ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 February 2018

നാരായണീയം ദശകം 5

നാരായണീയം

രചന: മേല്പത്തൂർ നാരായണഭട്ടതിരി

ദശകം 5

5.1
വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത്പ്രാക്പ്രാകൃതപ്രക്ഷയേ
മായായാം ഗുണസാമ്യരുദ്ധവികൃുതൗ ത്വയ്യാഗതായാം ലയം
നോ മൃത്യുശ്ച തദാമൃതം ച സമഭൂന്നാഹ്നോ ന രാത്രേഃ സ്ഥിതി-
സ്തത്രൈകസ്ത്വമശിഷ്യഥാഃ കില പരാനന്ദപ്രകാശാത്മനാ

അര്‍ത്ഥം :
പണ്ട് ബ്രഹ്മ പ്രളയകാലത്ത് സത്വം,  രജസ്സ്,  തമസ്സ്,  എന്നീ ഗുണങ്ങളുടെ  സാമ്യം  മൂലം  ചലനമില്ലാതിരുന്ന  മായ  അങ്ങയില്‍  ലയിച്ചു സ്ഥിതി  ചെയ്തിരുന്നപ്പോള്‍  വ്യക്തരൂപത്തിലും  അവ്യക്തമായും  ഇന്നു കാണുന്ന  വസ്തുക്കളൊന്നും ജന്മമെടുത്തിരുന്നില്ല.  അപ്പോള്‍ മൃത്യുവും  മോക്ഷവും  ഉണ്ടായിരുന്നില്ല.  പകല്‍, രാത്രി  എന്നീ  സ്ഥിതി ഭേദങ്ങളും   ഉണ്ടായിരുന്നില്ല.  ഏകനായ  അങ്ങുമാത്രം  ചിദാനന്ദസ്വരൂപനായും   ജ്ഞാന പ്രകാശത്തോടേയും  അവശേഷിച്ചിരുന്നു.

5.2
കാലഃ കർമഗുണാശ്ച ജീവനിവഹാ വിശ്വം ച കാര്യം വിഭോഃ
ചില്ലീലാരതിമേയുഷി ത്വയി തദാ നിർലീനതാമായയുഃ
തേഷാം നൈവ വദന്ത്യസത്വമയി ഭോ ശക്ത്യാത്മനാ തിഷ്ടതാം
നോ ചേത്‌ കിം ഗഗനപ്രസൂനസദൃുശാം ഭൂയോ ഭവേത്സംഭവഃ

അര്‍ത്ഥം :
അല്ലയോ  ഭഗവാനേ,  അക്കാലത്ത്  കാലം, കര്‍മ്മം, ഗുണങ്ങള്‍, ജീവാത്മാക്കളുടെ  സമൂഹം  മുതലായി  സര്‍വ്വ വിശ്വവും  ആത്മാരാമയോഗനിദ്രയില്‍  മുഴുകിയിരുന്ന അങ്ങയില്‍  ലയിച്ചിരുന്നു.  അവയുടെ അവ്യക്തമായ  ശക്തിയും അപ്പോഴത്തെ അസത്തയും ആരും പറയുന്നില്ല.  അന്ന് അവയുണ്ടായിരുന്നില്ലെങ്കില്‍  ആകാശപുഷ്പങ്ങള്‍  പോലുള്ള  അവ വീണ്ടും  ഉത്ഭവിക്കുമായിരുന്നോ ?

5.3
ഏവം ച ദ്വിപരാർദ്ധകാലവിഗതാവീക്ഷാം സിസൃക്ഷാത്മികാം
വിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീഭാവായ മായാ സ്വയം
മായാതഃ ഖലു കാലശക്തിരഖിലാദൃഷ്ടാം സ്വഭാവോƒപി ച
പ്രാദുർഭൂയ ഗുണാന്വികാസ്യ വിദധുസ്തസ്യാസ്യാസ്സഹായക്രിയാം

