ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 February 2018

നാരായണീയം ദശകം 6

നാരായണീയം

രചന: മേല്പത്തൂർ നാരായണഭട്ടതിരി

ദശകം 6

6.1
ഏവം ചതുർദശജഗന്മയതാം ഗതസ്യ പാതാലമീശ തവ പാദതലം വദന്തി പാദോർദ്ധ്വദേശമപി ദേവ രസാതലം തേ ഗുൽഫദ്വയം ഖലു മഹാതലമദ്ഭുതാത്മൻ

അര്‍ത്ഥം :
അല്ലയോ  വിശ്വേശ്വരാ,  ഇങ്ങനെ  പതിനാലു  ലോകങ്ങളുടേയും  സ്വരൂപം  പൂണ്ട  അങ്ങയുടെ  പാദതലമാണ്  പാതാളലോകമെന്ന്  അഭിജ്ഞന്മാര്‍  പറയുന്നു.  ഹേ,  പ്രകാശസ്വരൂപ,  രസാതല  ലോകം പാദത്തിന്‍റെ  മുകള്‍ഭാഗമായും  ,  മഹാതലം  കണങ്കാലുകളുടെ   ഭാഗമായും  പറയപ്പെടുന്നു.

6.2
ജംഘേ തലാതലമഥോ സുതലം ച ജാനൂ കിഞ്ചോരുഭാഗയുഗളം വിതലാതലേ ദ്വേ ക്ഷോണീതലം ജഘനമംബരമംഗ നാഭി- ഋവക്ഷശ്ച ശക്രനിലയസ്തവ ചക്രപാണേ

അര്‍ത്ഥം :
തലാതലം, എന്നു പേരായ  ലോകം  അങ്ങയുടെ  കാല്‍വണ്ണകളും സുതലം  മുട്ടുകളും ,  വിതലവും  അതലവും  രണ്ട്  ഉൗരുക്കളുമാകുന്നു. ഹേ  ഭഗവാനേ,  ക്ഷോണീതലം  അരക്കെട്ടും അംബരം  നാഭിയുമാണ്.  ചക്രപാണിയായ  ദേവാ,  ഇന്ദ്രസ്ഥാനമായ   സ്വര്‍ഗ്ഗലോകം   അങ്ങയുടെ  വക്ഷസ്ഥലമാകുന്നു.

6.3
ഗ്രീവാ മഹസ്തവ മുഖം ച ജനസ്തപസ്തു ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം ഏവം ജഗന്മയതനോ ജഗദാശ്ചിതൈര- പ്യന്യൈർനിബദ്ധവപുഷേ ഭഗവന്നമസ്തേ

അര്‍ത്ഥം :
മഹര്‍ല്ലോകം  അങ്ങയുടെ  കണ്ഠവും  ,  ജനലോകം  മുഖവും,  തപോലോകം  നെറ്റിയും,  സത്യലോകം  അഖിലരൂപാത്മാവായ  അങ്ങയുടെ  ശിരസ്സുമാകുന്നു.  ലോകം മുഴുവന്‍  നിറഞ്ഞിരിക്കുന്ന  ശരീരത്തോടുകൂടിയ  ഭഗവാനേ ,  ലോകത്തെ  ആശ്രയിച്ചിരിക്കുന്ന  അന്യവസ്തുക്കളാല്‍  നിറഞ്ഞ  ശരീരത്തോടുകൂടിയ  അങ്ങേയ്ക്ക്  നമസ്കാരം

6.4
ത്വദ്‌ ബ്രഹ്മരന്ധ്രപദമീശ്വര വിശ്വകന്ദ ഛന്ദാംസി കേശവ ഘനാസ്തവ കേശപാശാഃ ഉല്ലാസിചില്ലിയുഗളം ദൃഹിണസ്യ ഗേഹം പക്ഷ്മാണി രാത്രിദിവസൗ സവിതാ ച നേത്രേ

