ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2018

ബ്രഹ്മം [നാലാം ഭാഗം]

ബ്രഹ്മം [നാലാം ഭാഗം]

ഏകനായ ഭഗവാൻ നാരായണൻ തന്നെ ബ്രഹ്മവും പരബ്രഹ്മവും പരാശക്തിയും ത്രിമൂർത്തികളും ദേവന്മാരും അസുരന്മാരുമെല്ലാമായി മാറുന്നു എങ്കിലും ഭഗവാൻ നാരായണൻ അരൂപിയും സർവ്വവ്യാപിയും ആദിയും അന്തവുമില്ലാത്തതുമായ നിത്യനായി അതുപോലെ നിലകൊള്ളുന്നു. ഈ നാനാത്വത്തിലെ ഏകത്വമാണ് സനാധന ധർമ്മത്തിന്റെ അടിസ്ഥാന വിശ്വാസവും. കുറച്ചു കൂടി വ്യക്തമായിപ്പറയാൻ മൊബൈൽ ഫോൺ ശ്രംഖലെയെത്തന്നെയെടുക്കാം. ഒരു സൂപ്പർ സെർവർ അത് ദശലക്ഷക്കണക്കിനു ഫോണുകളുമായി കണക്ടു ചെയ്യപ്പെട്ടിരിക്കുന്നു. ചിലർക്ക് അതിനെ സെൽ ഫോൺ എന്നു വിളിക്കാം മറ്റു ചിലർക്കതിനെ മൊബൈൽ എന്നും ജവ്വാൽ എന്നും... കാല ദേശ പരിഷ്കാരങ്ങളിൽ നിന്നു കൊണ്ട് പലതും വിളിക്കാം. എന്നാൽ മറ്റു ചിലർ അതിനെ ഐഫോൺ എന്നും നോക്കിയ എന്നും .... അവരവരുടെ സൗകര്യമനുസരിച്ച് വിളിക്കുന്നു. നാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം നേരത്തേ സൂചിപ്പിച്ച സൂപ്പർ സെർവറുമായി 1-0 എന്ന ഉണ്ട് - ഇല്ല എന്ന രണ്ടേ രണ്ടു അടിസ്ഥാന കാരണങ്ങളുടെ വിവിധ സങ്കലനങ്ങളിലൂടെയുള്ള (കോംബിനേഷനുകൾ, ഉദാ: 10, 001010, 1110101... ) ഡിജിറ്റൽ സിഗ്നലിലൂടെ സംവദിച്ചു കൊണ്ടിരിക്കുന്നു. അതായത് സകല ആശയ വിനിമയ സംവിധാനവും ഡിജിറ്റലിലേക്കു വഴിമാറിയപ്പോൾ ഉണ്ട്-ഇല്ല എന്ന ദ്വന്ദതയിലെ വ്യതിയാനങ്ങൾ മാത്രമായി. എന്നാൽ ഇതെല്ലാം ഗ്ലോബൽ സെൽ നെറ്റു വർക്കിന്റെ പ്രതിഫലനങ്ങൾ മാത്രമാണ്. നമ്മൾ ഇടപെടുന്നത് ഇതിന്റെ മറ്റൊരു സബ്സ്ക്രൈബർ ആയ റിലയൻസിനോടോ, എയർ ടെല്ലിനോടോ,ഐഡിയയോടേ, ഇത്തിസലാത്തിനോടേ, ഓറഞ്ചിനോടേ ഒക്കെയാണെന്നു മാത്രം. എന്നിട്ടോ ഒരുരുത്തരും നോക്കിയയുടേയും ഐഫോണിന്റേയും സാംസങ്ങിന്റേയുമൊക്കെ മാഹാത്മ്യമായതിനെ തെറ്റിദ്ധരിച്ച് അതിൽ ഉറച്ചു വിശ്വസിക്കുന്നു. അത് തെറ്റല്ല.... എന്നാൽ ശരിയുമല്ല. നെറ്റ് വർക്ക് പോകുന്നതോടു കൂടി അത് വെറും ഒരു ടബ്‌ലറ്റ് പിസി പോലെയാകുന്നു. അത് ഉപയോഗ ശൂന്യമാകുമ്പോഴോ കാലാവധി കഴിയുമ്പോഴോ ഒക്കെ നാം തന്നെ അതിന്റെ സിം കാർഡ് എടുത്ത് മറ്റൊന്നിലേക്ക് മാറ്റുന്നു. വർഷങ്ങളായി നോക്കിയ ആയിരുന്നത് ഐഫോണോ സാംസങ്ങോ ... മറ്റെന്തെങ്കിലുമോ ഒക്കെ ആയിമാറുന്നു. ആ ഹാൻഡ് സെറ്റിലുണ്ടായിരുന്ന സകല "മെമ്മറിയും" അതിൽത്തന്നെ അവശേഷിക്കുന്നു.. എന്നാൽ അതിന്റെ ഉടയോനാണ് അതിനെ പുതിയതിലേക്ക് ട്രാസ്ഫർ ചെയ്യേണ്ടത്. കാരണം മുൻ ഹാൻഡ് സെറ്റിലുണ്ടായിരുന്ന മെമ്മറിയിലാണ് ഡാറ്റാകൾ സ്റ്റോർ ചെയ്തിരുന്നത്. ഇതെല്ലാം നോക്കിയ,ഐഫോൺ സാംസങ്ങ് മുതലാളിമാരുടെ അതായത് ഇതിനെ "പടച്ചവരുടെ" പരിമിതമായ ചുമതലകളിൽ പെടുന്നില്ല. കാരണം അവരുടെ ഉത്തരവാദിത്തങ്ങൾ സോഫ്റ്റ് വെയർ എന്ന പ്രകൃതി ഗുണങ്ങളിൽ അവസാനിക്കുന്നു. ബാക്കിയെല്ലാം അവരവരുറ്റെ തന്നെ ജോലിയാണ്. എന്നാൽ സിം കാർഡിൽ സ്റ്റോർ ചെയ്ത പരിമിതമായ ഡേറ്റകൾ തനിയേ പുതിയതിലും കിട്ടുന്നതായിരിക്കും.... ഇതൊക്കെ മനുഷ്യനും ബ്രഹ്മവും ആത്മാവും പരബ്രഹ്മവും പരിണാമങ്ങളുമൊക്കെയായി സങ്കല്പിച്ചാൽ സത്യം മനസ്സിലാക്കുവാനും അതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാനും സാധിക്കുന്നതാണ്. 

