നെയായി തീരുമല്ലോ. എന്നാല്‍ അങ്ങനെയല്ല, കാരണം ദൈ്വതമേയുള്ളൂ രണ്ടേയുള്ളൂ. ദൈ്വതമാണ്, രണ്ടാണ് അടിസ്ഥാന സത്യം. ഒന്ന് എന്നത് വെറും കല്‍പ്പനയാണ്.ജീവന്‍ എങ്ങനെയാണോ അതേ രൂപത്തില്‍ തന്നെയാണ് ജഗത്തും എന്ന് മുമ്പ് പറഞ്ഞുവല്ലോ. ജീവന്‍ ആദ്യമായി 'പ്രാണന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. അതായത് അദൈ്വതബ്രഹ്മം (ആത്മാവ്) ആദ്യമായി വ്യാകരിച്ചത് പ്രാണനായാണ്. അപ്പോള്‍ ജീവന്‍ പ്രാണന്‍, ജഗത്തും പ്രാണന്‍. ജീവന്‍ ഭോക്തൃഭാവം എടുക്കുമ്പോള്‍ ആ ഭോക്തൃഭാവത്തിന്റെ പേരാണ് ശരീരം എന്ന്. ശരീരത്തില്‍ക്കൂടി മാത്രമേ ജഗത്തിനെ (അന്യത്തിനെ) ഭുജിക്കുവാന്‍ പറ്റുകയുള്ളൂ. പ്രാണനായ ജീവന്‍ പ്രാണനായ ജഗത്തിനെ ഭുജിക്കുന്നു എന്നു പറയുമ്പോള്‍ അത് മനസ്സുകൊണ്ട് മാനിക്കുവാന്‍ പറ്റുന്ന കാര്യമല്ല, എന്തെന്നാല്‍ പ്രാണാവസ്ഥയില്‍ മനസ്സില്ല.

ബ്രഹ്മത്തിന്റെ 'ഐക്ഷത്' ശക്തിയുടെ വ്യാകരിക്കലാണ് ഈ 'ജീവജഗത്' എന്നാദ്യമേ പറഞ്ഞുവല്ലോ. അതില്‍ ജീവന്‍ പ്രാണാവസ്ഥയില്‍നിന്ന് കൂടുതല്‍ സ്ഥൂലമായ മനസ്സായി വ്യാകരിക്കുമ്പോള്‍ ജഗത്തും മനസ്സായിത്തന്നെ തീരുന്നു. ജീവന്‍ മനസ്സ്, ജഗത്തും മനസ്സ്. ഈ അവസ്ഥയിലും മനസ്സിലാകുവാന്‍ പറ്റുന്നതായി ഒന്നുമില്ല; കാരണം രണ്ടും മനസ്സുതന്നെയാണല്ലോ. മനസ്സിന്റെ താഴെയുള്ളതിനെ മാത്രമേ മനസ്സിനു മനസ്സിലാക്കുവാന്‍ പറ്റുകയുള്ളൂ. അത് സംഭവിക്കുന്നത് ജീവന്‍ മനസ്സിന്റെ അവസ്ഥയില്‍നിന്നും കൂടുതല്‍ സ്ഥൂലമായ ഒരവസ്ഥയിലേക്ക് വ്യാകരിക്കുമ്പോഴാണ്. പ്രാണന്‍ മനസ്സായി വ്യാകരിച്ചപ്പോള്‍ ജഗത്ത് മനസ്സായി. ഇനി ആ മനസ്സ് അഞ്ചിന്ദ്രിയങ്ങളായി വ്യാകരിക്കുകയാണ്. അങ്ങനെ വ്യാകരിച്ചതിനുശേഷം ഇന്ദ്രിയങ്ങളുടെ സാക്ഷിയായി ജീവന്‍ നിന്നു. ദൃശ്യം, ശ്രവണം, സ്​പര്‍ശം, ഗന്ധം, രസം എന്നിങ്ങനെ ബാഹ്യപ്രപഞ്ചമായും അവയുടെ ഭോക്താവായി സാക്ഷിരൂപേണ ഇന്ദ്രിയങ്ങളിലും ജീവന്‍ വര്‍ത്തിച്ചു. നാം എപ്പോഴും നില്‍ക്കുന്ന അവസ്ഥ ഈ ഇന്ദ്രിയപ്രപഞ്ചത്തിന്റെ സാക്ഷിരൂപത്തിലുള്ള ഭോക്താവായാണ്. അതായത് ഇന്ദ്രിയപ്രപഞ്ചത്തില്‍ വര്‍ത്തിച്ച് ഇന്ദ്രിയങ്ങള്‍ തങ്ങളുടെ വിഷയങ്ങളില്‍ വ്യാപരിക്കുന്നതിനെയാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ജാഗ്രാവസ്ഥ എന്നു പറയുന്നത്. ഇത് മനസ്സ് ഇന്ദ്രിയങ്ങളായി വ്യാകരിച്ച അവസ്ഥയാണ്. മനസ്സ് ഭോക്താവായി മനസ്സാകുന്ന ജഗത്തിനെ ഭുജിക്കുന്നതാണ് സ്വപ്‌നസ്ഥിതി. മനസ്സായി വ്യാകരിക്കുന്നതിനു മുമ്പ് ജീവന്‍ പ്രാണഭാവത്തില്‍നിന്നുകൊണ്ട് പ്രാണനായ ജീവനും പ്രാണനായ ജഗത്തും എന്ന രീതിയില്‍ നില്‍ക്കുന്നതാണ് സുഷുപ്തി.

