ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2018

ബ്രഹ്മം [രണ്ടാം ഭാഗം]

ബ്രഹ്മം [രണ്ടാം ഭാഗം]

ബ്രഹ്മവും അതുത്ഭവിക്കുന്നതും ഒടുവിൽ ലയിക്കുന്നതുമായ പരബ്രഹ്മവുമെല്ലാം എന്നും ഉള്ളതാണ്.  പുതുതായൊന്നും ഉണ്ടാകുന്നില്ല. എന്നു വെച്ചാൽ പുതുയായുണ്ടായെന്നു പറയുന്നതും ഉണ്ടായിരുന്നത് ഇല്ലാതായി എന്നു പറയുന്നതുമെല്ലാം എന്നും നില നിൽക്കുന്ന ശക്തിയുടെ അവസ്ഥാന്തരങ്ങൾ മാത്രമാണ്. ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്കുള്ള മാറ്റം.  ബ്രഹ്മം എന്താണെന്ന് ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ അതിനെ "ഊർജ്ജ"മെന്നു വിളിക്കാം.  സകല ചരാചരങ്ങളൂടെയും അവയുടെ അവസ്ഥകൾക്കടിസ്ഥാനമായ ഊർജ്ജം.  ഇത് നമ്മുടെ ഋഷീശ്വരന്മാർ പണ്ടു പറഞ്ഞപ്പോള് അതു മനസ്സിലാക്കുവാനുള്ള ബുദ്ധി വളരാത്ത ഒരു ജനത അതിനെ പുച്ഛിച്ചു തള്ളീ.  എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഐസക്ക് ന്യൂട്ടൺ ഇതിനെ ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ " Energy can neither created nor destroyed, but only can change the status to one another..." ( ഊർജ്ജത്തിനെ ഒരിക്കലും സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല,എന്നാൽ അതിനെ ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്കു മാറ്റുവാൻ മാത്രമേ സാധിക്കു ) അത് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വമായി നാം സ്ക്കൂളുകളിൽ പഠിക്കുന്നു.  

ന്യൂട്ടനും സഹസ്രാബ്ദങ്ങൾക്കു മുമ്പെഴുതിയ ഭാരതീയ പുരാണങ്ങളിൽ പ്രത്യേകിച്ചും ഭഗവത് ഗീതയിൽ എത്ര വ്യക്തമായിട്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഇക്കാര്യം അർജ്ജുനന് പറഞ്ഞു കൊടുക്കുന്നതെന്നു നോക്കു.

"നാസതേ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:

ഉഭയോരപി ദൃഷ്ടോന്ത സ്ത്വന യോനസ്തത്ത്വ ദർശിഭി:

അവിനാശി തു തദ്വിദ്ധി യേന സർവമിദം തതം

വിനാശമവ്യയസ്യാസ്യ ന കശ്ചിൽ കർത്തൃമർഹതി"  ( ശ്രീമദ് ഭഗവത് ഗീത 2:16,17)

" ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടായി വരികയില്ല.  ഉള്ളത് ഒരിക്കലും ഇല്ലാതെ പോവുകയുമില്ല. ഈ രണ്ടു ഭാവത്തിന്റെ യും അറ്റം തത്ത്വദർശികൾ കണ്ടിട്ടുണ്ട്.  

ഈ പ്രപഞ്ചം മുഴുവൻ ഏതു വസ്തുവിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അതു നാശഹീനമാണെന്നു അറിഞ്ഞാലും.  നാശമില്ലത്തിതിനെ ആർക്കും തന്നെ നശിപ്പിക്കുവാനും കഴിയില്ല."

അങ്ങനെ നാശഹീനവും സർവ വ്യാപിയുമായ ഊർജ്ജവും അതിന്റെ ശ്രോതസ്സും എല്ലാം ചേരുന്ന ഒരു ഈശ്വര സങ്കല്പം എന്നും ഏതൊരു യുക്തിക്കുമുള്ള ഉത്തരം തന്നെയാണ് കഥാരുപത്തിൽ പുരാണോതിഹാസങ്ങളിലൂടെ നമ്മുക്ക് പറഞ്ഞു മനസ്സിലാക്കിത്തരുവാൻ ഋഷീശ്വരന്മാർ ശ്രമിക്കുന്നതും.  എന്നാൽ തത്വങ്ങൾ തിരിച്ചറിയാതെ കഥയെ മാത്രം ഉൾക്കൊണ്ട് അതിലെ ശരിയും തെറ്റുമൊക്കെ വിശകലം ചെയ്യുകയും വിമർശിക്കുകയുമെല്ലാം ചെയ്യുന്നത് മരുന്നിലെ ഉൾക്കൊള്ളുന്ന "ക്യാപ്സൂളുകളിലെ" തൊലിപ്പുറത്തെ മധുരം നുളഞ്ഞിട്ട് മരുന്നു തുപ്പിക്കളയുന്നതിനു തുല്യാമായാണ്.