അര്‍ത്ഥം :
ഈ സ്ഥിതിയില്‍ രണ്ടു പരാര്‍ദ്ധകാലം കഴിഞ്ഞു സൃഷ്ടികര്‍മ്മം നടത്താനുള്ള ആഗ്രഹത്താല്‍  അങ്ങ്  നോക്കികൊണ്ടിരിക്കേ മൂന്നുലോകങ്ങളുടെ   മൂലക്കുരു  മൂലാകാരണമായ  മായാശക്തി സ്വയം അങ്ങയില്‍  നിന്നു പുറത്തു വന്നു. മായയില്‍ നിന്നുളവായ  നിന്നുളവായ കാലം , സമസ്തകര്‍മ്മ ങ്ങള്‍ , സ്വഭാവം  എന്നീ ശക്തികള്‍ സ്വയം  പ്രകാശം ചൊരിഞ്ഞു വളരുകയും മായയെ സഹായിക്കാന്‍ തുടങ്ങുകയും  ചെയ്തു

5.4
മായാസന്നിഹിതോƒപ്രവിഷ്ടവപുഷാ സാക്ഷീതി ഗീതോ ഭവാൻ
ഭേദൈസ്താം പ്രതിബിംബതോ വിവിശിവാൻ ജീവോƒപി നൈവാപരഃ
കാലാദിപ്രതിബോധിതാƒഥ ഭവതാ സംചോദിതാ ച സ്വയം
മായാ സ ഖലു ബുദ്ധിതത്വമസൃജദ്യോƒസൗ മഹാനുച്യതേ

അര്‍ത്ഥം :
മായയുടെ  സാന്ന്യദ്ധ്യമുണ്ടെങ്കിലും   അതിനു  പ്രവേശനമില്ലാത്ത  സ്വരൂപത്തോടുകൂടിയ  അങ്ങ് സാക്ഷിയായ  ചൈതന്യമെന്ന്  വിധിക്കപ്പെട്ടിരിക്കുന്നു.  പല രൂപത്തിലുള്ള  മായ  പ്രതിബിംബിച്ചുണ്ടായതാണ്   ജീവാത്മാവ്.  അതും  അങ്ങുതന്നെ.  പ്രളയാനന്തരം  കാലം  മുതലായ  മറ്റു ശക്തികള്‍  ഉണര്‍ത്തിയപ്പോള്‍  ,  ആ  മായ  അങ്ങയുടെ  പ്രേരണമൂലം  സ്വയം  ബുദ്ധിതത്ത്വത്തെ  സൃഷ്ടിച്ചു.  അതിനെ  മഹത്തത്ത്വം  എന്നു പറയുന്നു.

5.5
തത്രാസൗ ത്രിഗുണാത്മകോƒപി ച മഹാൻ സത്വപ്രധാനഃ സ്വയം
ജീവേƒസ്മിൻ ഖലു നിർവികൽപമഹമിത്യുദ്ബോധനിഷ്പാദകഃ
ചക്രേƒസ്മിൻ സവികൽപബോധകമഹന്തത്വം മഹാൻ ഖല്വസൗ
സമ്പുഷ്ടം ത്രിഗുണൈസ്തമോƒതിബഹുലം വിഷ്ണോ ഭവത്പ്രേരണാത്‌

അര്‍ത്ഥം :
മായാസമൂഹത്തില്‍പ്പെട്ട  മഹത്തത്ത്വം  ത്രിഗുണാത്മകമാണെങ്കിലും  സത്ത്വഗുണപ്രധാനമാണ്.  ഇത്  ജീവാത്മാക്കളെ  നിശ്ചേതരാക്കി  ,   അവരില്‍  ഞാനെന്നബോധം  ഉണ്ടാക്കുന്ന  പ്രേരകശക്തിയാകുന്നു.   ഹേ   വിഷ്ണുഭഗവാനേ !   അങ്ങയുടെ  പ്രേരണയാല്‍  ഈ മഹത്തത്ത്വം  ത്രിഗുണ  സംപുഷ്ടമാണെങ്കിലും  അധികപങ്കും  തമോഗുണമുള്ള  ജീവാത്മാവില്‍  വിഭിന്ന  ധര്‍മ്മാരോപമുണ്ടാക്കാന്‍  വേണ്ടി  അഹംതത്ത്വത്തെ  സൃഷ്ടിച്ചു.