പ്രാണനും ജീവനും ഒന്നാണെങ്കിലും ദൈ്വതവുമാണ്. സാധാരണനിലയ്ക്ക് നമ്മള്‍ ദൈ്വതം എന്നു പറയുമ്പോള്‍ അത് ഇന്ദ്രിയാസ്​പദമായ ദൈ്വതമാണ്, പ്രത്യേകിച്ച് കണ്ണിനെ ആസ്​പദിച്ചുള്ള ദൈ്വതം. യഥാര്‍ഥത്തില്‍ ഇവിടെ ഇന്ദ്രിയലോകത്തില്‍ ദൈ്വതം സാധ്യമായത് മൗലികമായ ദൈ്വതംമൂലമാണ്. മൗലികമായ ദൈ്വതം എന്നു പറഞ്ഞാല്‍ മൗലികമായ മാറ്റം (മൃത്യു) എന്നര്‍ഥം. മാറ്റത്തില്‍നിന്ന് സംഭവിച്ച മനസ്സുകൊണ്ടും ഇന്ദ്രിയങ്ങളെക്കൊണ്ടും എങ്ങനെ മാറ്റത്തിനെപ്പറ്റി പറയുവാന്‍ സാധിക്കും? മാറ്റം അനിര്‍വചനീയം ആണ്. മാറ്റമാണ് നമ്മുടെ സത്യം. ഈ മാറ്റം നാം അറിയുന്നത് ഇന്ദ്രിയങ്ങള്‍ വഴി മാത്രമാണ്; ജീവനും ജഗത്തുമായുള്ള ബന്ധം ആണ് മാറ്റം എന്നുവേണമെങ്കില്‍ പറയാം.

ജീവന്‍ ജഗത്തിനെ ഭുജിക്കുന്നത് ആനന്ദത്തിനു വേണ്ടിയാണെന്ന് ഉപനിഷത്ത് പറയുന്നു. ആദ്യത്തെ പൂര്‍ണത്തില്‍ ആനന്ദവും ആനന്ദിയും ഒന്നായും, രണ്ടാമത്തെ പൂര്‍ണത്തില്‍ ജീവന്‍ ആനന്ദത്തിന്റെ ഇച്ഛാലുവായും, ജഗത്ത് ആ ആനന്ദത്തിന്റെ വെറും ഛായയായും മാത്രമായാണ് നില്‍പ്പ് എന്ന് ഉപനിഷത്ത് പറയുന്നു. ജീവന്‍ എന്തവസ്ഥയെടുത്താലും (മനുഷ്യനായോ, ചന്ദ്രനായോ, സൂര്യനായോ എന്തായാലും) ഛായാരൂപത്തിലുള്ള ആനന്ദമല്ലാതെ യഥാര്‍ഥ ആനന്ദം കൈവരികയില്ല.