പരബ്രഹ്മവും പരാശക്തിയും ദേവിയും ദേവനുമെല്ലാമായ ഒരേ ഒരു ഭഗവാന്റെ പല രൂപഭാവങ്ങളെയും അദ്ദേഹത്തിന്റെതായ വിവിധ ശക്തി വിശേഷങ്ങളേയുമാണ് നാം ആരാധിക്കുന്നതു്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും മേദ്യത്തിലും അമേദ്യത്തിലുമെല്ലാം ആ ചൈതന്യം യാതൊരു പക്ഷപാതവുമില്ലാതെ അചഞ്ചലമായി നിലകൊള്ളുന്നു. ശ്രീ മഹാഭാഗവതത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ശിഷ്യനായ ഉദ്ദവന്റെ 23 ചോദ്യങ്ങൾക്കുത്തരമായി 23 മഹത് തത്വങ്ങൾ വളരെ ലളിതമായി ഉദാഹരണ സഹിതം വ്യക്തമാക്കുന്ന ഉദ്ദവോപദേശം എന്ന ഭാഗം വായിച്ചാൽ ത്തന്നെ നമ്മുടെ ഒരുമാതിരിപ്പെട്ട സകല സംശയങ്ങളുടെയും നിവാരണമാകുമെന്ന സത്യം പലർക്കും ഇന്നുമറിയില്ല. അതിലൊന്നാണ് അവധൂതനും യദുവുമായുള്ള സംവാദം ശ്രീകൃഷ്ണൻ ഉദ്ദവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത്. ബാഹ്യലോകവുമായി ഒട്ടും സംസർഗ്ഗമില്ലാതെ വനത്തിൽ കഴിയുന്ന അവധൂതന്റെ അറിവിന്റെ അക്ഷയ ഖനി മനസ്സിലാക്കിയിട്ട് അദ്ദേഹത്തിന്റെ ഗുരു ആരെന്ന ചോദ്യത്തിനുത്തരമായി താൻ നീരിക്ഷണത്തിലൂടെ ഗുരുവായി സ്വീകരിച്ച പ്രകൃതിയിലെ 25 ഗുരുക്കന്മാരേയും അവരിൽ നിന്നുൾക്കൊണ്ട തത്വങ്ങളേയും വിവരിക്കുന്നതാണ് ഈ ഭാഗം. ഇതു വായിക്കുമ്പോൾ ക്ഷമിക്കണം വായിച്ചാൽ മാത്രം പോരാ ഉൾക്കൊണ്ട് പഠിക്കണം. അങ്ങനെ പഠിക്കുമ്പോൾ ഗുരുവിനെ അന്വേഷിച്ച് എങ്ങും പോകേണ്ട നമ്മുടെ ചുറ്റുമുള്ള സംഗതികൾ അർത്ഥപൂർവ്വം മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ അതെല്ലാം തന്നെ നമ്മുടെ ഗുരുക്കന്മാരായി മാറുമെന്ന വിപ്ലാവാത്മകമായ ഒരു സത്യമാണ് വെളിച്ചമാകുന്നത്. ഇതിൽ ബ്രഹ്മവും പരബ്രഹ്മവും ആത്മാവും പരമാത്മാവുമെല്ലാം ഒന്നാണെന്നു അവയെയെല്ലാം നിയന്ത്രിക്കുന്ന ആ ശക്തിയെ ഒരു ഊർണ്ണനാഭിയിലൂടെ ( ചിലന്തിയിലൂടെ ) മനസ്സിലാക്കിത്തരുകയാണ് അവധൂതൻ ചെയ്യുന്നത്.