അര്‍ത്ഥം :
വിശ്വത്തിന്‍റെ  ഹേതുഭൂതനായ  ഈശ്വര  ,  വേദങ്ങള്‍  അങ്ങയുടെ  ശിരസ്സിലുള്ള  ബ്രഹ്മരന്ധ്രത്തിന്‍റെ   സ്ഥാനമാണ്.    ഹേ  കേശവ,  മേഘങ്ങള്‍  അങ്ങയുടെ   മുടിക്കെട്ടാണ്,  ബ്രഹ്മലോകമാകട്ടെ  പ്രകാശമെഴുന്ന  ചില്ലീയുഗ്മങ്ങളുമാണ്.  അങ്ങയുടെ   പക്ഷ്മങ്ങളാണ്   രാത്രിയും  പകലും.  സൂര്യന്‍  കണ്ണുകളാകുന്നു.

6.5
നിശ്ശേഷവിശ്വരചനാ ച കടാക്ഷമോക്ഷഃ കർണൗ ദിശോƒശ്വിയുഗളം തവ നാസികേ ദ്വേ ലോഭത്രപേ ച ഭഗവന്നധരോത്തരോഷ്ഠൗ താരാഗണശ്ച ദശനാഃ ശമനശ്ച ദംഷ്ട്രാ

അര്‍ത്ഥം :
അങ്ങയുടെ  കടാക്ഷവീക്ഷണത്തെ  അഖില വിശ്വനിര്‍മ്മിതിയെന്ന്  പറയുന്നു.  ദിക്കുകള്‍  അങ്ങയുടെ  കര്‍ണ്ണങ്ങളും  രണ്ട്  അശ്വനിദേവന്മാര്‍ നാസാദ്വാരങ്ങളുമാണ്.  ഹേ  ഭഗവാനേ,  ലോഭവും,  ലജ്ജയും അങ്ങയുടെ  രണ്ട്  അധരങ്ങളാണ്.  നക്ഷത്രങ്ങള്‍  ദന്തങ്ങളും,  യമന്‍  അണപ്പല്ലുകളുമാകുന്നു

6.6
മായാ വിലാസഹസിതം ശ്വസിതം സമീരോ ജിഹ്വാ ജലം വചനമീശ ശകുന്തപങ്ക്തിഃ സിദ്ധാദയസ്സ്വരഗണാ മുഖരന്ധ്രമഗ്നി- ഋദേവാ ഭുജാഃ സ്തനയുഗം തവ ധർമദേവഃ

അര്‍ത്ഥം :
അങ്ങയുടെ  ആകര്‍ഷണീയമായ  പുഞ്ചിരിയാണ് മായ.  നിശ്വാസം  മാരുതനും,  ജലം നാവും,  പക്ഷികള്‍ വാക്കുമാണ്.  ഹേ,  ഭഗവാനേ,  സിദ്ധാദികളായ  ദിവ്യപുരുഷന്മാര്‍   അങ്ങയുടെ ശബ്ദസമൂഹമാണ്.   അഗ്നി,  വായു,  ദേവന്മാര്‍  ഭുജങ്ങളും  ,    ധര്‍മ്മദേവന്‍   അങ്ങയുടെ   ഇരു  സ്തനങ്ങളുമാകുന്നു

6.7
പൃഷ്ഠം ത്വധർമ ഇഹ ദേവ മനസ്സുധാംശു- രയക്തമേവ ഹൃദയാംബുജമംബുജാക്ഷ കുക്ഷിസ്സമുദ്രനിവഹാ വസനം തു സന്ധ്യേ ശേഫഃ പ്രജാപതിരസൗ വൃഷണൗ ച മിത്രഃ

അര്‍ത്ഥം :
അല്ലയോ  പ്രകാശാത്മാവായ ഭഗവാനേ ,  ഇങ്ങനെ  അധര്‍മ്മം  അങ്ങയുടെ  പൃഷ്ടഭാഗമാണ്.   ഹേ  അംബുജനേത്ര,    ചന്ദ്രന്‍  അങ്ങയുടെ  മനസ്സും  അവ്യക്ത  സ്വരൂപിയായ  പ്രകൃതി  ഹൃദയവും  ,  സമുദ്രഗണങ്ങള്‍  ഉദരവും  ,  സന്ധ്യകള്‍  വസ്ത്രങ്ങളും  ,  ബ്രഹ്മാവ്  ജനനേന്ദ്രിയവും,  മിത്രന്‍  വൃഷണങ്ങളുമാണ്.

