ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2018

നിവേദ്യം

നിവേദ്യം

എല്ലാം ഭഗവാന്റേതാണ്. അതെല്ലാം അദ്ദേഹത്തിന് തന്നെ സമര്‍പ്പിക്കുക എന്ന തത്വമാണ് നിവേദ്യം സമര്‍പ്പണത്തില്‍ അടങ്ങിയിരിക്കുന്നത്. നിവേദ്യത്തിലൂടെ പഞ്ചഭൂതാത്മകമായ ദേഹത്തിന്റെ പ്രാണമനോമയകോശങ്ങളുടേയും രസാംശത്തെയാണ് ദേവസമക്ഷം ആഹുതിയായി സമര്‍പ്പിക്കുന്നത്.

ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ പ്രധാനമാണ് നിവേദ്യം. ഭഗവാന് സമര്‍പ്പിച്ച ശേഷമുള്ള നിവേദ്യമാണ് ഭക്തര്‍ പ്രസാദമായി സ്വീകരിക്കുന്നത്. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഈശ്വരന്റെ ഒരംശമാണ് മനുഷ്യന്‍. നമ്മുടെ എല്ലാ പ്രവൃത്തികളും ഭഗവാന്റെ ഇച്ഛാനുസരണമാണ്. ഈ ജീവിതത്തില്‍ നാം നേടുന്നതെന്തും നമ്മുടെ കര്‍മ്മാനുസരണമാണ്. ആ കര്‍മ്മഫലം നല്‍കുന്നതാവട്ടെ ഈശ്വരനും.

അതിന് ശേഷം ദേവതാഗുണങ്ങളുള്ള നിവേദ്യം പ്രസാദമായി ഭക്തന് ലഭിക്കുന്നു. പരിശുദ്ധവും നല്ലതുമായതുമാത്രമേ ഭഗവാന് അര്‍പ്പിക്കാന്‍ പാടുള്ളു. മറ്റൊരാളില്‍ നിന്നും കിട്ടിയത് ഉപഭോഗം ചെയ്യും മുമ്പ് അത് മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കാറുണ്ട്. നമുക്ക് കിട്ടിയതിനെക്കുറിച്ച് ആരോടും പരാതിപ്പെടുകയോ വിമര്‍ശനം ഉന്നയിക്കുകയോ ചെയ്യാറില്ല. അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് പതിവ്.

ഓരോ ദേവന്റേയും പ്രത്യേകം അവസ്ഥാവിശേഷത്തിന് അനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതാത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്. പ്രശാന്തവും സാത്വികഭാവത്തിലുമുള്ള മഹാവിഷ്ണുവിന് പാല്‍പ്പായസമാണ് വഴിപാടെങ്കില്‍ ഉഗ്രസങ്കല്‍പ്പത്തിലുള്ള ഭദ്രകാളിയ്ക്ക് അതിമധുരമുള്ള കഠിനപായസമാണ്.

നിവേദ്യം നേദിക്കുന്നതിനായി തിടപ്പള്ളിയില്‍ നിന്ന് ശ്രീകോവിലിലേക്ക് കൊണ്ടുപോകുന്ന സമയം ഭക്തര്‍ അത് കാണാന്‍ പാടില്ല എന്ന് പറയാറുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമാണ്. നിവേദ്യത്തിന്റെ രസാംശമാണ് ഭഗവാന് സമര്‍പ്പിക്കുന്നത്. നിവേദിക്കുന്നതിന് മുമ്പായി ഇത് ഭക്തര്‍ കണ്ടാല്‍ അശുദ്ധമാകും എന്നാണ് വിശ്വാസം. നിവേദ്യത്തിന്റെ രസാംശം ഭഗവാന് നേദിക്കും മുമ്പ് ഭക്തര്‍ക്ക് കിട്ടിയാല്‍ അത് ഉച്ഛിഷ്ടമായിട്ടാണ് കണക്കാക്കുക.

No comments:

Post a Comment