'
ഏകനായ് നാരായണനായിരിക്കുന്ന ദേവ-
നാകവേ ലോകാത്മാവയ്ത്തന്മായകൊണ്ടുതന്നെ
സൃഷ്ടിച്ചു പാലിച്ചു കല്പാന്തത്തിലഴിക്കയാൽ
വിഷ്ടപേശ്വരനെന്ന നാമത്തെദ്ധരിചിതു.
ഒന്നായിനിന്നവൻ താൻ രണ്ടായി ഭവിച്ചിഹ
തൊന്നുന്നതേകമെന്നറിക ധാത്രീപതേ!
ആയതു കാലാത്മാവയ്ഭവിച്ചുടൻ
മായാ സത്വാദിഗുണത്രിതയ ശക്തികളിൽ
തുല്യമായ്ക്കലർന്നഹോ! പ്രകൃതി പുരുഷനെ-
ന്നല്ലോ ചൊല്ലുന്നു പ്രാധാനാഖ്യ പൂരുഷനെന്നും
സൽപുമാൻ പരാപരനായ് പരമാത്മായി
ചിൽപ്പുമാൻ കൈവല്യ സംജ്ഞതനായ് നിരീഹനായ്
കേവലമാത്മാനന്ദാനുഭാവ സന്തുഷ്ടനായ്
സർവാത്മാവായി നിരുപാധികേശ്വരനായി
സർവത്രവ്യാപ്തനായിട്ടിരിക്കുമീശ്വരൻ താൻ
കേവലാത്മാനുഭവം കൊണ്ടാദൗഗുണവശാൽ
സൃഷ്ടിചീടുന്നിതതു കൊണ്ടു സ്രഷ്ടാവായിതു;
വിഷ്ടപിത്തിങ്കലാദിപുരുഷനെന്നും ചൊല്ലും.
സൂത്രരൂപകമായ വിശ്വത്തെ പ്രോതമാക്കി
സാത്വികാദികളായ ഗുണങ്ങൾ കൊണ്ടു നിത്യം
സംയക്കാംവണ്ണം രമിച്ചീടുന്നു കാലാത്മാവും.
തന്മായകൊണ്ടു വിശ്വതങ്കലടക്കുന്നു;
നിർമ്മലമായ ശരത്താദിയാം കാലഭേദം
ഒന്നിലൊന്നുത്ഭവിചു ലയിച്ചുവരും പോലെ
ഒന്നായകാലം പലകാലമായ് തോന്നും പോലെ
പിന്നേയുമൂർണ്ണനാഭിയായീടുന്നൊരു ജന്തു
തന്നുള്ളിൽ നിന്നുപുറപ്പെടുന്ന തന്തുകൊണ്ടു
വലകൾ കെട്ടിയതിലിരുന്നു വരും ഭോജ്യം
പലതുമനുഭവിച്ചിരുന്നു രമിച്ചുടൻ
വലകളായ തന്തുതങ്കൽ താൻ ലയിപ്പിച്ചു
വലയാം നൂലുമൂർണ്ണനാഭിതന്നെയുമൊന്നായ്
ഏകാത്മാവായ കാലരൂപനാം ഭഗവാനും
മായയും ജഗത്തുമിക്കാണുന്നതെല്ലാമേകം.
ആയതു കൊണ്ടുതന്നെ കാലവുമൂർണ്ണനാഭി-
യായ ജന്തുവും മമ ഗുരുവെന്നറിഞ്ഞാലും

അങ്ങനെ തന്നിൽ നിന്നുത്ഭവിക്കുന്ന വലയിലിരുന്നു കൊണ്ട് ഒരു മഹാപ്രപഞ്ചം നിയന്ത്രിക്കുന്ന ഒരു ചിലന്തിയെപ്പോലെയാണ് പരബ്രഹ്മം മറ്റു ബ്രഹ്മങ്ങളെ നിയന്ത്രിക്കുന്നത്.

തുടരും.....

No comments:

Post a Comment