നരനും നാരായണനും
“അങ്ങയുടെ സങ്കല്‍പമനുസരിച്ചാണ് ഞങ്ങള്‍ മൂന്നുപേരും പ്രത്യക്ഷമായി വന്നത്. ജഗദീശ്വരനെയാണല്ലോ അങ്ങ് തപസിലൂടെ ആരാധിച്ചത്. ഞങ്ങള്‍ മൂന്നുപേരും കൂടിച്ചേര്‍ന്നാലെ ജഗദീശ്വരത്വം പൂര്‍ണമായിത്തീരുകയുള്ളു. അതിനാല്‍ ഞങ്ങള്‍ ഓരോരുത്തരുടേയും അംശഭൂതരായി അങ്ങേയ്ക്ക് ഓരോ പുത്രന്മാരുണ്ടാകും. അവര്‍ അങ്ങയുടെ കീര്‍ത്തിയെ ലോകത്തില്‍ വ്യാപിപ്പിക്കും. ഇങ്ങനെ വരംകൊടുത്ത് ത്രിമൂര്‍ത്തികള്‍ അന്തര്‍ധാനം ചെയ്തു.
ബ്രഹ്മാവിന്റെ അംശമായി ചന്ദ്രനും വിഷ്ണുവിന്റെ അംശമായി ദത്താത്രേയനും ശിവന്റെ അംശമായി ദുര്‍വാസാവും അത്രിയുടെയും അനസൂയയുടേയും പുത്രന്മാരായി ജനിച്ചു. അംഗിരസ് മഹര്‍ഷിയുടെ പത്‌നിയായ ശ്രദ്ധ, സിനീവാലി, കുഹുരാക, അനുമതി എന്നീ പുത്രിമാരെ പ്രസവിച്ചു. അംഗിരസിന് രണ്ടു പുത്രന്മാരുമുണ്ടായി. സ്വാരോചിഷമെന്ന രണ്ടാമത്തെ മന്വന്തരത്തില്‍ അവര്‍ ഉത്ഥ്യന്‍ എന്നും ബൃഹസ്പതിയെന്നുമുള്ള പേരില്‍ പ്രസിദ്ധരായി.
പുലസ്ത്യന് ഹവിര്‍ഭൂയെന്ന പത്‌നിയില്‍ അഗസ്ത്യന്‍ ജനിച്ചു. അദ്ദേഹം കഴിഞ്ഞ ജന്മത്തില്‍ ജഠരാഗ്നിയായിരുന്നു. മഹാതപസ്വിയായ വിശ്രവസ്സുമഹര്‍ഷിയും പുലസ്ത്യന്റെ പുത്രനാണ്. വിശ്രവസ്സുവിന്റെ പുത്രനാണ് യക്ഷന്മാരുടെ അധിപതിയായ കുബേരന്‍. ഇഡവിഡയാണ് കുബേരന്റെ അമ്മ. മറ്റൊരു പത്‌നിയായ കൈകസിയില്‍ വിശ്രവസുമഹര്‍ഷിക്ക് രാവണന്‍, കുംഭകര്‍ണന്‍,വിഭീഷണന്‍ എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ടായി.
പുലഹന്റെ ഭാര്യയായ ഗതി മൂന്നു പുത്രന്മാരെ പ്രസവിച്ചു. കര്‍മ്മശ്രേഷ്ഠന്‍, വരിയാംസെന്‍, സഹിഷ്ണു എന്നാണ് അവരുടെ പേരുകള്‍. ക്രതുവിന്റെ ഭാര്യയായ ക്രിയ ബ്രഹ്മതേജസുകൊണ്ട് ജ്വലിക്കുന്ന അറുപതിനായിരം ഋഷികളെ പ്രസവിച്ചു. അവര്‍ ബാലഖില്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായിത്തീര്‍ന്നു.