മാറ്റമായി, മാറ്റത്തില്‍ പെട്ടിരിക്കുന്ന ജീവന്‍ 'താന്‍ മാറ്റത്തില്‍ പെട്ടുവല്ലോ, താന്‍ എങ്ങനെ ഈ മാറ്റത്തിനെ അതിക്രമിക്കണം; എന്നൊരു ഉള്‍വിളിയോടുകൂടിയതായി ഭവിക്കുമ്പോള്‍ അവനില്‍ 'താന്‍ ബ്രഹ്മമാണ്, ദൈ്വതമല്ല' എന്ന ഒരു ഉപനിഷദ്‌ബോധം ഉണരുന്നു. ഈ ഉണര്‍വോടുകൂടി 'താന്‍ അന്യത്തെ സൃഷ്ടിച്ച് അതില്‍ ഉണ്‍മയുണ്ടെന്ന്' കരുതിയ ഭാവത്തെ വെടിഞ്ഞ് ആത്മഭാവം പ്രാപിക്കുന്നു. 'ജാഗ്രസ്വപ്‌നസുഷുപ്തി' എന്നീ അവസ്ഥാത്രയങ്ങളില്‍ നിന്നും തുരീയസ്ഥാനത്തെത്തുന്നതും 'ഭൂഃ ഭുവഃ സ്വഃ' എന്ന വ്യാഹൃതിയുടെ ഉള്ളില്‍ക്കൂടി പ്രണവത്തിലെത്തുന്നതും, 'ഋഗ്വേദം, യജുര്‍വേദം, സാമവേദം' എന്നീ വേദങ്ങളിലൂടെ ഉദ്ഗീഥത്തിലെത്തുന്നതുമായാണ് ഉപനിഷത്ത് ഈ ജീവിതരഹസ്യജയത്തെപ്പറ്റി പറയുന്നത്. ഇവിടെ ഛാന്ദോഗ്യത്തില്‍ ഉദ്ഗീഥമായി പ്രണവത്തെ പറഞ്ഞത് വേദങ്ങളില്‍ക്കൂടി പ്രണവത്തിലേക്ക് ഉയരുന്നതിനെ കുറിച്ചാണ്. അങ്ങനെ മനുഷ്യന്‍ തന്റെ ആത്യന്തികസ്ഥാനത്തെത്തുന്നു, അഭയസ്ഥാനത്തെത്തി ജയിക്കുന്നു.

മനുഷ്യന് ജാഗ്രാവസ്ഥയിലാണ് പ്രതിഷ്ഠ. ജാഗ്രാവസ്ഥയിലുള്ള അനുഭവങ്ങളിലാണ് മനുഷ്യന്റെ ഉറച്ച നില്‍പ്പ്. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ 'നമ്മുടെ ഈ ബ്രഹ്മാണ്ഡം അതായത് നമ്മുടെ ഈ ഇന്ദ്രിയങ്ങളുടെ പ്രപഞ്ചം, യുക്തിയുടെ പ്രപഞ്ചം, ബുദ്ധിയാല്‍ കാണപ്പെട്ട പ്രപഞ്ചം, അതിനെ അളവില്ലാത്തതും, ബുദ്ധിയാല്‍ അറിയാന്‍ പറ്റാത്തതും, എന്നുമെന്നും അറിയപ്പെടാത്തത് എന്ന നിലയില്‍ നില്‍ക്കുന്നതുമായ ഒരു അപാരതയാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു.'

ഉപനിഷത്തില്‍ വിജ്ഞാതം (സിീംി), വിജിജ്ഞാസ്യം (സിീംമയഹല), അവിജ്ഞാതം (ൗിസിീംി) എന്ന രീതിയില്‍ സത്യരഹസ്യത്തെപ്പറ്റി പറഞ്ഞതും, കേനോപനിഷത്തില്‍ 'അറിഞ്ഞതില്‍നിന്നന്യം, അറിയപ്പെടാത്തതില്‍നിന്നുകൂടി അന്യം' എന്ന് പ്രതിപാദിച്ചതുമായ ബ്രഹ്മരഹസ്യത്തെയാണ് വിവേകാനന്ദസ്വാമി ഭംഗിയായി മുകളില്‍ പറഞ്ഞത്.

ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കപ്പെട്ടതെല്ലാം വിജ്ഞാതമാണ് (സിീംി). ഇന്ദ്രിയങ്ങളില്‍ക്കൂടി കിട്ടുന്നതെല്ലാം ഇംഗ്ലീഷ് ഭാഷയിലെ ുലൃരലുശേീി െ(ഇന്ദ്രിയഗ്രാഹ്യം) എന്ന പദംകൊണ്ടു പറയാം. ഇന്ദ്രിയലോകത്തില്‍ നില്‍ക്കുന്ന നമ്മുടെ അവസ്ഥയ്ക്കാണ് ജാഗ്രാവസ്ഥ എന്നു പറയുന്നത്. ജാഗ്രാവസ്ഥയിലാണ് നമ്മുടെ പ്രതിഷ്ഠ. പ്രാണന്‍ മനസ്സായും മനസ്സ് ഇന്ദ്രിയങ്ങളായും വ്യാകരിച്ചത് നേരത്തെ സൂചിപ്പിച്ചല്ലോ. ഇതില്‍ പ്രാണാവസ്ഥയാണ് സുഷുപ്തി. വെറും മനസ്സായി നില്‍ക്കുന്ന അവസ്ഥയാണ് സ്വപ്‌നം. അവിടെനിന്ന് വ്യാകരിച്ചാണ് ജാഗ്രത്താകുന്ന ഇന്ദ്രിയങ്ങളും, ഇന്ദ്രിയലോകങ്ങളുമാകുന്നത്. ഇതിനുമപ്പുറം വ്യാകരിക്കലില്ല, ഇവിടെയാണ് പ്രതിഷ്ഠ.

ഇന്ദ്രിയങ്ങള്‍ ഇന്ദ്രിയപ്രപഞ്ചത്തില്‍ വ്യാപരിച്ച് അതില്‍നിന്ന് കിട്ടാവുന്നത്ര വിവരങ്ങള്‍ തേടലും, ആ വിവരങ്ങളുടെ അന്യോന്യസംയോജ്യത കണ്ടെത്തലുമാണ് ശാസ്ത്രഗവേഷണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഗവേഷണങ്ങളിലൂടെ ജീവിതപ്പൊരുള്‍ കണ്ടെത്താമെന്ന ഒരു മിഥ്യയായ ചിന്തകൂടി ചില ഗവേഷകചിന്തകന്മാരില്‍ കാണുന്നു.

ദൃശ്യപ്രപഞ്ചത്തില്‍ നടത്തുന്ന എന്തെല്ലാം ഗവേഷണങ്ങളുണ്ടോ അവയെയെല്ലാം അവസാനം സിദ്ധാന്തരൂപത്തില്‍ ആക്കേണ്ടതായുണ്ട്. സിദ്ധാന്തമാണ് അവയുടെ വ്യവസ്ഥയുടെ അടിസ്ഥാനം; അല്ലെങ്കില്‍ വ്യവസ്ഥയെ പ്രതിഷ്ഠാരൂപത്തില്‍ പ്രതിപാദിക്കുന്നതാണ് സിദ്ധാന്തം (വേലീൃ്യ). അങ്ങനെ സിദ്ധാന്തമായാലും ആദ്യം സിദ്ധാന്തരൂപത്തില്‍ എത്തിച്ച മനസ്സുതന്നെ അതിനെ ഏകീകൃതഭാവത്തില്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതായത് വൈവിധ്യഭാവത്തില്‍ നിന്ന് രഹസ്യങ്ങളെ ഒരുവിധം ഏകീകൃതമാക്കിയ ആ സിദ്ധാന്തരൂപത്തെ മനസ്സ് ഈ ഭാവത്തില്‍നിന്ന് അപ്പുറമായ അവസ്ഥയിലേക്ക് കടത്തിവിടേണ്ടിയിരിക്കുന്നു. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ എന്തിനേയും പറ്റി മനസ്സിലാക്കുന്നതുവരെ നമുക്ക് തൃപ്തി വരുന്നില്ല. ദൃശ്യങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ മനസ്സിലാകുമ്പോള്‍ മാത്രമേ തൃപ്തി വരികയുള്ളൂ.എല്ലാം മനസ്സിലാക്കേണ്ടതായി വരുന്നത് എന്തുകൊണ്ടാണെന്ന് ഇനി പറയാം. ഏതൊരു കാര്യത്തിന്റേയും രഹസ്യം കാരണത്തില്‍ നില്‍ക്കുന്നു. കാരണം അറിഞ്ഞാല്‍ കാര്യം മുഴുവനും അറിഞ്ഞു. ഇന്ദ്രിയങ്ങളുടെ കാരണമാണ് മനസ്സ്, ഇന്ദ്രിയവും ഇന്ദ്രിയലോകവും കാര്യം. കാര്യത്തിന്റെ രഹസ്യം കാരണമാണെന്ന് പറഞ്ഞുവല്ലോ, അതുകൊണ്ടാണ് ദൃശ്യപ്രപഞ്ചത്തിന്റെ എന്തുവിവരമായാലും അത് മനസ്സിലാക്കേണ്ടതായി വരുന്നത്. യഥാര്‍ഥത്തില്‍ മനസ്സിലാക്കുക എന്നാല്‍ മനസ്സാകുക എന്നാണ് അര്‍ഥം. മനസ്സിലാക്കല്‍ അനുഭൂതിയാണ്. (ഒന്ന് അതിന്റെ സ്വന്തം ഭാവത്തില്‍ നില്‍ക്കുന്നതാണ് അനുഭൂതി.) മനസ്സിലായതെല്ലാം മനസ്സായാല്‍ അത് അനുഭൂതിയാണ്. ഈ അനുഭൂതിവേളയില്‍ (വേള എന്ന വാക്ക് അത്ര ശരിയല്ലാ, എങ്കില്‍ക്കൂടി) മനസ്സിലായതുകൂടി ശേഷിപ്പില്ലാതെ പോകുന്നു എന്നു പറയാം. അത് കാലദേശവ്യവസ്ഥിതിയില്‍ പെടുന്നതല്ല. ഇത് സാധാരണനിലയ്ക്ക് കാര്യകാരണ രൂപത്തില്‍ പ്രതിപാദിക്കുവാന്‍ പ്രയാസമാണ്. മനസ്സില്‍ ഇന്ദ്രിയവിലയമാണ് അനുഭൂതി. ഇന്ദ്രിയവിലയം കഴിഞ്ഞാല്‍ ആ മനസ്സില്‍ വാക്കുകൂടി അവശേഷിക്കാത്തതുകൊണ്ട് അര്‍ഥമോ പദപ്രയോഗമോ അതിനെ സൂചിപ്പിച്ച് നിലനില്‍ക്കുന്നതല്ല. മനസ്സ് ഇന്ദ്രിയങ്ങള്‍ക്കും ഇന്ദ്രിയലോകങ്ങള്‍ക്കും കാരണമായതിനാലാണ് മനസ്സിലാകുമ്പോള്‍ നമ്മള്‍ തൃപ്തരാകുന്നത്.

