ചിത്രഗുപ്തന്‍ മുഖ്യപ്രതിഷ്ഠ
ചിത്രഗുപ്തന്‍ മുഖ്യപ്രതിഷ്ഠയായുള്ള ഇന്ത്യയിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്ന് കാഞ്ചീപുരത്തേതാണത്രെ. മറ്റു പതിനാലിടങ്ങളില്‍ ഉപദേവതാ സ്ഥാനമുണ്ട്. യമരാജാവിന്റെ മന്ത്രിയെന്നാണല്ലോ ചിത്രഗുപ്തനെ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാവ് ആദിത്യദേവനിലൂടെയാണ് ചിത്രഗുപ്തനെ സൃഷ്ടിച്ചത്. അതുകൊണ്ട് യമരാജാവിന്റെ ഇളയ സഹോദരനാണ് ചിത്രഗുപ്തന്‍. ഇരിക്കുന്ന നിലയിലാണ് പ്രതിഷ്ഠ. ഒരു കാല്‍ മടക്കിവച്ചിരിക്കുന്നു. തൂക്കിയിട്ട മറ്റേ കാല്‍ താമരപ്പൂവിന് മുകളിലാണ്. ഇടതുകയ്യില്‍ ഓലക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായുള്ള നിലയില്‍ പിടിച്ചിരിക്കുന്നു. വലതുകയ്യില്‍ പേന/ എഴുത്താണി ഉണ്ട്. മനുഷ്യര്‍ ചെയ്യുന്ന നന്മകളും തിന്മകളും എഴുതിവച്ച് കൂട്ടിനോക്കി അവരുടെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേയ്ക്കാണോ എന്ന് തീരുമാനിക്കുന്നത് ചിത്രഗുപ്തനാണ്. നവഗ്രഹങ്ങളില്‍ ഒന്നായ കേതുവിന്റെ അധിദേവതയാണ് ചിത്രഗുപ്തന്‍. കേതുദോഷം ലഘൂകരിക്കാനും ചിത്രഗുപ്തന്‍ സഹായിക്കുന്നു. കാഞ്ചീപുരത്തെ ഒരു പ്രത്യേക വിഭാഗക്കാര്‍ക്കാണ് ക്ഷേത്രത്തിന്റെ നിയന്ത്രണം. പൂജാദികര്‍മ്മങ്ങളും അഭിഷേകവും എല്ലാം പതിവുണ്ടിവിടെ. പൗര്‍ണമി നാളുകളില്‍ പ്രത്യേക പൂജകളുമുണ്ട്. ഏപ്രില്‍ മാസത്തില്‍ ചിത്രാ പൗര്‍ണമി ഉത്സവം അതിവിപുലമായി ആഘോഷിക്കുന്നു ഇവിടെ. ഉത്സവത്തിനും എഴുന്നള്ളിപ്പിനുമുള്ള പഞ്ചലോഹവിഗ്രഹത്തോടൊപ്പം പത്‌നി കര്‍ണികാംബാളുമുണ്ട്. ഉത്സവമൂര്‍ത്തികള്‍ രണ്ടുപേരും നില്‍ക്കുന്ന നിലയിലാണ്. കാഞ്ചീപുരം നഗരമധ്യത്തില്‍, ബസ് സ്റ്റാന്റില്‍നിന്ന് അധികം അകലെയല്ലാതെ, റോഡരികിലായിത്തന്നെയാണ് ക്ഷേത്രം. നെല്ലുകാര തെരുവില്‍. മൂന്നുനിലയുള്ള രാജഗോപുരമുണ്ട്. മറ്റൊരു ഐതിഹ്യവും പറഞ്ഞുവരുന്നു. ഭൂമിയില്‍ ധര്‍മ്മം പുലരാനും മനുഷ്യരുടെ സല്‍പ്രവൃത്തികള്‍ എണ്ണപ്പെടുന്നു എന്ന ബോധം സൃഷ്ടിക്കാനും എന്തുവേണമെന്ന് ശിവന്‍ പാര്‍വതിയുമായി ചര്‍ച്ച ചെയ്തു. അതിനിടെ ഒരു സ്വര്‍ണ്ണത്തകിടില്‍ ശിവന്‍ ഒരു ചിത്രം ആലേഖനം ചെയ്തു. ദേവി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ശിവന്‍ ചിത്രത്തിന് ജീവന്‍ നല്‍കി. മനുഷ്യരുടെ നല്ലതും നല്ലതല്ലാത്തതുമായ ചെയ്തികളുടെ കണക്ക് സൂക്ഷിക്കാനാണ് ശ്രീപരമേശ്വരന്‍ ഇതു ചെയ്തത്. ചിത്രത്തില്‍നിന്നും രൂപംകൊണ്ടതിനാല്‍ ചിത്രഗുപ്തന്‍ എന്ന പേരും പിന്നീട് കിട്ടി. യമദേവന്റെ കണക്കുസൂക്ഷിപ്പുകാരനായി നിയോഗിച്ചു. ശൈവരും വൈഷ്ണവരും ചിത്രഗുപ്തനെ ആരാധിക്കുന്നതായി കാണാം.
No comments:
Post a Comment