6.8
ശ്രോണിസ്ഥലം മൃഗഗണാഃ പദയോർനഖാസ്തേ ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനം തു കാലഃ വിപ്രാദിവർണഭവനം വദനാബ്ജബാഹു- ചാരൂരുയുഗ്മചരണം കരുണാംബുധേ തേ

അര്‍ത്ഥം :
മൃഗങ്ങള്‍   അങ്ങയുടെ  ജഘനത്തിന്‍റെ  പിന്‍ഭാഗവും    ആന,  ഒട്ടകം,  കുതിര,   എന്നിവ  കാല്‍നഖങ്ങളുമാകുന്നു.  കാലശക്തിയാണ്  അങ്ങയുടെ  നടത്തം.   ഹേ   കാരുണ്യസാഗരമേ,  അങ്ങയുടെ  മുഖാംബുജം,  കരങ്ങള്‍, ചാരുക്കളായ   ഇരുതുടകള്‍ ,  കാലുകള്‍  എന്നിവയാകട്ടെ   ബ്രാഹ്മണര്‍,  ക്ഷത്രിയര്‍,  വൈശ്യര്‍ ,   ശൂദ്രര്‍,  എന്നീ  വര്‍ണ്ണഭേദങ്ങളുടെ   നിവാസ  സ്ഥാനവുമാണ്.

6.9
സംസാരചക്രമയി ചക്രധര ക്രിയാസ്തേ വീര്യം മഹാസുരഗണോƒസ്ഥികുലാനി ശൈലാഃ നാഡ്യസ്സരിത്സമുദയസ്തരവശ്ച രോമ ജീയാദിദം വപുരനിർവചനീയമീശ

അര്‍ത്ഥം :
സുദര്‍ശനചക്രധാരിയായ  ഹേ  ഭഗവാനേ, തിരിഞ്ഞുകൊണ്ടേയിരിക്കുന്ന  ഈ സാംസാരിക  ചക്രം  അങ്ങയുടെ  ക്രിയയാണ്.  അസുരസംഘമാകട്ടെ പരാക്രമവുമാണ്.  പര്‍വ്വതങ്ങള്‍  അസ്ഥികളും,  നദികള്‍  സിരകളുമാകുന്നു.  വൃക്ഷങ്ങള്‍  രോമങ്ങളുമാണ്.  ഹേ  ഭഗവാനേ,  അനിര്‍വചനീയമായ   അങ്ങയുടെ  ഇപ്രകാരമുള്ള   സ്വരൂപം  എന്നില്‍ നിറഞ്ഞുനില്ക്കട്ടെ

6.10
ഈദൃഗ്ജഗന്മയവപുസ്തവ കർമഭാജാം കർമാവസാനസമയേ സ്മരണീയമാഹുഃ തസ്യാന്തരാത്മവപുഷേ വിമലാത്മനേ തേ വാതാലയാധിപ നമോƒസ്തു നിരുന്ധി രോഗാൻ

അര്‍ത്ഥം :
കര്‍മ്മികള്‍ക്ക്  കര്‍മ്മാവസാനമായ  മോക്ഷകാലമെത്തുംബോള്‍ സ്മരിക്കാന്‍  യോഗ്യമാണ്  അങ്ങയുടെ  വിശ്വാത്മകസ്വരൂപമെന്ന്  അഭിജ്ഞന്മാര്‍  പറയുന്നു.  ഹേ  ഗുരുവായൂരപ്പാ,   വിശ്വത്തിന്‍റെ  അന്തരാത്മസ്വരൂപനും  പരിശുദ്ധാത്മാവുമായ  അങ്ങേയ്ക്ക്  എന്‍റെ  നമസ്കാരം   ഭവിക്കട്ടെ .  ഹേ  ഭഗവാനേ,  എന്‍റെ  സര്‍വ്വരോഗങ്ങളേയും   ശമിപ്പിക്കണേ.

No comments:

Post a Comment