ഇനി നമുക്ക് ഉറക്കം വരുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നു നോക്കാം. ഇന്ദ്രിയങ്ങളും ഇന്ദ്രിയലോകവും ആദ്യമായി മനസ്സില്‍ ലയിക്കുന്നു. അങ്ങനെ മനസ്സില്‍ ലയിക്കുമ്പോള്‍ ഇന്ദ്രിയങ്ങളോ, ഇന്ദ്രിയലോകമോ, സമയമോ, ദേശമോ ഇല്ല. എന്തെന്നാല്‍ സമയവും ദേശവുമെല്ലാം ഇന്ദ്രിയങ്ങളുടെ പ്രക്രിയയാണ്. ഇത് നമ്മുടെ യുക്തിക്ക് ചേരുകയില്ല. നമ്മള്‍ എന്തുപറയുന്നതും, പ്രമാണമായി എടുക്കുന്നതും ജാഗ്രദവസ്ഥയിലുള്ള അടിയുറച്ച വിശ്വാസത്തില്‍ നിന്നാണ്. സ്വപ്‌നത്തില്‍നിന്ന് പ്രാണനിലേക്ക് ബോധാവസ്ഥ മാറുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിക്ക് വര്‍ണന സാധ്യമല്ല. വാക്കുകളെക്കൊണ്ട് പ്രതിപാദ്യമല്ല എന്നു പറഞ്ഞിട്ടും ഈ വിഷയത്തെപ്പറ്റി ഇത്രയും എഴുതിയത് സാഹസം തന്നെ. അല്ലെങ്കില്‍ ഉപനിഷത്ത് പറഞ്ഞതിനെ ഒന്ന് വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചതായി എടുത്തുകൊള്ളണം. ഈ ഉപനിഷത്തില്‍ ബ്രാഹ്മണന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്, ബ്രഹ്മാന്വേഷി, ബ്രഹ്മനിഷ്ഠന്‍ എന്നീ അര്‍ഥത്തില്‍ മാത്രമാണ്, ജാതി ബ്രാഹ്മണന്‍ എന്ന അര്‍ഥത്തിലല്ല ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ഈ ആമുഖത്തില്‍ ഛാന്ദോഗ്യത്തില്‍ പ്രതിപാദിച്ച വിഷയങ്ങളെപ്പറ്റി സവിസ്തരം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ വ്യാഖ്യാനത്തിലും കുറിപ്പുകളിലും അര്‍ഥത്തേയും ആദേശത്തേയും വേണ്ടത്ര വിസ്തരിച്ചിട്ടുണ്ട്.