വസിഷ്ഠ മഹര്‍ഷിക്ക് ഊര്‍ജ്ജയെന്ന പത്‌നിയില്‍ ചിത്രകേതു, സുരോജിസ്, വിരജന്‍, മിത്രന്‍, ഉല്‍ബണന്‍, വസുഭൃദ്യാനന്‍, ദ്യുമാന്‍ എന്നീ സപ്തര്‍ഷികളുമുണ്ടായി. വസിഷ്ഠന് മറ്റൊരു പത്‌നിയില്‍ ശക്തി മുതലായ പുത്രന്മാരും ജനിച്ചു. അഥര്‍വാവിന്റെ പത്‌നിയാണ് ചിത്തി. ചിത്തിയുടെ പുത്രനാണ് വ്രതനിഷ്ഠയോടുകൂടിയ ദധീചി. ഭൃഗുമഹര്‍ഷിക്ക് ഖ്യാതി എന്ന പത്‌നിയില്‍ ധാതാവ് വിധാതാവ് എന്നീ രണ്ടു പുത്രന്മാരും, ശ്രീദേവി എന്ന പുത്രിയുമുണ്ടായി. ശ്രീദേവി വിഷ്ണുഭഗവാനെ സര്‍വാത്മനാ ആശ്രയിച്ചവളാണ്. മഹാമേരു, ആയതി, നിയതി എന്നീ പുത്രിമാരെ ധാതാവിനും വിധാതാവിനും വിവാഹം ചെയ്തുകൊടുത്തു. അവര്‍ക്ക് മൃകണ്ഡനെന്നും പ്രാണനെന്നും രണ്ടു പുത്രന്മാരുണ്ടായി. മൃകണ്ഡന്റെ പുത്രനാണ് മാര്‍ക്കണ്ഡേയന്‍. പ്രാണന്റെ പുത്രനായി വേദശിരസ് എന്ന ഋഷി ജനിച്ചു. സര്‍വ്വജ്ഞനായ ശുക്രമഹര്‍ഷിയുടെ അച്ഛനായ കവി ഭൃഗുമഹര്‍ഷിയുടെ മറ്റൊരു പുത്രനാണ്.
ഈ മഹര്‍ഷിമാര്‍ അവരുടെ സൃഷ്ടികൊണ്ട് ലോകത്തെ സമ്പുഷ്ടമാക്കി. കര്‍ദ്ദപുത്രിമാരുടെ സന്താനപരമ്പരയെ കേട്ടാല്‍ത്തന്നെ പാപം നശിക്കും. മനുവിന്റെ മറ്റൊരു പുത്രിയായ പ്രസൂതിയെ ബ്രഹ്മാവിന്റെ പുത്രനായ ദക്ഷപ്രജാപതിക്കാണ് വിവാഹം ചെയ്തുകൊടുത്തു. സ്വാഹയെ അഗ്നിക്കും, സ്വധയെ പിതൃക്കള്‍ക്കും, അവസാനത്തെ പുത്രിയായ സതിയെ ശ്രീപരമേശ്വരനും പത്‌നിമാരായി നല്‍കി. ശ്രദ്ധ, മൈത്രി, ദയ, ശാന്തി ,തുഷ്ടി, പുഷ്ടി ,ക്രിയ, ഉന്നതി, ബുദ്ധി മേധാ, തിതിക്ഷ, ഹ്രീ മൂര്‍ത്തി എന്നീ പതിമൂന്നുപേരാണ് ധര്‍മ്മപ്രജാപതിയുടെ പത്‌നിമാര്‍. ശ്രദ്ധ ശുഭത്തേയും, മൈത്രി പ്രസാദത്തേയും ദയ അഭയത്തേയും, ശാന്തി സുഖത്തേയും, തുഷ്ടി മോദത്തേയും പുഷ്ടി സ്മയത്തേയും പ്രസവിച്ചു. ക്രിയ യോഗത്തേയും, ഉന്നതി ദര്‍പ്പത്തേയും, ബുദ്ധി അര്‍ത്ഥത്തേയും, മേധ സ്മൃതിയേയും തിതിക്ഷ ക്ഷേമത്തേയും, ഹ്രീ പ്രശയത്തേയും പ്രസവിച്ചു.