5.6
സോƒഹം ച ത്രിഗുണക്രമാത്‌ ത്രിവിധതാമാസാദ്യ വൈകാരികോ
ഭൂയസ്തൈജസതാമസാവിതി ഭവന്നാദ്യേന സത്വാത്മനാ
ദേവാനിന്ദ്രിയമാനിനോƒകൃത ദിശാവാതാർകപാശ്യശ്വിനോ
വഹ്നീന്ദ്രാച്യുതമിത്രകാൻ വിധുവിധിശ്രീരുദ്രശാരീരകാൻ

അര്‍ത്ഥം :
ഇങ്ങനെ  സംജാതമായ  അഹംതത്ത്വം  മൂന്നു  ഗുണങ്ങള്‍ക്കൊത്തു  മൂന്നു  രൂപങ്ങള്‍  പ്രാപിക്കുകയും  പിന്നീട്  വൈകാരികം  ,  തൈജസം,  താമസം  എന്നീ  രൂപഭേദങ്ങള്‍  കൈകൊള്ളുകയും  ചെയ്തു.  സത്വഗുണാത്മകമായ  വൈകാരികരൂപമാകട്ടെ  ഇന്ദ്രിയനിയന്താക്കളായ  ദിക്ക്, വായു, സൂര്യന്‍, വരുണന്‍ ,  അശ്വനികള്‍  എന്നീ  ദേവന്മാരേയും,   അഗ്നി,  ഇന്ദ്രന്‍,  ഉപേന്ദ്രന്‍,  മിത്രന്‍,  പ്രജാപതി  , ചന്ദ്രന്‍,  ബ്രഹ്മാവ്,  ശിവന്‍, ക്ഷേത്രജ്ഞന്‍  എന്നിവരേയും  സൃഷ്ടിച്ചു

5.7
ഭൂമന്മാനസഭുദ്ധ്യഹംകൃതിമിളച്ചിത്താഖ്യവൃത്യന്വിതം
തച്ചാന്തഃകരണം വിഭോ തവ ബലാത്‌ സത്വാംശ ഏവാസൃജത്‌
ജാതസ്തൈജസതോ ദശേന്ദ്രിയഗണസ്തത്താമസാംശാത്പുന-
സ്തന്മാത്രം നഭസോ മരുത്പുരപതേ ശബ്ദോƒജനി ത്വദ്ബലാത്‌

അര്‍ത്ഥം :
അല്ലയോ  മഹാപുരുഷനായ  ഭഗവാനേ ,   അങ്ങയുടെ  ശക്തിയാല്‍ സത്വഗുണപ്രധാനമായ വൈകാരികാംശം , മനസ്സ്,  ബുദ്ധി,  അഹങ്കാരം,  ചിത്തം   എന്നീ നാലു  വൃത്തികളോടുകൂടിയ  അന്തഃകരണത്തെ   സൃഷ്ടിച്ചു. തൈജസരൂപത്തില്‍നിന്ന്  പത്ത്   ഇന്ദ്രിയങ്ങളും സംജാതങ്ങളായി.   ഹേ  ഗുരുവായൂരപ്പാ,  അങ്ങയുടെ  അപാരമായ  ശക്തിയാല്‍  ആകാശത്തിന്‍റെ  വെറുമൊരു  തന്മാത്രയായ ശബ്ദം  താമസാംശത്തില്‍  നിന്നും ജനിച്ചു

5.8
ശബ്ദാദ്‌ വ്യോമ തതഃ സസർജിഥ വിഭോ സ്പർശം തതോ മാരുതം
തസ്മാദ്രൂപമതോ മഹോƒഥ ച രസം തോയം ച ഗന്ധം മഹീം
ഏവം മാധവ പൂർവപൂർവകലനാദാദ്യാദ്യധർമാന്വിതം
ഭൂതഗ്രാമമിമം ത്വമേവ ഭഗവൻ പ്രാകാശയസ്താമസാത്‌

അര്‍ത്ഥം :
ഹേ സര്‍വ്വശക്ത!   ശബ്ദത്തില്‍നിന്ന് ആകാശത്തേയും,   അതില്‍നിന്ന്  സ്പര്‍ശത്തേയും,  അതില്‍നിന്ന്  മാരുതനേയും,  വീണ്ടും  രൂപത്തേയും,  പിന്നീട്  തേജസ്സിനേയും,  തേജസ്സില്‍ നിന്ന്  രസം, ജലം  എന്നിവയേയും    ഗന്ധം,  ഭൂമി  എന്നിവയേയും  അങ്ങ്  സൃഷ്ടിച്ചു.  ലക്ഷ്മീകാന്തനായ  ഭഗവാനേ,  ഇങ്ങനെ  ആദ്യമാദ്യം  വിവരിച്ചവയോടുള്ള   സംബന്ധത്താല്‍   അവയുടെ  ധര്‍മ്മങ്ങളോടു  ചേര്‍ന്നിണങ്ങിയ   ഈ  ഭൂതസംഘത്തെ  അങ്ങുതന്നെ  താമസാംശത്തില്‍  നിന്നും  സൃഷ്ടിച്ചു.