ഉപനിഷദ് എന്ന പദത്തിന് 'അടുത്തിരുന്ന് അതീവശ്രദ്ധയോടെ ശ്രവിച്ചറിയേണ്ട നിഗൂഢരഹസ്യമായ ആത്യന്തികസത്യം' എന്നാണ് അര്‍ഥം. ബാഹ്യമായി പ്രകാശിപ്പിക്കുവാന്‍ പറ്റാത്തതും, ബാഹ്യത അല്ലെങ്കില്‍ അന്യത തീരെയില്ലാത്തതുമാണ് ഈ ആത്യന്തികസത്യം. ബാഹ്യമായി വാക്കുകള്‍ വഴിയായി പ്രകാശിപ്പിക്കുവാന്‍ സാധിക്കാത്ത ഈ നിഗൂഢരഹസ്യത്തെ, വാക്കുകളെക്കൊണ്ടുതന്നെ മനുഷ്യരാശിക്ക് വെളിപ്പെടുത്തുന്നതിനുവേണ്ടി ആയിരിക്കണം ഋഷിമാര്‍ കാരുണ്യപൂര്‍വം ഉപനിഷദ്‌രൂപത്തില്‍ വെളിപ്പെടുത്തിയത്. ഉപനിഷത്തുകളെ അര്‍ഥരൂപേണയും, വ്യാഖ്യാനരൂപേണയും പ്രകാശിപ്പിക്കുക എന്നത് യഥാര്‍ഥത്തില്‍ അസാദ്ധ്യമാണ്. എന്നാല്‍ ഈ വ്യാഖ്യാനത്തിനെ ഋഷിമാര്‍ക്കുവേണ്ടിയും, ധര്‍മത്തിനുവേണ്ടിയുമുള്ള ഒരു ഉദ്യമമായിമാത്രമേ കാണേണ്ടതുള്ളൂ. അര്‍ഥസഹിതം വ്യാഖ്യാനിക്കുന്നതിന് വ്യാഖ്യാതാവിന് ഒരു ആധികാരികത വേണമല്ലോ. അത് ഈ വ്യാഖ്യാതാവിനെ സംബന്ധിച്ചിടത്തോളം ഉപനിഷത്തുകളിലുള്ള അതീവ തത്പരത മാത്രമാണ് എന്ന് ഇവിടെ പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.

ജനിച്ചനാള്‍തൊട്ടുയിതേവരേയ്ക്കുംസഹിച്ചു ഞാന്‍ ക്ലേശമനേകമട്ടില്‍ക്ലേശങ്ങള്‍ മൂലം ക്ഷതമായഹംകൃതിആത്മീയഭാവം അതിനാലുണര്‍ന്നൂ

പഴിച്ചിടില്ലാ ഇനി ഒന്നിനേയുംഫലം വരുത്തുന്നതു കര്‍മമല്ലോസനാതനം ധര്‍മമറിഞ്ഞമൂലംനിരാശയെന്നൊന്നതുമില്ലയുള്ളില്‍

വര്‍ഷങ്ങള്‍ കേറീട്ടുശതായുഷംപോയ്അതിന്നിടയ്ക്കങ്ങൊരു ഭാഗ്യമുണ്ടായ്ചെറുപ്പകാലം കഴിയുന്നതിന്‍ മുന്‍പണഞ്ഞതാംഭാഗ്യമെനിയ്ക്കു കേള്‍പ്പിന്‍

ഉറക്കമേതാണ്ടമരുന്ന നേരംജപിച്ചു ഞാന്‍ മന്ത്രസ്വഭാവശീലാല്‍ഉണര്‍ന്നിതപ്പോള്‍ പ്രണവം ധ്വനിച്ചുശരീരമോങ്കാരസമം ഭവിച്ചു.ഇതില്‍ അവസാന ശ്ലോകത്തിന് അര്‍ഥം പറയുക എന്നത് അസാധ്യമാണ്, കാരണം അതൊരു അനുഭൂതിയാണല്ലോ. അനുഭൂതിയില്‍ അന്യഭാവമില്ല. അന്യഭാവമുണ്ടെങ്കിലേ അര്‍ഥമുള്ളൂ.

No comments:

Post a Comment