ധര്‍മ്മന്റെ പത്‌നിമാരില്‍ സര്‍വഗുണങ്ങളും തികഞ്ഞവളായിരുന്നു മൂര്‍ത്തി. ധര്‍മ്മന് മൂര്‍ത്തിയില്‍ നരന്‍ എന്നും നാരായണന്‍ എന്നും വിഖ്യാതരായ രണ്ടു പുത്രന്മാരുണ്ടായി. അവരുടെ ജനനസമയത്ത് പ്രപഞ്ചത്തിലെ എല്ലാവരും ആനന്ദനിര്‍വൃതരായിത്തീര്‍ന്നു. ജനങ്ങളുടെ മനസ്സും, ദിക്കുകള്‍, സരസ്സുകള്‍, പുഴകള്‍ എന്നിവയും തെളിഞ്ഞ വായു മന്ദം മന്ദം വീശി. ആകാശത്തില്‍ ദിവ്യവാദ്യങ്ങള്‍ മുഴങ്ങി. ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി, മഹര്‍ഷിമാര്‍ സ്തുതിച്ചു. ഗന്ധര്‍വ്വന്മാരും കിന്നരന്മാരും പാട്ടുപാടി. ദേവസ്ത്രീകള്‍ ആനന്ദനൃത്തം ചെയ്തു. ബ്രഹ്മാവ് മുതലായ ദേവന്മാര്‍ സ്തുതിഗീതങ്ങള്‍ പാടി അവതാര സ്വരൂപികളായ നര നാരായണന്മാരെ വാഴ്ത്തി സ്തുതിച്ചു.
ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രണ്ട് ഋഷിമാരാണ് നരനാരായണന്മാർ. പണ്ട് ബ്രഹ്മാവിന്റെ വലത്തെ മുല ഭേദിച്ചുകൊണ്ട് സനാതനമായ ധർമ്മം മൂർത്തിയായി അവതരിച്ചു . ഈ ധർമ്മം സ്വയം വിഷ്ണുവായിരുന്നു . ഈ ധർമ്മദേവന്റെ പുത്രന്മാരായി മഹാവിഷ്ണു നാല് രൂപങ്ങളിൽ അവതരിക്കുകയുണ്ടായി . ഹരി , കൃഷ്ണൻ , നരൻ , നാരായണൻ എന്നിങ്ങനെ നാല് രൂപങ്ങളിൽ വിഷ്ണു ജനിച്ചു . ഇവരിൽ ഹരിയും കൃഷ്ണനും പരമയോഗികളും , നരനും നാരായണനും മഹാതപസ്വികളുമായി ശോഭിച്ചു . ജനനത്തിനു മുൻപ് ഇവർ വിഷ്ണുസ്വരൂപരായിരുന്നു .നരനാരായണന്മാർ ഒരായിരം വർഷം ബദര്യാശ്രമത്തിലിരുന്ന് ബ്രഹ്മത്തെ തപസ്സു ചെയ്തു .[ദേവീ ഭാഗവതം 4 -ആം സ്കന്ധം].നരനും നാരായണനും ദേവകാര്യാർത്ഥം ദ്വാപരയുഗത്തിന്റെ അന്തിമഘട്ടത്തിൽ അർജ്ജുനനായും കൃഷ്ണനായും ജനിക്കുകയുണ്ടായി .
നരനാരായണന്മാർ വിഷ്ണുവിന്റെ അംശമാണെന്നും കൃഷ്ണാർജുനന്മാർ ഇവരുടെ പുനർജന്മമാണെന്നുമാണ് മറ്റൊരു വിശ്വാസം. നാരായണമഹർഷിയുടെ കൃഷ്ണമായ (കറുപ്പുനിറമുള്ള) ഒരു കേശം ശ്രീകൃഷ്ണനായി ജന്മമെടുത്തു എന്നു മഹാഭാരതം ആദിപർവത്തിൽ പറയുന്നു. നരനാരായണന്മാരിൽ നരൻ ശ്വേതവർണനും നാരായണൻ കൃഷ്ണവർണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
No comments:
Post a Comment