5.9
ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ ദേവാശ്ച ജാതാ പൃഥങ്ങ്‌-
നോ ശേകുർഭുവനാണ്ഡനിർമിതിവിധൗ ദേവൈരമീഭിസ്തദാ
ത്വം നാനാവിധസൂക്തിഭിർനുതഗുണസ്തത്വാന്യമൂന്യാവിശം-
ശ്ചേഷ്ടാശക്തിമുദീര്യ താനി ഘടയൻ ഹൈരണ്യമണ്ഡം വ്യധാഃ

അര്‍ത്ഥം :
ഈ  ഭൂതസമൂഹങ്ങളും  ഇന്ദ്രിയഗണങ്ങളും  അവയുടെയെല്ലാം  അധീശന്മാരായ  ദേവന്മാരും  വെവ്വേറെത്തന്നെ  ജാതരായെങ്കിലും  ബ്രഹ്മാണ്ഡനിര്‍മ്മിതിയാകുന്ന  മഹാകൃത്യത്തിന്നു  അവരാരും തന്നെ ശക്തരായില്ല.   ഇന്ദ്രാദിദേവന്മാരാല്‍  നാനാവിധ സൂക്തങ്ങളെക്കൊണ്ട്  പ്രകീര്‍ത്തിക്കപ്പെട്ട  അങ്ങ്   ഈ   തത്ത്വങ്ങളിലേക്ക്  സ്വയം  പ്രവേശിച്ച്   പ്രവര്‍ത്തനശക്തിയെ  ഉദ്ദീപിപ്പിക്കയും  സര്‍വ്വഭൂതങ്ങളേയും  ഇന്ദ്രിയങ്ങളേയും  സംഘടിപ്പിച്ച്  സ്വര്‍ണ്ണമയമായ  ഒരണ്ഡത്തെ   സൃഷ്ടിക്കുകയും  ചെയ്തു.

5.10
അണ്ഡം തത്ഖലു പൂർവസൃഷ്ടസലിലേƒതിഷ്ഠത്‌ സഹസ്രം സമാഃ
നിർഭിന്ദന്നകൃഥാശ്ചതുർദശജഗദ്രൂപം വിരാഡാഹ്വയം
സാഹസ്രൈഃ കരപാദമൂർദ്ധനിവഹൈർനിശ്ശേഷജീവാത്മകോ
നിർഭാതോƒസി മരുത്പുരാധിപ സ മാം ത്രായസ്വ സർവാമയാത്‌

അര്‍ത്ഥം
അങ്ങനെ  അങ്ങയാല്‍ തന്നെ  നിര്‍മ്മിതമായ  അണ്ഡം  ആദ്യമേ  സൃഷ്ടിച്ചിട്ടുള്ള  ജലത്തില്‍  ആയിരം  വര്‍ഷം  സ്ഥിതിചെയ്തു.  അങ്ങ്  അതിനെ  പിളരുകയും  വിരാഡ്നാമാവായ  പതിനാല് ലോകങ്ങളുടെ  ആകൃതിയില്‍ സൃഷ്ടി  നടത്തുകയും ചെയ്തു.     പിന്നീട്  അങ്ങ്  ആയിരക്കണക്കിലുള്ള  കൈകാലുകളോടും  ശിരസ്സുകളോടും  കൂടി എല്ലാ ജീവാത്മാക്കളേയും  സ്വയം വഹിച്ചുകൊണ്ട്  പ്രശോഭിച്ചുകൊണ്ടിരിന്നു.   ഹേ  ഗുരുവായൂരപ്പാ,    അങ്ങനെയുള്ള   അങ്ങ്  എന്നെ  സര്‍വ്വരോഗപീഠകളില്‍നിന്നും  രക്ഷിക്കണേ !

No comments:

Post a Comment