ബ്രഹ്മത്തിനെപ്പറ്റി ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത് എന്താണെന്നു നോക്കാം.  ശ്രീമദ് ഭഗവത് ഗീതയിൽ പതിഞ്ചാം അദ്ധ്യാമായ പുരുഷോത്തമയോഗം തുടങ്ങുന്നതു തന്നെ ബ്രഹ്മമെന്താണെന്ന വ്യാക്യാനത്തോടുകൂടിയാണ്.  
'
ഊർദ്ധ്വമൂലമധശ്ശാഖമശ്വത്ഥം പ്രാഹുരവ്യയ,

ഛന്ദാം സിയസ്യ പർണ്ണാനി, യസ്തം വേദ, സവേദ വിത്

അധത്രചോർദ്ധ്വം പ്രസൃതാസ്തസ്യശാഖാ ഗുണപ്രവൃദ്ധാവിഷയപ്രവാളാ:

അധശ്ചമൂലാന്യനുസന്തതാനി കർമ്മബന്ധിനി മനുഷ്യലോകേ

നരൂപമസ്യേഹ തഥോപലഭ്യതേ,നാന്തോന ചാദിർന്ന ച സമ്പ്രതിഷ്ഠാ,

അശ്വത്ഥമേനം സുവിരൂഢ മൂലമസംഗ ശാസ്ത്രേണ ദൃഢേനഛിത്വാ

തത: പദം തത് പരിമാർഗ്ഗിതവ്യമ്യസ്മിൻ ഗതാ ന നിവർത്തന്തി ഭൂയ:,

തമേവ ചാദ്യം പുരുഷം പ്രപദ്യേ യത: പ്രവൃത്തി: പ്രസൃതാപുരാണീ 
(ശ്രീമദ് ഭഗവത് ഗീത 15: 1 - 4 )

"ഈ സംസാരം ബ്രഹ്മമാകുന്ന വേര് മേലുള്ളതും,മഹത്, അഹങ്കാരം തന്മാത്രകൾ എന്നിവയാകുന്ന കൊമ്പുകൾ കീഴേയുള്ളതും ആയ നാശമില്ലാത്ത അശ്വത്ഥവൃക്ഷം ആണെന്നും ധർമ്മധർമ്മകൃത്യാകൃത്യങ്ങൾ ഉപദേശിച്ചു രക്ഷിക്കുന്നവയായ വേദങ്ങൾ ഈ വൃക്ഷത്തിന്റെ ഇലകളാണെന്നും ആ വൃക്ഷത്തെപ്പറ്റി നല്ലപോലെ അറിയുന്നവനാണ് വേദത്തെ അറിയുന്നവൻ.  അതിന്റെ ഗുണപോഷിതങ്ങളായ ശാഖകൾ മേലും താഴേയും പരന്നു കിടക്കുന്നു.  വിഷയങ്ങൾ അതിന്റെ തളിരുകളത്രേ.  കർമ്മത്തൊടു ബന്ധപ്പെട്ടവയായ അതിന്റെ വേരുകൾ മനുഷ്യലോകത്തിൽ താഴെ പടർന്നു പിടിച്ചുകിടക്കുന്നു.  ഇഹത്തിൽ ഇതിന്റെ രൂപം അങ്ങനെ അറിയപ്പെടുന്നില്ല.  ഇതിന്റെ ആദിയോ അന്തമോ പ്രതിഷ്ഠയോ അറിയപ്പെടുന്നുമില്ല.  വേരുറച്ച ഈ അശ്വത്ഥവൃക്ഷത്തെ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് വെട്ടിമുറിച്ചതിനു ശേഷം ആ വൃത്തിശൂന്യമായ ആ പദം അന്വേഷിക്കപ്പെടേണ്ടതാകുന്നു.  യാതൊരാളിൽ നിന്ന് അദ്യന്തമില്ലാതെ ഈ സംസാരപ്രവാഹം നിർഗ്ഗമിച്ചിരിക്കുന്നുവോ ആ ആദിമപുരുഷനെ ഞാൻ ശരണം പ്രാപിക്കുന്നു."

ബ്രഹ്മവും ഭൂലോകത്തിലെ സകല ചരാചരങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തേയും വിശദീകരിക്കുന്നതാണ് ഇപ്പറഞ്ഞ ശ്ലോകങ്ങളിലൂടെ മനസ്സിലാക്കിത്തരുന്നത്.  എന്നാൽ ഇനിയും ബ്രഹ്മമെന്തെന്ന് കുറച്ചുകൂടി വ്യക്തമാകുന്നതാണ് കേനോപനിഷത്തിലുള്ള വിവരണം...

തുടരും....

No comments:

Post a Comment